പ്രമുഖ അത്‌ലറ്റുകൾ വിട്ടുനിന്നത് ശോഭ കെടുത്തിയെങ്കിലും ഇരുപത്തിരണ്ടാമത് ഏഷ്യൻ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ കുതിപ്പ്. 34 വർഷമായി തുടരുന്ന ചൈനയുടെ അപ്രമാദിത്തം തകർത്ത് മെഡൽ പട്ടികയിൽ ഒന്നാം സ്ഥാനം നേടിയ ഇന്ത്യൻ അത്‌ലറ്റുകൾ മേള അവിസ്മരണീയമാക്കി.
പ്രമുഖ അത്‌ലറ്റുകളെല്ലാം അടുത്ത മാസത്തെ ലോക ചാമ്പ്യൻഷിപ്പിനുള്ള ഒരുക്കത്തിലായതിനാൽ നാലു ദിവസത്തെ മേളക്ക് എത്തിയിരുന്നില്ല. ലോക ചാമ്പ്യൻഷിപ്പിന്റെ അതേ വർഷം നടക്കുന്ന ഏഷ്യൻ മേളയിൽ പ്രമുഖ അത്‌ലറ്റുകൾ വിട്ടുനിൽക്കുന്ന പതിവിന് പരിഹാരം കാണാൻ ഇതുവരെ അധികൃതർക്ക് സാധിച്ചിട്ടില്ല. ചൈന, ഖത്തർ, ജപ്പാൻ, ബഹ്‌റൈൻ ടീമുകളൊന്നും മുൻനിര അത്‌ലറ്റുകളെ ഏഷ്യൻ മീറ്റിനയച്ചില്ല. 43 രാജ്യങ്ങളിലെ 562 അത്‌ലറ്റുകളാണ് മീറ്റിൽ പങ്കെടുത്തത്.
ഭുവനേശ്വർ, നിങ്ങൾ മേളയുടെ നിലവാരമുയർത്തിയെന്ന് സമാപനച്ചടങ്ങിൽ ഏഷ്യൻ അത്‌ലറ്റിക്‌സ് അസോസിയേഷൻ പ്രസിഡന്റ് ദഹ്‌ലാൻ അൽ ഹമദ് പ്രഖ്യാപിച്ചു. ചെറിയ സമയം കൊണ്ട് കലിംഗ സ്റ്റേഡിയത്തെ ഏഷ്യൻ മീറ്റിനുള്ള ലോകോത്തര നിലവാരത്തിലേക്കുയർത്തിയ ഒഡീഷ സർക്കാരിനും ഇന്ത്യൻ അത്‌ലറ്റിക്‌സ് ഫെഡറേഷനുമുള്ള പ്രശംസയായിരുന്നു ഇത്. സാമ്പത്തിക പരാധീനത ചൂണ്ടിക്കാട്ടി റാഞ്ചി പിന്മാറിയ ശേഷം 90 ദിവസം കൊണ്ടാണ് കലിംഗ സ്റ്റേഡിയത്തിൽ പുതിയ സിന്തറ്റിക് ട്രാക്കുൾപ്പെടെ സജ്ജീകരണങ്ങൾ പൂർത്തിയാക്കിയത്.
എന്നാൽ ട്രാക്കിലും ഫീൽഡിലും മത്സരങ്ങളുടെ നിലവാരം മോശമായിരുന്നു. ചൂടും ഹ്യൂമിഡിറ്റിയുമുള്ള കാലാവസ്ഥയും നിലവാരം മോശമാവാൻ കാരണമായി. ഒരു മീറ്റ് റെക്കോർഡ് മാത്രമാണ് മേളയിൽ പിറന്നത്. പുരുഷ ജാവലിൻ ത്രോയിൽ ഇന്ത്യയുടെ യുവ താരം നീരജ് ചോപ്രയാണ് മീറ്റ് റെക്കോർഡ് ഭേദിച്ചത്. 29 മെഡലാണ് ഇന്ത്യ നേടിയത്. 12 സ്വർണവും 12 വെങ്കലവും അഞ്ച് വെള്ളിയും. 94 പേരടങ്ങുന്ന ജംബൊ സംഘത്തെയാണ് ഇന്ത്യ മീറ്റിൽ പങ്കെടുപ്പിച്ചത്. 1985 ൽ ജക്കാർത്തയിൽ 10 സ്വർണവും അഞ്ച് വെള്ളിയും ഏഴ് വെങ്കലവുമുൾപ്പെടെ 22 മെഡൽ നേടിയതാണ് ഏഷ്യൻ മീറ്റിൽ ഇതുവരെ ഇന്ത്യയുടെ മികച്ച പ്രകടനം. 1983 മുതൽ ഉദ്ഘാടന ദിനം തുടങ്ങി സമാപന ദിനം വരെ ചൈനയായിരുന്നു മെഡൽ പട്ടികയിൽ ഒന്നാം സ്ഥാനത്തു വാണിരുന്നത്. ഇത്തവണ ചൈനയും ഖത്തറും ബഹ്‌റൈനുമൊക്കെ പ്രമുഖ താരങ്ങളെ പങ്കെടുപ്പിച്ചിരുന്നുവെങ്കിൽ കഥ വ്യത്യസ്തമാവുമായിരുന്നില്ല. ബഹ്‌റൈൻ സമർഥമായി മേളയിൽനിന്ന് പിന്മാറുകയായിരുന്നു. ഉദ്ഘാടന ദിനത്തിൽ ഖത്തറിന്റെ ഒരു താരത്തിന്റെ പേര് പട്ടികയിലുണ്ടായിരുന്നുവെങ്കിലും തുടർന്ന് അവരുടെ അത്‌ലറ്റുകളെയും കണ്ടില്ല. പുരുഷന്മാരുടെ 5000 മീറ്ററിലും 10,000 മീറ്ററിലും പുരുഷ, വനിതാ 1500 മീറ്ററിലും വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പിൾചെയ്‌സിലും പുരുഷന്മാരുടെ 4-400 റിലേയിലും ഇന്ത്യക്ക് കിട്ടിയ സ്വർണം ബോണസ് ആയേ കണക്കുകൂട്ടാൻ പറ്റൂ. പ്രമുഖ താരങ്ങൾ അണിനിരന്നിരുന്നുവെങ്കിൽ ഈയിനത്തിൽ മെഡൽ നേടുക പ്രയാസമായേനേ. മധ്യ, ദീർഘ ദൂര ഓട്ടങ്ങളിൽ ബഹ്‌റൈന്റെ ആഫ്രിക്കൻ ഇറക്കുമതികൾ അരങ്ങുവാണേനേ. ഈയിനങ്ങളിൽ ജപ്പാനും മെഡലുറപ്പായ അത്‌ലറ്റുകളുണ്ട്.
പുരുഷന്മാരുടെ 400 മീറ്ററിൽ മലയാളി താരം മുഹമ്മദ് അനസിനെ എളുപ്പം സ്വർണം നേടാൻ സഹായിച്ചത് ഖത്തറിന്റെ ഏഷ്യൻ ഒന്നാം സ്ഥാനക്കാരൻ അബ്ദുലേല ഹാറൂന്റെ അഭാവമാണ്. എങ്കിലും തന്റേതായ ദിനത്തിൽ അബ്ദുലേലക്ക് വെല്ലുവിളി സമ്മാനിക്കാൻ അനസിന് കരുത്തുണ്ട്. ബഹ്‌റൈന്റെ ലോക റെക്കോർഡ് ജേത്രിയും ഒളിംപിക് ചാമ്പ്യനുമായ റൂത് ജെബത് വിട്ടുനിന്നതിനാലാണ് സ്റ്റീപ്പിൾചെയ്‌സിൽ സുധാ സിംഗ് എളുപ്പം സ്വർണത്തിലേക്ക് കുതിച്ചത്.
ഷോട്പുട്ടിൽ ഏഷ്യൻ ഒന്നാം നമ്പറും ലോക നാലാം നമ്പറുമായ ചൈനയുടെ ഗോംഗ് ലിജിയാവൊ പങ്കെടുത്തിരുന്നില്ല. ഇന്ത്യയുടെ മൻപ്രീത് കൗർ സ്വർണം നേടാൻ ഇതു സഹായകമായി. ഗോംഗിന്റെ കരിയർ ബെസ്റ്റ് 19.56 മീറ്ററാണ്. മൻപ്രീതിന്റേത് 18.86 മീറ്ററും. 18.28 മീറ്റർ എറിഞ്ഞാണ് മൻപ്രീത് സ്വർണം പിടിച്ചത്. പുരുഷന്മാരുടെ 4-400 മീറ്ററിൽ ഏഷ്യൻ വമ്പന്മാരായ ഖത്തറിന്റെയും ചൈനയുടെയും സൗദി അറേബ്യയുടെയും അഭാവത്തിലാണ് ഇന്ത്യ സ്വർണത്തിലേക്കു കുതിച്ചത്.
എന്നാൽ ഏഷ്യൻ പ്രമുഖർ അണിനിരന്നിരുന്നുവെങ്കിൽ പോലും ഇന്ത്യ സ്വർണം സ്വന്തമാക്കുമായിരുന്ന ചിലയിനങ്ങളുണ്ട് -വനിതകളുടെ 400 മീറ്റർ (നിർമല ഷ്യോറാൻ), വനിതകളുടെ ഹെപ്റ്റാത്തലൺ (സ്വപ്ന ബർമൻ), വനിതകളുടെ 4-400 റിലേ, പുരുഷ ജാവലിൻ (നീരജ് ചോപ്ര) എന്നിവ. നിർമല ഏഷ്യൻ ഒന്നാം സ്ഥാനക്കാരിയാണ് ഇപ്പോൾ. 4-400 റിലേയിലും ഇന്ത്യയെ സ്വർണത്തിലേക്ക് നയിച്ചത് നിർമലയാണ്. വനിതാ റിലേ പരമ്പരാഗതമായി ഇന്ത്യയുടെ കരുത്താണ്.
പുരുഷ ജാവലിനിൽ നീരജ് ജൂനിയർ ലോക റെക്കോർഡിന് ഉടമയാണ്. ഏഷ്യൻ ഒന്നാം സ്ഥാനക്കാരനായ ചൈനീസ് തായ്‌പെയ്‌യുടെ ചെംഗ് ചാവോ സുന്നിനെയാണ് നീരജ് തോൽപിച്ചത്. ചെംഗ് ആറാം സ്ഥാനത്തായി. ഏഷ്യൻ ഗ്രാന്റ്പ്രി മീറ്റിൽ നീരജിനെ ചെംഗ് തോൽപിച്ചിരുന്നു.
ഹെപ്റ്റാത്തലണിൽ ഈ സീസണിലെ മികച്ച ഏഷ്യൻ പ്രകടനത്തിന് ഉടമയായ മെഗ് ഹെംഫിലിനെയാണ് സ്വപ്ന തോൽപിച്ചത്. ഉജ്വല പ്രകടനമായിരുന്നു സ്വപ്നയുടേത്.
ദീർഘദൂര ഡബ്ൾ നേടിയ ലക്ഷ്മൺ ഗോവിന്ദനായിരുന്നു മേളയിലെ സൂപ്പർ താരം. നിർമലയും അനസും വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലുമായി രണ്ട് സ്വർണം സ്വന്തമാക്കി. ആതിഥേയ സംസ്ഥാനക്കാരിയും കാണികളുടെ പ്രിയങ്കരിയുമായ ദ്യുതി ചന്ദ് സ്പ്രിന്റിൽ രണ്ട് വെങ്കലം നേടി.
1500 മീറ്ററിൽ അജയ്കുമാർ സരോജിന്റെയും പി.യു ചിത്രയുടെയും സ്വർണമാണ് മേളയിലെ അമ്പരപ്പായത്. ഏതാനും താരങ്ങൾ നിരാശപ്പെടുത്തുകയും ചെയ്തു. സിദ്ധാന്ത് തിംഗലയ (പുരുഷന്മാരുടെ 110 മീ. ഹർഡിൽസ്), അങ്കിത് ശർമ (പുരുഷ ലോംഗ്ജമ്പ്), എം.ആർ. പൂവമ്മ (വനിതകളുടെ 400 മീ.), ടിന്റു ലൂക്ക (വനിതകളുടെ 800 മീ.), സീമ പൂനിയ (വനിതാ ഡിസ്‌കസ്), അനു റാണി (വനിതാ ജാവലിൻ) എന്നിവർ. വെറ്ററൻ ഡിസ്‌കസ് താരം വികാസ് ഗൗഡ അവസാന വേളയിലാണ് കായികക്ഷമത നേടിയത്. കഴിഞ്ഞ രണ്ട് മേളകളിലും ചാമ്പ്യനായ വികാസിന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
ഡെക്കാതലറ്റ് ജഗ്താർ സിംഗ് ഉത്തേജക മരുന്നടി പരിശോധനയിൽ പരാജയപ്പെട്ടതും ഇന്ത്യക്ക് നാണക്കേടായി. ഭുവനേശ്വറിൽ എത്തിയിരുന്നില്ല ജഗ്താർ. അവസാന ദിനം വിവാദത്തോടെയാണ് മേള കൊടിയിറങ്ങിയത്. വനിതകളുടെ 800 മീറ്ററിൽ ഇന്ത്യയുടെ അർച്ചന അവധാണ് ഒന്നാമതായി ഫിനിഷ് ചെയ്തത്. അർച്ചനയെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ തന്നെ അർച്ചന തള്ളിയെന്ന് രണ്ടാം സ്ഥാനത്തെത്തിയ ശ്രീലങ്കക്കാരി പരാതിപ്പെട്ടതോടെ അർച്ചനയുടെ സ്വർണം റദ്ദാക്കി.
മേളയിൽ പങ്കെടുത്ത സൂപ്പർ താരം താജിക്കിസ്ഥാന്റെ ദിൽഷോദ് നസറോവാണ്. നാലാമത്തെ ഏഷ്യൻ ചാമ്പ്യൻഷിപ് സ്വർണമാണ് ദിൽഷോവ് സ്വന്തമാക്കിയത് -2009 ലും 2013 ലും 2015 ലും 2017 ലും. ലണ്ടൻ ഒളിംപിക്‌സിലെ വെള്ളി മെഡലുകാരൻ ഇറാന്റെ ഇഹ്‌സാൻ ഹദാദി ഡിസ്‌കസ് ത്രോയിൽ അഞ്ചാം ഏഷ്യൻ സ്വർണം കരസ്ഥമാക്കി.
കാണികളുടെ പങ്കാളിത്തത്തിലും മേള വൻ വിജയമായി. നാലു ദിവസങ്ങളിലായി എൺപതിനായിരം സ്‌പോർട്‌സ് പ്രേമികൾ കലിംഗ സ്റ്റേഡിയത്തിലെത്തിയെന്നാണ് ഔദ്യോഗിക കണക്ക്.