വീനസിനെ കശക്കി (7-5, 6-0)
ലണ്ടൻ - വെനിസ്വേലയിൽ ജനിച്ച സ്‌പെയിൻകാരി ഗർബീൻ മുഗുരുസ ആദ്യമായി വിംബിൾഡൺ കിരീടത്തിൽ മുത്തമിട്ടു. പ്രായമേറിയ വിംബിൾഡൺ ചാമ്പ്യനായി ചരിത്രം സൃഷ്ടിക്കാനൊരുങ്ങിയ വീനസ് വില്യംസിനെ ഏകപക്ഷീയമായ ഫൈനലിൽ ഇടിവെട്ട് ഷോട്ടുകളിലൂടെ പതിനാലാം സീഡ് കശക്കിവിട്ടു (7-5, 6-0). സെന്റർ കോർടിലെ കാണികളെ നിരാശപ്പെടുത്തി 77 മിനിറ്റിൽ കലാശപ്പോരാട്ടത്തിന് വിധിയായി. വിംബിൾഡൺ ജയിക്കുന്ന രണ്ടാമത്തെ സ്‌പെയിൻകാരിയാണ് ഇരുപത്തിമൂന്നുകാരി. മുഗുരുസയുടെ കോച്ച് കോഞ്ചിത മാർടിനസാണ് മുമ്പ് കിരീടം നേടിയത്, 1994 ൽ മാർടിന നവരത്തിലോവയെയാണ് കോഞ്ചിത ഫൈനലിൽ തോൽപിച്ചത്. 17 വർഷം മുമ്പ് വീനസ് തന്റെ അഞ്ച് വിംബിൾഡൺ കിരീടങ്ങളിൽ ആദ്യത്തേത് സ്വന്തമാക്കുമ്പോൾ മുഗുരുസ വെറും ആറ് വയസ്സുള്ള കുട്ടിയായിരുന്നു.
മുഗുരുസ കിരീടത്തിലേക്ക് കുതിക്കുന്നതു കാണാൻ ഗാലറിയിൽ സ്‌പെയിൻ രാജാവ് യുവാൻ കാർലോസുമുണ്ടായിരുന്നു. രണ്ടു വർഷം മുമ്പ് വീനസിന്റെ അനുജത്തി സെറീനയോട് മുഗുരുസ ഇവിടെ ഫൈനലിൽ തോറ്റിരുന്നു. മുഗുരുസയുടെ രണ്ടാമത്തെ ഗ്രാന്റ്സ്ലാം കിരീടമാണ് ഇത്. കഴിഞ്ഞ വർഷം ഫ്രഞ്ച് ഓപൺ ചാമ്പ്യനായിരുന്നു.
എട്ടു വർഷത്തെ ഇടവേളക്കു ശേഷമാണ് വീനസ് വിംബിൾഡൺ ഫൈനലിലെത്തിയത്. ഒമ്പത് വർഷം മുമ്പായിരുന്നു അമേരിക്കക്കാരി അവസാനം ഇവിടെ കിരീടമുയർത്തിയത്. എന്നാൽ ആറാം വിംബിൾഡണിനുള്ള വീനസിന്റെ ശ്രമം അവസാന കടമ്പയിൽ തകർന്നു. ആദ്യ ഫൈനൽ കളിക്കുന്നതു പോലെ പിരിമുറുക്കം നിറഞ്ഞ പ്രകടനമാണ് വീനസ് പുറത്തെടുത്തത്. ഈ വർഷം വീനസ് രണ്ടാമത്തെ ഗ്രാന്റ്സ്ലാം ഫൈനലാണ് തോൽക്കുന്നത്, ഓസ്‌ട്രേലിയൻ ഓപണിൽ അനുജത്തി സെറീനയാണ് തോൽപിച്ചത്.
വീനസ് സമീപകാലത്ത് ഫോമിലേക്ക് തിരിച്ചെത്തുകയായിരുന്നുവെങ്കിൽ, കഴിഞ്ഞ വർഷം ഫ്രഞ്ച് ഓപൺ നേടിയ ശേഷം മുഗുരുസ പിന്നോട്ടായിരുന്നു. റാങ്കിംഗിൽ ആദ്യ പത്തിൽനിന്ന് സ്‌പെയിൻകാരി പുറത്തായി. എന്നാൽ പുൽകോർടിലെ മിന്നുന്ന പ്രകടനത്തോടെ അവർ അഞ്ചാം സ്ഥാനത്ത് തിരിച്ചെത്തും.
ഹോളിവുഡ് സുന്ദരി ഹിലരി സ്വാങ്ക് ഉൾപ്പെടെ തിങ്ങിനിറഞ്ഞ ഗാലറിക്കു മുന്നിൽ ചാറ്റൽ മഴയത്താണ് ഫൈനൽ തുടങ്ങിയത്. 20 വർഷം മുമ്പ് വിംബിൾഡൺ അരങ്ങേറ്റത്തിൽ മഗ്ദലീന ഗ്രസിബോവ്‌സ്‌കക്കെതിരെ മുട്ടിടിച്ച വീനസിന്റെ പ്രതിരൂപമായിരുന്നു ഇന്നലെ കണ്ടത്. ബ്രെയ്ക്‌പോയന്റോടെ ആദ്യ സെറ്റിൽ 3-2 ന് മുന്നിലെത്തിയ വീനസിന് ആ മേൽക്കൈ മുതലാക്കാനായില്ല.
ആ വീഴ്ചയിൽനിന്ന് രക്ഷപ്പെട്ട മുഗുരുസ ഒപ്പത്തിനൊപ്പം റാലികളുമായി തിരിച്ചടിച്ചു. 4-5 ൽ രണ്ട് സെറ്റ് പോയന്റുകൾ കിട്ടിയപ്പോൾ വീനസ് വീണ്ടും പതറി. രണ്ട് പോയന്റും രക്ഷപ്പെടുത്തിയ മുഗുരുസ സ്‌കോർ 5-5 ആക്കി. പിന്നീട് ഒരു ഗെയിം പോലും നേടാൻ വീനസിന് സാധിച്ചില്ല. 16 ഗ്രാന്റ്സ്ലാമുകളുടെ പരിചയ സമ്പത്തുള്ള വീനസിനെ ഇടിമുഴക്കം പോലുള്ള ഷോട്ടുകളിലൂടെ മുഗുരുസ വിറപ്പിച്ചുനിർത്തി.