കല്യാണമോ കളിയാട്ടമോ

മലയാളിയുടെ വിവാഹാഘോഷ കാര്യപരിപാടികളിൽ പുതുമയും വെറൈറ്റിയും കൊണ്ട് മോടിപിടിപ്പിക്കുന്ന രണ്ട് ഇറങ്ങിപ്പുറപ്പെടലുകളാണ് പുതിയാപ്ല പോക്കും പുതുപ്പെണ്ണ് വരവും. ഒരു കാലത്ത് ഇതു രണ്ടും വെവ്വേറെ സമയങ്ങളിലായിരുന്നു നാട്ടുകാരണവന്മാർ ക്രമീകരിച്ചിരുന്നത്.
മലബാറിലെ കല്യാണം പുതിയാപ്പിളയെ തേടി പെണ്ണിന്റെ ഉറ്റ ബന്ധുക്കൾ ആദ്യം വരന്റെ വീട്ടിലെത്തും. ഭക്ഷണവും കുശലാന്വേഷണങ്ങളും കഴിഞ്ഞ് വരനും കൂട്ടരും ഇവർക്കൊപ്പം വധു ഗൃഹത്തിലേക്ക് പോവും. വിഭവ സമൃദ്ധമായ ഭക്ഷണവും കഴിച്ചു വരനും കൂട്ടരും തിരിച്ചുപോരും. അപ്പോഴേക്കും വധുവിനെ തേടി ഒരു കൂട്ടർ വധൂഗൃഹത്തിലേക്ക് പോവാനുള്ള ധിറുതി പിടിച്ച ഒരുക്കത്തിലായിരിക്കും. അവർ വധൂഗൃഹത്തിലെത്തി മണവാട്ടിയെ ചമഞ്ഞൊരുക്കിച്ച് വരന്റെ വീട്ടിലേക്ക് കൊണ്ടുവരും. വരന്റെ ഉമ്മയുടെ കൈകളിൽ ഏൽപിച്ചു സമാധാനത്തോടെ തിരിച്ചുപോകും.
സന്തോഷവും സന്താപവും സമ്മേളിക്കുന്ന മുഹൂർത്തങ്ങൾ സമ്മാനിച്ചാണ് ഓരോ കല്യാണത്തിനും തിരശ്ശീല വീഴുക. വിവാഹാഘോഷത്തിന് കാട്ടിക്കൂട്ടലുകളുടെ കോപ്രായ മുഖമാണ് ഇന്നത്തെ ന്യൂജൻ നൽകിക്കൊണ്ടിരിക്കുന്നത്. എന്തുമാവാമെന്ന ചോരത്തിളപ്പിന്റെ ന്യൂജൻ വേർഷൻ.


കാരണവൻമാർ പവിത്രതയോടെ കൈകാര്യം ചെയ്തിരുന്ന പുതിയാപ്പിള പോക്കും പുതുപെണ്ണിന്റെ വരവും ഇന്ന് പേക്കൂത്തുകളുടെ തള്ളിക്കയറ്റമായി മാറിയിരിക്കുന്നു. തെരുവ് സർക്കസിലെ കുരങ്ങിനെ പോലും നാണിപ്പിക്കും വിധം വരന്റെ സുഹൃത്തുക്കൾ ചെക്കനേയും പെണ്ണിനേയും കുരങ്ങു കളിപ്പിക്കുന്നു. കാട്ടു ജാതിക്കാർ പോലും ചെയ്യാൻ മടിക്കുന്ന കോമാളി ദൃശ്യങ്ങൾ.
ഇത്തരം പേക്കൂത്തുകൾ കാണിച്ചാലേ മണവാളന് മഹത്വം ഉണ്ടാവൂ എന്ന ചിന്തയിലേക്ക് ന്യൂജൻ മാറിയിരിക്കുന്നു. കാലം മാറുന്നതിനനുസരിച്ചു കോലവും മാറിത്തുടങ്ങി.
മലബാറിലെ മംഗല വീടുകളിലാണ് ഇന്നധികവും ഇത്തരം കാട്ടിക്കൂട്ടലുകൾ നടക്കുന്നത്. സാമ്പത്തികമായി പരാധീനതയിലുള്ളവർ ഇത്തരം കോപ്രായങ്ങൾക്ക് മനസ്സു കൊടുക്കുന്നില്ലെങ്കിലും സാമ്പത്തികമായി ഉയർന്ന കുടുംബങ്ങളാണ് അധികവും വിവാഹ സൽക്കാരങ്ങൾക്ക് മേമ്പൊടി ചേർക്കാണെന്നോണം തമാശയും അതിശയവും കലർത്തി സാഹസികതകൾ കാണിക്കുന്നത്.
ഈയിടെ കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഒരു വിവാഹ സൽക്കാരത്തിൽ പുതിയാപ്പിള പെണ്ണിന്റെ വീട്ടിലെത്തിയത് ജെ.സി.ബിയിലായിരുന്നു. എതിർപ്പ് വകവെക്കാതെ മണവാട്ടിയെയും കൊണ്ട് ജെ.സി.ബിയുടെ മണ്ണുകോരിയിൽ ഇരുന്നു സുഹൃത്തുക്കളുടെ സംഗീത അകമ്പടിയോടെ സ്വന്തം വീട്ടിലേക്കു പോയത് വീഡിയോ സഹിതം സോഷ്യൽ മീഡിയയിലും പത്ര മാധ്യമങ്ങളിലും വാർത്തയായിരുന്നു.


കാസർകോട് ജില്ലയിലെ ഉപ്പളയിൽ മണവാളനും മണവാട്ടിയും ഉന്തുവണ്ടിയിൽ കയറി വരന്റെ വീട്ടിലേക്കു പോയതും അറബിയ എന്ന പേരിൽ പ്രവാസ ലോകത്തറിയപ്പെടുന്ന മുച്ചക്രവണ്ടിയിൽ ഇരുത്തിച്ചു പുതിയോട്ടിയെ എഴുന്നള്ളിപ്പിച്ചു വാർത്തയായതും നമ്മുടെ മലയാളക്കരയിലാണ്.
മലപ്പുറത്ത് ഒരു കല്യാണ വീട്ടിൽ വരൻ വധുവിനെ തേടി എത്തിയത് ഗുഡ്‌സ് ഓട്ടോറിക്ഷയിലായിരുന്നു. ഇലയും വാഴയും കുറ്റിച്ചെടിയും കൊണ്ട് അലംകൃതമായ ഗുഡ്‌സ് വണ്ടിയിൽ പുതുമാരൻ വരുന്നത് കണ്ട് കണ്ണുതള്ളിപ്പോയ അമ്മോശൻ കാക്കയുടെ കഥ നാം കേട്ട് മറക്കാറായിട്ടില്ല.
കോഴിക്കോട് ജില്ലയിലെ വടകരയിൽ പ്രളയക്കെടുതിയുടെ നനവ് വാറ്റും മുമ്പേ നടന്ന ഒരു കല്യാണത്തിൽ ആർഭാടങ്ങളുടെ ആലസ്യത്തിൽ മുങ്ങി വരൻ എഴുന്നെള്ളിയത് ആനപ്പുറത്തായിരുന്നു. ഗജവീരൻ പുതുമാരനെയും കൊണ്ട് പെണ്ണിന്റെ വീട്ടിലെത്തുന്ന ഫോട്ടോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു.


സൈക്കിളിന്റെ പിൻസീറ്റിൽ പുതുനാരിയെ ഇരുത്തി സൈക്കിളിൽ കോമാളിവേഷം കെട്ടി പാട്ടും പാടി പുതുമാരൻ മന്ദംമന്ദം സുഹൃത്തുക്കൾക്കൊപ്പം നാട്ടുപാതയിലൂടെ ഗമിക്കുന്ന വീഡിയോ ആറു മാസം മുമ്പ് നാട്ടിലാകെ പാട്ടായിരുന്നു. ഏറനാടൻ പൗരുഷത്തിന്റെ പ്രതീകമായ അരപ്പട്ടയും ബനിയനും പിച്ചാത്തിയും ധരിച്ചു പുതിയാപ്പിള പുറപ്പെട്ടതും മലബാറിലെ കല്യാണ കോപ്രായങ്ങളിൽ ചിലതു മാത്രമാണ്. 
മലബാറിന്റെ കല്യാണപ്പെരുമയെ കളങ്കപ്പെടുത്തുന്ന പുതിയ തരം വൈകൃത രൂപങ്ങൾ വരന്മാർ തെരഞ്ഞെടുക്കുമ്പോൾ ഇവിടങ്ങളിൽ തകർന്നടിയുന്നത് കാലങ്ങളായി കൈമാറിപ്പോന്ന സാംസ്‌കാരിക മൂല്യങ്ങളാണ്. സന്തോഷം അതിന്റെ പാരമ്യതയിൽ എത്തുമ്പോൾ പഴമക്കാർ ഒപ്പന പാടി ആനയിച്ചു കൊണ്ടുവന്നിരുന്ന പുതുപ്പെണ്ണിനെയും വരനെയും ഇന്ന് ചെണ്ട മേളവും ബാന്റ് മേളവും വെടിക്കെട്ടും കൊണ്ട് വികലപ്പെടുത്തിയിരിക്കുന്നു. 
 

Latest News