സൗദിയിലെ ജിസാനിൽനിന്ന് 130 കിലോമീറ്ററകലെ അൽദായിർ. അവിടെ നിന്ന് 30 കിലോമീറ്റർ ചെങ്കുത്തായ മലഞ്ചെരിവിലൂടെ ദുർഘടയാത്ര. സമുദ്രനിരപ്പിൽനിന്ന് 7000 അടി (2100 മീറ്റർ) ഉയരത്തിൽ ഫീഫാ മലനിരകളെ ഉമ്മവെച്ചുറങ്ങുന്ന അൽമുഹമ്മദ് എന്ന ഗിരിശൃംഗം. മലയാളികളാരും കടന്നു ചെന്നിട്ടില്ലാത്ത അവിടെ കഴിഞ്ഞ 28 വർഷമായി ഒരു ഓട്ടോ ഗാരേജ് നടത്തിതന്റെ ജീവിതവാഹനം സുഗമമായി ഓടിച്ചുപോകുന്ന ഒരു മലയാളിയുടെ സാഹസിക കഥ.
കദനം വിതുമ്പും ക്ലേശബാല്യമായിരുന്നു ചാവക്കാട്ടുകാരൻ കബീറിന്റേത്. ബാപ്പയുടെ നാടായ പൊന്നാനി താലൂക്കിലെ പുറങ്ങിലായിരുന്നു കുട്ടിക്കാലം. ഓർക്കാൻ ഇമ്പമുള്ള കാര്യങ്ങളൊന്നും ഏറെയില്ലാത്ത ആ ദിനങ്ങളത്രയും ഇല്ലായ്മകളുടേതായിരുന്നു. ക്ലേശങ്ങളുടെ തിര മുറിച്ചുകടക്കാനാവാതെ സങ്കടപ്പെട്ട നാളുകളിലൊന്നിൽ ആകസ്മികമായി കബീറിന് ബാപ്പ നഷ്ടമായി. പതിനഞ്ചുകാരനായ അവന് തുടർന്ന് പഠിക്കാനായില്ല. വല്യുപ്പയുടെ തറവാട്ടിൽനിന്ന് ഭാഗം കിട്ടിയ കുറച്ച് സ്ഥലം ചാവക്കാടിനടുത്ത പുന്ന എന്ന പ്രദേശത്തുണ്ടായിരുന്നു. ഉമ്മയുടെ വിരലിൽ തൂങ്ങി കബീറിന്റെ പറക്കമുറ്റാത്ത സഹോദരങ്ങളും കബീറും പുറങ്ങ് ഗ്രാമത്തോട് യാത്ര പറഞ്ഞ് ചാവക്കാട്ടെത്തി. ജീവിതപ്രാരബ്ധങ്ങൾക്കിടെയും കബീറിന്, സാഹസികരുടെ നാടായ ചാവക്കാടിന്റെ ചുറ്റുവട്ടം കുറെ നല്ല അനുഭവങ്ങൾ നൽകി. സ്നേഹിക്കാൻ മാത്രമറിയുന്ന അയൽക്കാരും നാട്ടുകാരും. കേരളതീരത്ത് ഗൾഫ് സ്വപ്നങ്ങളുടെ സ്നേഹനൗക ആദ്യമായി നങ്കൂരമുറപ്പിച്ച ചാവക്കാട്. അവിടെ അറബിക്കഥകളുടെ സുഗന്ധം പരന്ന് തുടങ്ങിയിരുന്നു.
അയൽക്കാരനായ ചങ്ങാതിയാണ് ഗുരുവായൂരിനടുത്ത ചൊവ്വല്ലൂർപ്പടിയിലെ മോട്ടോർ വർക്ക് ഷോപ്പിലേക്കൊരു സഹായിയെ വേണമെന്ന് പറഞ്ഞത്. വർക്ക്ഷോപ്പ് പണിയൊന്നും പിടിയില്ലെങ്കിലും വാഹനങ്ങളോട് ഏറെ പ്രിയമുണ്ടായിരുന്ന കബീർ അവിടെ ജോലിയാരംഭിച്ചു. സ്കൂൾ പഠനം സ്വപ്നമായി. ഡ്രൈവിംഗ് ചെറുപ്പത്തിലേ ഹരമായിരുന്നു. വർക്ക്ഷോപ്പുടമയുടെ കാരുണ്യത്തിൽ ഡ്രൈവിംഗ് പഠിക്കാനായതും വാഹനങ്ങളുടെ ചെറിയ തരത്തിലുള്ള കേടുപാടുകൾ തീർക്കുന്നതിനെക്കുറിച്ചുള്ള അറിവുകൾ ലഭിച്ചതും പിന്നീട് കബീറിന്റെ ജീവിതത്തിൽ വലിയ തുണയായി.

ആയിടയ്ക്കാണ് സൗദിയിലെ ഒരു ഓട്ടോ വർക്ക്ഷോപ്പിലേക്ക് ആളുകളെ വേണമെന്ന പരസ്യം ആരോ കബീറിന്റെ ശ്രദ്ധയിൽപെടുത്തിയത്. നേരത്തെ പാസ്പോർട്ടിന് അപേക്ഷിച്ചിരുന്ന കബീർ, ഈ പരസ്യം കണ്ട് ചാവക്കാട്ടെ ട്രാവൽ ഏജൻസിയെ സമീപിക്കുകയും അഭിമുഖത്തിന് തയാറാവുകയും ചെയ്തു. തെരഞ്ഞെടുക്കപ്പെട്ട മൂന്ന് പേരിൽ കബീറുമുണ്ടായിരുന്നു. ഭാഗ്യം തെളിയുന്നുവെന്ന് തോന്നിയ നിമിഷം. കൊച്ചുവീട്ടിൽ ആഹ്ലാദം. ഉമ്മ പക്ഷേ കരയുകയായിരുന്നു. മകന്റെ യാത്ര അവരെ തളർത്തി. കബീർ ഉമ്മയെ ആശ്വസിപ്പിച്ച് പിറ്റേ ആഴ്ച മുംബൈയിലേക്ക് മറ്റ് രണ്ടു ചങ്ങാതിമാരോടൊപ്പം തൃശൂരിൽനിന്ന് ട്രെയിൻ കയറി. മുംബൈയിലെത്തിയ ഇവരിൽ കബീറിനു മാത്രമേ വിസ അടിച്ചുകിട്ടിയുള്ളൂ. 1991 ഡിസംബർ ആദ്യവാരം കബീർ മുംബൈയിൽ നിന്ന് റിയാദ് വഴി ജിസാൻ എയർപോർട്ടിലിറങ്ങി. അവിടെ സ്പോൺസർ കാത്ത് നിൽപുണ്ടായിരുന്നു. ജിസാനിൽനിന്ന് കബീറിനേയും കൂട്ടി സ്പോൺസറുടെ പിക്കപ്പ് പറന്നത് നൂറിലധികം കിലോമീറ്റർ അകലെ, ഏറെക്കുറെ വിജനമായ അൽദായിറിലേക്ക്. അർധരാത്രിയായിരുന്നു. നേരം പുലരുംവരെ അൽദായിറിൽ കാത്ത് കിടന്നു. അടുത്തുള്ള ചെറിയ പള്ളിയിൽനിന്ന് സുബ്ഹി നമസ്കാരശേഷമാണ് വാഹനം നീങ്ങിയത്. വെളിച്ചം പരക്കുന്നേ ഉണ്ടായിരുന്നുള്ളൂ. അറ്റം കാണാത്ത മലനിരകളാണ് ചുറ്റിലും. മഞ്ഞും മൺപൊടിയും പുരണ്ട മലകൾ അതിരിട്ട അൽദായിറിൽ നിന്ന് കീഴ്ക്കാംതൂക്കായ ചെമ്മൺനിരത്തിലൂടെ സ്പോൺസറുടെ പിക്കപ്പ് ചാഞ്ഞും ചെരിഞ്ഞും മുന്നോട്ട് നീങ്ങി. പിന്നേയും രണ്ടര മണിക്കൂറോളമെടുത്തു അൽദായിറിൽ നിന്ന് പുറപ്പെട്ട പിക്കപ്പ് മലയുടെ ചരിവിലെത്താൻ. സമുദ്ര നിരപ്പിൽനിന്ന് 7000 അടി ഉയരത്തിൽ, ആകാശം കെട്ടിയ തൊട്ടിലിലാടുന്ന ഫീഫാ മലയുടെ ഒരറ്റം.
(അതൊക്കെ പിന്നെയാണ് കബീർ അറിയുന്നത്. ജിസാൻ എയർപോർട്ടിലിറങ്ങിയ നിമിഷം തൊട്ട് ഹൃദയമിടിപ്പ് കൂടുകയായിരുന്നു. മലകയറ്റമാരംഭിച്ചതോടെ ശ്വാസോച്ഛ്വാസവും ക്രമാതീതമായി വേഗതയിലായി. ഉള്ളിൽ നല്ല പേടി).
- എന്നെ കൊല്ലാനാണോ ഈ മലയിലേക്ക് കയറ്റുന്നത്?

ഫീഫായുടെ ചരിവിലെ അൽമുഹമ്മദ് എന്ന സ്ഥലത്തെ കബീറിന്റെ താമസസ്ഥലത്ത് കബീറിനൊപ്പം (വലത്തേയറ്റം), താഹ കൊല്ലേത്ത്, പത്നി ലീമ, മകൾ ഖദീജ, സലീനാ മുസാഫിർ, ലേഖകൻ എന്നിവർ.
കരച്ചിൽ കലർന്ന ഒച്ചയിലുള്ള കബീറിന്റെ മലയാളത്തിലുള്ള ഈ ചോദ്യമൊന്നും കേൾക്കാതെ, ശിരോവസ്ത്രത്തിന്റെ തലപ്പ് ഒന്ന് കൂടി കടിച്ചുപിടിച്ച് സ്പോൺസർ ആക്സിലറേറ്ററിൽ ആഞ്ഞു കാലമർത്തി. പലപ്പോഴും വണ്ടി തലകീഴായി മറിയുകയാണോ എന്നുപോലും തോന്നിപ്പോയി. ആൾപാർപ്പില്ലാത്ത, അതിരുകളില്ലാത്ത, നീണ്ട് നിവർന്ന മലഞ്ചെരിവിലൂടെ വാഹനമോടിച്ചു കയറ്റുകയായിരുന്നു. സംസാരിക്കാൻ ഭാഷയറിയില്ല. വിശപ്പും ദാഹവും കഠിനം. ഇടയ്ക്കെപ്പോഴോ സ്പോൺസർ വെച്ചുനീട്ടിയ പെപ്സി മാത്രമാണ് വയറ്റിലുള്ളത്. കബീർ കരുതി: ഇത് മരണത്തിലേക്കുള്ള മലകയറ്റമാണ്. അവിടെയെത്തിയാൽ എന്റെ കഴുത്തറുത്ത് ഇയാൾ താഴോട്ടെറിയും.
ശബ്ദമില്ലാതെ കരയുകയായിരുന്നു കബീർ. രണ്ടും കൽപിച്ച് വാഹനത്തിന്റെ വലത് വശത്തെ മുകൾക്കമ്പിയിൽ മുറുകെപ്പിടിച്ച് ആ ഇരിപ്പ് പിന്നെയും നീണ്ടു. വണ്ടി താഴേക്ക് മറിഞ്ഞു വീഴുമോ എന്നു തോന്നുന്ന തരത്തിലാണ് ചാഞ്ചാട്ടം. ഒടുവിൽ വാഹനം നിന്നു. ചുറ്റിലും നോക്കിയപ്പോൾ ഒറ്റപ്പെട്ട ചില വാഹനങ്ങൾ മുരണ്ടു നീങ്ങുന്നു. ഫീഫാ മലയുടെ താഴ്വാരത്തെ ചെറുഗ്രാമമായ അൽ മുഹമ്മദ് എന്ന സ്ഥലമാണതെന്ന് പിന്നീടറിഞ്ഞു. ചെറിയൊരു പള്ളിയും രണ്ടുമൂന്ന് കടകളും ചെറിയൊരു വർക്ക്ഷോപ്പും ഒരു ഗ്യാസ് കടയും. സ്പോൺസർ ആംഗ്യം കാട്ടി- താഴെയിറങ്ങാൻ.
ഈ വർക്ക് ഷോപ്പിലേക്കാണ് തന്നെ കൊണ്ടുവന്നിരിക്കുന്നത്. വർക്ക്ഷോപ്പിന്റെ പിറകിൽ ഒരു പാക്കിസ്ഥാനിയോടൊപ്പം കബീറിന്റെ താമസം. പിറ്റേന്ന് ജോലിയാരംഭിച്ചു. പാക്കിസ്ഥാനി നല്ലവനായിരുന്നു. സൗദി-യെമൻ അതിർത്തിയാണ്. ഇടയ്ക്കിടെ നീങ്ങുന്ന വലിയ ട്രെയിലറുകളും പട്ടാളവാഹനങ്ങളും. നിർത്തിയിട്ട വാഹനത്തിന്റെ അടിയിലേക്ക് നീങ്ങാൻ പറഞ്ഞ് സ്പാനറും മറ്റുപകരണങ്ങളും കാണിച്ച് തന്ന് പാക്കിസ്ഥാനി, വാഹന റിപ്പയറിംഗിന്റെ പാഠങ്ങൾ അഭ്യസിപ്പിച്ചു.
സ്പോൺസർ നല്ലയാളായിരുന്നു. പാക്കിസ്ഥാനിയോട് കബീറിനെ നോക്കാനും ജോലി പഠിപ്പിക്കാനും പറഞ്ഞ് അയാൾ രണ്ടുനാൾക്ക് ശേഷം മലയിറങ്ങി. പിന്നീടുള്ള ദിനരാത്രങ്ങൾ കഷ്ടപ്പാടിന്റേതായിരുന്നുവെന്ന് കബീർ ഓർക്കുന്നു. ഭക്ഷണമായിരുന്നു പ്രധാന പ്രശ്നം. വൈദ്യുതിയില്ല. കുടിവെള്ളം അപൂർവം. എങ്കിലും എല്ലാ പ്രയാസങ്ങളും കടിച്ചമർത്തി
അവിടെ നിന്നു. വേറെ രക്ഷയില്ല. എങ്ങും ഓടിപ്പോകാനാകില്ല. നാട്ടിലേക്ക് മടങ്ങിപ്പോകുന്നതിനെക്കുറിച്ച് ആലോചിക്കാൻ പോലുമാകില്ല. വീട്ടിലെ കാര്യമോർക്കുമ്പോൾ പല രാത്രികളിലും കബീർ കരയും. ഇതിനിടെ ഡ്രൈവിംഗ് ലൈസൻസെടുത്തു. വർക്ക്ഷോപ്പിലെത്തുന്ന വാഹനങ്ങളോടിച്ച് നോക്കി. കുറെയൊക്കെ അറബി സംസാരിക്കാൻ പഠിച്ചു. യെമൻ അതിർത്തിയിലെയും സൗദിയിലേയും ഗോത്രവിഭാഗക്കാരാണ് കൂടുതലായും ഫീഫയിലും പരിസരങ്ങളിലുമുള്ളത്.
അവർ തന്നെയാണ് ഇത് വഴി സഞ്ചരിക്കുന്നത്. അധികവും കൃഷിക്കാർ. അവരുടെ വാഹനങ്ങളാണ് റിപ്പയറിനെത്തുക. എന്തായാലും ഇവിടെ പിടിച്ച് നിൽക്കുക തന്നെ. ആത്മവിശ്വാസം കൈവിടാതെ കബീർ പണിയെടുത്തു. നാലഞ്ചു മാസം കൊണ്ട് ഏറെക്കുറെ വാഹന റിപ്പയറിംഗിലും സർവീസിംഗിലും കബീർ പ്രാവീണ്യം നേടി. യെമനിലേക്കും തിരിച്ച് സൗദിയിലേക്കും സഞ്ചരിക്കുന്ന ദീർഘദൂര വാഹനങ്ങളിൽ പലതും റിപ്പയറിംഗിനും ടയറുകൾ പരിശോധിക്കുന്നതിനും മറ്റും ആശ്രയിക്കുന്നത് ഈ ഒരൊറ്റ വർക്ക്ഷോപ്പായിരുന്നു. കബീർ ജോലിയിൽ വൈദഗ്ധ്യം നേടി. അത്യാവശ്യം അറബി നന്നായി കൈകാര്യം ചെയ്തു. സൗദികളും യെമനികളുമുൾപ്പെടെ നിരവധിയാളുകൾ കബീറിന്റെ സുഹൃത്തുക്കളായി. ഫീഫയുടെ മുകളിൽത്തന്നെ തന്റെ പ്രവാസം തുടരാമെന്ന് കബീറിന് ഉറച്ച വിശ്വാസമായി.
800 റിയാൽ ശമ്പളവും താമസവുമായിരുന്നു ആദ്യകാലത്ത് കിട്ടിയിരുന്നത്. സ്പോൺസർക്ക് കൃഷിയായിരുന്നു മുഖ്യം. കാലത്ത് ട്രാക്ടറുമായിപ്പോകുന്ന അദ്ദേഹം പിന്നീടെപ്പോഴെങ്കിലുമാകും മലകയറി വരിക. അത് വരെ വർക്ക്ഷോപ്പിന്റെ ചുമതലക്കാരൻ കബീർ തന്നെ. പ്രദേശത്തെ പോലീസുകാരും പട്ടാളക്കാരുമൊക്കെ കബീറിന്റെ പരിചയക്കാരും സുഹൃത്തുക്കളും. അവരുടെ വാഹനങ്ങളുടെ റിപ്പയറിംഗും ഇവിടെത്തന്നെ. ചെക്പോസ്റ്റുകളിലെ പതിവു പരിശോധനകളിൽനിന്ന് കബീറിനെ ഒഴിവാക്കുന്നതും ഈ സൗഹൃദത്തിന്റെ പുറത്ത്. ( എല്ലാ പരിശോധനാ കേന്ദ്രങ്ങളിലും കബീറിന്റെ ഫോർവീലറിന് മുന്നിൽ അനായാസം അനുമതിമുദ്ര ഉയരുന്നതിന് ഞങ്ങൾ സാക്ഷികൾ).
അതിനിടെ പാക്കിസ്ഥാനി സ്ഥലം വിട്ടിരുന്നു. പകരം യെമനി വന്നെങ്കിലും വർക്ക്ഷോപ്പിന്റെ നടത്തിപ്പുകാരൻ കബീർ തന്നെ. ആറു വർഷം സ്പോൺസറോടൊപ്പം. പിന്നീട് അദ്ദേഹത്തിന്റെ വാഹനങ്ങൾ സൗജന്യമായി നന്നാക്കിക്കൊടുക്കുകയും ഫ്രീ സർവീസ് നടത്തിക്കൊടുക്കുകയും ചെയ്യുകയെന്ന പരിമിതമായ ആവശ്യം അംഗീകരിച്ച് വർക്ക്ഷോപ്പ് പൂർണമായും കബീറിന് കൈമാറി. അതിനിടെ രണ്ടു മൂന്നു തവണ നാട്ടിൽ പോയി. ആദ്യത്തെ പോക്ക് പ്രവാസത്തിന്റെ രണ്ടാം വർഷത്തിൽ. ആ യാത്രയിൽ കല്യാണം കഴിച്ചു.
മാസത്തിലൊരിക്കലോ രണ്ടു മാസം കൂടുമ്പോൾ ഒരിക്കലോ മാത്രം ഏഴായിരം അടി ഉയരെക്കിടക്കുന്ന മലനിരയിൽ നിന്ന് ക്ലേശമേറെ സഹിച്ച് ഇറങ്ങിവരാറുള്ള കബീറിന് മലയാളം സംസാരിക്കണമെങ്കിൽ അൽദായിറിലെ ചങ്ങാതിമാരുടെ മുറിയിൽ പോകണം. മൊബൈൽ ഫോണിൽ കൃത്യമായി റേഞ്ച് കിട്ടാത്ത പ്രശ്നമുണ്ട്. ഈയിടെയായി മലമുകളിലേക്കുള്ള വഴിയോരങ്ങളുടെ ചില ഭാഗങ്ങളിൽ മലയാളികളുടെ ചെറിയ കടകൾ തുറന്നിട്ടുണ്ട്. അപ്പോഴും ചരിത്രമുറങ്ങുന്ന ഈ മലയിലെ ആദ്യപാദസ്പർശമേറ്റ മലയാളിയെന്ന കബീറിന്റെ റെക്കാർഡ് ഭേദിക്കപ്പെടാതെ കിടപ്പുണ്ട്.

കല്യാണശേഷം നാട്ടിൽപ്പോക്ക് നീളുന്നത് കണ്ട് കബീറിനോട് ഭാര്യയെ ഇങ്ങോട്ട് കൊണ്ടുവന്ന് താമസിപ്പിച്ച് കൂടേ എന്ന് സ്പോൺസർ കൂടെക്കൂടെ ചോദിക്കാൻ തുടങ്ങി. അങ്ങനെയാണ് ഭാര്യ ഫാസിയയെ കൊണ്ടുവന്നത്. പിറ്റേ വർഷം ഗർഭിണിയായ ഫാസിയയെ പ്രസവ വേദന വന്നപ്പോൾ പാതിരാവിൽ തന്റെ ഫോർവീലറിലിരുത്തി തനിച്ച് അൽദായിറിലേക്ക് ഡ്രൈവ് ചെയ്തതും അവിടെ നിന്ന് ജിസാൻ ആശുപത്രിയിലെത്തിച്ചതും ഫാസിയ ആൺകുഞ്ഞിനെ പ്രസവിച്ചതുമൊക്കെ കബീറിന്റെ സാഹസിക കഥയിലെ ചില ഏടുകൾ മാത്രം.
എന്തായാലും ഫീഫാ മലയുടെ കാരുണ്യം തന്റെ ജീവിതത്തിന്റെ ഗതി മാറ്റിത്തീർത്തതിനെക്കുറിച്ച് അകം നിറഞ്ഞ നന്ദിയോടെയാണ് കബീർ സ്മരിക്കുന്നത്. മലമുകളിൽ തന്റെ വിശാലമായ മുറിയിലിരുന്ന്, താൻ പാചകം ചെയ്ത നെയ്ച്ചോറും കോഴിയും ഞങ്ങൾക്ക് വിളമ്പിത്തന്ന് കഥകളുടെ കൈവഴികളിലൂടെ കബീർ സഞ്ചരിക്കുകയായിരുന്നു. മലയാളം ന്യൂസ് ജിസാൻ ലേഖകൻ താഹ കൊല്ലേത്ത്, ഭാര്യ ലിമ, മകൾ ഖദീജ ജിസാൻ ആശുപത്രിയിലെ ഡോ. മുബാറക് സാനി, പിന്നെ ഞാനും കുടുംബവും- കബീറിന്റെ അതിശയ കഥകൾ കേട്ടിരുന്നു.
മൂന്നു വർഷം മുമ്പ് കബീറിന്റെ ഉമ്മ മരിച്ചു. രണ്ടു അനിയന്മാരെ - നൗഷാദ്, ഗഫൂർ- മക്കയിലേക്ക് കൊണ്ടു വന്നു. മക്കയിൽ ബൂഫിയ ജോലിക്കാരനായിരുന്ന ഗഫൂർ അവധിക്ക് നാട്ടിൽ പോയ സമയത്ത് ബൈക്കപകടത്തിൽ മരണപ്പെട്ടത് കബീറിന് വലിയ ഷോക്കായി. മുഹമ്മദ് അൻസിൽ, സിദാൻ എന്നിവരാണ് കബീറിന്റെ മക്കൾ.
ഏതാണ്ട് മൂന്ന് പതിറ്റാണ്ട് മുമ്പ് സൗദിയുടെ ഏറ്റവും ഉയരം കൂടിയ മലമുടിയിൽ ഉപജീവനാർഥം എത്തിപ്പെട്ട കബീർ നാട്ടിലിപ്പോൾ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൈയയച്ച് സഹായം നൽകുന്നു. ചാവക്കാട് ഭാഗത്തെ അനാഥബാല്യങ്ങൾക്ക് കബീറിന്റെ ഉദാരപൂർണമായ സഹായങ്ങൾ മുറയ്ക്ക് ലഭിക്കുന്നു.
ഗൾഫ് നഗരങ്ങളിലെ പ്രവാസികളുടെ ജീവിതശൈലിയിൽ നിന്ന് തീർത്തും വ്യത്യസ്തമായി, ഏറെക്കുറെ ഈ മണ്ണിനോടും മലയോടും ഇഴുകിച്ചേർന്ന്, സൗദി സംസ്കൃതിയുടെ സമതാളങ്ങളുമായി സ്വന്തം ജീവിതം സമരസപ്പെടുത്തി കബീർ ജീവിക്കുന്നു, പൂർണതൃപ്തിയോടെ. നാട്ടിൽ അത്യാവശ്യം സൗകര്യങ്ങളായി. പുതിയ വീട് പണിതു. വാടകക്കെട്ടിടങ്ങളും മറ്റും സ്വന്തമാക്കി. വലിയ കുലുക്കം കൂടാതെയാണിപ്പോൾ കബീറിന്റെ ഫോർവീലർ സഞ്ചരിക്കുന്നത്.
ഫീഫയുടെ ചാരുതയേറുന്ന സായാഹ്നക്കാഴ്ചകൾ കവർന്ന് മലയിറങ്ങുമ്പോൾ, കബീർ ഞങ്ങളോട് പറഞ്ഞു: എന്റെ ജീവിതം ഇവിടെ ഹാപ്പി. ഒന്നുമില്ലായ്മയിൽ നിന്ന് ഭാഗ്യത്തിന്റെ ഉയരങ്ങളിലേക്ക് എന്നെ കയറ്റിവിട്ട പടച്ച തമ്പുരാന് നന്ദി.
അതെ, ഫിഫാ മല കബീറിന് പുണ്യമല. ഫോട്ടോ: താഹ കൊല്ലേത്ത്

ഫീഫാമലമുകളിലെ ഗോത്രവർഗക്കാരുടെ പുഷ്പോൽസവ നൃത്തം
ഫീഫ- മായികചാരുതയുടെ ഗിരിനിര
കൃഷി കുലത്തൊഴിലാക്കിയ ഇരുപതോളം ഗോത്രവർഗക്കാരുടെ സംഗമഭൂമിയാണ് സൗദി അറേബ്യയുടെ തെക്ക് പടിഞ്ഞാറ് ദേശത്ത് നീണ്ടു കിടക്കുന്ന ഫീഫാമല. 2133 മീറ്റർ ഉയരത്തിലും 600 കിലോമീറ്റർ നീളത്തിലും ആകാശത്തിന്റെ വിരലിൽ തൂങ്ങിയുള്ള ഫീഫയുടെ അനന്തശയനം എല്ലാ അർഥത്തിലും അതിശയിപ്പിക്കുന്നതാണ്. കവിയാണെങ്കിൽ നിങ്ങൾക്ക് കവിതയെഴുതാം, ചിത്രകാരനാണെങ്കിൽ യഥേഷ്ടം കൊളാഷുകളുടെ നിറക്കൂട്ട് ചമയാം, കാമുകനാണെങ്കിൽ ഉന്മാദിയാകാം, ഒന്നുമല്ലെങ്കിൽ പ്രപഞ്ചസൗന്ദര്യത്തിൽ മതിമറന്ന് സുഖസുഷുപ്തി കൊള്ളാം. ഫീഫ പകരുന്ന വികാരം പലരിലും പല തരത്തിൽ.
ഹരിതാഭമായ ഹിമശൃംഗത്തിൽ കാപ്പി പൂക്കുന്നുണ്ട്. ചോളം കതിരിടുന്നുണ്ട്. ഗോതമ്പ് മണമുയരുന്നുണ്ട്. ഉള്ളി വിളയുന്നുണ്ട്. ലഹരി പകരുന്ന ഖാത്ത് ചെടികൾ മാടി വിളിക്കുന്നുണ്ട് (ഖാത്ത് നിരോധിത സസ്യമാണ്). വിദേശികളുടെ എണ്ണം ഇവിടെ താരതമ്യേന കുറവാണ്. മലയുടെ മറുപുറത്ത് വടക്കൻ യെമൻ. ഇലകളും പൂക്കളും ചേർന്ന കിരീടം ശിരസ്സിൽ ചൂടിയ പുരുഷന്മാർ.
പുഷ്പോൽസവത്തിൽ പൂചൂടി അവർ പാടുന്നു, ആടുന്നു. കമനീയം, ഈ കാഴ്ച. നിരനിരയായ മൺതിട്ടുകൾ നിറഞ്ഞ ചരിവുകളിലത്രയും കൊച്ചുകൊച്ചു മൺവീടുകൾ. മലയുടെ മടിത്തട്ടിനെ തരളിതമാക്കുന്ന ചൂടുറവകൾ. ശക്തമായ മഴ പെയ്താൽ കുന്നുകളിടിയും. ഗതാഗതം മുടങ്ങും. പാത ഗതി മാറും. പ്രളയം കഴിഞ്ഞാൽ പഴയ കുന്നുകൾക്ക് പകരം പുതിയ കുന്നുകൾ രൂപം കൊള്ളും.
ഭൂമിയിലെ പറുദീസ, മാന്ത്രിക ഭൂമി, അമ്പിളിയുടെ അയൽവാസി എന്നൊക്കെ അർഥം വരുന്ന പദങ്ങൾ കൊണ്ടാണ് ഫീഫയെ ഭൗമശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. ജുവൽ ഓഫ് ജിസാൻ എന്ന പേരിൽ ഫീഫാ മലയെക്കുറിച്ച് പുസ്തകമെഴുതിയ ഫ്രഞ്ചെഴുത്തുകാരൻ ഫ്ളോറന്റ് ഇഗാൽ ഇടയ്ക്കിടെ ഫീഫാ മലമുകളിൽ വന്ന് താമസിച്ച് മടങ്ങുന്നു.






