ജിദ്ദയിലെ പ്രശസ്ത നർത്തകിയും കോറിയോഗ്രഫറുമായ ഷെൽനാ വിജയ് (മുദ്ര സ്‌കൂൾ ഓഫ് ഡാൻസ്) പരിശീലിപ്പിച്ചെടുത്ത നാലു നൃത്തപ്രതിഭകളുടെ ഭരതനാട്യം അരങ്ങേറ്റത്തിന് പ്രസിദ്ധമായ ഗുരുവായൂർ മേൽപത്തൂർ ഓഡിറ്റോറിയം ഓഗസ്റ്റ് 11 വെള്ളിയാഴ്ച സാക്ഷ്യം വഹിക്കും. അമൃതാ അജിത് കുമാർ, ലക്ഷ്മി മധുസൂദനൻ, മഞ്ജിമ മുരളീധരൻ, മാനസി മുരളീധരൻ എന്നീ നർത്തകികളുടെ അരങ്ങേറ്റമാണ് ഗുരുവായൂരിൽ നടക്കുക. ഇതിനകം ജിദ്ദയിലെ ചെറുതും വലുതുമായ നിരവധി വേദികളിൽ സാന്നിധ്യമറിയിച്ചിട്ടുള്ള ഇവരുടെ ഭരതനാട്യം ആസ്വദിക്കാൻ സൗദിയിലെ പ്രവാസി സഹൃദയരോടൊപ്പം നാട്ടിലെ കലാസ്വാദകരും സംബന്ധിക്കും. ഓഗസ്റ്റ് പതിനൊന്ന് വെള്ളിയാഴ്ച പകൽ 11 മണിക്കാണ്, മലയാള കാവ്യസംസ്‌കൃതിയ്ക്ക് നാരായണീയത്തിന്റെ അതീവ സമ്പന്നമായ സാമമന്ത്രങ്ങൾ സമ്മാനിച്ച മഹാകവി മേൽപത്തൂർ നാരായണ ഭട്ടതിരിയുടെ പേരിലുള്ള വേദിയിൽ തിരി തെളിയുക.
ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂളിൽ പത്താം ക്ലാസ് വിദ്യാർഥിനിയായ അമൃത കഴിഞ്ഞ എട്ടു വർഷമായി നൃത്തം അഭ്യസിക്കുന്നു. തിരുവനന്തപുരം സ്വദേശി അജിത് കുമാറിന്റേയും മായാലക്ഷ്മിയുടെയും മകളാണ് അമൃത. കണ്ണൂർ തളിപ്പറമ്പ് സ്വദേശി മധുസൂദനൻ- ഉഷാ ദമ്പതികളുടെ പുത്രി ലക്ഷ്മിയും ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർഥിനിയാണ്. അഞ്ചു വർഷമായി മുദ്ര സ്‌കൂൾ ഓഫ് ഡാൻസിൽ നൃത്തം അഭ്യസിക്കുന്നു. ചിത്രരചനയിലും സംഗീതത്തിലും മിടുക്കിയായ ലക്ഷ്മി, ജിദ്ദയിലെ വിവിധ സംഘടനകളുടെ വേദികളിൽ നൃത്തം അവതരിപ്പിച്ച് പേരെടുത്ത കലാകാരിയാണ്. ലക്ഷ്മിയുടെ അനിയത്തി ദേവിക.
അമൃതയ്ക്കും ലക്ഷ്മിക്കുമൊപ്പം അരങ്ങേറ്റത്തിന് അണിഞ്ഞൊരുങ്ങുന്ന മഞ്ജിമയും മാനസിയും സഹോദരങ്ങളാണ്. ജിദ്ദ കാർലോ ഗവാസി കമ്പനി ഉദ്യോഗസ്ഥൻ മുരളീധരന്റേയും സിന്ധുവിന്റേയും മക്കളാണ് മഞ്ജിമയും മാനസിയും. മാനസി പ്ലസ് ടുവിലും മഞ്ജിമ ഒമ്പതാം ക്ലാസിലും പഠിക്കുന്നു. 2007 മുതൽ നൃത്തം അഭ്യസിക്കുന്ന മഞ്ജിമയും മാനസിയും ജിദ്ദയിലെ നിരവധി കലാ സാംസ്‌കാരിക സന്ധ്യകളിൽ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
പതിവു കലാസങ്കേതങ്ങളിൽ നിന്ന് തീർത്തും വ്യതിരിക്തമായി നൃത്തത്തേയും നാടകത്തേയും ആധുനികവൽക്കരിക്കാനും പ്രേക്ഷകരിൽ പുതിയൊരു ഭാവുകത്വം നൽകുന്നതിനും കഴിഞ്ഞ നിരവധി വർഷമായി നടന പരീക്ഷണങ്ങളിലേർപ്പെട്ട പ്രസിദ്ധ കലാകാരി ഷെൽനാ വിജയ് മാർഗനിർദേശം നൽകി അഭ്യസിപ്പിച്ചെടുത്ത ഈ നാലു നർത്തകികളേയും ഗുരുവായൂരിലെ വേദിയിൽ സഹായിക്കാൻ കൂട്ടുകാരികളായ സ്മൃതി സജി, വൈഷ്മ മുരളീധരൻ, അതുല്യ സാജു എന്നിവരും ചിലങ്ക കെട്ടുന്നുണ്ട്. മുദ്ര സ്‌കൂൾ ഓഫ് ഡാൻസിലെ പരിണത പ്രജ്ഞരായ കലാകാരന്മാരും കലാകാരികളും ചേർന്ന് ഇന്ത്യൻ കോൺസുലേറ്റിൽ കഴിഞ്ഞ വർഷം അവതരിപ്പിച്ച കണ്ണകി, സ്വാതി തിരുനാളിന്റെ ജീവിതം അടിസ്ഥാനമാക്കി ഈ വർഷം അരങ്ങേറിയ ഭരതം എന്നീ രണ്ടു നൃത്തശിൽപങ്ങൾ ഷെൽനാ വിജയ്-യുടെ കലാജീവിതത്തിലെ നാഴികക്കല്ലുകളാണ്. ഏറെ പ്രശംസ പിടിച്ചുപറ്റിയ പരിപാടികളായിരുന്നു, രംഗസജ്ജീകരണത്തിലും പ്രകാശ വിന്യാസത്തിലും പുതുമ സൃഷ്ടിച്ച ഈ രണ്ടു നൃത്ത- സംഗീത ശിൽപങ്ങളും.
നാടകരംഗത്ത് പരീക്ഷണങ്ങൾ സൃഷ്ടിച്ച മികച്ച നാടകകാരനും നടനും എഴുത്തുകാരനുമായ കാളിദാസ് പുതുമനയുടേയും (ചിറ്റൂർ, പാലക്കാട്) ശാന്തിനിയുടേയും മകളാണ് ഷെൽന. ഭർത്താവ് മികച്ച കലാസംഘാടകനും സഹൃദയനുമായ വിജയരാഘവൻ പേരഴി, മേലാറ്റൂർ സ്വദേശിയാണ്. ഏറെക്കാലമായി ജിദ്ദയിൽ. മക്കൾ: വിപിൻ വിജയരാഘവൻ, വിനയ് വിജയരാഘവൻ. പ്രസിദ്ധ സീരിയൽ-സിനിമാ നടൻ ശരൺ, ഷെൽനയുടെ സഹോദരനാണ്.






