മഴ കനിഞ്ഞാല്‍  ജയം പിടിക്കാന്‍ ഇന്ത്യ എ

തിരുവനന്തപുരം - ദക്ഷിണാഫ്രിക്ക എ-ക്കെതിരായ ചതുര്‍ദിന ക്രിക്കറ്റ് ടെസ്റ്റിന്റെ വലിയൊരു ഭാഗം മഴയെടുത്തുവെങ്കിലും ഇന്ത്യ എ വിജയത്തിനരികെ. മൂന്നാം ദിനം ഇരുപതോവര്‍ മാത്രമാണ് സാധ്യമായത്. അഞ്ചിന് 125 ലാണ് ദക്ഷിണാഫ്രിക്ക എ ഇന്നിംഗ്‌സ് പുനരാരംഭിച്ചത്. അഞ്ചു വിക്കറ്റ് ശേഷിക്കെ  14 റണ്‍സ് പിന്നിലായിരുന്നു അവര്‍. ഇരുപതോവറിനിടെ സന്ദര്‍ശകരുടെ നാലു വിക്കറ്റ് നഷ്ടപ്പെട്ടു. സ്റ്റമ്പെടുക്കുമ്പോള്‍ ഒമ്പതിന് 179 ലേക്ക് തകര്‍ന്നു. ഒരു വിക്കറ്റ് ശേഷിക്കെ 40 റണ്‍സ് മാത്രമാണ് ലീഡ്. വെളിച്ചക്കുറവ് കാരണം കളി നിര്‍ത്തുമ്പോള്‍ ലുന്‍ഗി എന്‍ഗിഡിയും ലൂതൊ സിംപാലയുമാണ് ക്രീസില്‍. 
കേരളത്തിന്റെ അതിഥി ഓള്‍റൗണ്ടര്‍ ജലജ് സക്‌സേന തന്നെയായിരുന്നു ഇന്നലെയും താരം. രണ്ടാം ദിനം പുറത്താവാതെ 61 റണ്‍സടിച്ച് ഇന്ത്യന്‍ സ്‌കോര്‍ 300 കടത്തിയ ജലജ് ബൗളിംഗിലും കരുത്തു കാട്ടി. ഇന്നലെ വീണ നാലു വിക്കറ്റില്‍ രണ്ടെണ്ണം ജലജിന് കിട്ടി. ചെറുത്തുനിന്ന ഹയ്ന്‍ റിഷ് ക്ലാസനെയും (48) ഡാന്‍ പീറ്റിനെയും (1) ജലജ് പുറത്താക്കി. 

Latest News