Sorry, you need to enable JavaScript to visit this website.

ഇന്ത്യന്‍ ക്രിക്കറ്റില്‍ വീണ്ടും ഒത്തുകളി ശ്രമം

മുംബൈ - ഇന്ത്യന്‍ വനിതാ ടീമിന്റെ മത്സരങ്ങളിലും തമിഴ്‌നാട് പ്രീമിയര്‍ ലീഗ് ട്വന്റി20 ടൂര്‍ണമെന്റിലും ഒത്തുകളി ശ്രമങ്ങള്‍ അരങ്ങേറിയതായി സംശയം. ഫെബ്രുവരിയിലെ ഇംഗ്ലണ്ടിനെതിരായ ഇന്ത്യന്‍ വനിതാ ടീമിന്റെ മത്സരങ്ങളില്‍ ഒത്തുകളിക്ക് ശ്രമിച്ച രണ്ടു പേര്‍ക്കെതിരെ ബി.സി.സി.ഐ കേസ് ഫയല്‍ ചെയ്തു. രാകേശ് ബഫ്‌ന, ജിതേന്ദ്ര കോത്താരി എന്നിവര്‍ക്കെതിരെ ബി.സി.സി.ഐയുടെ അഴിമതി വിരുദ്ധ യൂനിറ്റ് ബംഗളൂരുവിലെ അശോക് നഗര്‍ പോലീസ് സ്‌റ്റേഷനിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. 
ഇന്ത്യന്‍ വനിതാ ടീമിലെ പ്രമുഖ അംഗത്തെ ബഫ്‌ന സമീപിച്ചതായാണ് എഫ്.ഐ.ഐറിലുള്ളത്. സഹകരിച്ചാല്‍ വന്‍ തുക അദ്ദേഹം വാഗ്ദാനം ചെയ്തു. ഐ.സി.സി ലോക ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായ ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരക്കിടയിലായിരുന്നു സംഭവം. സംഭാഷണം റെക്കോര്‍ഡ് ചെയ്ത കളിക്കാരി വിവരം തല്‍ക്ഷണം അഴിമതി നിര്‍മാര്‍ജന യൂനിറ്റിനെ അറിയിക്കുകയായിരുന്നു. 
ഇക്കഴിഞ്ഞ തമിഴ്‌നാട് പ്രീമിയര്‍ ലീഗ് ട്വന്റി20 ടൂര്‍ണമെന്റില്‍ (ടി.എന്‍.പി.എല്‍) ദുരൂഹമായി ചിലര്‍ നിരവധി കളിക്കാരെ സമീപിച്ച സംഭവം ബി.സി.സി.ഐയുടെ അഴിമതി വിരുദ്ധ യൂനിറ്റ് അന്വേഷിക്കും. തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷനാണ് ടി.എന്‍.പി.എല്‍ സംഘടിപ്പിക്കുന്നത്. കളിക്കാര്‍ തന്നെയാണ് ചിലര്‍ തങ്ങളെ വാഗ്ദാനങ്ങളുമായി സമീപിച്ച കാര്യം അറിയിച്ചതെന്നും അന്വേഷണം കളിക്കാര്‍ക്കെതിരെയല്ലെന്നും അഴിമതി വിരുദ്ധ യൂനിറ്റ് മേധാവി അജിത് സിംഗ് വെളിപ്പെടുത്തി. രാജസ്ഥാനിലെ മുന്‍ പോലീസ് ഡി.ജി.പിയാണ് അജിത് സിംഗ്.

Latest News