Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കരീബിയയിലെ ഇന്ത്യൻ വസന്തം

ബൂം ബൂം ബുംറ
അജിൻക്യ രഹാനെയും  ഹനുമ വിഹാരിയും

ട്വന്റി20 പരമ്പരയിൽ 3-0 വിജയം, ഏകദിന പരമ്പരയിൽ 2-0 വിജയം, ടെസ്റ്റ് പരമ്പരയിൽ 2-0 വിജയം. ഇതിനേക്കാൾ ആധികാരികമാവാനില്ല കരീബിയയിലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പ്രകടനം. വെസ്റ്റിൻഡീസിൽ നിന്ന് ഇന്ത്യ മടങ്ങുന്നത് അഭിമാനത്തോടെയാണ്. എട്ട് മത്സരങ്ങളാണ് പരമ്പരയിലുണ്ടായിരുന്നത്. ഒരു ഏകദിനം മഴ കാരണം മുടങ്ങി. ബാക്കി ഏഴു കളികളും ഇന്ത്യ ജയിച്ചു. പരമ്പരയിലെ എട്ട് മികച്ച പ്രകടനങ്ങളിലൂടെ...


1. നവദീപ് സയ്‌നി - 3-17, ഒന്നാം ട്വന്റി20
രാജ്യാന്തര ക്രിക്കറ്റിലെ ആദ്യ ഓവറിൽ നിക്കൊളാസ് പൂരാനെ ഷോട്‌ബോളിലൂടെ സയ്‌നി പുറത്താക്കി. അടുത്ത പന്തിൽ ഷിംറോൻ ഹെത്മയറെ ബൗൾഡാക്കി. കെരോൺ പോളാഡിനെ വിക്കറ്റിന് മുന്നിൽ കുടുക്കി തന്റെ ബൗളിംഗ് ക്വാട്ട പൂർത്തിയാക്കി. നാലോവറിൽ 17 റൺസിന് മൂന്നു വിക്കറ്റ്. സ്ഥിരമായി 150 കി.മീ വേഗത്തിൽ എറിയാൻ കഴിയുന്നുവെന്നതാണ് ഇരുപത്താറുകാരന്റെ ശക്തി. 

2. ദീപക് ചാഹർ, 3-4, മൂന്നാം ട്വന്റി20
മീഡിയംപെയ്‌സ്ബൗളർ വായുവിൽ പന്ത് കൊണ്ട് ചിത്രം വരക്കുകയായിരുന്നു. ഓഫ്‌സൈഡിനു പുറത്ത് പിച്ച് ചെയ്ത ശേഷം അതിവേഗം അകത്തേക്കു തിരിഞ്ഞ പന്തുകൾ താഴ്ന്നുവന്ന് എവിൻ ലൂയിസിന്റെയും ഹെത്മയറുടെയും പാഡുകളിൽ പതിച്ചു. രണ്ടാം ഓവറിൽ തന്നെ സുനിൽ നരേനെ പുറത്താക്കിയിരുന്നു. 3-1-4-3 ആയിരുന്നു മത്സരത്തിൽ ദീപകിന്റെ ബൗളിംഗ്. മാൻ ഓഫ് ദ മാച്ച് പ്രകടനം.

3. വിരാട് കോഹ്‌ലി, 125 പന്തിൽ 120, രണ്ടാം ഏകദിനം
നാൽപത്തിരണ്ടാം സെഞ്ചുറിയടിച്ചത് ആരാണെന്ന് നിങ്ങൾ തിരിച്ചറിഞ്ഞില്ലെങ്കിൽ വിരാട് കോഹ്‌ലിയുടെ പ്രകടനം ആ സംശയം തീർക്കും. ജഴ്‌സിയിലെ തന്റെ പേര് ആവർത്തിച്ചു ചൂണ്ടിക്കാട്ടിയാണ് ഇന്ത്യൻ നായകൻ സെഞ്ചുറി ആഘോഷിച്ചത്. ഇന്നിംഗ്‌സിനിടെ ഏകദിനത്തിലെ റൺകൊയ്ത്തിൽ സൗരവ് ഗാംഗുലിയെ കോഹ്‌ലി മറികടന്നു. ഇന്ത്യക്കാരിൽ ഇനി സചിൻ ടെണ്ടുൽക്കർ മാത്രമാണ് മുന്നിൽ. ശ്രേയസ് അയ്യരുമൊത്തുള്ള നാലാം വിക്കറ്റിൽ 125 റൺസ് കൂട്ടുകെട്ട്. 

 

4. ശ്രേയസ് അയ്യർ, 41 പന്തിൽ 65, മൂന്നാം ഏകദിനം
ശ്രേയസ് ബാറ്റ് ചെയ്യുമ്പോൾ ചെറുപ്പകാലത്തെ തന്നെ ഓർമ വരുന്നു എന്ന് കോഹ്‌ലി പറഞ്ഞതാണ് ഈ യുവ ബാറ്റ്‌സ്മാന് കിട്ടിയ ഏറ്റവും വലിയ അംഗീകാരം. രണ്ടാം ഏകദിനത്തിലും മൂന്നാം ഏകദിനത്തിലും ക്യാപ്റ്റനുമൊത്ത് ശ്രേയസ് സെഞ്ചുറി കൂട്ടുകെട്ടുകളുണ്ടാക്കി. നാലാം നമ്പർ ബാറ്റിംഗ് സ്ഥാനത്ത് ആളെ തെരഞ്ഞ ഇന്ത്യൻ ടീം മാനേജ്‌മെന്റിന് ആശ്വസിക്കാം. 

5. അജിൻക്യ രഹാനെ, 102, ഒന്നാം ടെസ്റ്റ്
2017 ഓഗസ്റ്റ് മൂന്നിനു ശേഷം രഹാനെ സെഞ്ചുറി വരൾച്ച അനുഭവിക്കുകയായിരുന്നു. പെരുമഴയെത്തിയത് 2019 ഓഗസ്റ്റ് 25 നായിരുന്നു. ആന്റിഗ്വയിലെ സെഞ്ചുറി ആഹ്ലാദത്തേക്കാൾ രഹാനെക്ക് ആശ്വാസമാണ്. ആദ്യ ഇന്നിംഗ്‌സിൽ ടീം മൂന്നിന് 25 ൽ പതറുമ്പോൾ ക്ഷമയോടെ നേടിയ 81 റൺസും രഹാനെക്ക് ആത്മവിശ്വാസം പകരും. 

6. ജസ്പ്രീത് ബുംറ, 5-7, ഒന്നാം ടെസ്റ്റ്
പുതിയ ആയുധവുമായാണ് ബുംറ ടെസ്റ്റ് പരമ്പരക്കെത്തിയത്. വലങ്കൈയൻ ബാറ്റ്‌സ്മാനോ ഇടങ്കൈയൻ ബാറ്റ്‌സ്മാനോ എന്നതൊന്നും ബുംറക്ക് പ്രശ്‌നമായിരുന്നില്ല. അതിവേഗം വളഞ്ഞുവന്ന പന്തുകൾ കളിക്കാൻ ബാറ്റ്‌സ്മാന്മാർ നിർബന്ധിതരായിരുന്നു. ഇടങ്കൈയന്മാരായ ജോൺ കാംബെലിന്റെയും ഡാരൻ ബ്രാവോയുടെയും സ്റ്റമ്പുകൾ തകർന്നു. ക്രയ്ഗ് ബ്രാതവൈറ്റ്, ഷായ് ഹോപ്, ജെയ്‌സൻ ഹോൾഡർ എന്നിവരും ബുംറയുടെ പൊള്ളുന്ന പന്തുകളിൽ വിക്കറ്റ് അടിയറ വെച്ചു. അഞ്ച് വിക്കറ്റ്, നാല് ബൗൾഡ്. ബുംറ സ്‌പെൽ അവസാനിപ്പിക്കുമ്പോഴേക്കും വിൻഡീസ് ഏഴിന് 37.

7. ഹനുമ വിഹാരി, 111, രണ്ടാം ടെസ്റ്റ്
ആറാം ടെസ്റ്റ് മാത്രം കളിക്കുന്ന ബാറ്റ്‌സ്മാൻ പക്വതയുള്ള ഇന്നിംഗ്‌സാണ് സബൈന പാർക്കിൽ കാഴ്ചവെച്ചത്. ഹനുമ ബാറ്റിംഗിന് വരുമ്പോൾ നാലിന് 164 ൽ അൽപം പ്രതിസന്ധിയിലായിരുന്നു ടീം. ഇശാന്ത് ശർമയുമൊത്തുള്ള സെഞ്ചുറി കൂട്ടുകെട്ട് 300 കടക്കില്ലെന്നു തോന്നിച്ച ടീമിനെ 416 ലെത്തിച്ചു.  

8. ജസ്പ്രീത് ബുംറ, 6-27, രണ്ടാം ടെസ്റ്റ്
ഹാട്രിക് ഉൾപ്പെടെ ആറു വിക്കറ്റ്. താൻ അപ്പീൽ പോലും ചെയ്യാതിരുന്ന പന്തിൽ ഹാട്രിക് ലഭിച്ചപ്പോൾ ബുംറക്ക് വിശ്വസിക്കാനായില്ല. ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ റിവ്യൂ ആണ് അനുകൂല വിധി നേടാൻ ടീമിനെ സഹായിച്ചത്. ടെസ്റ്റ് ക്രിക്കറ്റിൽ ഹാട്രിക് നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ബൗളറായി ബുംറ. ബുംറയുടെ ടെസ്റ്റ് കരിയർ 12 മത്സരങ്ങളേ പിന്നിട്ടിട്ടുള്ളൂ. കളിച്ച എല്ലാ രാജ്യങ്ങളിലും അഞ്ചു വിക്കറ്റ് പ്രകടനം കാഴ്ചവെച്ചു കഴിഞ്ഞു. ഒപ്പം ഹാട്രിക്കും. ബുംറയെ നേരിടാൻ വിധിക്കപ്പെടുന്ന ബാറ്റ്‌സ്മാന്മാരോട് സഹതാപമുണ്ട് എന്ന കോഹ്‌ലിയുടെ പ്രസ്താവനയോട് യോജിക്കുകയേ നിവൃത്തിയുള്ളൂ. 


 

Latest News