മലയാളി സമൂഹത്തിന്റെ പ്രശ്‌നങ്ങൾ തുടരുന്നതിനിടെയാണ് കർക്കിടകം പിറന്നു വീണത്. 87 രൂപയ്ക്ക് ഒരു കിലോഗ്രാം കോഴി ലഭിക്കുമെന്ന് ജുബയിട്ട മന്ത്രി ടെലിവിഷൻ ചാനലുകളിൽ വന്നിരുന്ന് പറഞ്ഞു. ജി.എസ്.ടി നിലവിൽ വന്നതോടെ എല്ലാ വിഭവങ്ങൾക്കും വില കുറയുമെന്ന ആശയുമുണർത്തി. ജ്യോതിയും വന്നില്ല, ഒരു മണ്ണാങ്കട്ടയും വന്നില്ലായെന്ന് കിലുക്കം സിനിമയിൽ അങ്കമാലിയിലെ പ്രധാന മന്ത്രിയുടെ മകൾ പറഞ്ഞ പരുവത്തിലായി സാദാ ജനം. മുപ്പത് രൂപയ്ക്ക് താഴെ ഊൺ ലഭിച്ചിരുന്ന ഇന്ത്യൻ കോഫി ഹൗസിൽ പോലും ജി.എസ്.ടി ഉൾപ്പെടെ 47 രൂപ അടച്ച കാര്യം പലരും മുഖപുസ്തകത്തിൽ തെളിവു സഹിതം കുറിച്ചു.
പാവങ്ങളുടെ പടത്തലവൻ എ.കെ.ജി സ്ഥാപിച്ച സ്ഥാപനത്തിന്റെ സ്ഥിതി ഇതെങ്കിൽ ഇടത്തരം ബ്ലേഡ് ഹോട്ടലുകളിൽ കയറണമെങ്കിൽ മോഡിജി നിശ്ചയിച്ച ലിമിറ്റിന് പുറത്തുള്ള തുക പഴ്‌സിൽ കരുതണമെന്ന് സാരം. കേരള സർക്കാരിനെ ഒരു പാഠം പഠിപ്പിക്കാൻ കോഴി വ്യാപാരികളും ഫാം ഉടമകളും സമരത്തിനിറങ്ങി നോക്കി. സാമ്പത്തിക വിദഗ്ധനായ മന്ത്രി കുലുങ്ങിയില്ല.
ഗത്യന്തരമില്ലാതെ 87 രൂപയ്ക്ക് കോഴി മാംസം വിൽക്കാമെന്ന് കച്ചവടക്കാർ സമ്മതിച്ചതോടെ മന്ത്രിയ്ക്കും ജനതയുടെ ആവിഷ്‌കാരത്തിനുമെല്ലാം പെരുത്ത് സന്തോഷം. ഈ വാർത്ത അച്ചടിച്ചു വന്ന പത്ര കട്ടിംഗുമായി കോഴിക്കടയിലെത്തിയവരെ സമർഥരായ സംരംഭകർ നിരാശപ്പെടുത്തിയില്ല. 450 ഗ്രാം തൂക്കമുള്ള കോഴിയ്ക്ക് 87 രൂപ വിലയിട്ടു. ഇതിനെ കട്ട് ചെയ്യാൻ മുപ്പത് രൂപ. ക്ലീനിംഗിന് വേറെയും പണം. ജി.എസ്.ടി അവതരിക്കുന്നതിന് മുമ്പുള്ള നിരക്കിന്റെ ഇരട്ടി നൽകാതെ കാര്യം നടക്കില്ലെന്നായി.
*** *** ***
മഴക്കാലത്തിന് കരുത്ത് കൂടിയതോടെ സംസ്ഥാനത്ത് പനി പിടിച്ച് മരിക്കുന്നവരുടെ എണ്ണം വർധിച്ചു വരികയാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അധികാരത്തിലിരുന്നപ്പോൾ ഇതിന് മുമ്പും സമാന സാഹചര്യമുണ്ടായിട്ടുണ്ട്. അന്നും ഒരു വനിതയായിരുന്നു ആരോഗ്യ മന്ത്രി. അത് വരെ കേൾക്കാത്ത തക്കാളി പനി പോലുള്ള പുതിയ ഇനങ്ങളാണ് പത്ത് വർഷം മുമ്പ് പടർന്നു പിടിച്ചത്.
കേരളത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് ഏതാനും ആഴ്ചകൾക്കപ്പുറം പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇതിലും ഭീകരമായ ദിനങ്ങളാണ് വരാനിരിക്കുന്നത്. നഴ്‌സുമാരുടെ സമരത്തെ നേരിടാൻ ആശുപത്രി അടക്കാനുള്ള തയാറെടുപ്പിലാണ് നടത്തിപ്പുകാർ. മലബാറിലെ പ്രധാന നഗരങ്ങളിലെ പ്രമുഖ ചികിത്സാലയങ്ങളിൽ രോഗികളെ അഡ്മിറ്റ് ചെയ്യുന്നത് നിർത്തി. നഴ്‌സുമാരെ ഭൂമിയിലെ മാലാഖമാരെന്ന് വെറുതെ സുഖിപ്പിക്കാൻ പറഞ്ഞിട്ട് കാര്യമില്ല.
ന്യായമായ വേതനത്തിനാണ് അവർ പ്രക്ഷോഭത്തിനിറങ്ങുന്നത്. കൊടിയ ചൂഷണം അരങ്ങേറുന്ന രംഗമാണ് സ്വകാര്യ ആശുപത്രികൾ. സ്വന്തം വീട്ടുകാരേക്കാൾ നന്നായി രോഗികളെ രാപ്പകൽ ഭേദമെന്യേ പരിചരിക്കുന്ന ഫ്‌ളോറൻസ് നൈറ്റിംഗേലിന്റെ പിന്മുറക്കാർക്ക് നക്കാപ്പിച്ച പ്രതിഫലം നൽകുന്ന സ്ഥാപനങ്ങൾ ധാരാളമാണ്. ലോകത്തിന്റെ നാനാഭാഗത്തും ഏറ്റവും മികച്ചതെന്ന ബ്രാൻഡ് നെയിമാണ് കേരളത്തിൽ നിന്നുള്ള നഴ്‌സുമാർക്ക്.
വിദേശ രാജ്യങ്ങളിലെ പ്രധാന ചികിത്സാലയങ്ങളിൽ ജോലി ചെയ്യുന്ന മലയാളി പെൺകുട്ടികൾ നാട്ടിന്റെ അംബാസഡർമാർ കൂടിയാണ്. നഴ്‌സിംഗ് ബിരുദത്തിനൊപ്പം വിദേശ ജോലിയിൽ ആവശ്യമായ പ്രത്യേക പരിശീലനം സിദ്ധിച്ചെത്തുന്ന ഫിലിപ്പൈൻസിൽ നിന്നുള്ളവരേക്കാൾ മിടുക്കികളാണ് പരശുരാമന്റെ നാട്ടിൽ നിന്നെത്തുന്നവർ. കഴിഞ്ഞ രണ്ട് മൂന്ന് ആഴ്ചകളായി സമര പാതയിലുള്ള നഴ്‌സുമാർക്ക് ആശ്വാസം പകരാൻ കേരള സർക്കാർ ഇവർക്ക് മിനിമം വേജ് പ്രഖ്യാപിച്ചു. അടിസ്ഥാന ശമ്പളം 18,232 രൂപ മുതൽ 23,760 രൂപ വരെയാക്കി. ഇത് നടപ്പാവുന്നുണ്ടോയെന്ന് അന്വേഷിച്ച് ഉറപ്പു വരുത്തേണ്ടത് സംസ്ഥാന സർക്കാരാണ്.
സർക്കാർ നിശ്ചയിച്ച അടിസ്ഥാന ശമ്പളം സ്വീകാര്യമല്ലെങ്കിൽ നഴ്‌സുമാർക്ക് കോടതിയെ സമീപിക്കാമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.
നഴ്‌സുമാർക്കു വേണ്ടി സാധ്യമായതെല്ലാം ചെയ്തുവെന്നാണ് സർക്കാർ നിലപാട്. യു എൻ എയുടെ നേതൃത്വത്തിൽ പതിനായിരക്കണക്കിന് നഴ്‌സുമാർ കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിലേയ്ക്ക് മാർച്ച് നടത്തി. സർക്കാർ കൈയൊഴിഞ്ഞതോടെ നഴ്‌സിങ് സമരത്തിനും നിയമ പോരാട്ടത്തിനും പോകാൻ തയ്യാറാവുകയാണ് യു എൻ എ. മാലാഖമാർ എന്ന് വിളിക്കുന്ന നഴ്‌സുമാർ ഇപ്പോൾ ഭക്ഷണം കഴിക്കുന്നത് റോഡിലാണ്.
മിനിമം ശമ്പളം നൽകാതിരിക്കാനുള്ള കുറുക്കുവഴികളെ കുറിച്ചായിരിക്കും ആശുപത്രിക്കാരുടെ അന്വേഷണം. വൻകിട ആശുപത്രികളിൽ പലതിലും ട്രെയിനി നഴ്‌സുമാരാണ് കൂടുതലും.
ഇവർക്ക് പ്രതിമാസം ആറായിരം രൂപ ലഭിച്ചെങ്കിലായി. സ്റ്റാഫ് നഴ്‌സുമാരുടെ എണ്ണം കുറച്ച് ട്രെയിനിമാരെ കൂട്ടി നടത്താനാവുമോയെന്ന മാനേജ്‌മെന്റ് വൈദഗ്ധ്യം കാണാനിരിക്കുന്നതേയുള്ളൂ. അര ഡസനിലേറെ വാർത്താ ചാനലുകൾ മലയാളത്തിലുണ്ടായിട്ടും കാര്യമില്ല. ഈ വിഷയം സന്ധ്യാ നേരത്ത് ചർച്ച ചെയ്ത് അനാവശ്യ ശത്രുക്കളെ സൃഷ്ടിക്കാൻ ആർക്കും താൽപര്യമില്ല. വാർത്തകളുടെ തെരഞ്ഞെടുപ്പിൽ മികവ് പുലർത്താറുള്ള എൻഡിടിവിക്ക് ഇതും പ്രധാന വിഷയമായി. അതേതായാലും നന്നായി, ദേശീയ നേതാക്കളെങ്കിലും ഈ വക കാര്യങ്ങൾ അറിയട്ടെ. നമുക്ക് സിനിമാ നടനെ തൊടുപുഴ അങ്കമാലി വഴി തൃശൂർ വരെ പരേഡ് നടത്തുന്നത് കാണിച്ച് സമയം പാഴാക്കാം.
*** *** ***
ചെറിയ പെരുന്നാൾ ആഘോഷ വേളയിൽ നടൻ ജഗദീഷ് സൗദി അറേബ്യയിലായിരുന്നു. ദമാമിലും അബഹയിലും പരിപാടികളിൽ പങ്കെടുത്ത് കൊച്ചിയിൽ തിരിച്ചെത്തിയ താരം ദേശീയ പത്രത്തിന് ഒരു അഭിമുഖം നൽകി. സിനിമാ രംഗത്തെ പലരുടേയും സമ്പത്ത് അമ്പരപ്പിക്കുന്നതാണെന്നായിരുന്നു അദ്ദേഹത്തിന്റെ കമന്റ്. താൻ സിനിമയിൽ അന്നും ഇന്നും എക്‌സ്പ്രസ് ഹൈവേയിൽ സൈക്കിളുമോടിച്ച് കഴിഞ്ഞു കൂടുന്നു. ഓഡി കാറിൽ മിന്നിമായുന്ന പലരേയും കണ്ടില്ലെന്ന് നടിച്ചാണ് യാത്ര. തനിക്ക് ശേഷമെത്തിയ പലർക്കും കോടികളുടെ സ്വത്തുണ്ട്. വിവാദമുണ്ടാക്കാൻ താൽപര്യമില്ലെന്നതിനാൽ ഒന്നും വിശദീകരിക്കാനില്ലെന്നും പറഞ്ഞാണ് അഭിമുഖം അവസാനിപ്പിച്ചത്. കൊച്ചിയിൽ അമ്മയുടെ രണ്ടാമത്തെ വാർത്താ സമ്മേളനത്തിന് തൊട്ടു മുമ്പാണ് ജഗദീഷിന്റെ അഭിമുഖം പ്രസിദ്ധപ്പെടുത്തിയത്. മമ്മൂട്ടി, മോഹൻലാൽ എന്നീ മെഗാ സ്റ്റാറുകളെ പോലെ ചുരുങ്ങിയ കാലത്തിനിടയ്ക്ക് ഗാരന്റിയുള്ള നടനായി മാറിയ ദിലീപിന്റെ ഒരു സിനിമയുടെ ടൈറ്റിൽ ഓർമപ്പെടുത്തുന്നത് പോലെയായി താരത്തിന്റെ ജീവിതാനുഭവം. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുന്നിൽ നിൽക്കുന്ന ആളാണ് ദിലീപ് എന്ന് പലരും പറയുന്നു. എല്ലാവർക്കും പി.ആർ ഏജൻസി ബാങ്ക് അക്കൗണ്ടിലൂടെ പണം നൽകുന്നുണ്ടോയെന്നറിയില്ല. കാശ് കിട്ടിയവർ കള്ളി പുറത്ത് പറയാത്തതാണോ എന്നുമുറപ്പില്ല. വിവിധ ജില്ലകളിൽ നിന്ന് തെരഞ്ഞെടുത്ത ദരിദ്രരായ ആയിരം പേർക്ക് 55 കോടി ചെലവിലുള്ള ഭവന പദ്ധതി ദിലീപ് നടപ്പാക്കി വരുന്നുണ്ട്. ഇതിൽ ആദ്യത്തെ ആറെണ്ണത്തിന്റെ പണി പൂർത്തിയായതായും റിപ്പോർട്ടുണ്ട്. ചലച്ചിത്ര രംഗത്തെ പലർക്കും സഹായം ചെയ്യുന്ന വിഷയത്തിൽ മീശ മാധവൻ മുമ്പന്തിയിലാണെന്ന് മുമ്പും കേട്ടിട്ടുണ്ട്. ജോൺ ബ്രിട്ടാസിന്റെ ജെ.ബി ജംഗ്ഷനിൽ ഒരു മുതിർന്ന നടി ദിലീപിന്റെ സഹായം അത്യാവശ്യ ഘട്ടത്തിൽ ലഭിച്ചതിനെ കുറിച്ച് പരാമർശിച്ചിരുന്നു.
*** *** ***
ദിലീപിന്റെ സഹായ സന്നദ്ധതയുടെ കാര്യം ചർച്ചയായപ്പോഴാണ് കൗമുദി ചാനലിൽ ബാലു കിരിയത്തിന്റെ ഒരു അഭിമുഖം സംപ്രേഷണം ചെയ്തത്. നിത്യഹരിത നായകൻ പ്രേംനസീറിന്റെ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളാണ് വിഷയം.
തിരുവനന്തപുരത്തെ പാവപ്പെട്ട വാരസ്യാർ പെൺകുട്ടിക്ക് പ്രീഡിഗ്രിയ്ക്ക് ഒമ്പതാം റാങ്ക്. ഡോക്ടറാക്കണമെന്ന് അമ്മയ്ക്ക് ആഗ്രഹം.
കുഞ്ഞുന്നാളിലേ അച്ഛൻ മരിച്ചു. അടുത്തുള്ള സിനിമാ കൊട്ടകയിലെ ജീവനക്കാരൻ കൊടുത്ത മേൽവിലാസത്തിൽ നസീറിന് കത്ത് അയച്ചു. അദ്ദേഹം എം.ബി.ബി.എസ് പഠിക്കാനുള്ള എല്ലാ ചെലവും വഹിച്ചു. ഒരു കൈ ചെയ്യുന്നത് മറുകൈ അറിയാതെയുള്ള സഹായം. എം.ഡിക്ക് പഠിക്കാനും പ്രേരിപ്പിച്ചത് നസീർ. പഠിച്ചുകൊണ്ടിരിക്കേ യുവഡോക്ടറെ ഏറ്റവും വേദനിപ്പിച്ചത് നിത്യഹരിത നായകന്റെ വേർപാട്. സിനിമാ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് മറ്റൊരു അനുഭവവും അദ്ദേഹം അനുസമരിച്ചു. അക്കാലത്ത് നസീറിന്റെ പ്രതിഫലം ഒരു ലക്ഷം രൂപ. ഇരുപത് ദിവസത്തെ ചിത്രീകരണ ഷെഡ്യൂൾ രണ്ടാഴ്ച കൊണ്ട് പൂർണമാക്കി. തന്നെ ആശ്ചര്യപ്പെടുത്തിയത് നസീർ ഇരുപത്തി അയ്യായിരം രൂപ തിരികെ ഏൽപിച്ചുവെന്നതാണ്. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ, ഇതിന്റെ ആവശ്യമില്ല, കോൾ ഷീറ്റ് പ്രകാരം മറ്റൊരു പ്രൊഡ്യൂസറിൽ നിന്ന് ഈ ദിവസങ്ങളിലെ പണം ലഭിച്ചിട്ടുണ്ടെന്നും നസീർ പറഞ്ഞു. ഇന്ന് സെന്റിന് പത്ത് ലക്ഷം രൂപ വില ഭൂമിയ്ക്കുള്ള തിരുവല്ല നഗരത്തിൽ നൂറ് രൂപയ്ക്ക് ഒരു സെന്റ് ഭൂമി കിട്ടുന്ന കാലമായിരുന്നു അതെന്നും ബാല കിരിയത്ത് അഭിമുഖത്തിൽ ഓർമിപ്പിച്ചു.
ദിലീപ് അറസ്റ്റിലായ ആദ്യ ദിവസം താരത്തിനെതിരെ രോഷം തിളച്ചു മറിഞ്ഞിരുന്നു. ഇത് തിരിച്ചു അനുകമ്പയാക്കി മാറ്റുന്നതിൽ രണ്ട് വാർത്താ ചാനലുകൾ കിണഞ്ഞ് പരിശ്രമിച്ചു. അന്തിചർച്ചയിലെ പ്രകോപനപരമായ പ്രയോഗങ്ങൾ ദിലീപിനോട് അനുകൂല മനോഭാവം വളർത്താൻ കാരണമായി.
കേരള പോലീസിന്റെ പ്രദർശന യാത്രയുടെ വിഷ്വൽസ് കൂടിയായപ്പോൾ പൂർണമായി. സൂപ്പർ-മെഗാ താരങ്ങൾ ചലച്ചിത്ര വേദിയ്ക്ക് ബാധ്യതയായപ്പോഴാണ് ശ്രീനിവാസന്റെ ഉദയനാണ് താരം സിനിമ റിലീസ് ചെയ്തത്. തിരക്കഥയിൽ ഇടപെട്ടും ഇന്നയിന്ന സൗകര്യങ്ങൾ വേണമെന്നും ശാഠ്യം പിടിച്ചിരുന്ന താര പ്രമാണിമാരെ ശ്രീനിവാസൻ കണക്കിന് കളിയാക്കി. എന്റെ തല, എന്റെ ഫുൾ ഫിഗർ എന്ന് പറഞ്ഞ് പഞ്ചനക്ഷത്ര സൗകര്യങ്ങളോടെ വിരാജിച്ചിരുന്നവരാണ് താരങ്ങൾ. അത്തരമൊരു താരം ജയിലിൽ ഉപ്പുമാവും പഴവും കഴിക്കുന്ന അവസ്ഥയിലെത്തിയത് വാർത്തയാണ്. മംഗളം ചാനലിന്റെ ഇതു സംബന്ധിച്ച വാർത്ത സോഷ്യൽ മീഡിയയിലെ ട്രോളന്മാർ ആഘോഷിക്കുകയുണ്ടായി.






