Sorry, you need to enable JavaScript to visit this website.

ഉള്ളം പൊള്ളിക്കുന്ന വരകൾ

എൻ.കെ.പി. മുത്തുക്കോയ

ഇന്ത്യൻ ചിത്രകലയിലെ സർറിയലിസ്റ്റ് പ്രസ്ഥാനത്തിന് ശ്രദ്ധേയമായ നിരവധി സംഭാവനകൾ നൽകി മലയാളിയുടെ അഭിമാനമായ മാറിയ ചിത്രകാരനാണ് എൻ.കെ.പി.  മുത്തുക്കോയ. വരയിലെ തീവ്രഭാവങ്ങളിലൂടെ മനുഷ്യരുടെഉള്ളം പൊള്ളിക്കുന്നതാണ് അദ്ദേഹത്തിന്റെ ചിത്രകലാരീതി. കലയെ സാമൂഹ്യ വിമർശനത്തിനുള്ള ഉപാധി എന്ന നിലയിൽ ഉപയോഗിക്കുന്നതിൽ അസാധാരണ വൈഭവമാണ് അദ്ദേഹം പ്രകടിപ്പിക്കുന്നത്. കല, കലയ്ക്ക് വേണ്ടി എന്ന വാദത്തെ പൊളിച്ചെഴുതി, കല മനുഷ്യ നന്മയ്ക്ക് വേണ്ടി എന്ന ലക്ഷ്യത്തിനായി പുതുക്കിപ്പണിയാനുള്ള ശ്രമമാണ് തന്റേത് എന്നദ്ദേഹം വ്യക്തമാക്കുകയും ചെയ്യുന്നു. വരയ്ക്കാനുള്ള കഴിവ് ദൈവികമാണെന്ന് വിശ്വസിക്കുന്ന കോയ, അതുകൊണ്ടു തന്നെ അത് മനുഷ്യ വംശത്തിന് ഗുണകരമാംവിധം ഉപയോഗിക്കണമെന്ന ഉറച്ച ശാഠ്യമുള്ള കൂട്ടത്തിലുമാണ്. മാഹി, തലശ്ശേരി, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിലായി നടന്ന തന്റെ ചിത്ര പ്രദർശനത്തിന്റെ പ്രചാരണാർഥം കണ്ണൂരിലെത്തിയ മുത്തുക്കോയ ഈ അഭിമുഖത്തിൽ മനസ്സു തുറക്കുകയാണ്.


1941 ൽ ലക്ഷദ്വീപിലെ ആന്ത്രോത്തിലാണ് മുത്തുക്കോയയുടെ ജനനം. അദ്ദേഹത്തിന്റെ കുട്ടിക്കാലത്ത് ദ്വീപിലുണ്ടായ ശക്തമായ കൊടുങ്കാറ്റിൽ സർവവും നഷ്ടപ്പെട്ട കുടുംബം കണ്ണൂരിലേക്ക് രക്ഷപ്പെടുകയായിരുന്നു. കണ്ണൂരിലെ അറയ്ക്കൽ രാജവംശത്തിന്റെ താവഴിയിലെ അംഗമാണ് അദ്ദേഹത്തിന്റെ മാതാവ്. ആദ്യം കണ്ണൂരിലെത്തിയ കുടുംബം താമസിയാതെ പഴയങ്ങാടിയിലേക്ക് നീങ്ങി. എരിപുരം യു.പി സ്‌കൂൾ, മാടായി ഗവൺമെന്റ് ഹൈസ്‌കൂൾ, കോഴിക്കോട് എലത്തൂർ ഹൈസ്‌കൂൾ എന്നിവിടങ്ങളിലായി സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.
ആയിടയ്ക്കാണ് മൂത്ത സഹോദരി, സാറ വസൂരി രോഗം വന്ന് മരിക്കുന്നത്. കൃത്യമായി ഓർക്കുന്നില്ലെങ്കിലും അക്കാലത്തെപ്പൊഴോ ആണ് വര, വല്ലാത്തൊരാവേശമായി മനസ്സിൽ കയറിപ്പറ്റിയത് എന്ന് കോയക്ക് ഓർമയുണ്ട്. പ്രിയപ്പെട്ട സഹോദരിയുടെ മരണം അദ്ദേഹത്തെ വല്ലാതെ പിടിച്ചുലച്ചു. അന്ന് ശവമടക്കിന് കൊണ്ടുവന്ന ശവപ്പെട്ടി എത്ര ശ്രമിച്ചിട്ടും മറക്കാൻ കഴിയാത്ത ഓർമയായി അദ്ദേഹത്തിന്റെ മനസ്സിനെ നിരന്തരം വേട്ടയാടി. അതിന്റെ ഉള്ളുരുക്കുന്ന വേദന മറികടക്കാൻ മനസ്സറിയാതെ പൂഴിമണലിൽ എന്തൊക്കെയോ വരക്കാൻ ആരംഭിക്കുന്നിടത്താണ് മുത്തുക്കോയയിലെ ചിത്രകാരൻ ജന്മമെടുക്കുന്നത്.


ഒരു ചിത്രകാരനായാൽ മതി എന്ന് പഠനകാലത്തു തന്നെ കോയ മനസ്സിൽ തീരുമാനിച്ചുറപ്പിച്ചിരുന്നു. സ്‌കൂൾ വിദ്യാഭ്യാസത്തിന് ശേഷം അത് കലശലായ മോഹമായി കത്തിപ്പടർന്നു. പക്ഷേ, അതിന് എന്തു ചെയ്യണം, എവിടെ പഠിക്കണം എന്നൊന്നും അറിയില്ലായിരുന്നു. അന്നത്തെ അറിയപ്പെടുന്ന ചിത്രകാരനായിരുന്നു എം.വി.ദേവൻ. അദ്ദേഹത്തെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്. പക്ഷേ, പരിചയമൊന്നുമില്ല. എങ്കിലും സർവ ധൈര്യവും സംഭരിച്ച് ഒരു ദിവസം ദേവനെ കാണാൻ ചെന്നു. അതാണ് തന്റെ ജീവിതത്തിൽ വലിയ വഴിത്തിരിവ് സൃഷ്ടിച്ചത് എന്ന് കോയ ഓർക്കുന്നു. അദ്ദേഹമാണ് മദ്രാസിലെ ഗവൺമെന്റ് കോളേജ് ഓഫ് ആർട്ട്‌സ് ആന്റ് ക്രാഫ്റ്റ്‌സിൽ ചേരാൻ കോയയെ ഉപദേശിച്ചത്. അങ്ങനെ 1960 ൽ അവിടെ പ്രവേശനം നേടി. പ്രസിദ്ധ ചിത്രകാരനായ കെ.സി.എസ്. പണിക്കർ അവിടെ പ്രിൻസിപ്പലായിരുന്നു. വരയിലെ അസാധാരണ സിദ്ധി വൈഭവവും വേറിട്ട കാഴ്ചപ്പാടുകളും മുത്തുക്കോയയെ വളരെവേഗം പണിക്കരുടെ അരുമ ശിഷ്യനാക്കി. ചിത്രകലയിലെ മാന്ത്രികരായിരുന്ന ജയപാല പണിക്കരും ആദിമൂലം കൃഷ്ണമൂർത്തിയും അവിടെ സഹപാഠികളായിരുന്നു. സി.എൻ. കരുണാകരൻ, നമ്പൂതിരി, ടി.കെ.പത്മിനി തുടങ്ങിയവർ അതേ കാലത്ത് അവിടെ പഠിച്ചവരാണ്.
1966 ൽ ബിരുദമെടുത്ത് മുത്തുക്കോയ പുറത്തിറങ്ങി. മനസ്സു നിറയെ വരയാനും വരയിൽ പരീക്ഷണങ്ങൾ നടത്താനുമുള്ള അദമ്യമായ ആവേശം കൂടെയുണ്ടായിരുന്നു. ധാരാളമായി വരച്ചു. ഓയിൽ, ജലച്ചായം, കറുത്ത മഷി എന്നിവയൊക്കെ ഉപയോഗിച്ചു. പലതും അസാധാരണവും വിശ്വസനീയവുമായ ചിത്രങ്ങളായിരുന്നു. പക്ഷേ, ആരും അവ വേണ്ടവിധം തിരിച്ചറിഞ്ഞില്ല. ചിത്ര പ്രദർശനങ്ങളിൽ അവയൊന്നും പ്രതീക്ഷിച്ച പോലെ വിറ്റുപോകാതെ വന്നപ്പോൾ സാമ്പത്തിക ബുദ്ധിമുട്ട് കോയയെ വല്ലാതെ ഞെരുക്കാൻ തുടങ്ങി. വരയിലൂടെ മാത്രം ജീവിതം മുന്നോട്ടു കൊണ്ടുപോകുക അസാധ്യമാണെന്ന് വന്നപ്പോൾ ലക്ഷദ്വീപിലെ ഒരു സ്‌കൂളിൽ ചിത്രകലാ അധ്യാപകനായി ചേർന്നു. ഇതല്ല താൻ ആഗ്രഹിച്ച കലാജീവിതം എന്നറിഞ്ഞിട്ടും മനസ്സിനെ അടക്കിപ്പിടിച്ച് രണ്ടു വർഷം അവിടെ കഴിഞ്ഞു.
അക്കാലത്ത് ദൽഹിയായിരുന്നു ഇന്ത്യൻ ചിത്രകലയിലെ എല്ലാവിധ പരീക്ഷണങ്ങളുടെയും ഏറ്റവും വലിയ രംഗവേദി. ദൽഹി, തന്നിലെ ചിത്രകാരന് ധാരാളമായി വരയ്ക്കാനും വളരാനുമുള്ള വളക്കൂറുള്ള മണ്ണാകും എന്ന് കോയയുടെ മനസ്സ് മന്ത്രിച്ചു. 1970 ൽ ലക്ഷദ്വീപിലെ സ്‌കൂളിലുള്ള ചിത്രകലാ അധ്യാപകന്റെ കുപ്പായം ഊരിവെച്ച് സധൈര്യം അദ്ദേഹം ദൽഹിയിലെത്തി. വരയുടെ തമ്പുരാനായകാർട്ടൂണിസ്റ്റ് ശങ്കറിന്റെ ചിൽഡ്രൻസ് വേൾഡിൽ വരഞ്ഞുകൊണ്ട് വരയിലെ തന്റെ തലവര മാറ്റാൻ അദ്ദേഹം ശ്രമം തുടങ്ങി.


കുട്ടികൾക്കായി വരയ്ക്കുമ്പോൾ തന്നെ കോയ, ചിത്രകലയിലെ മറ്റു പല പരീക്ഷണ നിരീക്ഷണങ്ങളിലും മുഴുകി. ദൽഹിയിലെ പ്രസിദ്ധമായ ആർട്ട് ഗാലറികളിൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ ചിത്രകാരൻമാരും ആസ്വാദകരും കൊണ്ടാടിത്തുടങ്ങി. ചിത്രകലയിലെ കോയയുടെ വ്യത്യസ്തമായ ശൈലിയുംഅസാധാരണമായ കഴിവും പുതുമയും തിരിച്ചറിഞ്ഞ ശങ്കർ ഒരു ദിവസം അദ്ദേഹത്തോട് പറഞ്ഞു- വരയിൽ നീയൊരു വരദാനമാണ്. കുട്ടികൾക്ക് വേണ്ടി വരയ്ക്കാതെ നിന്റെ കഴിവുകൾ പൂർണമായും വിനിയോഗിക്കാവുന്ന മറ്റൊരിടം നീ കണ്ടെത്തണം. നിന്നെ ഇവിടെ തളച്ചിട്ടാൽ പിൽക്കാലത്ത് ഇന്ത്യയിൽ പ്രശസ്തനായി തീർന്നേക്കാവുന്ന ഒരു ചിത്രകാരന്റെ ഭാവി തുലച്ചു എന്ന ശാപം ഞാൻ പേറേണ്ടിവരും.
അത് ഒരു വെറും വാക്കായിരുന്നില്ല. മുത്തുക്കോയ എന്ന ചിത്രകാരനെ ശരിക്കും അറിഞ്ഞ ഒരു മനുഷ്യന്റെ യുക്തിപൂർവമുള്ള വിലയിരുത്തലായിരുന്നു. തന്നിലെ കലാകാരന്റെ കഴിവ് തിരിച്ചറിയാതെ ശങ്കർ തന്നെ അവിടെ തന്നെ പിടിച്ചു നിർത്തിയിരുന്നെങ്കിൽ, ഒരുപക്ഷേ, ചിത്രകലയിൽ താനിന്നു നേടിയ പേരും പെരുമയും എത്തിപ്പിടിക്കാൻ ആവില്ലായിരുന്നു എന്ന് മുത്തുക്കോയ കരുതുന്നു. അക്കാര്യത്തിൽ ശങ്കറിനോടുള്ള നന്ദിയും കടപ്പാടും ഇന്നും മനസ്സിൽ സൂക്ഷിക്കുന്നതായി മുത്തുക്കോയ പറഞ്ഞു. ശങ്കറിനൊപ്പമുള്ള രണ്ടു വർഷക്കാലത്തെ ചിൽഡ്രൻസ് വേൾഡിലെ ജീവിതം മനസ്സില്ലാമനസ്സോടെയാണ് അദ്ദേഹം ഉപേക്ഷിച്ചു പോന്നത്. പക്ഷേ, ശങ്കറിന്റെ വാക്കുകൾ, തന്നെ കുറിച്ചുള്ള വിലയിരുത്തലുകൾ ഒക്കെ മുത്തുക്കോയക്ക് വലിയ പ്രചോദനമായി. ചിത്രകാരൻ എന്ന നിലയിൽ വളർച്ചയുടെ പടവുകൾ ചവിട്ടിക്കയറാൻ അതൊക്കെ വലിയ ആവേശമായി. ആ സമയത്ത് കാരവൻ എന്നൊരു പ്രസിദ്ധീകരണത്തിൽ കുറച്ചുകാലം അദ്ദേഹം വരച്ചു. തുടർന്ന് 1973 ൽ ഇന്ത്യാ ഗവൺമെന്റിന്റെ ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിൽ ആർട്ടിസ്റ്റായി ചേർന്നു.


ഇന്ത്യയിലെ സർറിയലിസ്റ്റ് ചിത്രകലയിലെ ഏറ്റവും വലിയ വാഗ്ദാനങ്ങളിലൊന്നായി മുത്തുക്കോയ വളരുന്നത് അവിടെ ജോലി ചെയ്യുന്ന കാലത്താണ്. വരയുടെ വിശാലതയിലേക്ക് വ്യത്യസ്ത ആശയങ്ങളുടെ, അനുഭവങ്ങളുടെ, ആകുലതകളുടെ വാതായനങ്ങൾ അദ്ദേഹം തുറന്നു. ദൽഹിയിലെ പ്രസിദ്ധങ്ങളായ ആർട്ട് ഗാലറികളിൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പതിവായി പ്രദർശനത്തിനെത്തി. പല പ്രമുഖ ചിത്രകാരൻമാരുടെയും ചിത്രകലാ നിരൂപകരുടെയും ആസ്വാദകരുടെയും ശ്രദ്ധയിലേക്ക് അദ്ദേഹത്തിന്റെ ചിത്രങ്ങളെത്തി. മുത്തുക്കോയ എന്ന ചിത്രകാരന്റെ ഖ്യാതി കുതിച്ചുയർന്നു.
1998 ൽ ചീഫ് എക്‌സിബിഷൻ ഓഫീസറായിരിക്കേ ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിലെ ജോലിയിൽ നിന്നും മുത്തുക്കോയ സ്വയം വിരമിച്ച്, മുഴുവൻ സമയ ചിത്രകാരനായി. തുടർന്ന് ഇന്ത്യ മുഴുവൻ ചുറ്റിസഞ്ചരിച്ചു. ഇന്ത്യയെ അടുത്തറിഞ്ഞു. ആ അനുഭവങ്ങൾ കൂടി അദ്ദേഹം തന്റെ തുടർന്നുള്ള വരകളിൽ ഏറ്റവും മൂർത്തമായി സന്നിവേശിപ്പിച്ചു തുടങ്ങി. ഇന്ത്യയിലങ്ങോളമിങ്ങോളം അദ്ദേഹം ചിത്രപ്രദർശനങ്ങൾ സംഘടിപ്പിച്ചു. ഒപ്പം വിവിധ രാജ്യാന്തര ചിത്രപ്രദർശനങ്ങളിലും പങ്കെടുത്തു. 1980 ൽ ട്രിനാലെ പ്രദർശനത്തിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായി.
കടുത്ത വർണങ്ങളിൽ വരയ്ക്കുന്നതാണ് മുത്തുക്കോയയുടെ ചിത്രകലയിലെ പ്രത്യേകത. അനീതിയോട്, അസമത്വത്തോട്, വംശീയ വിദ്വേഷത്തോട്, മതസ്പർധയോട് ശക്തമായി പ്രതിഷേധിക്കാനാണ് അത്തരം വരകളിലൂടെ ആദ്യ കാലത്ത് ശ്രമിച്ചത്. പിന്നീട് അദ്ദേഹത്തിനത് ഒഴിവാക്കാനാവാത്ത ശീലമായി. ആശയങ്ങളെ അസ്ത്രങ്ങളുടെ മൂർച്ചയോടെ വേണം കലാകാരൻ അവതരിപ്പിക്കാൻ എന്നാണ് അദ്ദേഹത്തിന്റെ പ്രമാണം. എങ്കിലെ കാണുന്നവന്റെ ഉള്ളുലയ്ക്കുംവിധം അവ ഉഗ്രമാകൂ. അദ്ദേഹത്തിന്റെ ചിത്രങ്ങൾ കാലമെത്ര കഴിഞ്ഞാലും കാണികളുടെ കണ്ണിൽ കനലു പോലെ കത്തിക്കൊണ്ടിരിക്കുന്നതിന്റെ രഹസ്യവും മറ്റൊന്നല്ല.


പുതിയ കാലത്തെ പലവിധ ബാഹ്യസമ്മർദങ്ങൾ കുടുംബ ബന്ധങ്ങളിലുണ്ടാക്കുന്ന വിശ്വാസ തകർച്ച ചിത്രീകരിക്കുന്ന അലിജിയൻസ് ഓഫ് ഫെയ്ത്ത്, അനീതിയോടും അസഹിഷ്ണുതയോടും മനുഷ്യന്റെ പ്രതികരണങ്ങൾ കുതിരകളുടെ ശക്തി കണക്കെ ശാക്തീകരിക്കപ്പെടുമ്പോൾ മാത്രമേ അധികാര വർഗം ആശങ്കപ്പെടൂ എന്നു പ്രവചിക്കുന്ന ട്രയംഫന്റ്മ്യൂട്ടിനി, ന്യൂക്ലിയർ ഭീഷണിക്കു കീഴിൽ വിറങ്ങലിച്ചു നിൽക്കുന്ന ആഗോള ജനതയുടെ നിസ്സഹായതയും നിലവിളിയും വരച്ചിടുന്ന ടർമിനൽ ടച്ച്, ഇൻട്രോവെർട്ട്, സാത്താനി ക് ഗോസ്‌പെൽസ് തുടങ്ങി ഒരു പിടി ദേശീയ-അന്തർദേശീയ ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രങ്ങൾ അദ്ദേഹത്തിന്റേതായി പുറത്തു വന്നിട്ടുണ്ട്. സദാ വരഞ്ഞുകൊണ്ടേയിരിക്കുക എന്നതാണ് മുത്തുക്കോയയുടെ പ്രകൃതം.
1965 ൽ തമിഴ്‌നാട് ലളിത കലാ അക്കാദമിയുടെ മികച്ച ചിത്രകാരനുള്ള പുരസ്‌കാരം മുത്തുക്കോയക്ക് ലഭിച്ചു. 2005 ൽ അഖിലേന്ത്യ ഫൈൻ ആർട്ട്‌സ് ആന്റ് ക്രാഫ്റ്റ്‌സ് അംഗീകാരവും അദ്ദേഹത്തെ തേടിയെത്തി. പ്രമുഖ ചിത്രകാരനായ എം.വി.ദേവന്റെ പേരിൽ ഏർപ്പെടുത്തിയ 2019 ലെ പുരസ്‌കാരവും അദ്ദേഹത്തിനായിരുന്നു. തനിക്ക് കിട്ടിയതിൽ െവച്ച് ഏറ്റവും വിലപ്പെട്ട അംഗീകാരം എന്നാണ് അതിനെ കുറിച്ച് മുത്തുക്കോയ പറഞ്ഞത്. എല്ലാ അംഗീകാരങ്ങളെയും അങ്ങേയറ്റം ആദരവോടെ വിലമതിക്കുമ്പോഴും അംഗീകാരത്തിന് വേണ്ടി മാത്രമല്ല താൻ വരക്കുന്നതെന്ന് വ്യക്തമാക്കാനും മുത്തുക്കോയ മറന്നില്ല. 

Latest News