രക്ഷകനായി ജലജ്, ഇന്ത്യ എ ജയത്തിനരികെ

തിരുവനന്തപുരം - ആഭ്യന്തര ക്രിക്കറ്റില്‍ റണ്‍സും വിക്കറ്റും വാരിക്കൂട്ടുന്ന കേരളത്തിന്റെ അതിഥി ഓള്‍റൗണ്ടര്‍ ജലജ് സക്‌സേന ഇന്ത്യ എ ജഴ്‌സിയിലും തിളങ്ങി. ജലജ് പുറത്താവാതെ 61 റണ്‍സടിച്ചതോടെ ദക്ഷിണാഫ്രിക്ക എ-ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ എ ഭദ്രമായ ഇന്നിംഗ്‌സ് ലീഡ് നേടി. രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക എ തോല്‍വിയുടെ വക്കിലാണ്. അഞ്ചിന് 125 ലാണ് അവര്‍ രണ്ടാം ദിനം അവസാനിപ്പിച്ചത്. അഞ്ചു വിക്കറ്റ് ശേഷിക്കെ ഇപ്പോഴും 14 റണ്‍സ് പിന്നിലാണ് അവര്‍. ആദ്യ ഇന്നിംഗ്‌സിലെ പോലെ സുബൈര്‍ ഹംസയാണ് (44) ചെറുത്തുനിന്നത്.
ആദ്യ ദിനം സന്ദര്‍ശകരെ 164 ന് പുറത്താക്കിയ ഇന്ത്യ എ ഇന്നലെ രണ്ടിന് 129 ലാണ് രണ്ടാം ഇന്നിംഗ്‌സ് പുനരാരംഭിച്ചത്. എന്നാല്‍ അങ്കിത് ഭാവനെ (6), ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ (90), ശിവം ദൂബെ (8) എന്നിവരെ തുടരെ നഷ്ടപ്പെട്ടു. ഏഴിന് 199 ലേക്ക് തകര്‍ന്ന ടീമിനെ ജലജ് വാലറ്റക്കാര്‍ക്കൊപ്പം 300 കടത്തി. ശാര്‍ദുല്‍ താക്കൂറുമൊത്ത് (34) എട്ടാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി. കെ. ഗൗതമിന് പരിക്കേറ്റപ്പോള്‍ അവസാന നിമിഷമാണ് ജലജിനെ ടീമിലുള്‍പെടുത്തിയത്. ജലജ് 11 ബൗണ്ടറിയടിച്ചു. 
 

Latest News