മസ്‌കത്ത്- ഒമാനിലെ നിസ്‌വയില്‍ അല്‍ അഖര്‍ ഗ്രാമത്തിലൂടെ സഞ്ചരിക്കാന്‍ ഇനി വൈദ്യുതി കാറും. നിസ്‌വ ഹെറിറ്റേജ് ഇന്‍ ഹോട്ടലിലെ താമസക്കാര്‍ക്കായാണ് നിലവില്‍ ഈ സംവിധാനം. വൈകാതെ പൊതുജനങ്ങള്‍ക്കും ഈ സൗകര്യം ലഭ്യമാക്കും.
നാലു കാറുകളാണ് നിലവില്‍ ഉള്ളതെന്ന് നിസ്‌വ ഹെറിറ്റേജ് ഉദ്യോഗസ്ഥന്‍ സുലൈമാന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുലൈമാന്‍ അല്‍ സുലൈമാനി പറഞ്ഞു. രണ്ട് കാറുകളില്‍ ഒമ്പതു പേരെയും മറ്റു രണ്ടെണ്ണത്തില്‍ ആറുപേരെയും കയറ്റാന്‍ കഴിയും. റീ ചാര്‍ജിങ് എളുപ്പമാണ്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാം. നിസ്‌വ ഹെറിറ്റേജ് ഇന്നില്‍ നിന്നാരംഭിക്കുന്ന വൈദ്യുതി കാര്‍ ടൂര്‍ അല്‍ അഖര്‍ ഗ്രാമം, നിസ്‌വ സൂഖ്, വിവിധ ഫലജുകള്‍, ഒമാനി ഹല്‍വ ഫാക്ടറി, അല്‍ അഖര്‍ മതില്‍, നിസ്‌വ കോട്ടക്ക് സമീപമുള്ള പഴയ ഗ്രാമങ്ങള്‍ എന്നിവയിലൂടെയാണ് കടന്നുപോവുക.