Sorry, you need to enable JavaScript to visit this website.

ഷാര്‍ജയില്‍ പള്ളിയുടെ പടിയില്‍ പിഞ്ചുകുഞ്ഞ്

ഷാര്‍ജ- അല്‍ ഖസ്ബയിലെ പള്ളിക്ക് പുറത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ നവജാത ശിശുവിനെ കണ്ടെത്തി. പുലര്‍ച്ചെ നാലിന് പള്ളിയുടെ കാവല്‍ക്കാരനാണ് പള്ളിയുടെ ചവിട്ടുപടിയില്‍ കുഞ്ഞിനെ കണ്ടത്. ഇദ്ദേഹം അറിയിച്ചതനുസരിച്ച് പോലീസും പള്ളി ഇമാമും സ്ഥലത്തെത്തി.
മലയാളിയായ മുഹമ്മദ് യൂസഫ് ജാവേദ് ആണി പള്ളി കാവല്‍ക്കാരന്‍. 18 വര്‍ഷമായി ഇവിടെ ജോലി ചെയ്യുന്ന തനിക്ക് ഇത് ആദ്യത്തെ അനുഭവമാണെന്ന് ജാവേദ് പറഞ്ഞു.
സുബ്ഹി നമസ്‌കാരത്തിന് ബാങ്ക് കൊടുക്കുന്നതിന് മുമ്പായി പള്ളി വൃത്തിയാക്കാനും ഒരുക്കാനുമായാണ് നാലു മണിക്ക് ജാവേദ് എത്തിയത്. ബ്ലാങ്കറ്റില്‍ പൊതിഞ്ഞ നിലയിലായിരുന്നു ആണ്‍കുഞ്ഞെന്ന് അദ്ദേഹം പറഞ്ഞു.
തനിക്കും തന്റെ ഭാര്യക്കും 25 വര്‍ഷമായി കുട്ടികളില്ല. ഞങ്ങള്‍ ഒരു കുഞ്ഞിനായി ദാഹിക്കുന്നു. മറ്റുള്ളവര്‍ അതിനെ വലിച്ചെറിയുന്നു- ജാവേദ് പറഞ്ഞു.
കുട്ടിയുടെ രക്ഷിതാക്കളെ കണ്ടെത്താന്‍ തീവ്രശ്രമം തുടങ്ങിയതായി പോലീസ് പറഞ്ഞു. ബുഹൈറ പോലീസ് സ്റ്റേഷനില്‍നിന്ന് പോലീസുകാരും ക്രിമിനല്‍ അന്വേഷണ വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. കുട്ടിയെ ഉപേക്ഷിച്ചു പോയ ആളെ കണ്ടെത്താന്‍ സമീപത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. ഏഷ്യന്‍ മുഖച്ഛായയുള്ള കുട്ടിയെ അല്‍ ഖാസിമി ആശുപത്രിയിലേക്ക് നീക്കി.
ഒന്നോ രണ്ടോ ദിവസം മാത്രമേ കുഞ്ഞിന് പ്രായം വരൂ. ആരോഗ്യനില തൃപ്തികരമാണ്. ഏതാനും ദിവസത്തിന് ശേഷം ഷാര്‍ജയിലെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റിക്ക് കുട്ടിയെ കൈമാറും.

 

Latest News