ലണ്ടന്‍ - പൊരുതിനിന്ന ഓസ്‌ട്രേലിയയെ നാലാം ദിനം സ്റ്റമ്പെടുക്കുന്നതിന് മുമ്പ് ഓളൗട്ടാക്കി ഇംഗ്ലണ്ട് ആഷസ് പരമ്പരയിലെ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ 135 റണ്‍സ് ജയം. മാത്യു വെയ്ഡിലൂടെ (117) ഓസ്‌ട്രേലിയ ചെറുത്തുനിന്നെങ്കിലും മൂന്നു റണ്‍സിനിടെ അവസാന മൂന്നു വിക്കറ്റ് സ്വന്തമാക്കി ഇംഗ്ലണ്ട് വിജയം പിടിച്ചു. ഇതോടെ പരമ്പര 2-2 സമനിലയായി. 399 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരുന്ന സന്ദര്‍ശകര്‍ നാലാം ദിനം സ്റ്റമ്പെടുക്കുന്നതിന് അല്‍പം മുമ്പ് 263 ന് ഓളൗട്ടായി. സ്റ്റീവ് സ്മിത്ത് (23) പരമ്പരയിലാദ്യമായി അര്‍ധ ശതകം നേടാതെ പുറത്തായെങ്കിലും വെയ്ഡ് അവസരത്തിനൊത്തുയര്‍ന്നു. 2001 നു ശേഷം ആദ്യമായി ഓസീസിന് ഇംഗ്ലണ്ട് മണ്ണില്‍ ആഷസ് സ്വന്തമാക്കാനുള്ള അവസരമാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ ടെസ്റ്റ് ജയിച്ചതോടെ അവര്‍ ആഷസ് നിലനിര്‍ത്തിയിരുന്നു.
സ്റ്റുവാര്‍ട് ബ്രോഡിന്റെ ബൗളിംഗില്‍ ലെഗ്സ്ലിപ്പില്‍ ഡൈവ് ചെയ്ത ബെന്‍ സ്റ്റോക്‌സാണ് സ്മിത്തിനെ പുറത്താക്കിയത്. പരമ്പരയില്‍ ഏഴ് ഇന്നിംഗ്‌സില്‍ 774 റണ്‍സാണ് സ്മിത്ത് സ്‌കോര്‍ ചെയ്തത്. ഓവല്‍ സ്‌റ്റേഡിയം സ്മിത്തിനെ എഴുന്നേറ്റുനിന്ന ആദരിച്ചു. സ്മിത്ത് പുറത്താവുമ്പോള്‍ നാലിന് 85 ല്‍ പരുങ്ങുകയായിരുന്നു. എന്നാല്‍ വെയ്ഡും മിച്ചല്‍ മാര്‍ഷും (24) ടിം പയ്‌നും (21്) ചെറുത്തുനിന്നു.






