Sorry, you need to enable JavaScript to visit this website.
Wednesday , August   10, 2022
Wednesday , August   10, 2022

ഹലീമ ബീവി, അണയാത്ത വിളക്ക്...

ചുറ്റിലും മലവെള്ളം കണക്കെ കുത്തിയൊലിച്ചെത്തുന്ന എതിർപ്പുകൾ നീന്തിക്കടന്നാണ് ഹലീമ ബീവി സ്‌കൂൾ വിദ്യാഭ്യാസം നേടിയത്. ഈ പ്രതിസന്ധികൾ മറികടന്ന് അവർ ഏഴാം തരം വരെ പഠിച്ചു. ഉമ്മയുടെ ചിന്തകളും വിദ്യാഭ്യാസത്തിലൂടെ കൈവരുന്ന ആലോചനകളും സമൂഹം ചാർത്തിത്തരുന്ന മുദ്രകളുമൊക്കെ കൂടി ബാലികയായ ഹലീമ ബീവിയുടെ ചിന്താമണ്ഡലത്തെ സംഘർഷത്തിലാക്കിയിരുന്നു. വീട്ടിൽ നിന്നും വിദ്യാലയത്തിൽനിന്നും നേടുന്ന  പുരോഗമനാശയങ്ങളും സമൂഹത്തിൽ നിന്നുള്ള എതിർപ്പുകളും തമ്മിലുള്ള വൈരുധ്യം അവരുടെ ചിന്തകളെ സ്ത്രീയവസ്ഥകളിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നതിന് ആവശ്യമായ പശ്ചാത്തലമായി പണ്ടേ പ്രവർത്തിച്ചിട്ടുണ്ടാകണം. 

നാട്ടിൽ മതപ്രസംഗം നടക്കുകയാണ്. മലബാറിൽനിന്നുള്ള ഒരു മതപണ്ഡിതന്റെ പ്രസംഗം അരങ്ങു തകർക്കുന്നു. നൂറുകണക്കിനു സ്ത്രീപുരുഷന്മാർ പ്രസംഗം കേൾക്കാൻ തടിച്ചുകൂടിയിട്ടുണ്ട്. നാലാമത്തെ ദിവസമെത്തി. വിദ്യാഭ്യാസത്തിന് ഇസ്‌ലാം നൽകാത്ത ഒരു നിർവചനം അദ്ദേഹം സ്വന്തമായി നൽകി. അനാചാരങ്ങളും അതിലുള്ള വിശ്വാസവുമാണ് ഇസ്‌ലാമിന്റെ മൗലികാദർശങ്ങൾ എന്ന് സമർത്ഥിച്ചു. സദസ്സിൽനിന്ന് ഹലീമ ബീവിയും കൂട്ടുകാരും എണീറ്റു. പണ്ഡിതന് നേരെ ചോദ്യശരങ്ങൾ ഉയർന്നു.  പ്രതിഷേധമുയർന്നു. പറയാനുള്ളതെല്ലാം പറഞ്ഞുതീർത്ത് കുറെ സ്ത്രീകളോടൊപ്പം ഹലീമ ബീവി ഇറങ്ങിപ്പോന്നു. ഇറങ്ങിപ്പോരും മുമ്പ് ഹലീമ ബീവി ഒരു വെല്ലുവിളി കൂടി നടത്തി. ഇസ്‌ലാമിനെക്കുറിച്ച് വൃത്തിയായി പ്രസംഗിക്കാൻ കഴിവുള്ളവരെ അടുത്ത ദിവസം ഇതേ സ്ഥലത്ത് പ്രസംഗിപ്പിക്കും എന്നായിരുന്നു വെല്ലുവിളി. പിറ്റേ ദിവസം മുതൽ ആ വേദിയിൽ കെ.എം. മുഹമ്മദ് മൗലവി,  അസ്‌ലം മൗലവി, എം. അബ്ദുസ്സലാം ഐ.എ.എസ് തുടങ്ങിയവർ പ്രസംഗിച്ചു. 
കേരളത്തിലെ മുസ്‌ലിം ചരിത്രത്തിൽ ഏറെ സ്വാധീനം ചെലുത്തിയ ഹലീമ ബീവിയുടെ ജീവിതത്തിലെ ഒരു കൊച്ചുസംഭവം മാത്രമാണിത്. കേരളത്തിന്റെ സ്ത്രീ ചരിത്രത്തിൽ ഒരു കാലഘട്ടത്തിന്റെ പ്രതിനിധി കൂടിയായിരുന്നു ഹലീമ ബീവി. 
കേരള നവോത്ഥാന മുന്നേറ്റവും ഇന്ത്യൻ സ്വാതന്ത്ര്യ സമരവും ചൂടുപിടിച്ചു നിൽക്കുന്ന ഘട്ടത്തിലായിരുന്നു ഹലീമ ബീവിയുടെ ജനനം. 1918 ൽ പത്തനംതിട്ടയിലെ അടൂരിൽ. നവോത്ഥാനാശയങ്ങൾ നാടിന്റെ സിരകളിൽ ത്രസിക്കുന്ന കാലഘട്ടമായിരുന്നു അത്. സ്വാതന്ത്ര്യമെന്ന ലക്ഷ്യം ഓരോ മനുഷ്യന്റെയും സ്വപ്‌നമായ കാലം കൂടിയായിരുന്നു അത്. ഈ ലക്ഷ്യവും സ്വപ്‌നവും ഒഴിഞ്ഞുള്ള നിലപാടുകൾ ഹലീമ ബീവിയുടെ കുടുംബത്തിനുണ്ടായിരുന്നില്ല. ഹലീമ ബീവിക്ക് ചെറുപ്പത്തിൽ തന്നെ പിതാവിനെ നഷ്ടമായി. ഹലീമ ബീവി ഉൾപ്പെടെ ഏഴു മക്കളുടെയും ചുമതല മാതാവ് മൈതീൻ ബീവി ഒറ്റയ്ക്ക് ചുമലിലേറ്റിത്തുടങ്ങി. ഏഴു മക്കളിൽ രണ്ടുപേർ നന്നേ ചെറുപ്പത്തിലേ മരിച്ചു. ബാക്കിയായത് മൂന്ന് പെണ്ണും രണ്ടാണും.


ഹലീമ ബീവിയുടെ ജീവിതത്തെ സസൂക്ഷ്മം വിലയിരുത്തിയാൽ അതിന്റെ പടവുകളിലുടനീളം ദൃശ്യവും അദൃശ്യവുമായ കരുത്തായി മൈതീൻ ബീവിയെ കാണാം. ഇഛാശക്തിയും ധൈര്യവും ചിന്താശേഷിയും ഒത്തിണങ്ങിയ അസാധാരണ പ്രതിഭയുള്ള വീട്ടമ്മയായിരുന്നു അവർ. അക്കാലത്തെ സാധാരണ മുസ്‌ലിം സ്ത്രീകളുമായി താരതമ്യം ചെയ്യുമ്പോൾ തിളങ്ങുന്ന താരം. മികച്ച വായനാശീലത്തിന്റെ ബലത്തിൽ ഉയർന്ന ഭാഷാശേഷിയും വിശാല ചിന്തയും അവർ കയ്യടക്കിയിരുന്നു. ഹലീമ ബീവി എന്ന  മഹാവൃക്ഷം വളർന്നത് മൈതീൻ ബീവി എന്ന വളക്കൂറുള്ള മണ്ണിൽ വേരുകളാഴ്ത്തിയായിരുന്നു. പെൺകുട്ടികൾ,  പ്രത്യേകിച്ചും മുസ്‌ലിം പെൺകുട്ടികൾ വിദ്യാഭ്യാസം നേടാത്ത കാലമായിരുന്നു അത്. ഭൗതിക വിദ്യാഭ്യാസം നേടുന്നത് നിഷിദ്ധമാണെന്ന് പ്രചരിപ്പിക്കാൻ പൗരോഹിത്യം നാടു ചുറ്റുകയായിരുന്നു. നാലാം  ക്ലാസ് വിദ്യാർഥിനിയായിരിക്കേ താൻ കേട്ട മതപ്രഭാഷണത്തിലെ ഒരു ഭാഗം 1965 ൽ കോഴിക്കോട്ട് രൂപീകരിച്ച മുസ്‌ലിം എഡ്യുക്കേഷൻ സൊസൈറ്റിയുടെ സുവനീറിൽ ഹലീമ ബീവി ഓർത്തെടുക്കുന്നുണ്ട്.
''മുസ്‌ലിം സ്ത്രീകളെ കയ്യെഴുത്ത് പഠിപ്പിക്കരുത്, അവരെ മാളിക മുകളിൽ താമസിപ്പിക്കരുത്, അവർ സൂറത്തുന്നൂറും നൂൽനൂൽപും പഠിപ്പിച്ചാൽ മതി. ഇതാണ് ഇസ്‌ലാമിന്റെ വിധി. ഇതിന് വീപരീതമായി പ്രവർത്തിക്കുന്നവർ ഇസ്‌ലാമിനു പുറത്താണ്. ഇസ്‌ലാമിന്റെ കൽപന ബഹുമാനിക്കാതെ മറ്റുമതക്കാരെപ്പോലെ പള്ളിക്കൂടത്തിൽ പഠിക്കാൻ പോകുന്ന പഹച്ചികൾ എല്ലാം നരകത്തിലാണ്. അവർക്ക് പാത്തുമ്മാബീവി നാച്ചിയാരുടെ ഷഫാഅത്തു കിട്ടുകയോ അവർ സുബർക്കത്തിൽ കടക്കുകയോ ഇല്ല.'' ഇങ്ങനെ നരകത്തീ കാട്ടി മുസ്‌ലിം സ്ത്രീകളെ വിദ്യാഭ്യാസത്തിനു പുറത്ത് നിർത്തിയിരുന്ന കാലത്താണ് മൈതീൻ ബീവി തന്റെ പെൺകുട്ടികളെ നരകത്തീയിൽ വേവുന്ന പഹച്ചികളാക്കാൻ വിടുന്നത്.
ഹലീമ ബീവിയുടെ മൂത്ത സഹോദരിയെ അവർ ധൈര്യപൂർവം അടൂർ സ്‌കൂളിലേക്കയച്ചു. ചുറ്റുമുള്ള യാഥാസ്ഥിതികർക്ക് കലിയിളകാൻ മറ്റെന്തു വേണം. ശക്തമായ എതിർപ്പുകളുണ്ടായി. അതൊന്നും കാര്യമാക്കുന്ന കൂട്ടത്തിലായിരുന്നില്ല തന്റെ ഉമ്മ എന്ന് ചന്ദ്രിക ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ബഷീർ രണ്ടത്താണിയുമായുള്ള അഭിമുഖത്തിൽ ഹലീമ ബീവി സാക്ഷ്യപ്പെടുത്തുന്നു. ഹലീമ ബീവിയെ കൂടി സ്‌കൂളിലയച്ച് തന്റെ ധൈര്യവും മനസ്സുറപ്പും അവർ ലോകത്തോട് വിളിച്ചുപറഞ്ഞു. ഒരു വേള യാഥാസ്ഥിതികരുടെ എതിർപ്പിന്റെ ആധിക്യത്താൽ മക്കളെ സ്‌കൂളിലെത്തിക്കാനും തിരികെ കൊണ്ടുവരാനും സുരക്ഷക്കായി പ്രത്യേകം ആളുകളെ ചുതമലപ്പെടുത്തേണ്ടി വന്നു.  
ചുറ്റിലും മലവെള്ളം കണക്കെ കുത്തിയൊലിച്ചെത്തുന്ന എതിർപ്പുകൾ നീന്തിക്കടന്നാണ് ഹലീമ ബീവി സ്‌കൂൾ വിദ്യാഭ്യാസം നേടിയത്. ഈ പ്രതിസന്ധികൾ മറികടന്ന് അവർ ഏഴാം തരം വരെ പഠിച്ചു. ഉമ്മയുടെ ചിന്തകളും വിദ്യാഭ്യാസത്തിലൂടെ കൈവരുന്ന ആലോചനകളും സമൂഹം ചാർത്തിത്തരുന്ന മുദ്രകളുമൊക്കെ കൂടി ബാലികയായ ഹലീമ ബീവിയുടെ ചിന്താമണ്ഡലത്തെ സംഘർഷത്തിലാക്കിയിരുന്നു. വീട്ടിൽ നിന്നും വിദ്യാലയത്തിൽനിന്നും നേടുന്ന  പുരോഗമനാശയങ്ങളും സമൂഹത്തിൽ നിന്നുള്ള എതിർപ്പുകളും തമ്മിലുള്ള വൈരുധ്യം അവരുടെ ചിന്തകളെ സ്ത്രീയവസ്ഥകളിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നതിന് ആവശ്യമായ പശ്ചാത്തലമായി പണ്ടേ പ്രവർത്തിച്ചിട്ടുണ്ടാകണം. വിദ്യാഭ്യാസം നേടുന്ന സ്ത്രീകൾ നരകാവകാശികളാണെന്ന് ചെറുപ്പത്തിൽ താൻ കേട്ട പ്രസംഗം ഹലീമ ബീവിയിൽ പേടിയും പാപബോധവും സൃഷ്ടിച്ചിരുന്നു. തന്റെ തെറ്റായ അപരാധ ബോധത്തിന് ഒരു വ്യതിയാനമുണ്ടായത് പിന്നീട് ഇടവാ ബറാകത്തുൽ മുസ്‌ലിമീൻ സംഘത്തിന്റെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിച്ച സ്‌നേഹോപഹാരം എന്ന ഗ്രന്ഥത്തിൽ പരിഷ്‌കൃതാശയനായ ഒരു മൗലവി മുസ്‌ലിം സ്ത്രീ വിദ്യാഭ്യാസത്തെ പറ്റി എഴുതിയ ലേഖനം വായിച്ചപ്പോഴായിരുന്നു. 

 


നായർ കുട്ടികളായിരുന്നു ഹലീമ ബീവിയുടെ സ്‌കൂളിൽ ബഹുഭൂരിപക്ഷവും. അതുകൊണ്ട് എൻ.എസ്.എസിന്റെ ശക്തമായ പ്രവർത്തനം സ്‌കൂളിനെ ചുറ്റിപ്പറ്റിയുണ്ടായിരുന്നു. എൻ.എസ്.എസ് പെൺകുട്ടികളുടെ പ്രത്യേക യോഗങ്ങൾ വിളിക്കുകയും കൂട്ടായ്മകൾ രൂപീകരിക്കുകയും ചെയ്യുന്നത് ഹലീമ ബീവിയിൽ താത്പര്യമുണർത്തി. മുസ്‌ലിം സ്ത്രീകളുടെ ഉന്നമനത്തിന് ഇത്തരം കൂട്ടായ്മകൾ ആവശ്യമാണെന്ന് അന്നേ തോന്നിയിരുന്നതായി ഹലീമ ബീവി പിന്നീട് പറഞ്ഞു. യോഗത്തിലേക്ക് ക്ഷണം കിട്ടിയില്ലെങ്കിലും പുറത്തുനിന്ന് യോഗപ്രവർത്തനങ്ങളും കൂട്ടായ്മയുടെ രീതികളുമൊക്കെ കണ്ടു മനസ്സിലാക്കാനും അവർക്ക് ധാരാളം അവസരങ്ങൾ ലഭിച്ചു.
വിദ്യാർഥിയായിരുന്ന സമയത്തു തന്നെ ഹലീമ ബീവി നല്ല വായനക്കാരിയും സാഹിത്യ തൽപരയുമായിരുന്നു. അൽ മനാർ വിശേഷാൽ പ്രതിയിൽ എഴുതിയ അനുഭവങ്ങളിലേക്ക് ഒരെത്തിനോട്ടം എന്ന ലേഖനത്തിൽ വിദ്യാർഥിയായിരുന്ന കാലത്തു തന്നെ തിരൂരങ്ങാടിയിലെ കെ.എം. മൗലവിയുടെ പത്രാധിപത്യത്തിൽ പ്രസിദ്ധീകരിച്ചിരുന്ന അൽമുർശിദ് വായിക്കാൻ തനിക്ക് ഭാഗ്യമുണ്ടായതായി അവർ പറയുന്നുണ്ട്. അറബി മലയാളം ശരിക്ക് വായിക്കാനാറിയാത്ത കാലമായിരുന്നു അത്. എങ്കിലും അറബി മലയാള ലിപികളേക്കാൾ വിഷമം അതിലെ പ്രതിപാദ്യ വിഷയങ്ങൾ ഗ്രഹിക്കാനായിരുന്നു എന്ന് അവരോർക്കുന്നു. ഏതാണ്ട് ഒരു വർഷം നീണ്ടുനിന്ന അൽമുർശിദിന്റെ വായനയും മനനവും തങ്ങളുടെ കുടുംബങ്ങളിൽ  നിലനിന്നിരുന്ന മാതാചാരങ്ങൾ നിരർഥകമാണെന്ന ബോധ്യം ഉള്ളിലുറക്കാൻ സഹായിച്ചു. വായിക്കുകയും ജ്ഞാന സമ്പാദനത്തിന്റെ അടിസ്ഥാനത്തിൽ ചിന്തിക്കുകയും തീരുമാനിക്കുകയും ചെയ്യുന്ന ഹലീമ ബീവി കൗമാര കാലഘട്ടത്തിൽ തന്നെ ഉയിരെടുക്കുന്നുണ്ട്. ശൈശവ വിവാഹം വ്യാപകമായിരുന്ന സമയമായിരുന്നെങ്കിലും പതിനേഴാം വയസ്സു വരെ ആ ക്രൂരതക്കു വിട്ടുകൊടുക്കാതെ മൈതീൻ ബീവി മകളെ കാത്തു. പതിനേഴാം വയസ്സിൽ വിവാഹം ചെയ്തതാകട്ടെ, പിന്നീടങ്ങോട്ടുള്ള യാത്രയിലുടനീളം ബൗദ്ധികമായും ഭൗതികമായും ആത്മീയമായും കൂടെ നിന്ന കെ.എം. മുഹമ്മദ് എന്ന പണ്ഡിതനും.
കെ.എം. മുഹമ്മദ് മൗലവി എന്ന മുഹമ്മദ് പിള്ളക്ക് ഹലീമ ബീവി എന്ന പ്രസാധകയിലും സാമൂഹ്യ പ്രവർത്തകയിലും ഗുണപരമായ ധാരാളം സ്വാധീനം ചെലുത്താൻ കഴിഞ്ഞിട്ടുണ്ട്. വക്കം മൗലവിയുടെ ശിഷ്യനായിരുന്നു മുഹമ്മദ് മൗലവി. വക്കം മൗലവിയുടെ നവോത്ഥാനാശയങ്ങൾ അദ്ദേഹത്തിൽ ആഴത്തിൽ വേരൂന്നിയിരുന്നു. അറബിയിൽ തികഞ്ഞ പാണ്ഡിത്യം അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഖുർആന്റെ പരിഭാഷയും വിശദീകരണവുമടങ്ങുന്ന ബൃഹദ് ഗ്രന്ഥം അദ്ദേഹം രചിച്ചിരുന്നു. പലവിധ കാരണങ്ങളാൽ അതിന് അച്ചടി മഷി കാണാനുള്ള ഭാഗ്യമുണ്ടായില്ല. 
കോതമംഗലത്തിനടുത്ത് പല്ലാരിമംഗലം സ്വദേശിയായിരുന്നു മൗലവി. തിരുവല്ല സ്‌കൂളിൽ അറബി അധ്യാപകനായി ജോലി ചെയ്തു. അവിടെ തന്നെയായിരുന്നു താമസവും. ഹലീമ ബീവിയുടെ സഹോദരനുമായി അദ്ദേഹത്തിന് സൗഹൃദമുണ്ടായിരുന്നു. ആ ബന്ധമാണ് ഹലീമ ബീവിയെ അറിയാനും കർമോത്സുകരായ ഒരു ഇണ ജീവിതത്തിന് പ്രാരംഭം കുറിക്കാനും വഴിതെളിച്ചത്. വിവാഹാനന്തരം തിരുവല്ലയായി ഹലീമ ബീവിയുടെ തട്ടകം.
ഉമ്മയിൽ നിന്നു കണ്ടുശീലിച്ച കൂസലില്ലായ്മയും ചിന്താശേഷിയും സാമാന്യ വിദ്യാഭ്യാസവും  സ്വതവേ ഉണ്ടായിരുന്ന ഹലീമ ബീവിക്ക് ഭർത്താവിൽ നിന്ന് വക്കം മൗലവിയുടെ നവോത്ഥാനാശയങ്ങൾ കൂടി പകർന്നുകിട്ടി. 
കെ.എം. മൗലവി അക്കാലത്ത് അൻസാരി എന്ന പേരിലുള്ള മാസിക നടത്തിവന്നിരുന്നു. ഹലീമ ബീവിയുടെയുള്ളിലെ വിജ്ഞാന ത്വരയെയും പത്രപ്രവർത്തകയെയും ഉണർത്തിവിടാൻ അൻസാരിയുമായുള്ള ബന്ധം സഹായിച്ചു. മുസ്‌ലിം സ്ത്രീകളുടെ പുരോഗമനം ലക്ഷ്യമാക്കി പ്രവർത്തിക്കാൻ ഒരു മാസിക വേണമെന്നത് മൗലവിയുടെയും ആഗ്രഹമായിരുന്നു. അങ്ങനെ 1938 മേട മാസത്തിൽ മുസ്‌ലിം വനിത തിരുവല്ലയിൽ നിന്നും പ്രസിദ്ധീകരണമാരംഭിച്ചു. ഹലീമ ബീവിയായിരുന്നു പത്രാധിപ. പിന്നീടങ്ങോട്ട് വനിത, ഭാരത ചന്ദ്രിക, ആധുനിക വനിത തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപയായും പ്രസാധകയുമായുമൊക്കെ കേരളം അവരെ കണ്ടു. അവയുടെ താളുകളിലും അൽമനാർ തുടങ്ങിയ മാസികകളിലും സുവനീറുകളിലുമൊക്ക ഹലീമ ബീവി എന്ന പേരിന് താഴെ അനവധി ലേഖനങ്ങൾ മലയാളികളുടെ കൈവശമെത്തി. നിരവധി വനിതാ സമ്മേളനങ്ങൾ സംഘടിപ്പിക്കുകയും രാഷ്ട്രീയ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. രാഷ്ട്രീയ പ്രവർത്തനം അവരെ ജയിലിൽ അടക്കുന്നതിലേക്ക് നയിച്ചു. തിരുവല്ലയുടെ മുനിസിപ്പൽ കൗൺസിലർ സ്ഥാനവും ഹലീമ ബീവിയിൽ വന്നുചേർന്നു. 
അക്കാലത്തെ മുസ്‌ലിം സ്ത്രീക്ക് നിഷിദ്ധമായി കൽപിക്കപ്പെട്ടിരുന്ന മേഖലകളിലാണ് ഹലീമ ബീവി തന്റേതായ സിംഹാസനമിട്ട് ഉപവിഷ്ടയായത്. മുസ്‌ലിം സ്ത്രീക്ക് അസാധാരണമായിരുന്ന ഈ ജീവിതം ഹലീമ ബീവിക്ക് സമ്മാനിച്ചത് നിരന്തര ജീവിത ക്ലേശങ്ങളായിരുന്നു. ആദ്യത്തെ മാസിക 'മുസ്‌ലിം  വനിത' തന്നെ ധാരാളം എതിർപ്പുകളുണ്ടാക്കി. സാമ്പത്തികമായി വലിയ ബാധ്യതയുണ്ടായി. സ്വന്തമായ പ്രസുണ്ടാക്കാൻ നടത്തിയ ശ്രമങ്ങൾക്കൊടുവിൽ 1964 ൽ വീടും പറമ്പും വിൽക്കേണ്ടി വന്നു. ക്ലേശങ്ങൾ മാത്രം നിറഞ്ഞ ഈ കാലഘട്ടത്തിൽ വാടക വീടുകളിൽനിന്ന് വാടക വീടുകളിലേക്കുള്ള കൂടുമാറ്റമായിരുന്നു. തന്റെ കൈക്കുഞ്ഞിനെയും എടുത്തുകൊണ്ട് മാസികയുടെ പ്രചാരണാർഥം തലശ്ശേരി വരെ സഞ്ചരിക്കാൻ അവർക്കൊരു മടിയുമുണ്ടായില്ല. ഏതാണ് കാലമെന്ന് കൂടി ഓർക്കണം. വാർത്താവിനിമയ സംവിധാനങ്ങൾ തീരെയില്ലാത്ത ഒരു കാലമായിരുന്നു അത്. 
മുസ്‌ലിം സ്ത്രീയുടെ ഉന്നമനത്തിനായുള്ള അടങ്ങാത്ത അഭിവാഞ്ഛ സാമ്പത്തിക സ്ഥിരതയില്ലായ്മയും അലച്ചിലുകളുമാണ് സമ്മാനിച്ചത്. അപ്പോഴും വാടക വീടുകളുടെ പരിമിത സൗകര്യത്തിലിരുന്ന് അവർ കർമനിരതയാവുകയും മക്കളെ പോറ്റിവളർത്തുകയും ചെയ്തു. മക്കളുടെ വിദ്യാഭ്യാസത്തിലും അവർ ഏറെ ശ്രദ്ധ വെച്ചു. മകൾ നഫീസത്ത് ബീവിക്ക് അധികമൊന്നും വിദ്യാഭ്യാസം നൽകാനാവാത്തത് അവർക്ക് വലിയ സങ്കടമായിരുന്നു. ഇക്കാലത്തൊക്കെയും മതവിദ്യാഭ്യാസം കുറവായ ഹലീമ ബീവി കെ.എം മൗലവിയിൽ നിന്ന് മതപാഠ പഠനങ്ങളും തുടർന്നു. ഇടക്കാലത്ത് ഭാരത ചന്ദ്രിക പ്രസുണ്ടാക്കിയ സാമ്പത്തിക ബാധ്യത കുറേക്കാലം ഹലീമ ബീവിയെ പ്രസാധക സംരംഭങ്ങളിൽ നിന്ന് അകറ്റിനിർത്തി. എങ്കിലും ഉള്ളിലെ തീയെ അധികകാലം അകറ്റി നിർത്താൻ ആവില്ലല്ലോ. ആധുനിക വനിതയുമായി അവർ പൂർവാധികം ശക്തിയോടെ രംഗപ്രവേശം ചെയ്തു. പക്ഷേ ആ കൊടുങ്കാറ്റ് അധികകാലം വീശിയില്ല. മൗലവിയുടെ രോഗങ്ങളും  വാർധക്യ സഹജമായ അസുഖങ്ങളും ഹലീമ ബീവിയെ വീടിനകത്ത് തളച്ചിട്ടു. കണ്ണിൽനിന്ന് കാഴ്ച പൂർണമായും അകന്നുപോകുന്ന കാലം വരെ ഹലീമ ബീവി വായിച്ചിരുന്നുവെന്ന് പേരക്കുട്ടി സാക്ഷ്യപ്പെടുത്തുന്നു. കണ്ണട വെച്ച് ഒരു പുസ്തകവും കൈയിൽ പിടിച്ചിരിക്കുന്ന ഹലീമ ബീവിയാണ് അദ്ദേഹത്തിന്റെ മനസ്സു നിറയെ. അക്കാലത്ത് കുറേക്കാലം തിരുവനന്തപുരത്ത് സിഡ്‌കോയിൽ ജോലിയുള്ള മകന്റെ കൂടെയായിരുന്നു ഹലീമ ബീവിയുടെ താമസം. 1992 ൽ മുഹമ്മദ് മൗലവി നിര്യാതനായതോടെ ഹലീമ ബീവി പൂർണമായും പൊതുജീവിതത്തിൽനിന്ന് പിൻമാറി. മകൾ നഫീസ ജീവിതത്തിൽ നിന്ന് പിൻമാറി. മകൾ നഫീസ ബീവിയോടൊപ്പം പെരുമ്പാവൂരിലായിരുന്നു അവസാന കാലത്ത് താമസിച്ചിരുന്നത്. 2000 ജനുവരി 14 ന് പോരാട്ട വീര്യം നിറച്ചുവെച്ച ആ പെൺജീവിതം അവസാനിച്ചു. 
മികച്ച അധ്യാപികക്കുള്ള അവാർഡ് ജേതാവും തിരൂർ ബോയ്‌സ് റിട്ടയേർഡ് ഹെഡ്മിസ്ട്രസും തിരൂർ നഗരസഭാ കൗൺസിലറുമായിരുന്ന അൻസാർ ബീഗം, നഫീസ ബീവി, പരീങ്കണ്ണി യു.പി.എസ് സ്‌കൂൾ റിട്ടയേർഡ് ഹെഡ്മിസ്ട്രസായ ജമീല ബീവി, തിരുവനന്തപുരം സിഡ്‌കോ ജനറൽ മാനേജർ മുഹമ്മദ് അഷ്‌റഫ് എന്നിവരാണ് ഹലീമ ബീവിയുടെ മക്കൾ. അൻസാർ ബീഗവും ജമീല ബീവിയും ഇപ്പോഴും ഉമ്മയുടെ ഓർമകളുമായി നമുക്കിടയിലുണ്ട്. 

(ഹലീമ ബീവിയുടെ ഉടൻ പ്രസിദ്ധീകരിക്കാനിരിക്കുന്ന ജീവചരിത്രത്തിൽനിന്ന്)

Latest News