Sorry, you need to enable JavaScript to visit this website.
Wednesday , June   03, 2020
Wednesday , June   03, 2020

തബലയിലുതിരുന്ന താളലയങ്ങൾ

ഡി. വിജയകുമാർ
ഉസ്താദ് സാക്കിർഹുസൈനൊപ്പം.
ദക്ഷിണാമൂർത്തി സ്വാമികളോടൊപ്പം
രവീന്ദ്രനും ഗിരീഷ് പുത്തഞ്ചേരിക്കുമൊപ്പം
വിദ്യാധരൻ മാസ്റ്റർക്കൊപ്പം
യേശുദാസിനൊപ്പം വേദിയിൽ

ഈ വർഷത്തെ കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജാ അവാർഡിന്റെ നിറവിലാണ് ഡി. വിജയകുമാർ എന്ന തബല വിദ്വാൻ. തബല വായന തപസ്യയാക്കി കഴിഞ്ഞ അമ്പതു വർഷങ്ങളിലേറെയായി കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള സംഗീത ട്രൂപ്പുകൾക്കൊപ്പം സഞ്ചരിക്കുന്ന മനുഷ്യൻ. തബലയിൽ തീർക്കുന്ന താളവിസ്മയങ്ങളിൽ പാടുന്ന പാട്ടുകാരന്റെ പാട്ടിന്റെ പകിട്ട് പത്തര മാറ്റാക്കുന്ന അസാധാരണ സിദ്ധിവൈഭവമുണ്ട് ഈ കലാകാരന്. കേരളത്തിലും പുറത്തുമുള്ള പ്രസിദ്ധരായ പല സംഗീതജ്ഞർക്കൊപ്പവും പ്രവർത്തിക്കാനുള്ള അപൂർവ ഭാഗ്യം വിജയകുമാറിന് കിട്ടിയിരുന്നു. ഗാനമേളക്കും സംഗീത കച്ചേരിക്കും ഭജൻസിനും തുമിരിക്കും ഗസലിനും ആവശ്യമായ രീതിയിൽ വശ്യമായി തബല വായിക്കാനുള്ള കഴിവാണ് അദ്ദേഹത്തിന്റെ പ്രധാന കൈമുതൽ.
കുട്ടിക്കാലത്ത് സ്‌കൂളിൽ പഠിക്കുമ്പോഴാണ് ഒരിക്കൽ തിരുവനന്തപുരത്തെ ഒരു അമ്പലമുറ്റത്ത് വിജയകുമാർ, സാംബശിവന്റെ കഥാപ്രസംഗം കേൾക്കാൻ ഇടയായത്. സാംബശിവൻ അന്ന് ഏത് കഥയാണ് വേദിയിൽ അവതരിപ്പിച്ച് കാണികളെ വിസ്മയ ഭരിതരാക്കിയത് എന്ന് ഓർക്കാൻ കഴിഞ്ഞില്ലെങ്കിലും ആ പരിപാടിയിൽ അത്ഭുതകരമാം വിധം തബല വായിച്ച ഒരു കലാകാരന്റെ മുഖം അദ്ദേഹത്തിന് മറക്കാൻ കഴിഞ്ഞില്ല. അച്ഛൻ ഗോപാലക്കുറുപ്പ് വീട്ടിൽ തബല വായിക്കുന്നതു കണ്ട് അതിനോട് ഒരിഷ്ടം തോന്നിയിരുന്നെങ്കിലും വിജയകുമാറിന്റെ മനസ്സിൽ തബല അടങ്ങാത്ത ആവേശമായി വളർന്നത് അതോടെയാണ്. തന്നെ തബലയുടെ താളലയങ്ങളിലേക്ക് വലിച്ചടുപ്പിച്ച ആ കലാകാരൻ പ്രസിദ്ധ തബലവിദ്വാനായ കൊച്ചിൻ രാജപ്പൻ ആണെന്നും അദ്ദേഹം സിനിമാ നടൻ മണവാളൻ ജോസഫിന്റെ മൂത്ത ജ്യേഷ്ഠനാണെന്നുമൊക്കെ അറിയുന്നത് പിന്നീടാണ്.


അപ്പോഴേക്കും ഉപജീവനാർഥം വിജയകുമാറിന്റെ കുടുംബം തിരുവനന്തപുരത്തു നിന്നും കാസർകോട്ടേക്ക് താമസം മാറ്റിയിരുന്നു. ജനിച്ചു വളർന്ന നാടുംവീടും കൂട്ടുകാരെയും വിട്ട് ഏറെ സങ്കടത്തോടെയാണ് വിജയകുമാർ തിരുവനന്തപുരത്തോട് വിട പറഞ്ഞത്. പക്ഷെ, കാസർകോട്ടെത്തി വീട്ടിൽ ഒരു തബല ഇരിക്കുന്നത് കണ്ടപ്പോൾ അവന്റെ സങ്കടം അലിഞ്ഞില്ലാതായി. അതിൽ സദാ നേരവും തൊട്ടും തലോടിയും താളം പിടിച്ചും കൊണ്ടിരിക്കുക എന്നതായി അവന്റെ ആഹ്ലാദം. മകന് തബല വായന വലിയ ഇഷ്ടമാണെന്ന് മനസിലാക്കിയിരുന്ന അച്ഛൻ, സത്യത്തിൽ അവന് വേണ്ടി തന്നെയായിരുന്നു ആ തബല വാങ്ങിയത്.


അന്ന്, കർണാടകയുടെയും കേരളത്തിന്റെയും അതിർത്തി പങ്കിട്ട കാസർകോട്ട് ധാരാളം കൊങ്കിണി കുടുംബങ്ങൾ താമസിച്ചിരുന്നു. സംഗീതത്തിന്റെ സർവവൈവിധ്യങ്ങളേയും ആരാധിക്കുന്ന മനസായിരുന്നു അവരുടേത്. ഹിന്ദുസ്ഥാനിയും കർണാട്ടിക്കും ഒരുപോലെ അവർ ആസ്വദിച്ചിരുന്നു. ബജൻസും ഗസലും അവരുടെ രാവുകളിൽ ആഘോഷമായി പെയ്തിറങ്ങി. ഗോവ, പൂനെ, ദാർവാഡ്, ബോംബെ എന്നിവിടങ്ങളിൽ നിന്നുള്ള ധാരാളം സംഗീതജ്ഞരും കലാകാരൻമാരും അന്ന് കാസർകോട്ടെത്തിയിരുന്നു. അവരിൽ പലർക്കു വേണ്ടിയും അച്ഛൻ തബല വായിക്കുന്നത് വിജയകുമാർ കണ്ടു. അച്ഛനൊപ്പം സംഗീത സദസ്സുകൾ നടക്കുന്നിടത്ത് പതിവായി പോകാൻ അവന് വലിയ ഇഷ്ടവുമായിരുന്നു. അച്ഛൻ തബല കൊട്ടുന്നത് കണ്ടിരിക്കുകയായിരുന്നു പ്രധാന ഉദ്ദേശ്യം. അങ്ങനെ കൊച്ചിൻ രാജപ്പനിൽനിന്നു കിട്ടിയ തബല കമ്പം വിജയകുമാറിന്റെ മനസിൽ കെടാതെ വളർത്തിയത് അച്ഛനായിരുന്നു. തന്നെ കണ്ടു പഠിച്ചാൽ പോരാ, പകരം ഒരു ഗുരുവിന്റെ ശിക്ഷണത്തിൽ മകൻ തബല പഠിക്കുകയും മികച്ച തബല വിദ്വാനായി തീരുകയും ചെയ്യണം എന്നായിരുന്നു അച്ഛന്റെ മനസ്സിലെ ആഗ്രഹം.


അങ്ങനെയാണ് അദ്ദേഹം അക്കാലത്തെ പേരെടുത്ത തബലിസ്റ്റായിരുന്ന ഉസ്താദ് എ.കെ.കുമാറിന്റെ അടുത്ത് വിജയകുമാറിനെ എത്തിക്കുന്നത്. അന്നദ്ദേഹത്തിന് 14 വയസ്സ് പ്രായം. ഹിന്ദുസ്ഥാനി സംഗീതത്തിലെ അക്കാലത്തെ വിസ്മയങ്ങളായിരുന്ന ഗംഗുബായി, ഭിംസെൻ ജോഷി തുടങ്ങിയവരോടൊപ്പം സദസ്സുകളിൽ സ്ഥിരമായി തബല വായിക്കുന്ന ആളാണ് കുമാർ. തബലയുടെ തലതൊട്ടപ്പനായ ഉസ്താദ് അമീർ ഹുസൈൻ ഖാന്റെ കുടുംബ പാരമ്പര്യത്തിൽ നിന്നാണ് അദ്ദേഹം തബല അഭ്യസിച്ചതും അതിൽ അത്ഭുതങ്ങൾ കാണിച്ചു തുടങ്ങിയതും. തബല, സിത്താർ, ഹാർമോണിയം എന്നിവയിൽ അതിപ്രഗത്ഭൻ, നന്നായി പാടും. അസ്സലായി പാട്ടുകൾ കമ്പോസ് ചെയ്യും. ഗുരുകുല മാതൃകയിൽ അദ്ദേഹത്തിന്റെ വീട്ടിൽ താമസിച്ചാണ് വിജയകുമാർ തബല പഠിച്ചത്. അക്കാലത്ത് എം.എസ് ബാബുരാജ് അവിടെ പാട്ടു പഠിക്കാൻ വന്നത് വിജയകുമാറിന് ഇപ്പോഴും ഓർമയുണ്ട്. പിൽക്കാലത്ത് ബാബുരാജിന്റെ ഗസലുകൾക്കും പാട്ടുകൾക്കും വേണ്ടി കോഴിക്കോട് ആകാശവാണിയിൽ തബല വായിക്കാനുള്ള ഭാഗ്യവും അദ്ദേഹത്തിന് കിട്ടിയിരുന്നു.


ഉസ്താദ് കുമാറിന്റെ കീഴിൽ ആറുവർഷം തബല പഠിച്ചു. താൻ ഇന്ന് കാണിക്കുന്ന തബലയിലെ പ്രാവീണ്യം മുഴുവൻ അദ്ദേഹത്തിന്റെ ശിക്ഷണം കൊണ്ട് സിദ്ധിച്ചതാണ് എന്ന് വിജയകുമാർ കരുതുന്നു. അക്കാലത്ത് തന്നെ ചെറിയ ചെറിയ ഗാനമേള ട്രൂപ്പുകളിൽ തബല വായിക്കാൻ അദ്ദേഹത്തിന് ക്ഷണമുണ്ടായി. തുടക്കം കാസർകോട്ടെ പ്രസിദ്ധമായ ഡയമണ്ട് ഓർക്കസ്ട്രയിൽ. അന്ന് വയസ്സ് 15. അതിപ്രഗത്ഭരായ ആംഗ്ലോ ഇന്ത്യൻ കലാകാരൻമാരായിരുന്നു ആ ട്രൂപ്പിൽ ഏറെയും. പിന്നീട് അവരിൽ മിക്കവരും ഹിന്ദിയിലെ പ്രസിദ്ധ സംഗീത സംവിധായകനായ ആർ.ഡി.ബർമന്റെ സംഘത്തിനൊപ്പം ചേർന്നു. അങ്ങോട്ടേക്കുള്ള ക്ഷണം വിജയകുമാറിനും കിട്ടിയതാണ്. പക്ഷെ, നാട് വിടുക എന്നത് അന്ന് ആലോചിക്കാൻ പറ്റാത്ത കാര്യമായിരുന്നതിനാൽ ക്ഷണം സ്‌നേഹപൂർവം നിരസിച്ചു.


ഹൈസ്‌കൂൾ പഠനം പൂർത്തിയായപ്പോൾ, കാസർകോട് ഗവൺമെന്റ് കോളജിൽ വിജയകുമാർ ബിരുദ പഠനത്തിന് ചേർന്നു. അപ്പോഴേക്കും അറിയപ്പെടുന്ന തബലിസ്റ്റായി അദ്ദേഹം മാറിയിരുന്നു. താമസിയാതെ ഡയമണ്ട് ഓർക്കസ്ട്ര വിട്ട് അദ്ദേഹം കൊച്ചിൻ കലാഭവനിൽ ചേർന്നു. പിന്നെ തൃശൂരിലെ വോയ്‌സ് ഓഫ് ട്രിച്ചൂർ, കോഴിക്കോട്ടെ സുകുമാരൻസ് ഓർക്കസ്ട്ര, തലശ്ശേരിയിലെ ഫ്രണ്ട്‌സ് ഓർക്കസ്ട്ര, കണ്ണൂരിലെ രാഗം ഓർക്കസ്ട്ര... തുടങ്ങി നിരവവധി ഗാനമേള ട്രൂപ്പുകളോടൊപ്പം കേരളത്തിലും പുറത്തും പരിപാടികളുമായി ചുറ്റിക്കറങ്ങി. രാഗം ഓർക്കസ്ട്രയിൽ ഉണ്ടായിരുന്ന കാലത്ത് അവിടുത്തെ വയലിനിസ്റ്റായിരുന്ന ഫിലിപ്പ് ഫെർണാണ്ടസ് ആത്മസുഹൃത്തായിരുന്നു. അദ്ദേഹമാണ് ഇന്നത്തെ പ്രസിദ്ധ ഗായിക, സയനോര ഫിലിപ്പിന്റെ പിതാവ്.
ആയിടയ്ക്ക് ഒരു നാൾ കാസർകോട്ടെത്തിയപ്പോൾ വിജയകുമാർ തന്റെ ഗുരുവായ ഉസ്താദ് കുമാറിനെ കാണാൻ ചെന്നു. അദ്ദേഹം അന്ന് കോഴിക്കോട് ആകാശവാണിയിൽ ആർട്ടിസ്റ്റാണ്. തന്റെ ശിഷ്യൻ തബലിസ്റ്റായി പലഗാന മേള ട്രൂപ്പുകളിലൂടെയും കത്തിക്കയറുന്നത് അദ്ദേഹം അറിയുന്നുണ്ടായിരുന്നു. വിജയകുമാറിന്റെ കഴിവിൽ അദ്ദേഹത്തിന് നല്ല മതിപ്പുണ്ടായി. കോഴിക്കോട് ആകാശവാണിയിൽ ഓഡിഷന് പോകാൻ അദ്ദേഹമാണ് വിജയകുമാറിനെ നിർബന്ധിച്ചത്. 1971-ൽ അദ്ദേഹം ആകാശവാണിയിൽ കാഷ്വൽ ആർട്ടിസ്റ്റായി ചേർന്നു. കെ. രാഘവൻ മാസ്റ്റർ, കെ.പി.ഉദയഭാനു, പി.ഭാസ്‌കരൻ മാസ്റ്റർ, കെ.എ.കൊടുങ്ങല്ലൂർ, ഉറൂബ് തുടങ്ങിയ പ്രഗത്ഭരുടെ ട്രൂപ്പിലാണ് വിജയകുമാർ എത്തിയത്. 
കോഴിക്കോട്ടെ പല പല മ്യൂസിക് ക്ലബുകളിൽ ഒത്തുകൂടി മെഹ്ഫിലുകൾ നടത്തൽ ഇവരുടെ പതിവായിരുന്നു. മെഹബൂബിന്റെയും മുഹമ്മദ് റഫിയുടേയും ഹിന്ദി ഗാനങ്ങളാണ് പാടുക. അന്നത്തെ ചില ഹിറ്റ് മലയാള ഗാനങ്ങളും ആലപിക്കും. പ്രസിദ്ധരായ പല പാട്ടുകാരും അതിലേക്കു വരും. 

 


മലബാർസൈഗാൾ എന്നറിയപ്പെട്ടിരുന്ന കോഴിക്കോട് അബ്ദുൽ ഖാദർ അങ്ങനെ വരാറുണ്ട്. അദ്ദേഹത്തിന്റെ മകൻ നജ്മൽ ബാബു വന്നിരുന്നു. എം.എസ്.ബാബുരാജും എത്താറുണ്ട്. കോഴിക്കോടിന്റെ രാവുകളെ സംഗീത സാന്ദ്രമാക്കിയ ആ കാലത്തിന് തന്നിലെ തബലിസ്റ്റിന്റെ വളർച്ചയിൽ വലിയ പങ്കു വഹിക്കാൻ കഴിഞ്ഞു എന്ന് വിജയകുമാർ നന്ദിയോടെ അനുസ്മരിക്കുന്നു. 
വോയ്‌സ് ഓഫ് ട്രിച്ചൂറിൽ ഉണ്ടായിരുന്ന കാലത്താണ് അദ്ദേഹം പിൽക്കാലത്ത് മലയാള സിനിമാ സംഗീത സംവിധായകരായി വെന്നിക്കൊടി പാറിച്ച ജോൺസണെയും ഔസേപ്പച്ചനേയും പരിചയപ്പെടുന്നത്. പിന്നീട് അവരുടെ പല പടങ്ങളിലും സഹകരിക്കാനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായി. രവീന്ദ്രൻ മാഷുടെ കളഭം, വടക്കുംനാഥൻ തുടങ്ങി നിരവധി സിനിമകളിൽ പശ്ചാത്തല സംഗീതത്തിന് അദ്ദേഹം തബല വായിച്ചിട്ടുണ്ട്. ദക്ഷിണാമൂർത്തി സ്വാമികളുടെയും കെ.രാഘവൻ മാസ്റ്ററുടെയും സിനിമകളിൽ സഹകരിക്കാനും കഴിഞ്ഞു. യേശുദാസിന്റെയും കാഞ്ഞങ്ങാട് രാമചന്ദ്രന്റെയും പല കച്ചേരികളിലും ഗാനമേളകളിലും പങ്കെടുക്കാനും അവസരങ്ങളുണ്ടായി.
1985 മുതൽ ഏതാണ്ട് നാലു വർഷക്കാലം വിജയകുമാർ സൗദിയിലായിരുന്നു. സൗദിയിലെ ഇന്ത്യൻ എംബസി സ്‌കൂളിൽ. സ്‌കൂളിന് നൊമാഡ്‌സ് എന്ന പേരിൽ ഒരു ഓർക്കസ്ട്ര ഉണ്ടായിരുന്നു. അതിലെ സ്ഥിരം തബലിസ്റ്റായിരുന്നു.  ഇന്ത്യൻ എംബസിയിൽ ഗസ്റ്റുകളായി എത്തിയ ഗസൽ ഇതിഹാസങ്ങളായ ഗുലാം അലി, മെഹ്ദി ഹസ്സൻ എന്നിവരോടൊപ്പം തബല വായിക്കാൻ അവസരം ലഭിച്ചു. വിജയകുമാറിന്റെ തബലയിലെ കഴിവ് തിരിച്ചറിഞ്ഞ അവർ അദ്ദേഹത്തെ അവരുടെ ട്രൂപ്പുകളിലേക്ക് ക്ഷണിച്ചിരുന്നു. കുവൈത്ത് യുദ്ധം തുടങ്ങുന്നതിന് തൊട്ടു മുമ്പാണ് അദ്ദേഹം സൗദിയോട് വിടപറഞ്ഞ് തിരിച്ചു പോരുന്നത്. വീണ്ടും നാട്ടിലെ സംഗീത ട്രൂപ്പുകളിൽ സജീവമായി.


1999-ൽ പ്രസിദ്ധ മൃദംഗ വിദ്വാനായ ടി.കെ.മൂർത്തിയുടെ 75-ാം പിറന്നാൾ ആഘോഷവുമായി ബന്ധപ്പെട്ട് മദ്രാസ് മ്യൂസിക് അക്കാദമിയിൽ വലിയൊരു ആഘോഷച്ചടങ്ങ് സംഘടിപ്പിച്ചിരുന്നു. പ്രത്യേക ക്ഷണിതാവായി വിജയകുമാറും. തബലയിലെ എക്കാലത്തേയും വലിയ മാന്ത്രികനായ സാക്കിർ ഹുസൈനും എത്തിയിരുന്നു. അവിടെ വെച്ച് അദ്ദേഹത്തെ പരിചയപ്പെടാൻ വിജയകുമാറിന് കഴിഞ്ഞു. വളരെ കാലമായുള്ള മോഹമായിരുന്നു അത്. സാക്കിർ ഹുസൈനൊപ്പം വേദിയിൽ തബല വായിക്കാനുള്ള ഭാഗ്യവും കിട്ടി. പരിപാടി കഴിഞ്ഞപ്പോൾ തന്റെ കൈ പിടിച്ചു കുലുക്കി വായന അസ്സലായി എന്നുള്ള സാക്കിർ ഹുസൈന്റെ അഭിനന്ദം ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമായി വിജയകുമാർ കാണുന്നു. 
വൈലോപ്പിള്ളി സംസ്‌കൃതി അവാർഡ്, സർഗം അവാർഡ്, പി.എൻ. പണിക്കർ ഫൗണ്ടേഷൻ അവാർഡ് എന്നിവയും വിജയകുമാറിനെ തേടിയെത്തി. കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ അവാർഡും ഏറ്റവും ഒടുവിൽ ലഭിച്ചതാണ്. അംഗീകാരങ്ങളെ അർഹിക്കുന്ന ആദരവോടെ കാണുന്ന വിജയകുമാർ പക്ഷേ, അംഗീകാരങ്ങൾ മാത്രമല്ല ഒരു കലാകാരനെ അളക്കാനുള്ള അളവുകോൽ എന്ന അഭിപ്രായക്കാരനാണ്. നിരന്തരം പരിപാടികളുമായി ഇപ്പോഴും കലാ ലോകത്ത് സജീവമായി നിൽക്കുന്ന അദ്ദേഹം ഭാര്യ മീനാക്ഷിക്കൊപ്പം കണ്ണൂർ ജില്ലയിലെ ഇരിട്ടിയിലാണ് താമസം. അബുദാബിയിൽ കഴിയുന്ന സിനിമാ നടിയും നർത്തകിയുമായ ധനുര കുറുപ്പ് മകളാണ്. മകൻ വിവേക് ഓസ്‌ട്രേലിയയിൽ എൻജിനീയറാണ്.

Latest News