Sorry, you need to enable JavaScript to visit this website.

ഗാര്‍ഹിക തൊഴിലാളി, നഴ്‌സ് റിക്രൂട്ട്‌മെന്റ് സര്‍ക്കാര്‍ ഏജന്‍സി വഴി മാത്രമാക്കും- കേന്ദ്ര മന്ത്രി വി. മുരളീധരന്‍

കുവൈത്തിലെ ഇന്ത്യന്‍ എംബസിയുടെ സംരക്ഷണ കേന്ദ്രത്തില്‍ കഴിയുന്ന ഇന്ത്യന്‍ വനിതാ തൊഴിലാളികളുമായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ കൂടിക്കാഴ്ച നടത്തുന്നു.

കുവൈത്ത് സിറ്റി- കേരളത്തില്‍നിന്നുള്ള ഗാര്‍ഹിക തൊഴിലാളി റിക്രൂട്ടിംഗും നഴ്‌സസ് റിക്രൂട്ടിംഗും സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി മാത്രമായി നിയന്ത്രിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍.
രണ്ടുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി കുവൈത്തിലെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
ഏജന്റുമാരുടെ ചതിയില്‍പ്പെട്ട് അഭയാര്‍ഥി ക്യാമ്പില്‍ കഴിയുന്നവരെ മന്ത്രി സന്ദര്‍ശിച്ചു. ക്യാമ്പില്‍ കണ്ട പത്തോളം പേരെ എത്രയുംവേഗം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. സാധാരണക്കാരെ ചൂഷണം ചെയ്യുന്ന ഏജന്റുമാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. ഇന്ത്യയില്‍ നിന്നുള്ള റിക്രൂട്ടിംഗിന്റെ ഭാഗമായുള്ള എമിഗ്രേഷന്‍ നടപടികള്‍ കര്‍ശനമാക്കുമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം വിമാനത്താവളത്തിന്റെ ശോചനീയാവസ്ഥക്ക് കാരണം വികസന പ്രവര്‍ത്തങ്ങള്‍ക്ക് വേണ്ട സ്ഥലമെടുക്കുന്നതിന് നാട്ടുകാര്‍ സഹകരിക്കാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തേക്കുള്ള വിമാന സര്‍വീസുകള്‍ കുറഞ്ഞുവരുന്നു. വിമാനത്താവളത്തിനുള്ളില്‍ പോര്‍ട്ടര്‍ സര്‍വീസില്ല, ഡ്യൂട്ടി ഫ്രീ ഷോപ്പ് അടച്ചിട്ടിരിക്കുന്നു തുടങ്ങിയ പരാതികള്‍ പരിശോധിച്ച് എത്രയും വേഗം പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു. കുവൈത്ത് വിദേശമന്ത്രി അടക്കമുള്ളവരുമായി കേന്ദ്രമന്ത്രി ചര്‍ച്ച നടത്തുന്നുണ്ട്.  

 

Latest News