Sorry, you need to enable JavaScript to visit this website.

ഭീകരാക്രമണ ഭീഷണി, ശ്രീലങ്ക  പാക് പര്യടനം ഉപേക്ഷിച്ചേക്കും

കൊളംബൊ - പാക്കിസ്ഥാനില്‍ ശ്രീലങ്കന്‍ ടീമിനു നേരെ ഭീകരാക്രമണമുണ്ടാവുമെന്ന് ശ്രീലങ്കന്‍ സര്‍ക്കാരിന് സന്ദേശം ലഭിച്ചതായി റിപ്പോര്‍ട്ട്. ഇതോടെ ഏറെ വിവാദമായ ശ്രീലങ്കന്‍ ടീമിന്റെ പാക് പര്യടനം റദ്ദാക്കിയേക്കും. പത്ത് പ്രമുഖ ശ്രീലങ്കന്‍ കളിക്കാര്‍ ടീമിന്റെ പാക്കിസ്ഥാന്‍ പര്യടനം ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിരുന്നു. തുടര്‍ന്ന് രണ്ടാം നിരയെയാണ് പ്രഖ്യാപിച്ചത്.
2009 ല്‍ ശ്രീലങ്കന്‍ കളിക്കാര്‍ക്കെതിരെ ലാഹോറിലുണ്ടായ ഭീകരാക്രമണത്തിനു ശേഷം അവിടെ ആദ്യമായി നിശ്ചിത ഓവര്‍ പരമ്പര കളിക്കാനൊരുങ്ങുകയായിരുന്നു ശ്രീലങ്ക. മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി20 യുമായി ആറു മത്സരങ്ങളാണ് പാക്കിസ്ഥാനില്‍ കളിക്കേണ്ടിയിരുന്നത്.
കഴിഞ്ഞ ദിവസം പാക്കിസ്ഥാനിലെ സുരക്ഷാ സജ്ജീകരണങ്ങളെക്കുറിച്ച് കളിക്കാര്‍ക്ക് ബോര്‍ഡ് വിശദീകരിച്ചു കൊടുത്ത ശേഷമാണ് പത്തു കളിക്കാര്‍ പിന്മാറ്റം പ്രഖ്യാപിച്ചത്. ട്വന്റി20 ടീമിന്റെ നായകന്‍ ലസിത് മലിംഗ, മുന്‍ നായകന്‍ എയ്ഞ്ചലൊ മാത്യൂസ്, നിരോഷന്‍ ഡികവെല്ല, കുശാല്‍ പെരേര, ധനഞ്ജയ ഡിസില്‍വ, അകില ധനഞ്ജയ, സുരംഗ ലക്മല്‍, ദിനേശ് ചണ്ടിമല്‍, ദിമുത് കരുണരത്‌നെ എന്നീ മുന്‍നിര കളിക്കാരാണ് വിട്ടുനിന്നത്. 2009 ല്‍ ഭീകരാക്രമണം നേരിട്ട ടീമിലെ അംഗമാണ് സുരംഗ ലക്മല്‍. 
മുന്‍ വ്യോമസേനാ മേധാവിയും ശ്രീലങ്കന്‍ ബോര്‍ഡിന്റെ സുരക്ഷാ ഉപദേഷ്ടാവുമായ രോഷന്‍ ഗുണതിലകയാണ് കളിക്കാരുമായി സംസാരിച്ചത്. 
നിശ്ചിത ഓവര്‍ പരമ്പര വിജയമാണെങ്കില്‍ ടെസ്റ്റ് പരമ്പരയും പാക്കിസ്ഥാനില്‍ കളിക്കാമെന്നായിരുന്നു പാക് ബോര്‍ഡിന്റെ പദ്ധതി. എന്നാല്‍ ടെസ്റ്റ് പരമ്പര യു.എ.ഇയില്‍ വേണമെന്ന് ശ്രീലങ്ക നിഷ്‌കര്‍ശിച്ചു. 
പാക്കിസ്ഥാനില്‍ രാജ്യാന്തര ക്രിക്കറ്റ് പൂര്‍ണ തോതില്‍ പുനരാരംഭിക്കുന്നതിലേക്കുള്ള മറ്റൊരു ചുവടുവെപ്പായാണ് ശ്രീലങ്കന്‍ പര്യടനത്തെ കണ്ടിരുന്നത്. ഈ മാസം 27 ന് കറാച്ചിയിലാണ് പരമ്പര ആരംഭിക്കേണ്ടിയിരുന്നത്.


 

Latest News