Sorry, you need to enable JavaScript to visit this website.

ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ

വളരെ കർക്കശക്കാരനായ ഒരു ഫുഡ് ഇൻസ്‌പെക്ടറാണ് പട്ടാഭിരാമൻ. തലസ്ഥാന നഗരിയിലേയ്ക്ക് സ്ഥലം മാറി എത്തിയതാണ് അദ്ദേഹം. ജോലിയിലെ കർശന സമീപനം വ്യക്തിജീവിതത്തിൽ അദ്ദേഹത്തിന് ഒട്ടേറെ സംഘർഷങ്ങളുണ്ടാക്കുന്നു. വിവാഹ ജീവിതത്തെക്കുറിച്ചും അദ്ദേഹത്തിന് ചില സ്വപ്നങ്ങളുണ്ടായിരുന്നു. അതുകൊണ്ടു തന്നെ വിവാഹം നീണ്ടുപോയി. ഒടുവിൽ മനസ്സിനിണങ്ങിയ ഒരു പെൺകുട്ടി പട്ടാഭിരാമന്റെ ജീവിതത്തിലേയ്ക്കു കടന്നുവന്നു, വിനീത. ഒരു സാധാരണ ഹോട്ടലുടമയുടെ മകൾ. വിനീതയുമായുള്ള പട്ടാഭിരാമന്റെ വിവാഹം ഒരു വഴിത്തിരിവായി മാറുകയാണ്. തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത പട്ടാഭിരാമനിലൂടെ ഇതൾ വിടരുന്നത്. പട്ടാഭിരാമനായി ജയറാമും വിനീതയായി ഷീലു എബ്രഹാമുമാണ് അഭിനയിക്കുന്നത്.
ചെറുതും വലുതുമായ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ അഭിനേത്രിയാണ് ഷീലു എബ്രഹാം. കോട്ടയം ജില്ലയിലെ ഭരണങ്ങാനത്ത് ജനിച്ച ഷീലു ഇടുക്കിയിലാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. സ്‌കൂൾ, കോളേജ് പഠനകാലത്ത് ഭരതനാട്യം അഭ്യസിച്ചിരുന്നു. നഴ്‌സിംഗ് ബിരുദം നേടിയ ഷീലു കുറച്ചുകാലം കുവൈത്തിൽ നഴ്‌സായും ജോലി നോക്കി. മുംബൈയിൽ ബിസിനസുകാരനായ എബ്രഹാം മാത്യുവിന്റെ ജീവിത സഖിയായി എത്തിയതോടെ മുംബൈയിലേയ്ക്കു ചേക്കേറി. സിനിമ നിർമാതാവു കൂടിയായ അദ്ദേഹം അബാം മൂവിസിന്റെ ബാനറിൽ ഒട്ടേറെ ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്. ചെൽസിയുടെയും നീലിന്റെയും അമ്മ കൂടിയായ ഷീലു വിവാഹ ശേഷം അഭിനയ രംഗത്തെത്തിയ അനുഭവങ്ങൾ പങ്കുവെയ്ക്കുകയാണ്.

പട്ടാഭിരാമന്റെ വിശേഷങ്ങൾ?
ഗൗരവമുള്ള ഒരു വിഷയം നർമത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുന്ന ചിത്രമാണ് പട്ടാഭിരാമൻ. മായം കലർന്ന ഭക്ഷണം എന്നത് ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. കർശനക്കാരനായ ഒരു ഉദ്യോഗസ്ഥന് നേരിടേണ്ടിവരുന്ന പ്രതിസന്ധികൾ കുടുംബ ജീവിതത്തിൽ എങ്ങനെ പ്രതിഫലിക്കുന്നു എന്നും ഈ ചിത്രം ചർച്ച ചെയ്യുന്നുണ്ട്. ആക്ഷനും കോമഡിക്കും ഒരുപോലെ പ്രാധാന്യം നൽകുന്ന ചിത്രമാണിത്.

ജയറാമിനൊപ്പം വീണ്ടും?
കണ്ണൻ താമരക്കുളവും ജയറാമേട്ടനും ഒന്നിച്ച ആടുപുലിയാട്ടം എന്ന ചിത്രത്തിലൂടെയാണ് ഞങ്ങൾ ഒന്നിച്ചത്. ജയറാമേട്ടന്റെ ഭാര്യയായ അമല എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ഹിറ്റായി മാറിയ ആ ചിത്രത്തിനു ശേഷം അതേ കൂട്ടുകെട്ടിൽ വീണ്ടും അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷമുണ്ട്. ജയറാമേട്ടനുമായി മുമ്പ് ഒന്നിച്ചഭിനയിച്ചതിനാൽ വളരെ കംഫർട്ടിബിളായിരുന്നു. സെറ്റിൽ തമാശയെല്ലാം പറഞ്ഞ് എല്ലാവരേയും എനർജറ്റിക്കാക്കാൻ ജയറാമേട്ടനാകും.

സിനിമയിലെ തുടക്കം?
കുട്ടിക്കാലത്ത് സിനിമയിലും സീരിയലിലും അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നു. ഒരു മലയാള മാസികയുടെ കവർ ചിത്രമായി എന്റെ ഫോട്ടോ വന്നപ്പോഴായിരുന്നു ക്ഷണമെത്തിയത്. എന്നാൽ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് അഭിനയിക്കുന്നതിൽ വീട്ടിൽ എതിർപ്പുണ്ടായിരുന്നതിനാൽ നിരസിക്കേണ്ടിവന്നു. എങ്കിലും സിനിമാ മോഹം ഉള്ളിലുണ്ടായിരുന്നു. ഒരു പരസ്യ ചിത്രത്തിൽ വേഷമിട്ടതോടെയാണ് അവസരങ്ങൾ വീണ്ടുമെത്തിയത്. ഫെലിക്‌സ് ജോസഫ് സംവിധാനം ചെയ്ത വീപ്പിംഗ് ബോയ് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. സംവിധായകനുമായുള്ള പരിചയമാണ് സിനിമയിലെത്തിച്ചത്. സജി സുരേന്ദ്രൻ സംവിധാനം ചെയ്ത ഷീ ടാക്‌സിയിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. നെഗറ്റീവ് ഷേഡുള്ള മീര മാമ്മൻ എന്ന കഥാപാത്രത്തെ പ്രേക്ഷകർ സ്വീകരിക്കുകയായിരുന്നു. വില്ലത്തരമുണ്ടെങ്കിലും ചിത്രത്തിനൊടുവിൽ നന്നാകുന്നുണ്ട്.

വിവാഹ ശേഷമാണ് സിനിമാ പ്രവേശം?
സാധാരണ നടിമാർ വിവാഹ ശേഷം അഭിനയ രംഗത്തുനിന്നും അകന്നുപോകുന്നതാണ് കാണുന്നത്. എന്നാൽ ഞാൻ വിവാഹ ശേഷമാണ് അഭിനയിക്കാൻ തുടങ്ങിയത്. വിവാഹ ശേഷം കൂടുതൽ കരുത്തോടെ തിരിച്ചുവരേണ്ട രംഗമാണ് സിനിമ എന്നാണ് തോന്നിയിട്ടുള്ളത്. കുട്ടികൾ സ്‌കൂളിൽ പോകുമ്പോൾ ഒന്നും ചെയ്യാനില്ലാത്ത അവസ്ഥയാണ് കുടുംബിനികൾക്കുള്ളത്. പാട്ടും നൃത്തവുമെല്ലാം വീണ്ടും കടന്നുവരുന്നത് അപ്പോഴാണ്. ഭർത്താവിന്റെ പിന്തുണയും സാമീപ്യവും കൂടുതൽ കരുത്തരാക്കും. ഏതു രംഗത്തായാലും വിവാഹ ശേഷം സ്ത്രീകൾക്ക് കൂടുതൽ തിളങ്ങാനാകുമെന്നാണ് വിശ്വാസം. വിവാഹ ശേഷമാണ് കൂടുതൽ സ്വാതന്ത്ര്യം ലഭിച്ചുതുടങ്ങുന്നതെന്നു തോന്നുന്നു.

ശക്തമായ വേഷങ്ങളാണ് ഏറെയും?
ഇതുവരെ അവതരിപ്പിച്ചതിൽ ഏറെയും ബോൾഡായ വേഷങ്ങളായിരുന്നു. ഭാഗ്യവും നിർഭാഗ്യവുമാകാമത്. സാധാരണ നായികാ നായകന്മാർക്ക് അധികകാലം നിലനിൽക്കാനാവുക പ്രയാസമാണ്. നായികയാകുമ്പോൾ നായകന്റെ അഭിനയ ശേഷിക്കൊപ്പം നിൽക്കുകയും അദ്ദേഹത്തെ കംഫർട്ടബിളാക്കുകയും വേണം. എന്നാൽ കാരക്ടർ റോളുകൾ എപ്പോഴും ചെയ്യാനാകും. അത്തരം കഥാപാത്രങ്ങൾ ചാലഞ്ചിംഗ് ആണെങ്കിലും അവതരിപ്പിക്കുന്നതിൽ സ്വാതന്ത്ര്യമുണ്ട്. ചില ചിത്രങ്ങളിൽ നല്ല കഥാപാത്രങ്ങൾ ലഭിക്കുന്നത് കാരക്ടർ റോളുകളിലൂടെയായിരിക്കും. മമ്മൂക്കയുടെ പുതിയ നിയമത്തിൽ അവതരിപ്പിച്ച ജീനാഭായ് എന്ന ഐ.പി.എസ് ഉദ്യോഗസ്ഥയുടെ വേഷം അത്തരത്തിലൊന്നായിരുന്നു.

സൂപ്പർ താരങ്ങളോടൊപ്പമെല്ലാം അഭിനയിക്കാൻ കഴിഞ്ഞു?
അതും ഭാഗ്യം തന്നെ. മമ്മൂക്കയും ലാലേട്ടനും ജയറാമേട്ടനും ദിലീപുമെല്ലാം നല്ല സഹകരണമാണ് നൽകിയത്. മമ്മൂക്കയ്‌ക്കൊപ്പം ആദ്യമായി വേഷമിട്ടത് മംഗ്ലീഷിലായിരുന്നു. അന്ന് മമ്മൂക്കയോട് സംസാരിക്കാൻ പേടിയായിരുന്നു. എന്നാൽ പിന്നീട് പുത്തൻ പണത്തിന്റെ സെറ്റിലെത്തിയപ്പോൾ അതു മാറി. അദ്ദേഹവുമായി അടുത്തപ്പോഴാണ് വളരെ സിംപിളായ മനുഷ്യനാണെന്ന് മനസ്സിലായത്. ലാലേട്ടനൊപ്പം കനൽ എന്ന ചിത്രത്തിലും ദിലീപിനൊപ്പം ശുഭരാത്രിയിലും വേഷമിട്ടു.

ശുഭരാത്രിയിലെ വേഷം?
ശുഭരാത്രിയിൽ ഡോ. ഷീല എബ്രഹാം എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. നല്ലൊരു കുടുംബ ചിത്രമാണത്. ദിലീപേട്ടനും സിദ്ദീഖ് ഇക്കയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷീല ഒരു കാർഡിയോളജിസ്റ്റാണ്. കഥാഗതിയിൽ നിർണായക സ്വാധീനമുള്ള കഥാപാത്രം.

ഭർത്താവ് നിർമാതാവാകുമ്പോൾ?
അബാം മൂവീസിന്റെ എല്ലാ പ്രൊഡക്ഷനിലും ഞാനുണ്ടാകാറില്ല. സെറ്റിൽ ഞാൻ അഭിനേതാവും അദ്ദേഹം നിർമാതാവുമാണ്. അഭിനയം ഏറെ ഇഷ്ടമാണ്. ഒരു കഥാപാത്രം അവതരിപ്പിക്കാൻ സംവിധായകൻ ക്ഷണിക്കുമ്പോൾ നല്ല രീതിയിൽ അവതരിപ്പിക്കാൻ ശ്രമിക്കാറുണ്ട്. അദ്ദേഹം നിർമിക്കുന്ന ചിത്രങ്ങളേക്കാൾ പുറത്തുള്ള ചിത്രങ്ങളിൽ അഭിനയിക്കാനാണ് താൽപര്യം. കാരണം സെറ്റിലെത്തുമ്പോൾ എല്ലാവരും ബോസായാണ് കാണുക. അത് ഇഷ്ടമല്ല. എല്ലാവരേയും പോലെ ഞാനും ഒരു അഭിനേത്രി മാത്രമാണ്.

പുതിയ സിനിമകൾ?
ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന അൽ മല്ലു, കിരൺ ആർ നായർ സംവിധാനം ചെയ്യുന്ന അമിഗോസ് എന്നിവയാണ് പുതിയ ചിത്രങ്ങൾ. നവാഗതനായ കിരണിന്റെ അമിഗോസ് ചിത്രീകരണം പൂർത്തിയായി. അൽ മല്ലുവിന്റെ അവസാന ഘട്ട ചിത്രീകരണം നടന്നുവരികയാണ്. രണ്ടിലും ശക്തമായ കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്. കൂടാതെ രണ്ടു ചിത്രങ്ങളിൽ കൂടി കരാറായിട്ടുണ്ട്.
 

Latest News