Sorry, you need to enable JavaScript to visit this website.

ചികിത്സാ പിഴവിനെ തുടര്‍ന്ന് ഷാര്‍ജയില്‍ മലയാളി യുവതി മരിച്ച സംഭവം; 78 ലക്ഷം നഷ്ടപരിഹാരം

ഷാര്‍ജ- കൊല്ലം പത്തനാപുരം സ്വദേശിയായ യുവതി ഷാര്‍ജയിലെ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് മരണപ്പെട്ട സംഭവത്തില്‍ കോടതി ഭര്‍ത്താവിന് നാലു ലക്ഷം ദിര്‍ഹം (78 ലക്ഷം രൂപ) നഷ്ടപരിഹാരം വിധിച്ചു. നഷ്ടപരിഹാരമായി 39 ലക്ഷവും കോടതി ചെലവിനത്തില്‍ മറ്റൊരു 39 ലക്ഷം രൂപയും മരിച്ച യുവതിയെ ചികിത്സിച്ച ഷാര്‍ജയിലെ ഡോ. സണ്ണി മെഡിക്കല്‍ സെന്ററും ഡോക്ടര്‍ ദര്‍ശന്‍ പ്രഭാത് രാജാറാം പി നാരായണരായും പിഴയടക്കണം. ഈ തുക മരണപ്പെട്ട ബ്ലെസി ടോമിന്റെ ഭര്‍ത്താവ് ജോസഫ് അബ്രഹാമിനും അവരുടെ രണ്ടു മക്കള്‍ക്കുമായി നല്‍കാനാണ് വിധി. 

ഷാര്‍ജാ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ നഴ്‌സ് ആയിരുന്ന ബ്ലെസി ടോം സ്തന രോഗാണുബാധയെ തുടര്‍ന്നാണ് 2015 നവംബറില്‍ ചികിത്സ തേടി ഈ ക്ലിനിക്കിലെത്തിയത്. നിയമപരമായ മുന്‍കരുതലുകളെടുക്കാതെ ഡോക്ടര്‍ രോഗയില്‍ ആന്റിബയോട്ടിക് കുത്തിവെച്ചതിനെ തുടര്‍ന്നാണ് ബ്ലെസിയുടെ ആരോഗ്യ നില വഷളായത്. മരുന്നിന്റെ റിയാക്ഷന്‍ കാരണം ഇവര്‍ അബോധാവസ്ഥയിലായി. അടിയന്തിര ചികിത്സയ്ക്കായി ഷാര്‍ജ അല്‍ ഖാസിമി ഹോസ്പിറ്റലിലേക്ക് മാറ്റിയെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ മരണം സംഭവിക്കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. നഴ്‌സായ ബ്ലെസി ഭര്‍ത്താവിനും രണ്ടു മക്കള്‍ക്കുമൊപ്പമാണ് ഷാര്‍ജയില്‍ കഴിഞ്ഞിരുന്നത്. ഭര്‍ത്താവ് ജോസഫ് അബ്രഹാം ദുബായ് മുനിസിപ്പാലിറ്റിയില്‍ ലാബ് അസിസ്റ്റന്റാണ്. 

ബ്ലെസിയുടെ മരണം ചകിത്സാപിഴവിനെ തുടര്‍ന്നാണെന്ന ജോസഫിന്റെ പരാതിയെ തുടര്‍ന്നാണ് സംഭവത്തില്‍ അന്വേഷണം നടന്നത്. 10 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു കേസ്. രോഗി മരിച്ചതറിഞ്ഞ ഡോക്ടര്‍ നിയമ നടപടിയില്‍ നിന്ന് രക്ഷപ്പെടാന്‍ യുഎഇ വിട്ടിരുന്നു.  ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റേയും ഇന്റര്‍പോളിന്റേയും സഹായത്തോടെ ഇപ്പോള്‍ ഇന്ത്യയിലുള്ള ഡോക്ടര്‍ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നും കുടുംബത്തിന് വേണ്ടി ഹാജരായ വക്കീല്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
 

Latest News