Wednesday , October   23, 2019
Wednesday , October   23, 2019

ചിരിയൂറും കഥകളുമായി പ്രവാസി 

പരിഹാസവും അശ്ലീലവുമില്ലാതെ ഹാസ്യം സാധ്യമല്ലെന്ന പൊതുധാരണ തിരുത്തുന്ന കൃതികൾ അപൂർവമായേ പുറത്തു വരാറുള്ളൂ. അച്ചടി മാധ്യമങ്ങളിലായാലും ടെലിവിഷൻ ചാനലുകളിലായാലും അശ്ലീലം ചേർത്തും, അറിയപ്പെടുന്നവരെ പരമാവധി പരിഹസിച്ചും ആളുകളെ ചിരിപ്പിക്കുകയെന്ന രീതിയാണ് പൊതുവെ സ്വീകരിച്ചു വരുന്നത്. 
കോമഡി പരിപാടികളിൽ വലിയ പ്രതീക്ഷയോടെ എത്തുന്ന കുടുംബങ്ങൾക്കു മുന്നിൽ പച്ചത്തെറിയും ലൈംഗിക ചുവയുള്ള തമാശകളും അവതരിപ്പിക്കുന്നവരുടെ ലക്ഷ്യം എങ്ങനെയെങ്കിലും സദസ്സിനെ ചിരിപ്പിക്കുകയെന്നതാണ്. 
ആളുകളെ ചിരിപ്പിക്കാനെളുപ്പമല്ല എന്നത് പുതിയ കാര്യമല്ല. അതു സമ്മതിച്ചുകൊണ്ടു തന്നെ സ്വന്തം ജീവിതാനുഭവങ്ങളിൽ നിന്ന് തമാശ കലർന്നവ തെരഞ്ഞെടുത്ത് അവതരിപ്പിച്ചിരിക്കയാണ് പ്രവാസിയായ മോയിൻ സി.എ. 
ദുബായിൽ 23 വർഷമായി ഷിപ്പിംഗ് കമ്പനിയിൽ ജോലി ചെയ്യുന്ന മോയിൻ പ്രവാസ ജീവിതത്തിലും സ്വദേശമായ കാസർകോട് ജില്ലയിലെ ചെറുവത്തൂർ തുരുത്തിയിലും കണ്ടു പരിചയിച്ചവരെ കഥാപാത്രങ്ങളാക്കി രചിച്ച 38 കഥകളുടെ സമാഹാരമാണ് നല്ലെഴുത്ത് പ്രസിദ്ധീകരിച്ച എന്റെ തോന്ന്യാക്ഷരങ്ങൾ. 
ഭൂരിഭാഗവും തന്റെ കൺമുന്നിലൂടെ കടന്നുപോയ കഥാപാത്രങ്ങളാണെന്ന് എഴുത്തുകാരൻ പറയുമ്പോൾ അവരൊക്കെയും വായനക്കാരന്റെ മുന്നിലും അവതരിക്കുന്നു. ഇവരൊക്കെ എന്റെ നാട്ടിൻപുറത്തും ജീവിച്ചവരല്ലേ, അല്ലെങ്കിൽ ഇത് തന്റെ അനുഭവമല്ലേ എന്ന് വായനക്കാരനെ കൊണ്ട്  പറയിപ്പിക്കുന്നതിൽ സമൂഹ മാധ്യമങ്ങളിലും സജീവ സാന്നിധ്യം അറിയിക്കാറുള്ള മോയിൻ വിജയിച്ചിരിക്കുന്നു. നാട്ടിൻപുറത്തെ തമാശ നിറഞ്ഞ അനുഭവങ്ങളിലൂടെ കടന്നു പോകുമ്പോൾ കേവലം തമാശ മാത്രമല്ല അവയെന്നും ഗ്രാമങ്ങളിലെ നന്മകൾ കൂടിയാണെന്നും നമുക്ക് മനസ്സിലാകും. തുടർച്ചയായി വായിച്ചു പോകാൻ തോന്നുന്ന കഥകളാണ് ഓരോന്നും. ഒന്നിനോടൊന്ന് ചേർത്ത് എഴുതിയ കഥകളുമുണ്ട്. 
ജീവിതാനുഭവങ്ങളുടെ തീച്ചൂളയിലും നർമം കൈവിടാതെ മുന്നോട്ടു പോകാനാണ് ഓരോ കഥയും ആഹ്വാനം ചെയ്യുന്നത്. 
എഴുത്തുകാരന്റെ ബാല്യ-കൗമാര കാലത്തെ സുഹൃത്തുക്കളും നാട്ടുകാരണവന്മാരും പ്രവാസ ജീവത്തിൽ ഒപ്പം താമസിച്ചവരുമാണ് കഥാപാത്രങ്ങൾ. ഹാസ്യം കലർത്തുമ്പോഴും അവരെ വേദനിപ്പിക്കാതിരിക്കാൻ കാണിച്ച ജാഗ്രത പ്രശംസാർഹമാണ്. പിരിമുറുക്കം നിറഞ്ഞ ജീവിത യാത്രയിൽ ഒരു പിരിയെങ്കിലും അയവു വരുത്താൻ സാധിച്ചാൽ വിജിയിച്ചുവെന്നും വലിയ അവകാശവാദങ്ങളില്ലെന്നും മോയിൻ ആമുഖത്തിൽ തന്നെ പറഞ്ഞു വെക്കുന്നു. നിർദോഷ ഹാസ്യമാണ് തന്റെ ലക്ഷ്യമെന്ന് എഴുത്തുകാരൻ പറയുമ്പോൾ അദ്ദേഹത്തെ ശുദ്ധ ഹാസ്യത്തിന്റെ തമ്പുരാനായി വായനക്കാർ അംഗീകരിക്കുന്നു. 
പള്ളി ദർസിലുണ്ടായ തമാശ കോർത്തിണക്കിയ ഗഫൂറിന്റെ ബാങ്ക് എന്ന കഥയിലൂടെയാണ് തുടക്കം. ദർസിലും സ്‌കൂളിലും കുസൃതി ഒപ്പിക്കാത്തവർ കുറവായിരിക്കും. അവരുടെ മുന്നിലേക്കാണ് വീണ്ടും അത്തരം കുസൃതികൾ കടന്നു വരുന്നത്. വെയ് രാജ വെയ് വിളികൾ ഉയരുന്ന ഉത്സവപ്പറമ്പിലേക്കും കഥാകൃത്ത് നമ്മെ കൊണ്ടുപോകുന്നു. 
ദുബായിൽ കണ്ടു പരിചയിച്ചവരിലൂടെ പ്രവാസി തമാശകളും തോന്ന്യാക്ഷരങ്ങൾ നമുക്ക് സമ്മാനിക്കുന്നു. ഉത്തര കേരളത്തിലെ ഭാഷയുടെ നൈർമല്യവും വളരെ വേഗം വായിച്ചു തീർക്കാവുന്ന ഈ പുസ്‌കത്തിലൂടെ ആസ്വദിക്കാം. ബാബു പോൾ തുരുത്തിയുടെ ഗ്രന്ഥ പരിശോധക കുറിപ്പും തുടക്കത്തിൽ ചേർത്തിട്ടുണ്ട്. ഉണ്ണി മാധവന്റെ ചിത്രങ്ങളാണ് മറ്റൊരു ആകർഷണം.

പ്രസിദ്ധീകരണം- നല്ലെഴുത്ത് 
www.nallezhuth.com  
വില 149 രൂപ 

Latest News