Sorry, you need to enable JavaScript to visit this website.

ഒടുവില്‍ പോലീസ് കണ്ടെത്തി, ആ അഞ്ചുവയസ്സുകാരനെക്കുറിച്ച സത്യങ്ങള്‍

ദുബായ്- മാളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ അഞ്ചുവയസ്സുകാരനുമായി ബന്ധപ്പെട്ട കേസില്‍ ദുബായ് പോലീസ് നാല് സ്ത്രീകളെ അറസ്റ്റ് ചെയ്തു. മാളില്‍ വെച്ച് കിട്ടി എന്ന് പറഞ്ഞ് കുട്ടിയെ പോലീസില്‍ ഏല്‍പിച്ച സ്ത്രീയും ഇതില്‍ ഉള്‍പ്പെടുന്നു.

ഇതോടെ പത്തുദിവസമായി പോലീസ് നടത്തിയ അന്വേഷണത്തിന് ഫലമുണ്ടായി. മാതാപിതാക്കള്‍ ഉപേക്ഷിച്ച കുട്ടിയാണിതെന്നാണ് ഇതുവരെ കരുതിയിരുന്നത്. എന്നാല്‍ സംഭവങ്ങള്‍ പുതിയൊരു കഥയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
അല്‍ റീഫ് മാളില്‍ ഒറ്റക്ക് അലഞ്ഞുതിരിയുന്നു എന്ന് പറഞ്ഞാണ് കുട്ടിയെ ഒരു സ്ത്രീ പോലീസിനെ ഏല്‍പിച്ചത്. എന്നാല്‍ ഇത് വ്യാജമാണെന്നും തട്ടിക്കൂട്ടിയ കഥയാണെന്നും പോലീസ് പറയുന്നു.

കുട്ടിയുടെ യഥാര്‍ഥ അമ്മ 2014 ല്‍ കുട്ടി ജനിച്ചയുടനെ തന്നെ അവനെ ഉപേക്ഷിച്ച് രാജ്യം വിട്ടതാണെന്ന് മുറഖബത്ത് പോലീസ് സ്‌റ്റേഷനിലെ ബ്രിഗേഡിയര്‍ അലി ഖാനം പറഞ്ഞു. കുട്ടിയെ ഷാര്‍ജയിലുള്ള തന്റെ സുഹൃത്തിനെ ഏല്‍പിച്ചാണ് ഇവര്‍ സ്വന്തം നാട്ടിലേക്ക് മടങ്ങിയത്. ഇവരാണ് അഞ്ചു വര്‍ഷമായി കുട്ടിയെ വളര്‍ത്തിയത്. കുട്ടിയുടെ യഥാര്‍ഥ അമ്മയെ ബന്ധപ്പെടാനുള്ള നമ്പരോ മേല്‍വിലാസമോ ഇവരുടെ പക്കലുണ്ടായിരുന്നില്ലത്രെ.

യഥാര്‍ഥ മാതാവ് തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ ഇവര്‍ കുട്ടിയെ അഞ്ചു വര്‍ഷമായി വളര്‍ത്തുകയായിരുന്നു. എന്നാല്‍ കുട്ടി സ്‌കൂളില്‍ പോകേണ്ട പ്രായമായതോടെ ഇവര്‍ക്ക് തുടര്‍ന്നും കുട്ടിയെ സംരക്ഷിക്കാനാവാതെ വന്നു. ഇക്കാര്യം പറഞ്ഞപ്പോള്‍ കുട്ടിയെ അല്‍ മുതൈന പ്രദേശത്തുള്ള മറ്റൊരു സത്രീയെ ഏല്‍പിക്കാന്‍ ഒരു സുഹൃത്ത് ഉപദേശിച്ചു. ഇവരുടെ അടുത്ത് ഏതാനും ദിവസം നിന്ന കുട്ടിയെ മറ്റൊരു സ്ത്രീയുടെ ഉപദേശപ്രകാരം കളഞ്ഞുകിട്ടിയതാണെന്ന് പറഞ്ഞ് പോലീസ് സ്‌റ്റേഷനില്‍ ഏല്‍പിക്കുകയായിരുന്നു.

ഇതിനായി അവര്‍ ഒരു കള്ളക്കഥയുണ്ടാക്കി. സംഭവത്തില്‍ ഉള്‍പ്പെട്ട നാല് സ്ത്രീകളുടേയും ഡി.എന്‍.എ പരിശോധനയില്‍ ഇവരാരുമല്ല കുട്ടിയുടെ അമ്മയെന്ന് വ്യക്തമായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഇവരെയെല്ലാം അറസ്റ്റ് ചെയ്യുകയും നിയമനടപടിക്കായി ദുബായ് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.

കുട്ടിയുടെ മാതാപിതാക്കള്‍ ആരെന്നത് സംബന്ധിച്ച് പോലീസിന് കൃത്യമായ വിവരം ലഭിച്ചിട്ടില്ല. അന്വേഷണം തുടരുകയാണ്.
കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് പറഞ്ഞു. വൈദ്യപരിശോധന നടത്തുന്നുണ്ട്. ദുബായ് ഫൗണ്ടേഷന്‍ ഫോര്‍ വിമന്‍ ആന്റ് ചിന്‍ഡ്രന്‍ എന്ന സംഘടനയുടെ സംരക്ഷണത്തിലാണ് കുട്ടി ഇപ്പോള്‍.

കുട്ടിയെക്കുറിച്ച വിവരം ആവശ്യപ്പെട്ട് പരസ്യം നല്‍കിയപ്പോള്‍ തന്നെ ഷാര്‍ജയിലുള്ള ഏഷ്യന്‍ വംശജയായ സ്ത്രീക്കൊപ്പം കുട്ടിയെ കണ്ടിട്ടുണ്ടെന്ന് ഒരാള്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് രഹസ്യമായി നടത്തിയ അന്വേഷണത്തിലാണ് നീണ്ട കഥയുടെ ചുരുളഴിഞ്ഞത്. കുട്ടിയെ വളര്‍ത്തിയ സ്ത്രീയെയാണ് പോലീസ് ആദ്യം കണ്ടെത്തിയത്. തുടര്‍ന്ന് വിശദമായ ചോദ്യം ചെയ്യലില്‍ സത്യങ്ങള്‍ പുറത്തുവന്നു. കുട്ടിയെ വീണ്ടെടുക്കാന്‍ തിരിച്ചെത്തുമെന്ന് പറഞ്ഞാണ് യഥാര്‍ഥ അമ്മ പോയതെന്നും എന്നാല്‍ പിന്നീട് വന്നില്ലെന്നും കൂട്ടുകാരി പോലീസിനോട് പറഞ്ഞു.

 

Latest News