അബുദാബി- യു.എ.ഇയില്‍ 17 ചര്‍ച്ചുകള്‍ക്കും ഒരു ഹിന്ദു ക്ഷേത്രത്തിനും സാമൂഹിക വികസന വിഭാഗം (ഡി.സി.ഡി) ലൈസന്‍സ് വിതരണം ചെയ്തു. എമിറേറ്റ്‌സ് പാലസില്‍ നടന്ന ചടങ്ങിലായിരുന്നു ലൈസന്‍സ് വിതരണം. എ കോള്‍ ഫോര്‍ ഹാര്‍മണി എന്ന പ്രമേയത്തില്‍ എമിറേറ്റിലെ ഇതര മതങ്ങളുടെ ആരാധനാലയങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്ന പദ്ധതിയുടെ ഭാഗമായാണ് ആരാധനാലയങ്ങള്‍ക്ക് ലൈസന്‍സ് നല്‍കിയത്. ആദ്യമായാണ് അമുസ്‌ലിം ദേവാലയങ്ങള്‍ക്ക് ലൈസന്‍സ് നല്‍കിയത്.
അബുദാബി മാര്‍ത്തോമ്മാ ചര്‍ച്ച്, സെന്റ് ജോസഫ് കത്തീഡ്രല്‍, സെന്റ് ആന്‍ഡ്രൂസ് ആഗ്ലിക്കന്‍ ചര്‍ച്ച്, സെന്റ് ആന്‍ഡ്രൂസ് ചര്‍ച്ച്, സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, കോപ്റ്റിക് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ഇവാഞ്ചലിക്കല്‍ കമ്മ്യൂണിറ്റി ചര്‍ച്ച് തുടങ്ങി നിലവില്‍ പ്രവര്‍ത്തനാനുമതിയുള്ളവയും പുതുതായി നിര്‍മിച്ചവയും ലൈസന്‍സ് നേടിയവയില്‍ ഉള്‍പെടും.
എമിറേറ്റില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ആരാധനാലയങ്ങളെയും ഒരു കുടക്കീഴില്‍ കൊണ്ടുവന്നു സേവനം ഒരുക്കുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഡി.സി.ഡിയിലെ സാമൂഹിക, വിനോദ വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സുല്‍ത്താന്‍ അല്‍ ദാഹിരി പറഞ്ഞു.
ഏപ്രിലില്‍ തറക്കല്ലിട്ട് നിര്‍മാണം പുരോഗമിക്കുന്ന അബുദാബിയിലെ ആദ്യ ക്ഷേത്രത്തിനും ഇതോടൊപ്പം ലൈസന്‍സ് നല്‍കി.