പ്രളയകാലത്തെ കാരുണ്യതാരമായ നൗഷാദ് തിങ്കളാഴ്ച യു.എ.ഇയില്‍

ദുബായ്- ഉപജീവന മാര്‍ഗമായ വസ്ത്രശേഖരം പ്രളയ ബാധിതര്‍ക്കായി വിട്ടുകൊടുത്ത മാലിപ്പുറം സ്വദേശി നൗഷാദ് തിങ്കളാഴ്ച ദുബായില്‍.  എറണാകുളം ബ്രോഡ്‌വേയിലെ വഴിയോര കച്ചവടക്കാരന്‍ നൗഷാദിന്റെ പ്രവൃത്തി കേരളത്തിലെ രണ്ടാം പ്രളയകാലത്ത് സന്നദ്ധപ്രവര്‍ത്തനത്തിന് ഏറെ ഊര്‍ജം പകര്‍ന്നിരുന്നു.
ദുബായിലെ സ്മാര്‍ട് ട്രാവല്‍സ് എം.ഡി അഫി അഹമദാണ് നൗഷാദിനെയും കുടുംബത്തെയും കൊണ്ടുവരുന്നത്. അടുത്തിടെ നാട്ടില്‍ നേരിട്ട് ചെന്ന് ക്ഷണിച്ചതനുസരിച്ചാണ് സന്ദര്‍ശനം. യു.എ.ഇയിലെ വിവിധ എമിറേറ്റുകളിലെ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും.
അഫി അഹമദ് നൗഷാദിനും കുടുംബത്തിനും യു.എ.ഇ സന്ദര്‍ശിക്കാനുള്ള സംവിധാനമൊരുക്കുകയും നൗഷാദ് പുതുതായി തുറന്ന കടയില്‍ നിന്ന് ഒരു ലക്ഷം രൂപയുടെ വസ്ത്രങ്ങള്‍ വാങ്ങി പ്രളയബാധിത പ്രദേശത്തെ ആള്‍ക്കാര്‍ക്ക് നല്‍കുകയും ചെയ്തിരുന്നു. കൂടാതെ, ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും കൈമാറി. യു.എ.ഇ കൂടാതെ, മറ്റു ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികളില്‍നിന്നും സന്ദര്‍ശനത്തിന് നൗഷാദിന് ക്ഷണം ലഭിച്ചിട്ടുണ്ട്. നേരത്തെ സൗദിയില്‍ പ്രവാസിയായിരുന്നു നൗഷാദ്.

Latest News