Sorry, you need to enable JavaScript to visit this website.

ചരിത്രത്തിൽ തൊട്ടുനിന്ന് ഒക്കാസ്

ചരിത്രത്തെ പുനർനിർമിക്കുക എന്നത് കാലത്തോട് ചെയ്യുന്ന നീതിയാണ്. അറബ് ലോകത്തിന്റെ ചരിത്രം ചെന്നുനിൽക്കുന്നത് വലിയൊരു ചന്തയായിരുന്നു ഒക്കാസ് മേള. അറബ് സാംസ്‌കാരിക സാമൂഹ്യ ചരിത്രത്തിന്റെ വേരുകൾ ഒക്കാസ് ചന്തയിലാണ് അവസാനിക്കുന്നത്. പ്രവാചക കാലത്തിനും പിറകിലേക്ക് നീങ്ങുന്നതാണ് ഒക്കാസ് ചന്ത. 
ഒട്ടേറെ ഗവേഷണങ്ങളും സർവേകളും നടത്തിയാണ് വിസ്മൃതിയിലാണ്ടു പോയ ഒരു കാലത്തെയും ദേശത്തെയും സൗദി ഭരണകൂടം കണ്ടെത്തിയത്. തായിഫ് പട്ടണത്തിൽ നിന്ന് മുപ്പത്തിനാല് കിലോമീറ്റർ വടക്ക് മാറിയാണ് ഒക്കാസ് മേള പുനർജനിച്ചത്. ഖാലിദ് അൽ ഫൈസൽ ഗവർണറായ  2007 കാലത്താണ് പൂർവ കാലങ്ങളിലെ വിസ്മൃതിയിൽ ഒളിച്ചിരുന്ന അറബ് പാരമ്പര്യത്തിന്റെ ശക്തി സൗന്ദര്യങ്ങളെ അനാവരണം ചെയ്യുന്ന സൂഖുൽ ഒക്കാസ് തിരിച്ചെത്തിയത്. കേവലം കച്ചവടച്ചന്ത എന്നതിലുപരി  കലാസാംസ്‌കാരിക പ്രകടനങ്ങളും ഗോത്ര ഗർവുകളുടെ വീമ്പു പറച്ചിലും കവിസമ്മേളനങ്ങളുമെല്ലാമായി പ്രൗഢിയുടെ ചന്ത വമ്പു പറച്ചിലിന്റെ ചന്ത എന്നൊക്കെ അർഥം വരുന്ന സൂഖുൽ ഒക്കാസ്  എല്ലാ അർത്ഥത്തിലും പുനരാവിഷ്‌കരിക്കുകയും അതോടൊപ്പം  അറബ് പാരമ്പര്യവും കലാസാംസ്‌കാരിക സൈനിക കച്ചവട രീതികൾ പുതിയ കാലത്തിന് പരിചയപ്പെടുത്തുകയും കൈമാറ്റം ചെയ്യുകയും ചെയ്യുന്ന മേളയിൽ ഇത്തവണഅറബ് ലോകത്തെ പതിനൊന്ന് രാജ്യങ്ങളുടെ സജീവ സാന്നിധ്യത്താൽ ശ്രദ്ധേയമായിരുന്നു. ഓരോ രാജ്യക്കാരും തങ്ങളുടെ സംസ്‌കാരികത്തനിമയും നിർമാണ വൈവിധ്യവും സമ്മേളിപ്പിച്ചൊരുക്കിയ പവിലിയനുകൾ ആതിഥേയ മര്യാദയാലും കലാപ്രകടനങ്ങളാലും ഒക്കാസ് കാണികൾക്ക് വിസ്മയം സമ്മാനിച്ചു. പഴയകാല പാത്രങ്ങൾ, വസ്ത്രങ്ങൾ, കല്ലുമാലകൾ കരകൗശല വസ്തുക്കൾ മനോഹരങ്ങളായ ചെരിപ്പൂക്കൾ പൂർവകാലത്ത് ഉപയോഗിച്ചിരുന്ന വീട്ടുപകരണങ്ങൾ വലകൾ,മറ്റു മത്സ്യബന്ധന ഉപകരണങ്ങൾ എന്നിവയുടെ പ്രദർശനങ്ങൾ ചരിത്രത്തിന്റെ ഓർമപ്പെടുത്തൽ കൂടിയായിരുന്നു. പരമ്പരാഗതമായ കുലത്തൊഴിലുകൾ കൈമോശം വരാതെ കാത്തുസൂക്ഷിക്കുകയും തങ്ങളുടെ പുതിയ തലമുറക്ക് കൈമാറ്റം ചെയ്യുകയും ചെയ്യുന്ന അപൂർവ കാഴ്ച മനോഹരങ്ങളായ ചരിത്രത്തിന്റെ  ഈടുവെപ്പുകളെ സ്മൃതിഭ്രംശം വരാതെ സൂക്ഷിക്കുകയും നമുക്കു മുന്നിൽ അനാവരണം ചെയ്യുകയും  ചെയ്യുന്നതിന്റെ നേർക്കാഴ്ചയാണ് സമ്മാനിക്കുന്നത്. കാഫിലക്കൂട്ടങ്ങളും കച്ചവട സംഘങ്ങളും ഗോത്രങ്ങൾ തമ്മിലുള്ള വിനിമയങ്ങളും സംഘട്ടനങ്ങളും അതേപടി അതുല്യമായ ദൃശ്യാവിഷ്‌കാരമായി അനാവരണം ചെയ്യുന്നു. 
ഇംറുൽ ഖൈസും ലബീബുമടങ്ങിയ ഏഴു കവിശ്രേഷ്ഠൻമാരുടെ കവിതകൾ മേളയിലൊരുക്കിയ ഏഴു പടുകൂറ്റൻ ഡിജിറ്റൽ സ്‌ക്രീനിൽ തെളിയുമ്പോൾ അറബ് സാഹിത്യ ലോകം മാറോട് ചേർത്ത അക്ഷരങ്ങളുടെ മുത്തുമാല ചാർത്തപ്പെട്ടവനെപ്പോലെ ഓരോ സന്ദർശകനും പുളകിതനാകുന്നു.
പന്ത്രണ്ടു വർഷമായി തുടരുന്ന മേള വർഷാവർഷങ്ങളിൽ പാരമ്പര്യത്തിന്റെ കൂടുതൽ  കൂടുതൽ ശേഷിപ്പുകൾ എടുത്തണിഞ്ഞു മനോഹരമാകുകയും വൈവിധ്യങ്ങൾ കൊണ്ടും സാങ്കേതികത്തികവുകളാലും സമ്പന്നമാവുകയും ചെയ്യുന്നു. 
വർഷം തോറും സന്ദർശകരുടെ വൻ വർധനയവും തങ്ങളുടെ മേളയായി ഏറ്റടുത്തതിന്റെ സന്തോഷവും കാണാനാകും. തങ്ങളുടെ പാരമ്പര്യത്തെ ഉയർത്തിക്കാട്ടുകയും അതോടൊപ്പം ഹയ്യുൽ അറബിലെ പത്തിനനൊന്നോളം രാജ്യങ്ങൾക്ക് വിശാലവും മനോഹരവുമായ പവിലിയനുകളും വാസ്തു ശിൽപ ചാരുതയാർന്ന നിർമിതികളും ഭക്ഷണ സ്റ്റാളുകളും വിപണന കേന്ദ്രങ്ങളും നിർമാണത്തിന് ആവശ്യമായ മറ്റു സൗകര്യങ്ങളെമല്ലാം നൽകി തങ്ങളുടെ മഹിതമായ ആതിഥേയത്വം കൊണ്ട് സൗദി ഭരണകൂടം ലോകത്തിന്റെ മനസ്സ് കീഴ്‌പ്പെടുത്തുന്ന കാഴ്ച മനസ്സും കണ്ണും കുളിരണിയിക്കുന്നു. 
അറബ് ഗോത്ര ജീവിത രീതികൾ, കച്ചവട തന്ത്രങ്ങൾ, കാഫിലക്കൂട്ടങ്ങൾ സഞ്ചാരപഥങ്ങൾ, യുദ്ധങ്ങൾ, കലാപ്രകടനങ്ങൾ, കായികാഭ്യാസങ്ങൾ തുടങ്ങി പ്രാചീനതയുടെ പായൽ മൂടിയ സംസ്‌കൃതിയെ പുതിയ കാലത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തി പഴമയുടെ തനിമ ചോരാതെ പുനഃസൃഷ്ട്ടിച്ചെടുക്കുന്നതിൽ ഒക്കാസ് മേള വിജയിച്ചിരിക്കുന്നു. 

Latest News