Sorry, you need to enable JavaScript to visit this website.

ശ്രീലങ്കന്‍ കളിക്കാരെ പിന്തിരിപ്പിച്ചത് ഇന്ത്യ - പാക് മന്ത്രിയുടെ ആരോപണം

കൊളംബൊ - പാക്കിസ്ഥാനില്‍ കളിച്ചാല്‍ ഐ.പി.എല്ലില്‍ അവസരം നല്‍കില്ലെന്ന് ഇന്ത്യ കളിക്കാരെ ഭീഷണിപ്പെടുത്തിയെന്ന് ചില കമന്റേറ്റര്‍മാര്‍ അറിയിച്ചതായി പാക്കിസ്ഥാന്‍ ശാസ്ത്ര മന്ത്രി ഫവാദ് ഹുസൈന്‍ ആരോപിച്ചു. പത്ത് പ്രമുഖ ശ്രീലങ്കന്‍ കളിക്കാര്‍ ടീമിന്റെ പാക്കിസ്ഥാന്‍ പര്യടനം ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചതിനെത്തുടര്‍ന്നാണ് പാക് മന്ത്രിയുടെ ആരോപണം. 2009 ല്‍ ശ്രീലങ്കന്‍ കളിക്കാര്‍ക്കെതിരെ ലാഹോറിലുണ്ടായ ഭീകരാക്രമണത്തിനു ശേഷം അവിടെ ആദ്യമായി നിശ്ചിത ഓവര്‍ പരമ്പര കളിക്കാനൊരുങ്ങുകയാണ് ശ്രീലങ്ക. മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി20 യുമായി ആറു മത്സരങ്ങളാണ് പാക്കിസ്ഥാനില്‍ കളിക്കുക.
ട്വന്റി20 ടീമിന്റെ നായകന്‍ ലസിത് മലിംഗ, മുന്‍ നായകന്‍ എയ്ഞ്ചലൊ മാത്യൂസ്, നിരോഷന്‍ ഡികവെല്ല, കുശാല്‍ പെരേര, ധനഞ്ജയ ഡിസില്‍വ, അകില ധനഞ്ജയ, സുരംഗ ലക്മല്‍, ദിനേശ് ചണ്ടിമല്‍, ദിമുത് കരുണരത്‌നെ എന്നീ മുന്‍നിര കളിക്കാരാണ് വിട്ടുനിന്നത്.ഈ മാസം 27 ന് കറാച്ചിയിലാണ് പരമ്പര ആരംഭിക്കുക.
തിസരയും നിരോഷന്‍ ഡികവെല്ലയും കരീബിയന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ടൂര്‍ണമെന്റില്‍ കളിക്കാന്‍ വേണ്ടിയാണ് വിട്ടുനില്‍ക്കുന്നത്. എന്നാല്‍ ഇരുവര്‍ക്കും ബോര്‍ഡ് അനുമതി നിഷേധിച്ചു. ദേശീയ ടീമിന് മത്സരമുള്ളപ്പോള്‍, ടീമിലേക്ക് ക്ഷണിക്കപ്പെടാന്‍ സാധ്യതയുള്ള കളിക്കാര്‍ക്ക് വിദേശ ലീഗുകളില്‍ കളിക്കാന്‍ അനുമതി നല്‍കാതിരിക്കുകയെന്നത് ദീര്‍ഘകാല നയമാണെന്ന് സി.ഇ.ഒ ആഷ്‌ലി ഡിസില്‍വ വിശദീകരിച്ചു. രാഷ്ട്രത്തലവന്മാര്‍ക്ക് നല്‍കുന്ന സുരക്ഷ പാക്കിസ്ഥാന്‍ ഉറപ്പുവരുത്തിയിട്ടും ഇത്രയധികം മുന്‍നിര കളിക്കാര്‍ പി്ന്മാറിയതില്‍ മറ്റൊരു ബോര്‍ഡ് ഒഫിഷ്യല്‍ അദ്ഭുതം പ്രകടിപ്പിച്ചു. കരീബിയന്‍ ലീഗില്‍ സെയ്ന്റ് ലൂസിയ ലൂക്‌സിന് കളിക്കുന്ന തിസരയോട് നാട്ടിലേക്ക് മടങ്ങാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. 2009 ല്‍ ഭീകരാക്രമണം നേരിട്ട ടീമിലെ അംഗമാണ് സുരംഗ ലക്മല്‍. 

 

Latest News