ദുബായ് കെ.എം.സി.സി യോഗത്തില്‍ സംഘര്‍ഷം, തമ്മിലടി

ദുബായ്- ദുബായ് കെ.എം.സി.സിയില്‍ ഏറെക്കാലമായി നിലനില്‍ക്കുന്ന സംഘര്‍ഷം കൂട്ടത്തല്ലില്‍ കലാശിച്ചു. ഭാരവാഹികളെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് ഒരു വര്‍ഷമായി തുടരുന്ന തര്‍ക്കം ഇവിടെ കെ.എം.സി.സിയുടെ പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിച്ചിരിക്കുകയാണ്. പ്രശ്‌നം നീണ്ടുപോയിട്ടും സംസ്ഥാന മുസ്‌ലിംലീഗ് ഫലപ്രദമായി ഇടപെടാതിരുന്നത് കാര്യങ്ങള്‍ വഷളാക്കി.
അന്‍വര്‍ നഹയുടെ നേതൃത്വത്തിലുള്ള കെ.എം.സി.സി കമ്മിറ്റിയെ നീക്കി ഇബ്രാഹിം എളേറ്റില്‍ പ്രസിഡന്റും മുസ്തഫ വേങ്ങര ജനറല്‍ സെക്രട്ടറിയുമായി പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍ പുതിയ കമ്മിറ്റിയെ നിയോഗിച്ചതുമുതല്‍ നീറിപ്പുകയുന്ന പ്രശ്‌നമാണ് ഇന്നലെ അടികലശലായത്.
വിവിധ ജില്ലാക്കമ്മിറ്റികളുടെ യോഗമാണ് കഴിഞ്ഞ ദിവസം വിളിച്ചുചേര്‍ത്തിരുന്നത്. ഇതില്‍ ചിലരെ ഒഴിവാക്കിയെന്നും അവഗണിച്ചുവെന്നുമുള്ള പരാതിയാണ് കൂട്ടത്തല്ലായി മാറിയത്. ചില ജില്ലാക്കമ്മിറ്റികളുടെ പ്രസിഡന്റ്, സെക്രട്ടറിമാരെ അവഗണിക്കുന്നുവെന്ന പരാതി ഏറെക്കാലമായി നിലനില്‍ക്കുന്നതാണ്. ചിലരെയെല്ലാം വാട്‌സാപ്പ് ഗ്രൂപ്പില്‍നിന്ന് നീക്കുകയും ചെയ്തു. പത്തു പന്ത്രണ്ടുപേരെ ഇപ്രകാരം ഒഴിവാക്കിയത്രെ. കഴിഞ്ഞ ദിവസം ഇവരും ഇവരെ അനുകൂലിക്കുന്നവരും യോഗത്തിനെത്തുകയും ഒടുവില്‍ സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു.

 

Latest News