ചുവർച്ചിത്രങ്ങളുടെ ചാരുത പകരാൻ ഇളം പ്രതിഭകൾ

മക്ക മിസ്ഫലയിലെ ഗലികളിലെ ഭിത്തികളിൽ ചിത്രം വരക്കുന്ന കുട്ടികൾ.

വിശുദ്ധ ഹറമിന് സമീപത്തെ മിസ്ഫലയിലെ ഇടുങ്ങിയ ഗലികൾ വർണമനോഹരമാക്കുന്നതിൽ മുഴുകിയിരിക്കുകയാണ് ഒരു പറ്റം കുട്ടികൾ. കാലപ്പഴക്കത്താൽ നിറംമങ്ങിയ ഭിത്തികൾ പെയിന്റടിച്ചും ഇവയിൽ ചിത്രരചനകളും കാലിഗ്രാഫികളും നടത്തിയും ഗലികൾക്ക് ഇവർ പുതുജീവൻ നൽകുന്നു. മക്ക വികസന പദ്ധതിക്ക് വേണ്ടി പൊളിച്ച് നീക്കം ചെയ്യപ്പെടാനിരിക്കുന്ന, എല്ലാവരാലും അവഗണിക്കപ്പെട്ടു കിടക്കുന്ന പ്രദേശങ്ങളിലാണ് യുവകലാകാരന്മാരുടെ കരവിരുതുകൾ വർണം വിതറുന്നത്. 
ഗലി നിവാസികളായ വളണ്ടിയർമാരായ ബാലന്മാരും യുവാക്കളും 'ശബാബ് അൽഫാനൂസ്' എന്ന പേരിൽ സംഘടിച്ചാണ് ഗലികൾ വർണമനോഹരമാക്കുന്നതിന് ഇറങ്ങിത്തിരിച്ചിരിക്കുന്നത്. തെരുവ് ഭിത്തികളിലെ ഇവരുടെ കലാസൃഷ്ടികൾ മാധ്യമങ്ങളുടെയും സാമൂഹികമാധ്യമങ്ങളുടെയും ശ്രദ്ധയാകർഷിക്കുന്നു. മിസ്ഫയിലെ ഗലികളിൽ നടത്തുന്ന സന്നദ്ധ പ്രവർത്തനങ്ങളുടെ ഫോട്ടോകൾ ഇൻസ്റ്റഗ്രാം അടക്കമുള്ള സാമൂഹികമാധ്യങ്ങളിലൂടെ ഇവർ പുറത്തുവിടുന്നുണ്ട്. ഇവന്റ് മാനേജ്‌മെന്റ്, ഫോട്ടോഗ്രാഫി മേഖലകളിലും ഇവർ ഒരു കൈ നോക്കുന്നുണ്ട്. 
വേനലവധിക്കാലത്ത് ഒഴിവു സമയം ഫലപ്രദമായി വിനിയോഗിക്കുന്നതിന് വിദ്യാർഥികളെ സഹായിക്കുന്ന സമ്മർ സെന്ററുകളിൽ വെച്ചാണ് തങ്ങൾ പരസ്പരം പരിചയപ്പെട്ട് ഒരു ഗ്രൂപ്പായി മാറി സന്നദ്ധപ്രവർത്തന മേഖലയിലേക്ക് കാലെടുത്തുവെച്ചതെന്ന്, വളണ്ടിയർമാരുടെ ഗ്രൂപ്പിന് രൂപംനൽകിയ അബ്ദുല്ല അൽബുനയ് പറഞ്ഞു. തങ്ങളുടെ ഡിസ്ട്രിക്ടുകൾക്ക് സമീപമുള്ള പ്രദേശങ്ങളിൽ സമ്മർ ക്യാമ്പുകൾ സംഘടിപ്പിച്ചായിരുന്നു തുടക്കം. സമൂഹത്തിന് പ്രയോജനപ്പെടുത്തുന്ന പ്രവർത്തനങ്ങൾ നടത്തുന്നതിന് കൂട്ടായ്മ പ്രയോജനപ്പെടുത്തുന്നതിനെ കുറിച്ച് വധിക്കാലത്തിന്റെ അവസാനത്തിൽ തങ്ങൾ ആലോചിച്ചു. ലക്ഷ്യങ്ങൾ നിർണയിക്കുകയാണ് ആദ്യം ചെയ്തത്. നാലു വർഷം മുമ്പായിരുന്നു ഇത്. നാലു വർഷത്തിനിടെ സമൂഹത്തിന് ഉപകാരപ്പെടുന്ന പലതും ചെയ്യുന്നതിന് തങ്ങൾക്ക് സാധിച്ചു. ഫോട്ടോഗ്രാഫി, ഇവന്റ് പ്ലാനിംഗ് തുടങ്ങി വിവിധ മേഖലകളിൽ നൈപുണ്യം തെളിയിച്ചവർ തങ്ങളുടെ കൂട്ടത്തിലുണ്ട്. ഫോട്ടോഗ്രാഫർമാർ, കോ-ഓർഡിനേറ്റർമാർ, ചിത്രകാരന്മാർ അടക്കമുള്ളവരെ ആവശ്യമുള്ള ഫെസ്റ്റിവലുകളും ദേശീയദിനാഘോഷങ്ങളും ചാരിറ്റി ലക്ഷ്യത്തോടെയുള്ള മീറ്റിംഗുകളും സംഘടിപ്പിക്കുന്നതിനും തങ്ങളുടെ കൂട്ടായ്മയെ വളണ്ടിയർമാർ പ്രയോജനപ്പെടുത്തി. ആളുകളുടെ മനസ്സുകളിൽ സന്തോഷവും ആഹ്ലാദവും പരത്തുന്നതോടൊപ്പം കഴിവുകൾ പ്രയോജനപ്രദമായ കാര്യങ്ങൾക്ക് വിനിയോഗിക്കുന്നതിനുമാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് അബ്ദുല്ല അൽബുനയ് പറഞ്ഞു. 
ഗലികളിലും തെരുവുകളിലും ശുചീകരണ യജ്ഞങ്ങൾ നടത്തി പെയിന്റടിച്ച് മനോഹരമാക്കുന്നത് നിരവധി പേരുടെ ശ്രദ്ധയാകർഷിക്കുന്നുണ്ട്. വേതനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ശുചീകരണ തൊഴിലാളികൾ പണിമുടക്ക് നടത്തിയ കാലത്ത് പ്രദേശത്ത് മാലിന്യങ്ങൾ കുമിഞ്ഞുകൂടിയതോടെയാണ് ശുചീകരണ യജ്ഞം നടത്തുകയെന്ന ആശയം ഉരുത്തിരിഞ്ഞത്. മാലിന്യങ്ങൾ നീക്കം ചെയ്ത് ഗലികൾ കഴുകി വൃത്തിയാക്കി പെയിന്റടിച്ചു. ഇത് പിന്നീട് എല്ലാ വർഷവും തുടരുന്ന പതിവാക്കി മാറ്റുകയായിരുന്നു. 
ഗ്രൂപ്പിലെ അംഗങ്ങളുടെ എണ്ണം കൂടുതലല്ല. ഇതാണ് തങ്ങൾ വസിക്കുന്ന ഗലികളിൽ മാത്രമായി തങ്ങളുടെ ശ്രമങ്ങൾ പരിമിതപ്പെടുത്തുന്നതിന് കാരണം. സന്നദ്ധ പ്രവർത്തനങ്ങൾ നീണ്ടുനിൽക്കില്ല. പലരും ജീവിതകാര്യങ്ങളുമായി ബന്ധപ്പെട്ട തിരക്കുകളിവാണ്. ഇതുമൂലം അവർ സന്നദ്ധ പ്രവർത്തനങ്ങളിൽ നിന്ന് ഇടക്ക് വിട്ടുനിൽക്കുന്നു. സാധിക്കുന്നതെല്ലാം സമൂഹത്തിന് ചെയ്തുകൊടുക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം. സന്നദ്ധ പ്രവർത്തനങ്ങൾ നിലക്കാതിരിക്കുന്നതിന്, തങ്ങളുടെ സംഘത്തിൽ ചേരുന്നതിന് ആഗ്രഹിക്കുന്ന എല്ലാ യുവാക്കളെയും കൂട്ടത്തിൽ ചേർക്കുന്നുണ്ട്. 
ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ വിഭവം സ്വയം കണ്ടെത്തുകയാണ് ചെയ്യുന്നത്. ശാരീരികാധ്വാനത്തിനു പുറമെ, സന്നദ്ധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ പണം സംഭാവന ചെയ്യുന്നതിന് വളണ്ടിയർമാരെ നിർബന്ധിക്കുന്നതിന് കഴിയില്ല. ഇക്കാര്യം കണക്കിലെടുത്താണ് സംഘത്തിൽ പെട്ടവരുടെ പ്രത്യേക കഴിവുകളും ശേഷികളും വരുമാനമുണ്ടാക്കുന്നതിന് പ്രയോജനപ്പെടുത്തുന്നതിനെ കുറിച്ച് ആലോചിച്ചത്. വിവാഹങ്ങളും മറ്റു ആഘോഷ പരിപാടികളും ചിത്രീകരിക്കുന്നതിന് ഏതാനും സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്. പരിപാടികൾ ചിത്രീകരിക്കുന്നതിലൂടെ ലഭിക്കുന്ന വരുമാനം സന്നദ്ധ പദ്ധതികൾക്കും പ്രവർത്തനങ്ങൾക്കും വിനിയോഗിക്കുകയാണ് ചെയ്യുന്നത്. 
വികസന പദ്ധതിക്കു വേണ്ടി പൊളിച്ചുനീക്കാൻ പോകുന്ന മിസ്ഫലയിലെ ഗലികൾ വൃത്തിയാക്കുന്നതിനും മോടിപിടിപ്പിക്കുന്നതിനും അധ്വാനിക്കുന്നതിൽ ചിലർ ആശ്ചര്യം പ്രകടിപ്പിക്കുന്നുണ്ട്. വികസന പദ്ധതികൾ നടപ്പാക്കുന്നതിന് വർഷങ്ങളെടുക്കും. അത്രയും കാലം ചേരിപ്രദേശങ്ങളിലെ ഗലികളെ കുറിച്ച് ആളുകളുടെ മനസ്സുകളിൽ പതിഞ്ഞ ചിത്രത്തിൽ മാറ്റം വരുത്തുന്നതിന് നമുക്ക് സാധിക്കും. തങ്ങളുടെ പ്രവർത്തനങ്ങളെ ഗലികളിലെ നിവാസികൾ എതിർക്കുന്നില്ല എന്നതും പ്രധാന ഘടകമാണ്. എങ്കിലും ഗലികളുടെ വൃത്തത്തിൽ നിന്ന് പുറത്തുകടക്കണമെന്ന് തങ്ങൾ ആഗ്രഹിക്കുന്നുണ്ട്. തങ്ങളുടെ ഗലികളിൽ നിന്ന് വിശുദ്ധ ഹറമിലേക്കുള്ള തെരുവ് പെയിന്റടിച്ച് മോടിപിടിപ്പിക്കണമെന്നും ഹറമിന് സമീപത്തെ അൽഇസ്‌കാൻ ഡിസ്ട്രിക്ട് നിറക്കൂട്ടുകളിലൂടെ വർണമനോഹരമാക്കണമെന്നും ആഗ്രഹമുണ്ട്. വർണക്കൂട്ടുകളുടെ നഗരമാക്കി അൽഇസ്‌കാൻ ഡിസ്ട്രിക്ടിനെ മാറ്റണമെന്നാണ് ആശ. ഇത് ഒരു സ്വപ്‌നം മാത്രമാണ്. മക്കയിലെ നിരവധി ഗലികൾ ഹജ്, ഉംറ തീർഥാടകർ സന്ദർശിക്കുന്നുണ്ട്. ഈ ഗലികൾ മോടിപിടിപ്പിക്കേണ്ടതിന്റെ പ്രാധാന്യമാണ് ഇത് വ്യക്തമാക്കുന്നത്. നിരവധി ഹജ്, ഉംറ തീർഥാടകർ മിസ്ഫലയിലെ ഗലികളിലൂടെ കടന്നുപോകുന്നു. വിശുദ്ധ റമദാനിൽ അവർ ഞങ്ങൾക്കൊപ്പം ഇഫ്താറിൽ പങ്കെടുക്കുകയും പ്രദേശത്തെ മസ്ജിദുകളിൽ നമസ്‌കാരങ്ങൾ നിർവഹിക്കുകയും ചെയ്യുന്നു. 
സാമൂഹിക സേവനത്തിനാണ് സംഘം പ്രഥമ പരിഗണന നൽകുന്നത്. അതുകൊണ്ടു തന്നെ വ്യക്തിതാൽപര്യത്തിന്റെ പേരിലുള്ള പദ്ധതികൾ തങ്ങൾ നിരാകരിക്കുന്നു. തങ്ങളുടെ പ്രദേശങ്ങളിലെ റോഡുകൾ മോടിപിടിപ്പിക്കുന്നതിനും വീടുകളുടെ പുറം ഭിത്തികളിൽ പെയിന്റടിക്കുന്നതിനും നിരവധി പേർ തങ്ങളോട് ആവശ്യപ്പെടുന്നുണ്ട്. ഇതെല്ലാം തങ്ങൾ നിരസിക്കുകയാണെന്ന് അബ്ദുല്ല അൽബുനയ് പറഞ്ഞു. 
'ശബാബ് അൽഫാനൂസ്' സംഘം മിസ്ഫലക്ക് പുറത്തേക്ക് പ്രവർത്തനം വ്യാപിപ്പിക്കും. 
വിശ്വാസികളുടെ മനസ്സുകളിൽ ആഹ്ലാദം പരത്തുന്നതിന് മസ്ജിദിലേക്ക് പോകുന്ന സംഘം കുന്തിരിക്കം പുകച്ചും സുഗന്ധങ്ങൾ പുരട്ടി നൽകിയും ഈത്തപ്പഴവും മഠായികളും മക്കയിലെ പ്രശസ്തമായ പലഹാരങ്ങളും വിതരണം ചെയ്തും കുട്ടികൾക്കും മുതിർന്നവർക്കുമിടയിൽ ആഹ്ലാദം പരത്തും. സംഘത്തിൽ ചിലർ മിക്കി മൗസ് പോലുള്ള കാർട്ടൂൺ സിനിമാ കഥാപാത്രങ്ങളെ പോലെ വേഷം ധരിച്ച് കുട്ടികളെ രസിപ്പിക്കുകയും അവർക്കൊപ്പം ഫോട്ടോകൾക്ക് പോസ് ചെയ്യുകയും ബലൂണുകൾ വിതരണം നടത്തുകയും ചെയ്യുന്നു. ആദ്യ വർഷം 400 ബലൂണുകളാണ് വിതരണം ചെയ്തത്. കഴിഞ്ഞ പെരുന്നാളിന് രണ്ടായിരം ബലൂണുകൾ വിതരണം ചെയ്തതായി 'ശബാബ് അൽഫാനൂസ്' വക്താവ് ബാസിം നവാബ് പറഞ്ഞു. ചേരിപ്രദേശങ്ങളെ കുറിച്ച കാഴ്ചപ്പാടും ധാരണയും മാറ്റിയെടുക്കുകയും ഔദ്യോഗിക വകുപ്പുകളുടെ കുടക്കീഴിൽ പ്രവർത്തനം ക്രമീകരിക്കുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്നും ബാസിം നവാബ് പറയുന്നു. 

 


 

Latest News