വിമാനത്തില്‍ ഓണസദ്യയൊരുക്കി എമിറേറ്റ്‌സ്

ദുബായ്- തിരുവോണ സദ്യ ഉണ്ണും മുമ്പെ നാട്ടിലേക്ക് മടങ്ങേണ്ടി വരുന്ന പ്രവാസികള്‍ വിഷമിക്കേണ്ട. ഓണനാളുകളില്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ എമിറേറ്റ്‌സ് വിമാനത്തില്‍ സദ്യ വിളമ്പും. കൊച്ചിയില്‍നിന്നും തിരുവനന്തപുരത്തു നിന്നുമുള്ള വിമാനങ്ങളില്‍ എല്ലാ ക്ലാസുകളിലുമുള്ള യാത്രക്കാര്‍ക്ക് തൂശനിലയില്‍ ഓണവിഭവങ്ങള്‍ രുചിക്കാം. കായ വറുത്തതും ശര്‍ക്കര ഉപ്പേരിയും മുളകു കൊണ്ടാട്ടവും ഉള്‍പ്പെടെയാണ് വിഭവങ്ങള്‍.  പപ്പടവും മാങ്ങാ അച്ചാറും ഉയര്‍ന്ന് ക്ലാസ്സില്‍ മാത്രം.
ഇക്കണോമി ക്ലാസിലുള്ളവര്‍ക്ക് സാമ്പാറും കൂട്ടുകറിയോ ആലപ്പുഴ ചിക്കന്‍ കറിയോ തെരഞ്ഞെടുക്കാം. എല്ലാവര്‍ക്കും പാലട പായസത്തിന്റെ രുചിനുണയാം. സദ്യ കഴിയുമ്പോള്‍ നല്ല മലയാളം പാട്ടുകള്‍ കേള്‍ക്കാനും അവസരമുണ്ട്. ദിവസേന രണ്ടു സര്‍വീസാണ് എമിറേറ്റ്‌സിന് കൊച്ചിയിലേക്കുള്ളത്. തിരുവനന്തപുരത്തേക്ക് ആഴ്ചയില്‍ പതിനൊന്ന് സര്‍വീസുണ്ട്.

 

Latest News