മത്സ്യവുമായി ബന്ധപ്പെടുത്തിയുള്ള കലാ സൃഷ്ടികൾക്ക് സംവത്സരങ്ങളുടെ ചരിത്രമുണ്ട്. മനുഷ്യർ പ്രകൃതിയുമായി കൂടുതലായി ഇണങ്ങി ജീവിച്ച കാലത്ത് ഇറാനും ഈജിപ്തുമടക്കം പല ലോക സംസ്കാര കേന്ദ്രങ്ങളിലും അത് വ്യാപിച്ചു. ജപ്പാനിൽ മത്സ്യ ഇമേജിലുള്ള ചിത്ര നിർമിതിക്കായി വലിയ, വലിയ കലാ ശാഖകൾ തന്നെ രൂപപ്പെട്ടു. തിരുവനന്തപുരം ഇടപ്പഴഞ്ഞി സി.എസ്.എം നഗറിലെ ലേഖാരാധാകൃഷ്ണൻ എന്ന കലാകാരിയിൽ, മീൻ മനോഹര കലാരൂപവുമാണല്ലോ എന്ന തോന്നൽ അടിയുറച്ചുപോയത് യാദൃഛികമായാണ്. ഒരു ദിവസം വറുത്ത മീൻ കറിവേപ്പിലയൊക്കെ വെച്ച് അലങ്കരിച്ച് പ്ലേറ്റിൽ നിരത്തി. ഏതോ ഉൾവിളിയിൽ പ്ലേറ്റിൽ കിടക്കുന്ന പൊരിച്ച മീനിന്റെ ചിത്രമെടുത്തു. നല്ലൊരു കലാസൃഷ്ടിയാണല്ലോ എന്ന തോന്നൽ ഇതു കണ്ട സ്നേഹിതരും ശരിവെച്ചതോടെ ജന്മനാ കലാമനസ്സുള്ള ലേഖ മീനിൽ നിന്ന് ഇനിയെന്ത്? എന്ന ചിന്തക്ക് ഉത്തരം കണ്ടെത്താൻ മനസാ ശ്രമം തുടങ്ങി. അങ്ങനെയങ്ങനെ വെട്ടാനെടുക്കുന്ന മീനിന്റെ വാൽ ഭാഗം മുറിച്ചു മാറ്റിവെച്ചു തുടങ്ങി. പിന്നെ, പിന്നെ മീൻ വാലിൽ കൗതുക വസ്തുക്കളും ആഭരണങ്ങളും നിർമിക്കാൻ ആരംഭിച്ചു. മീൻമുള്ളും വാലുമെല്ലാം മാധ്യമമാക്കിയുള്ള കലാസൃഷ്ടി തുടർന്ന ലേഖയെ തേടി യൂനിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ ടോപ്ടാലന്റ് അവാർഡ് എത്തിയത് വലിയ അംഗീകാരവും പ്രോത്സാഹനവുമായി. മീൻമുള്ളും വാലുമെല്ലാം എങ്ങനെ സൗന്ദര്യമുള്ള കലാസൃഷ്ടികളാക്കാമെന്ന് കാണിച്ചു തരുന്ന ലേഖക്ക് കിട്ടിയ അംഗീകാരം ഈ വഴിക്ക് ചിന്തിക്കുന്നവർക്കെല്ലാമുള്ള വഴികാട്ടിയാണ്.

ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസിലെ നിന്നു തിരിയാൻ നേരമില്ലാത്ത ഉയർന്ന ഉദ്യോസ്ഥയായ ലേഖ നാല് വർഷം മുൻപാണ് മീനിന്റെ വാല്, തോല്, ഞണ്ടിന്റെ തോട് എന്നിവയുടെയൊക്കെ കലാസാധ്യതകൾ പരീക്ഷിച്ചു തുടങ്ങിയത്. അതെ, ഭംഗിയുള്ളൊരു പൊരിച്ച മീനിന്റെ ഫോട്ടോ കണ്ടപ്പോൾ തോന്നിയ ആശയത്തിന്റെ പ്രവൃത്തി രൂപങ്ങൾ. വെറുതെ മണ്ണോട് മണ്ണ് ചേർന്ന് പോകേണ്ട മീൻ അവശിഷ്ടങ്ങളിൽ നിന്ന് നെക്ലേസ്, ഷോ പീസുകൾ, പൂക്കൾ, ആഭരണങ്ങൾ തുടങ്ങി എന്തെല്ലാം കലാ രൂപങ്ങൾ! മീൻ വാലിൽ സൃഷ്ടിച്ചെടുക്കുന്ന രൂപങ്ങൾ എത്ര കാലം കഴിഞ്ഞാലും ചീത്തയായി പോവില്ല. കഴുകി വൃത്തിയാക്കാനും സാധിക്കും. മീൻ മുള്ളും വാലുമെല്ലാം വൃത്തിയാക്കാനായി ലേഖക്ക് സ്വന്തമായ മാർഗങ്ങളുണ്ട്. മാംസള ഭാഗങ്ങൾ നീക്കിയ മീൻ മുള്ളും വാലുമെല്ലാം ഉപയോഗിച്ചുണ്ടാക്കുന്ന കലാരൂപങ്ങളിൽ നിന്ന് മീൻ മണം വരുമെന്ന ആശങ്കയും ഇല്ല. എന്തു സാധനം കൈയിൽ കിട്ടിയാലും അതിലൊക്കെ തങ്ങളുടെ കലാഭിരുചി പരീക്ഷിക്കുന്ന മനുഷ്യരെ നമുക്ക് ചുറ്റും കാണാം. ജന്മനാ കിട്ടിയ കഴിവ് ഫലപ്രദമായി ഉപയോഗിച്ച് വിളക്കിയെടുക്കുന്നവർലേഖയെപ്പോലെയായി മാറുന്നു.
'പുതിയതെന്തെങ്കിലും നിർമിച്ചെടുക്കാതെ ഒരു ദിവസവും കടന്നു പോകാറില്ല. കഠിനമായ അധ്വാനം ആവശ്യമുള്ള ജോലിയാണ്. ക്ഷമയോടെ അതെല്ലാം നിർവഹിക്കുന്നു. അധ്വാനത്തിന്റെ സുന്ദര ഫലം കാണുമ്പോഴുണ്ടാകുന്ന ആഹ്ലാദം എല്ലാ പ്രയാസങ്ങളും മായ്ച്ച് ഇല്ലാതാക്കും' -ലേഖ പറയുന്നു.

മുന്തിരിക്കുലയുടെ ഞെട്ട് ഉപയോഗിച്ച് മരത്തിന്റെ മിനിയേച്ചറും അലങ്കാരക്കടലാസ് ഉപയോഗിച്ച് അൻപതിലധികം ഡിസൈനുകളിൽ കമ്മലും മാലയും നിർമിക്കാൻ സാധിച്ച ലേഖ വിജയിച്ചതിന് മുഖ്യകാരണം വെറുതെ കളയുന്ന സമയം ഉപയോഗപ്പെടുത്തി എന്നതാണ്. ഗോതമ്പുമാവിൽ നിന്നുള്ള പൂച്ചക്കുട്ടികളും, ചിത്രശലഭങ്ങളുമെല്ലാം വീണ്ടും വീണ്ടുമെടുത്ത് നോക്കുമ്പോൾ കിട്ടുന്ന ആഹ്ലാദം ലേഖക്ക് പുതിയ കലാ സൃഷ്ടികൾക്കുള്ള ആവേശമായി തീരുന്നത് സ്വാഭാവികം. തന്റെ കലാ സൃഷ്ടികളുടെയെല്ലാം ഫോട്ടോകൾ ചേർത്ത് യൂട്യൂബ് ചാനലിൽ 'ഫഌവറിംഗ് കിച്ചൻ അമേസിംഗ്' എന്ന പേരിൽ അപ്ലോഡ് ചെയ്തിട്ടുമുണ്ട് -ലോകത്തെങ്ങുമുള്ള വീട്ടമ്മമാർക്ക് പ്രചോദനമാകട്ടെ. 2015 ലാണ് ലേഖയെ തേടി ഇന്ത്യ ബുക്ക് ഓഫ് റെേക്കാർഡ്സ് അംഗീകാരം എത്തിയത്. അതിനോടകം വെറുതെ കളയുന്ന വസ്തുക്കളിൽ നിന്ന് നിർമിച്ചെടുത്ത 300 മനോഹര വസ്തുക്കൾക്കായിരുന്നു ഈ അംഗീകാരം. യൂനിവേഴ്സൽ റെേക്കാർഡ്സ് ഫോറം, ഈസ്റ്റേൺ ഭൂമിക, ഹിന്ദുസ്ഥാൻ ലാറ്റക്സ് എന്നിവയിൽ നിന്നും വിവിധ അസോസിയേഷനുകളിൽ നിന്നും ലേഖക്ക് അംഗീകാരം ലഭിച്ചു. വിദ്യാർഥികൾക്കും ടൂറിസ്റ്റുകൾക്കുമായി ആർട്ട് ഗ്യാലറി തുടങ്ങുകയെന്നത് ലേഖയുടെ ലക്ഷ്യമാണ്. രാസവസ്തുക്കൾ ഉപയോഗിക്കാതെ മീൻ അവശിഷ്ടങ്ങൾ ശുദ്ധീകരിച്ച് കലാവസ്തുക്കളുണ്ടാക്കിയ ആദ്യ വ്യക്തി എന്ന നിലയിലുള്ള ഗിന്നസ് റെക്കോർഡാണ് പ്രധാന ലക്ഷ്യം.

തിരുവനന്തപുരത്തും കൊച്ചിയിലുമായി ഒൻപത് എക്സിബിഷനുകളാണ് ലേഖ നടത്തിയത്. കുടുംബത്തിന്റെ ആവേശം പകരുന്ന പിന്തുണയിൽ ലേഖയുടെ പുത്തൻ സ്വപ്നങ്ങൾക്ക് ചിറകു മുളയ്ക്കുകയാണ്. വ്യവസായ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടറായ ഭർത്താവ് ഇടപ്പഴഞ്ഞി രാധാകൃഷ്ണനും മക്കളും ലേഖയുടെ ഹോബിക്ക് പൂർണ പിന്തുണ നൽകുന്നു. ഡെന്റൽ സ്പെഷ്യലിസ്റ്റായ മകൾ ഡോ.രേണുകയും മാർക്കറ്റിംഗ് മാനേജരായ മകൻ വിഷ്ണുവും കോളേജ് അധ്യാപികയും സിനിമാ താരവുമായ മരുമകൾ ചാന്ദ്നിയും (സെല്ലുലോയിഡ് സിനിമയിൽ റോസിയായി അഭിനയിച്ച നടി) അടങ്ങുന്നതാണ് കുടുംബം. ചാനലുകളിൽ ഉയർന്ന കലാമൂല്യമുള്ള പരിപാടികൾ അവതരിപ്പിക്കുന്നയാളാണ് രാധാകൃഷ്ണൻ. കേരളത്തിൽ ടെലിവിഷൻ പത്രപ്രവർത്തനത്തിന്റെ ആദ്യ നാളുകൾ മുതൽ രാധാകൃഷ്ണൻ രംഗത്തുണ്ട്.






