കണ്ടെത്താനുള്ളത് പതിനൊന്ന് പേരെ
നിലമ്പൂരിനടുത്ത പോത്തുകല്ല് ഗ്രാമപഞ്ചായത്തിലെ കവളപ്പാറ മുത്തപ്പൻകുന്നിന്റെ താഴ്‌വരയിലേക്ക് കൂലംകുത്തി ഒഴുകിയടിഞ്ഞ മണ്ണിനിപ്പോൾ അഴുകിയ മനുഷ്യ മാംസത്തിന്റെ ഗന്ധമാണ്. മുത്തപ്പൻകുന്നിന്റെ ഒരു വശത്ത് കാടും, മറ്റ് മൂന്ന് വശങ്ങൾ ജനവാസ മേഖലയുമാണ്. അതിലൊന്നായിരുന്നു കവളപ്പാറ. മുത്തപ്പൻകുന്ന് മലയുടെ താഴ്‌വരയായ കവളപ്പാറ പൂർണമായി തന്നെ ഉരുൾപൊട്ടലിൽ മണ്ണിനടിയിലമർന്നു. പ്രകൃതി സ്വയം തീരുമാനിച്ചുറപ്പിച്ച അപകടമല്ല ഇവിടെയുണ്ടായത്. മനുഷ്യൻ തന്നെ വെട്ടിപ്പണിത് ക്ഷണിച്ച് വരുത്തിയ ദുരന്തം. ഇപ്പോൾ മണ്ണിടിഞ്ഞ് കുത്തിയൊലിച്ചിടത്ത് നിറയെ കശുമാവുകളായിരുന്നു. മഴ കനത്ത് പെയ്താലും വെള്ളം ഒഴുകിപ്പോകാൻ പാകത്തിലായിരുന്നു ഈ ഭൂമിയുടെ കിടപ്പ്. എന്നാൽ തുഛമായ വിലയ്ക്ക് സ്വകാര്യ വ്യക്തി ഈ ഭൂമി കൈവശപ്പെടുത്തിയതോടെ കശുമാവുകൾ പിഴുതെറിഞ്ഞു.
മൂന്നു മീറ്റർ വീതിയിലും രണ്ട് മീറ്റർ ആഴത്തിലുമായി മണ്ണ് മാന്തി ഹിറ്റാച്ചികൾ ഈ കുന്നിലാകമാനം റബർ നടാനായി കുഴികൾ തീർത്തു. റബർ തൈകൾ നടാനുള്ള പ്ലാറ്റ്‌ഫോമുകൾക്കായി മുത്തപ്പൻകുന്ന് വെട്ടി പാകപ്പെടുത്താൻ തുടങ്ങിയതോടെ അന്ന് നാട്ടുകാർ പ്രതിഷേധവുമായെത്തി ജോലികൾ തടസ്സപ്പെടുത്തിയെങ്കിലും, അധികാര കേന്ദ്രങ്ങളുടെ ആശീർവാദത്തോടെ എല്ലാം 'നിയമപരമാക്കു'കയും ഇതോടെ നാട്ടുകാരുടെ പ്രതിഷേധം നിർവീര്യമാവുകയുമായിരുന്നു. മുത്തപ്പൻകുന്ന് മുഴുക്കെ റബർ കുഴികൾ വന്നതോടെ, വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്കും തടസ്സപ്പെട്ടു.
കശുമാവുകൾ ഉണ്ടായിരുന്നപ്പോഴത്തെ അവസ്ഥയിൽ നിന്ന് ഭൂമിയുടെ രൂപവും, ഘടനയും മാറി. പ്രകൃതിയുടെ കെമിസ്ട്രിയനുസരിച്ച് ഒഴുകിപ്പോകാനാകാതെ തളംകെട്ടി നിന്ന മഴവെള്ളം മണ്ണിനടിയിലേക്ക് ആഴ്ന്നിറങ്ങി. മണ്ണിനധികം ആഴമില്ലാത്ത പാറകളാണിവിടെയുള്ളത്. അതുകൊണ്ട് തന്നെ പാറകൾക്ക് മുകളിൽ ഉറച്ച് നില കൊണ്ടിരുന്ന മണ്ണിലേക്ക് മഴവെള്ളം അപ്പാടെ ഊർന്നിറങ്ങിയതോടെ പാറകൾക്ക് മണ്ണുമായി ഉണ്ടായിരുന്ന ബന്ധം ക്രമേണ അടർന്ന് തുടങ്ങി. ഉരുൾപൊട്ടലിനും പ്രകൃതിയുടെ സംഹാര താണ്ഡവത്തിനുമൊക്കെ ശാസ്ത്രീയമായ കാര്യ കാരണങ്ങൾ പലതും പറയാനും എഴുതാനുമുണ്ടെങ്കിലും, ധനാർത്തി മൂത്ത മനുഷ്യന്റെ മണ്ണിനോടുള്ള ക്രൂരതയാണ് എല്ലാത്തിനും കാരണമെന്ന് കണ്ടെത്താൻ വിദഗ്ധ സമിതിയുടേയോ, പഠന സംഘത്തിന്റെയോ ഒരാവശ്യവുമില്ല
രാഷ്ട്രീയ ഭാഷയിൽ പറഞ്ഞാൽ കേരളത്തിൽ 'വികസനക്കുതിപ്പുണ്ടാകു'ന്നത് ഏതാണ്ട് രണ്ട് മൂന്ന് പതിറ്റാണ്ടിനിങ്ങോട്ടാണ്. ഈ കുതിപ്പിനിടയിൽ നാടിനും, നാട്ടുകാർക്കും മാത്രമല്ല, പ്രകൃതിയിലും ഏറെ വലിയ മാറ്റങ്ങൾ വന്നു. മഴയ്ക്ക് മാറ്റം. വർഷം പ്രതി ഭൂമിയുടെ ഘടനയിലും സ്വഭാവത്തിലും, പ്രതികരണത്തിലുമുണ്ടാകുന്ന വലിയ തോതിലുള്ള മാറ്റങ്ങൾ. അതങ്ങനെ നിർബാധം സംഭവിച്ച് കൊണ്ടേയിരിക്കുന്നു.
സർക്കാറിന്റെ തന്നെ കണക്കനുസരിച്ച് കേരളത്തിലെ 50 താലൂക്കുകളിൽ ഉൾപ്പെടുന്ന വിവിധ പ്രദേശങ്ങൾ വലിയ തോതിലുള്ള ഉരുൾപൊട്ടലുകൾക്കും, 75 താലൂക്കുകളിൽ വെള്ളപ്പൊക്കത്തിനും, 29 താലൂക്കുകളിൽ വലിയ തോതിലുള്ള കടലാക്രമണങ്ങളും ഉണ്ടാകുന്നു എന്നതാണ്. എന്നാൽ കഴിഞ്ഞ പ്രളയത്തിന് ശേഷം സംസ്ഥാന സർക്കാർ വിഭാവനം ചെയ്ത 'റീ ബിൽഡ് കേരള മാർഗരേഖയിൽ' ഇക്കാര്യങ്ങളൊന്നും ഇടം നേടിയിട്ടില്ല. പാരിസ്ഥിതിക പുനഃസ്ഥാപനത്തെക്കുറിച്ച് പറയാതെ, ഉത്പാദനം, അടിസ്ഥാന സൗകര്യ വികസനം, സാമൂഹിക വികസനം തുടങ്ങിയ കാര്യങ്ങളിലാണ് 'റീ ബിൽഡ് കേരള മാർഗരേഖ'യിൽ ഊന്നൽ നൽകിയിട്ടുള്ളത്.
ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടും, പശ്ചിമഘട്ട പാരിസ്ഥിക സ്ഥിതിഗതികളും ഇതിൽ പ്രതിപാദിച്ചിട്ടുമില്ല. സുരക്ഷാ മുൻകരുതൽ എന്ന നിലയിൽ, തീരദേശ മേഖലകളിൽ നിന്ന് മത്സ്യത്തൊഴിലാളികളെ മാറ്റിപ്പാർപ്പിക്കണമെന്ന ശുപാർശ ചെയ്യുന്ന മാർഗരേഖയിൽ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ ജീവിക്കുന്നവരുടെ പുനരധിവാസത്തെക്കുറിച്ച് ഒട്ടും പരാമർശിക്കുന്നുമില്ല. പശ്ചിമഘട്ടത്തിൽ ഭീഷണിയായി നിലകൊള്ളുന്ന പാറമടകളെക്കുറിച്ചോ, അവ മൂലം ഭാവിയിലുണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ചോ ഇതിൽ ചർച്ച ചെയ്തിട്ടുമില്ല.
കുന്നിറങ്ങിയ ഇരുട്ടിന്റെ മരണം
ഓഗസ്റ്റ് 8 വ്യാഴം വൈകുന്നേരം 7.30 വരെ സാധാരണ ലോകത്ത് തന്നെയായിരുന്നു കവളപ്പാറക്കാരും. ശക്തമായ പേമാരി മൂലം പ്രദേശത്ത് രണ്ട് ദിവസം മുമ്പ് തന്നെ വൈദ്യുതി ബന്ധം നിലച്ചിരുന്നു. സന്ധ്യയ്ക്ക് ഏഴരയോടെ കനത്ത് വർഷിക്കുന്ന പേമാരിയിലും കാറ്റിലും എന്തൊക്കെയോ ഇളകി മറിയുന്നതിന്റെയും പൊട്ടിച്ചിതറുന്നതിന്റെയും ഭീതിദമായ സ്വരം കേട്ട് എന്തോ അത്യാപത്താണെന്ന് തോന്നിച്ചപ്പോഴേക്കും കൂരിരുട്ടിൽ ഭൂമി കീഴ്‌മേൽ മറിയുന്ന ദ്വിഗ്ഭ്രമത്തിൽ അകപ്പെടുകയായിരുന്നു കവളപ്പാറ കോളനി നിവാസികൾ. തിമർത്താടുന്ന പേമാരിയുടെ സംഹാര സംഗീതത്തോടൊപ്പം എട്ട് ദിക്കിൽ നിന്നും നിലവിളികൾ ഉയർന്നു. കൂരിരുട്ടിൽ ആർക്കുമൊന്നും കാണാനായില്ല. തട്ടിയും തടഞ്ഞും വീണും നാലു വഴിയെ ചിതറിയവരിൽ 59 പേർ അപ്രത്യക്ഷരായി. സ്ത്രീകളും കുട്ടികളും വൃദ്ധരും യുവാക്കളും ഇതിലുൾപ്പെടുന്നു.
മഴവെള്ളവും, മണ്ണും, മരങ്ങളും സമ്മിശ്രമായി കൂലംകുത്തി ഒഴുകിയപ്പോൾ കവളപ്പാറ എന്ന മലയോര മേഖല ഒരു മരണത്താഴ്‌വരയായി മാറി. കവളപ്പാറയുടെ തീരാ നഷ്ടമായി 59 പേരുടെ നാമങ്ങൾ റവന്യൂ ഉദ്യോഗസ്ഥരുടെ കയ്യിലുള്ള പട്ടികയിൽ ഒരു ചോദ്യ ചിഹ്നമായി ബാക്കി കിടക്കുമ്പോൾ, അതിൽ 11 പേരെ ഇനിയും കണ്ടെത്താനുണ്ട്.
അഗ്നിശമന സേനാംഗങ്ങളും, സന്നദ്ധ സംഘടനാ പ്രവർത്തകരും നാട്ടുകാരുമൊക്കെ ചേർന്ന് തെരച്ചിൽ നടത്തി കണ്ടെടുക്കാൻ കഴിയുന്നത് ഉടലും തലയും കൈകാലുകളും വേർപെട്ട കബന്ധങ്ങളാണ്. അടിഞ്ഞമർന്ന് കിടക്കുന്ന മണ്ണ് നീക്കം ചെയ്യുമ്പോൾ മണ്ണുമാന്തിക്കൊട്ടയിൽ നിന്ന് ഒരു മനുഷ്യ ശിരസ്സ് ഊർന്ന് ചാടിയതോടെ സമനില തെറ്റിയ ജെ.സി.ബി ഓപ്പറേറ്റർ ഇറങ്ങിയോടിയ സംഭവം പോലും ഇവിടെയുണ്ടായി. 51 മനുഷ്യ ജീവനുകൾ ഭൂമിയുടെ സംഹാര താണ്ഡവത്തിൽ അകപ്പെട്ടതായിട്ടാണ് കരുതപ്പെടുന്നത്. ഈ റിപ്പോർട്ട് തയാറാക്കുന്നത് വരെ കണ്ടെടുക്കാനായിട്ടുള്ളത് 48 പേരുടെ ജഡങ്ങൾ മാത്രം. തിരിച്ചറിയാൻ പോലും കഴിയാത്ത ജഡങ്ങളും ഇതിൽ പെടും. ശേഷിക്കുന്നവരെല്ലാം മണ്ണിനടിയിൽ ഉണ്ടെന്നോ, ചാലിയാറിലൂടെ ഒഴുകിപ്പോയി കടലിൽ പതിച്ചിരിക്കുമെന്നോ എന്നൊന്നും വ്യക്തമല്ല. അപകടമുണ്ടായ വേളയിൽ കവളപ്പാറയിലേക്ക് രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാൻ കഴിഞ്ഞിരുന്നില്ല. റോഡുകൾ തകർന്നത് കാരണം രക്ഷാപ്രവർത്തനം ഏറെ ദുഷ്‌കരമായിരുന്നു. മണിക്കൂറുകൾക്ക് ശേഷമാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. കനത്ത മഴ കാരണം മണ്ണിനടിയിലുള്ളവരെ കണ്ടെത്താനുള്ള തെരച്ചിൽ നടത്താൻ ആദ്യഘട്ടത്തിൽ കഴിയാതെയും വന്നു. കടപുഴകി വീണ വൃക്ഷങ്ങൾ വാർത്ത വീടുകളെ പോലും നിലംപരിശാക്കിയപ്പോൾ, ഒന്നനങ്ങാൻ പോലുമാകാതെ മരണം പലരേയും ഞെരിച്ചമർത്തി. ജഡങ്ങൾ പലതും കണ്ടെടുക്കുമ്പോൾ ഇരുന്നും, കമിഴ്ന്നുമൊക്കെയുള്ള നിലയിലായിരുന്നു. ആറും, ഏഴും വയസ്സുള്ള കുട്ടികളും, സഹോദരിയുടെ വിവാഹത്തിനായി ലീവിലെത്തിയ കരസേനയുടെ ബംഗാൾ എൻജിനീയർ ഗ്രൂപ്പിൽ സേവനം ചെയ്യുന്ന വിഷ്ണുവും ജീവഹാനി സംഭവിച്ചവരിൽ ഉൾപ്പെടും. ഏറിയ പങ്കും സാധാരണക്കാരായ തൊഴിലാളികളാണ് കവളപ്പാറ കോളനിയിലെ അന്തേവാസികൾ. റബർ ടാപ്പിംഗാണ് മുഖ്യ തൊഴിൽ.
ഉറ്റവർ നഷ്ടപ്പെട്ടും, ഉള്ളതെല്ലാം ഉരുൾപൊട്ടലിൽ നശിക്കുകയും ചെയ്തതോടെ ജീവൻ ബാക്കിയായവരുടെ അവസ്ഥയാകട്ടെ ഏറെ ദയനീയവുമാണ്. പ്രദേശത്തുണ്ടായിരുന്ന മാടക്കടകൾ ഉൾപ്പെടെ എല്ലാം അടഞ്ഞ് കിടക്കുന്നു. ദുരിതാശ്വാസ ക്യാമ്പുകളിലാണ് ഏറിയ പങ്കുമിപ്പോൾ കഴിയുന്നത്.

കുറേ ജഡങ്ങളും ഒരു മസ്ജിദും
'നൂറ് ദിവസത്തെ ഇഅ്തികാഫി (ഭജനമിരിക്കൽ) നേക്കാൾ ശ്രേഷ്ഠം സഹജീവിയ്ക്ക് തണലേകുക' എന്നതാണ് ഇസ്‌ലാം അനുശാസിക്കുന്നത്. കവളപ്പാറ ദുരന്തത്തിനിരയായവരുടെ ജഡങ്ങൾ കണ്ടെടുക്കാനായത് ദിവസങ്ങൾക്ക് ശേഷമാണ്. പോസ്റ്റ്‌മോർട്ടം ചെയ്യാൻ നിലമ്പൂർ താലൂക്ക് ആശുപത്രിയിലോ, മഞ്ചേരി ജില്ലാ ആശുപത്രിയിലോ എത്തിക്കണം. ജഡങ്ങൾക്ക് പഴക്കമുള്ളതിനാൽ ഇതിന് പ്രായോഗിക ബുദ്ധിമുട്ടുകൾ ഏറെയായിരുന്നു. ജഡങ്ങൾ പോസ്റ്റ്‌മോർട്ടം ചെയ്യുന്നതിനായി അധികൃതരും പോലീസുദ്യോഗസ്ഥരും പല വഴികളും ആലോചിച്ചെങ്കിലും ഒന്നും ഫലപ്രദമായില്ല. ഇത് മനസ്സിലാക്കിയാണ് പോത്തുകല്ല് മുജാഹിദീൻ മസ്ജിദ് പോസ്റ്റ്‌മോർട്ടത്തിനായി വിട്ട് നൽകാൻ മഹല്ല് കമ്മിറ്റി തീരുമാനമെടുത്തത്. തൊട്ടടുത്ത മദ്രസയിലെ ഫർണിച്ചറുകൾ കൊണ്ടുവന്ന് ഡോക്ടർമാർ ആവശ്യപ്പെട്ട തരത്തിൽ പള്ളിക്കകം സജ്ജീകരിച്ച് പള്ളി മുഴുവനായി അധികൃതർക്ക് വിട്ട് നൽകി. ആദ്യ ദിനം പണിയ ഗോത്ര വിഭാഗത്തിൽപെട്ട ആളുടെ ജഡമാണ് എത്തിയതെങ്കിൽ, രണ്ടാം ദിനം അത് നാലും അഞ്ചും ആറുമൊക്കെയായി. ദിവസങ്ങൾ പഴക്കമുള്ള തിരിച്ചറിയാൻ കഴിയാത്ത അഴുകിത്തുടങ്ങിയ ജഡങ്ങൾ ഓരോന്നായി പോസ്റ്റുമോർട്ടം ചെയ്യുന്നതിലുള്ള സമയനഷ്ടവും, സൗകര്യക്കുറവും പരിഗണിച്ച് പള്ളി പൂർണമായും ഈ ആവശ്യത്തിനായി വിട്ട് നൽകുകയായിരുന്നു.
പിന്നീട് കണ്ടെടുത്ത ജഡങ്ങളെല്ലാം ഈ മസ്ജിദിൽ വെച്ചാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്. ഏറ്റവും ശ്രദ്ധേയമായ കാര്യം ജഡങ്ങളെല്ലാം തന്നെ അമുസ്‌ലിംകളുടേതായിരുന്നുവെന്നതാണ്. പള്ളി മുഴുവനായും പോസ്റ്റ്‌മോർട്ടത്തിനായി വിട്ട് കൊടുത്തെങ്കിലും ദിവസേനയുള്ള അഞ്ച് നേരത്തെ നമസ്‌കാരത്തിന് ഇവിടെ മുടക്കമുണ്ടായിട്ടില്ല. പോസ്റ്റ്‌മോർട്ടത്തിനും തടസ്സം നേരിട്ടില്ല. ബലി പെരുന്നാൾ നമസ്‌കാരവും കൃത്യ സമയത്ത് തന്നെ നടന്നു. ജനത്തിരക്കും സ്ഥല പരിമിതിയും കാരണം പെരുന്നാൾ നമസ്‌കാരം പോത്തുകല്ല് ബസ്‌സ്റ്റാന്റിലേക്ക് വരെ നീണ്ടു. മനുഷ്യർക്ക് സാധ്യമായ സഹായങ്ങൾ ചെയ്യാനാണ് ഞങ്ങൾ പഠിച്ചിട്ടുള്ളത്. ഇസ്‌ലാമിക ചരിത്രത്തിലും, ഞങ്ങളുടെ മത പാഠങ്ങളിലുമെല്ലാം ഇതിന് സമാനമായ ഒട്ടേറെ കാര്യങ്ങളുമുണ്ട്. അത് പ്രാവർത്തികമാക്കാൻ കിട്ടിയ അവസരം ഞങ്ങൾ നടപ്പിലാക്കി എന്നതിനപ്പുറം ഇതിൽ ഒരു പുതുമയും ഞങ്ങൾ അവകാശപ്പെടുന്നില്ല. മരിച്ചവരും ഞങ്ങളും ഒരേ നാട്ടുകാർ. ഈ വിഷയത്തിലെ മാനുഷിക വശവും പ്രായോഗികതയുടെ പ്രശ്‌നവും കണക്കിലെടുത്ത് തുടക്കത്തിൽ ജഡങ്ങൾ കുളിപ്പിച്ചതും, മറ്റും ഞങ്ങളുടെ നേതൃത്വത്തിൽ തന്നെയാണ് നടത്തിയത്. പിന്നീട് ധാരാളം മൃതദേഹങ്ങൾ എത്തിയതോടെ സഹായത്തിനായി ഏറെ പേരുമെത്തിയെന്ന് പള്ളി ഇമാം മുഹമ്മദ് ഇഖ്ബാലും, പള്ളിക്കമ്മിറ്റി പ്രസിഡണ്ട് മുഹമ്മദ് അബ്ദുറഹ്മാനും സെക്രട്ടറി അബ്ദുൽ കരീമും വ്യക്തമാക്കുന്നു.
മടുത്തിട്ടും മടുക്കാനാകാതെ
മലപ്പുറം-ഞെട്ടിക്കുളം എ.യു.പി.എസിലെ ഏഴാം ക്ലാസുകാരനായ വിനയചന്ദ്രൻ എന്ന നന്ദു ആശ്വാസ വാക്കുകളും, കരുണയുടെ തലോടലും അനുഭവിച്ച് മടുത്തു. നന്ദുവിന്റെ അച്ഛൻ വിജേഷും, അനിയത്തി വിഷ്ണുപ്രിയയും, മുത്തശ്ശി ചക്കിയും, അമ്മമ്മ കല്യാണിയും, അച്ഛന്റെ സഹോദരിമാരായ മൂന്ന് അമ്മായിമാരും, ഇളയച്ഛനുമൊക്കെ മണ്ണിനടിയിൽ വിലയം പ്രാപിച്ച് കഴിഞ്ഞു. നെഞ്ച് കീറിക്കരഞ്ഞ നന്ദു ആശ്വാസ വാക്കുകൾക്ക് മുന്നിൽ പകച്ച് നിൽപാണ്. ആ അവസ്ഥ അവനെ ആശ്വസിപ്പിക്കുന്നവരിലുമുണ്ട്. ആരൊക്കെയോ, എന്തൊക്കെയോ അവനോട് പറയുന്നു-തലോടുന്നു. അവൻ തികഞ്ഞ മൗനിയാണ്.
ഇടയ്ക്കിടെ വിദൂരതയിലേക്കും, ചുറ്റിലേക്കുമൊക്കെ അവന്റെ കണ്ണുകൾ ചലിക്കുന്നുണ്ട്. ആ കണ്ണുകൾ തേടുന്നത് അച്ഛനേയും, അനിയത്തിയേയും മറ്റുള്ളവരേയുമൊക്കെയാണ്. അവനെന്തോ പ്രതീക്ഷയിലാണെന്ന് തോന്നിപ്പോകും. കുടുംബത്തിലെ എട്ട് പേർ മറ്റെങ്ങോ പോയതായിരിക്കണമെന്നാകും അവൻ സങ്കൽപിക്കുന്നത്. അരിവാൾ പനി രോഗബാധിതനായ നന്ദു നിലമ്പൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ദുരന്ത ദിവസം ഉച്ച കഴിഞ്ഞാണ് അച്ഛൻ വിജേഷ് ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് തിരിച്ചത്. അതിൽ പിന്നീട് കാര്യങ്ങളൊന്നും നന്ദു അറിഞ്ഞിരുന്നില്ല. അമ്മ സൗമ്യയും നന്ദുവിനോടൊപ്പം ആശുപത്രിയിലായിരുന്നു.
മൂന്ന് ദിവസത്തിന് ശേഷം നന്ദു ദുരിതാശ്വാസ ക്യാമ്പിലെത്തി. പിന്നീട് ഏറെ കഴിഞ്ഞാണ് കാര്യങ്ങളെല്ലാം അവന് മനസ്സിലാക്കാനായത്. കരഞ്ഞ് കരഞ്ഞ് ഒടുവിൽ അതിനുള്ള ശക്തി പോലും അവന് നഷ്ടമായിരിക്കുന്നു. ക്യാമ്പിലെ കുട്ടികൾക്കായി മാനസികോല്ലാസ പരിപാടികൾ ബന്ധപ്പെട്ടവർ പലതും ആവിഷ്‌കരിക്കുന്നുണ്ടെങ്കിലും നന്ദുവിന് അതൊന്നും വേണ്ടത്ര ആശ്വസിക്കാനാകുന്നില്ല. അവന്റെ മനസ്സ് മറ്റെങ്ങോ വ്യാപരിക്കുകയാണ്.

പുത്തുമലയും കവളപ്പാറയും
വയനാട്-പുത്തുമലയിലുണ്ടായ വൻ ഉരുൾപൊട്ടലിന് പിന്നാലെയാണ് കവളപ്പാറ ദുരന്തമുണ്ടാകുന്നതും. ഈ പ്രളയ കാലത്ത് സംഭവിച്ചതിൽ ഏറ്റവും വലിയ അത്യാഹിതമാണ് പുത്തുമലയിലും കവളപ്പാറയിലുമുണ്ടായത്. കടുത്ത പ്രകൃതി ദുരന്തം നടന്ന തമിഴ്നാട്ടിലെ നീലഗിരി ജില്ലയോട് ചേർന്നാണ് ഈ പ്രദേശങ്ങൾ സ്ഥിതി ചെയ്യുന്നത്. വൻ ദുരന്തങ്ങളുണ്ടായ മലപ്പുറത്തെ കവളപ്പാറയും, വയനാട്ടിലെ പുത്തുമലയും രണ്ട് വേറിട്ട സ്ഥലങ്ങളാണെങ്കിൽ പോലും ഒരേ പാരിസ്ഥിതിക ദുർബല മേഖലയിലുള്ള ഈ പ്രദേശങ്ങൾ തമ്മിൽ വനത്തിലൂടെയുള്ള ദൂരം കേവലം 15 കിലോമീറ്റർ മാത്രമാണ്. ചാലിയാറിന്റെ പ്രധാന പോഷക നദികളിലൊന്നായ ചുളികാനദി പുത്തുമലയിലൂടെ ഒഴുകി പിന്നിട്ട് കവളപ്പാറയിലൂടെയാണ് നിലമ്പൂരിലെത്തുന്നത്.
എവിടെയെല്ലാം ഉരുൾപൊട്ടലും മണ്ണൊലിപ്പും ഉണ്ടായിട്ടുണ്ടോ, ആ ഭാഗങ്ങളിലെ പ്രാന്ത പ്രദേശങ്ങളിലെല്ലാം കരിങ്കൽ-ചെങ്കൽ ക്വാറികൾ പ്രവർത്തിക്കുന്നുണ്ട് എന്നാണ് കേരള വന ഗവേഷണ കേന്ദ്രം നടത്തിയ പഠനങ്ങളിൽ പറയുന്നത്. ഉരുൾപൊട്ടലുണ്ടായ കവളപ്പാറയുടെ 5 കിലോമീറ്റർ ചുറ്റളവിൽ 27 ക്വാറികൾ പ്രവർത്തിച്ചിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. ഒരു തരത്തിലുമുള്ള ഖനന പ്രവർത്തനങ്ങളും പാടില്ലെന്ന് ഗാഡ്ഗിൽ കമ്മിറ്റി നിർദേശിച്ചിരുന്ന 11 പരിസ്ഥിതി ലോല പ്രദേശങ്ങളിൽ പത്തിടങ്ങളിലായി പ്രവർത്തിച്ച് കൊണ്ടിരുന്ന 91 ക്വാറികൾ നിലവിലെ പാരിസ്ഥിതിക ദുരന്തത്തിന് കാരണമായിട്ടുണ്ട് എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഒരുപക്ഷേ ഇത് കൊണ്ടാകണം ഇത്തവണ കാലവർഷ ദുരന്തമുണ്ടായതോടെ, കേരളത്തിലെ ക്വാറികളെല്ലാം താത്കാലികമായി അടച്ചിടാൻ സർക്കാർ തീരുമാനിച്ചത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ 129 ക്വാറികൾക്കാണ് സംസ്ഥാനത്ത് പുതുതായി അനുമതി നൽകിയത്. 750 അംഗീകൃത ക്വാറികൾ സംസ്ഥാനത്തുണ്ടെന്ന് സർക്കാർ പറയുമ്പോൾ, ഒരു പഞ്ചായത്തിൽ ആറ് എന്ന കണക്കിൽ, കേരളത്തിൽ മൊത്തം ചെറുതും വലുതുമായി കരിങ്കൽ-ചെങ്കൽ എന്നിങ്ങനെ 5,924 ക്വാറികൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ 3332-ഉം പ്രവർത്തിക്കുന്നത് ഗാഡ്ഗിൽ കമ്മറ്റി അടയാളപ്പെടുത്തിയ പരിസ്ഥിതി ലോല മേഖലകളിലാണ്. എന്ന് വെച്ചാൽ 56 ശതമാനവും. ഉരുൾപൊട്ടൽ, പ്രളയ-ദുരന്ത സാധ്യതകൾ എന്നിവ ഉള്ളതായി സർക്കാർ തന്നെ കണ്ടെത്തിയ താലൂക്കുകളിലെങ്കിലും ക്വാറികളുടെ പ്രവർത്തനം നിരോധിക്കാനോ, നിയന്ത്രിക്കാനോ സർക്കാറിന് കഴിയുന്നുമില്ല. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പിനെ തുടർന്ന് ഖനനത്തിന് ഏർപ്പെടുത്തിയ നിരോധനം സർക്കാർ പിൻവലിച്ചു. മഴ കുറഞ്ഞ സാഹചര്യത്തിൽ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പുകൾ പിൻവലിച്ചതിനെ തുടർന്നാണ് ക്വാറികൾക്കേർപ്പെടുത്തിയ നിയന്ത്രണവും നീക്കിയത്.
കനത്ത മഴയിൽ വയനാട്ടിലെ പുത്തുമലയിലും, മലപ്പുറത്തെ കവളപ്പാറയിലും അതിശക്തമായ ഉരുൾപൊട്ടൽ ഉണ്ടായതിനെ തുടർന്നാണ് ക്വാറികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. പാരിസ്ഥിതിക അനുമതിയുള്ള ക്വാറികളുടെ പ്രവർത്തനം തടഞ്ഞാൽ കോടതി നടപടികൾ നേരിടേണ്ടി വരുമെന്നാണ് മൈനിംഗ് ആന്റ് ജിയോളജി ഉദ്യോഗസ്ഥർ പറയുന്ന ന്യായവും. ക്വാറികളിൽ നിന്നുള്ള എർത്ത് വൈബ്രേഷൻ വീടുകളുടെ അടിത്തറ ഇളക്കുന്നതായി കഴിഞ്ഞ ഒരു ദശകമായി പലയിടത്തും ജനങ്ങൾ നിരന്തരം പരാതി ഉന്നയിച്ചിട്ടും, മൈനിംഗ് ആന്റ് ജിയോളജി ഉദ്യോഗസ്ഥർ ജനങ്ങൾക്ക് മുന്നിലിടുന്ന ന്യായവും ഇത് തന്നെയാണ്. താത്പര്യങ്ങൾക്ക് വഴങ്ങാതെ ചുറ്റുപാടുകളിലെ യാഥാർഥ്യങ്ങൾ സർക്കാർ കണ്ണ് തുറന്നു കണ്ടാൽ മാത്രമേ ദുരന്തങ്ങൾക്ക് പരിഹാരം സാധ്യമാവുകയുള്ളൂ.
പുത്തുമലയിലുണ്ടായ ദുരന്തം ഉരുൾപൊട്ടലല്ല, മറിച്ച് 'സോയിൽ പൈപ്പിംഗ് എന്ന പ്രതിഭാസ'മാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഉരുൾപൊട്ടൽ പോലെ തന്നെ പൈപ്പിംഗ് എന്നതും മനുഷ്യ നിർമിതം തന്നെയാണ്. അധികൃതർ ഉൾപ്പെടെ പലരും കാണാതെ പോകുന്ന വസ്തുതയും ഇത് തന്നെ. 1980-കളിൽ പുത്തുമലയിൽ സ്വകാര്യ വൻകിട തോട്ടം നിർമിച്ചവർ കടുത്ത വനനശീകരണം നടത്തിയതാണ് ഇപ്പോഴത്തെ ഈ പ്രതിഭാസത്തിനു കാരണമെന്ന് സോയിൽ കൺസർവേഷൻ അധികൃതർ തുറന്ന് പറയുന്നുണ്ട്. വലിയ വൃക്ഷങ്ങൾ മുറിച്ചു മാറ്റിയപ്പോൾ അവയുടെ അവശേഷിച്ച വലിയ വേരുകൾ ദ്രവിച്ചു മണ്ണിൽ വലിയ തുരങ്കങ്ങളുണ്ടാവുകയും, അത് വഴി മഴവെള്ളം ഒഴുകി പൈപ്പിംഗ് എന്ന പ്രതിഭാസം സംഭവിക്കുകയും ചെയ്യുന്നു എന്നതാണ് വിദഗ്ധമതം. 'സോയിൽ പൈപ്പിംഗ്' എന്നത് 'മണ്ണിന്റെ കാൻസർ' ആണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. കഴിഞ്ഞ പ്രളയത്തിന് ശേഷം സംസ്ഥാന പുനർനിർമാണത്തിനായി സർക്കാർ തുടങ്ങി വെച്ച പദ്ധതിയുടെ സമീപന രേഖയിൽ പറയുന്നത് 1961-നും 2009-നുമിടയിൽ കേരളത്തിലെ മലയോര മേഖലകളിലുണ്ടായ മണ്ണിടിച്ചിലും, മണ്ണൊലിപ്പും ഉൾപ്പെടെയുള്ള പ്രധാന ഉരുൾപൊട്ടലുകൾ കേവലം 65 എണ്ണം മാത്രമാണ്. ഇവയിലെല്ലാം കൂടി മരണസംഖ്യ 257 എണ്ണമാണെന്നും പറയുന്നു.
അതേസമയം സംസ്ഥാന ദുരന്ത നിവാരണ ഏജൻസിയുടെ കണക്കുകൾ പ്രകാരം ഇതേ മേഖലയിൽ കഴിഞ്ഞ ഒരു വർഷം മാത്രം ചെറുതും വലുതുമായി 500-ലേറെ ഉരുൾപൊട്ടലുകളുണ്ടായി എന്നാണ്. പ്രളയ ദുരന്തങ്ങളുടെ കാരണങ്ങളെക്കുറിച്ച് ആഴത്തിൽ പഠനം നടത്തി കാരണം കണ്ടെത്താനും, ആ പഠനത്തിന്റെ അടിസ്ഥാനത്തിൽ പുതിയ നിലപാടുകൾ സ്വീകരിക്കാനുമാണ് സർക്കാർ ആലോചിക്കുന്നതെന്നുമാണ് പുതുതായി കേൾക്കുന്ന വാർത്ത.
കേരളത്തിലെ പാരിസ്ഥിതിക മേഖലയിലെ സമഗ്രവും, ഏറെക്കുറെ ആധികാരികവുമായ പഠനമാണ് മാധവ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട്. എന്നാൽ ഇതിന് വേണ്ടത്ര പ്രാധാന്യം കൊടുക്കാതെ പുതിയ പഠനം തേടുക എന്നതിൽ, തികഞ്ഞ അനൗചിത്യമുണ്ട്. ആവർത്തിക്കപ്പെടുന്ന ദുരന്തങ്ങളുടെ കാരണം അന്വേഷിച്ചു സർക്കാർ പോകേണ്ടത് അന്താരാഷ്ട്ര ഏജൻസികളിലേക്കല്ല. കേരളത്തിലെ ക്വാറികളിലേക്കാണ്.
മദ്രാസ് റെജിമെന്റിലെ 30 അംഗ സൈന്യവും കവളപ്പാറയിൽ തെരച്ചിലിനെത്തിയെങ്കിലും, ജഡങ്ങൾ പൂർണമായും ഇനിയും കണ്ടെത്താനായിട്ടില്ല. കവളപ്പാറക്കാരുടെ മാത്രം വേദനയായി അതിനി അവശേഷിക്കുകയും ചെയ്യും. കാലവർഷം ഇനിയും വരും. കുറേ മനുഷ്യരുടെ ജീവനുകൾ ഇനിയും നഷ്ടമായേക്കും. കാടും നാടുമിളക്കുന്ന കോലാഹലങ്ങൾ വീണ്ടും ആവർത്തിക്കപ്പെടുകയും ചെയ്യും. പക്ഷേ ഒന്നിനു മാത്രം ശാശ്വത പരിഹാരമാകുന്നില്ല. മണ്ണിനോട് മനുഷ്യൻ കാണിക്കുന്ന ക്രൂരതയ്ക്ക്. തോന്നിടത്തൊക്കെ ചെങ്കൽ ക്വാറികളും കരിങ്കൽ ഖനനങ്ങളും നിർബാധം തുടർന്ന് പ്രകൃതിയെ കൊല്ലാക്കൊല ചെയ്യുമ്പോൾ, കുറേ മനുഷ്യരുടെ ജീവൻ കവർന്ന് പ്രകൃതി തന്നെ തിരിച്ചടി നൽകുമ്പോൾ ഇതിനൊക്കെ പ്രായോഗിക പരിഹാരം കാണേണ്ടവർ എക്കാലത്തും ഉറക്കം തൂങ്ങുക തന്നെയാണ്.






