പാട്ടോർമകളുടെ മാഞ്ചുവട്ടിൽ 

''പതിനാറു വയസ്സു കഴിഞ്ഞാൽ
പുളകങ്ങൾ പൂത്തുവിരിഞ്ഞാൽ
പതിവായി പെൺകൊടിമാരൊരു
മധുര സ്വപ്നം കാണും...''

കോഴിക്കോട് കുണ്ടുപറമ്പിനടുത്ത വൈദ്യരങ്ങാടിയിലെ അശ്വതി എന്ന വാടക വീട്ടിൽ മലയാള ഗാനസാമ്രാജ്യത്തിലെ രാജകുമാരിയായിരുന്ന ഒരു ഗായികയുണ്ട്. ബാബുരാജും കോഴിക്കോട് അബ്ദുൽഖാദറും എസ്.എം. കോയയും സി.എ. അബൂബക്കറുമെല്ലാം ധന്യമാക്കിയ കോഴിക്കോടിന്റെ സംഗീത പാരമ്പര്യത്തിലെ അവശേഷിക്കുന്ന കണ്ണികളിലൊരാൾ. പ്രേമലത എന്ന പ്രേമ. പ്രശസ്ത ഗായകനും സംഗീത സംവിധായകനുമെല്ലാമായിരുന്ന കെ.ആർ. ബാലകൃഷ്ണന്റെ ഭാര്യാസഹോദരിയാണ് പ്രേമ.
ഒരു മുല്ലപ്പൂമാലയുമായി മലയാളികളുടെ മനസ്സിലേയ്ക്കു കടന്നുവന്ന ഈ ഗായിക സ്വന്തമായി ഒരു വീടു പോലുമില്ലാതെ പഴയ ഓർമകളുടെ മധുരം നുണയുകയാണ്.
''അമ്മയുടെ പാട്ടു കേട്ടാണ് സംഗീത രംഗത്തേയ്ക്ക് കടന്നുവന്നത്. പിന്നീട് ബാപ്പുട്ടി ഭാഗവതരുടെ ശിഷ്യയായി. രണ്ടു വർഷത്തെ പഠനത്തിനു ശേഷം ആൾ ഇന്ത്യാ റേഡിയോയിലെ കുഞ്ഞിരാമൻ ഭാഗവതരിൽ നിന്നും സംഗീതം പഠിച്ചുതുടങ്ങി. ഗിരീഷ് പുത്തഞ്ചേരിയുടെ അമ്മാവനായിരുന്നു അദ്ദേഹം.'' ആലാപന വിശുദ്ധിയുടെ സുഗന്ധമുള്ള ഓർമകളിലേയ്ക്ക് മടങ്ങുകയായിരുന്നു പ്രേമ.
മലബാർ ക്രിസ്ത്യൻ കോളേജിനടുത്തുള്ള തയ്യൽ കടക്കാരനായ പുതിയ വീട്ടിൽ കുഞ്ഞിക്കണ്ണൻ മേസ്തിരിയുടെയും അമ്മു അമ്മാളിന്റെയും പതിനൊന്നു മക്കളിലൊരാളായിരുന്നു. അമ്മയും ചേച്ചി ശാന്തകുമാരിയും നന്നായി പാടുമായിരുന്നു. മറ്റൊരു ചേച്ചിയായ സൗമിനിയുടെ ഭർത്താവായിരുന്നു കെ.ആർ. എന്ന ചുരുക്കപ്പേരിലറിയപ്പെട്ടിരുന്ന ബാലേട്ടൻ.
സംഗീത യാത്രയിൽ വഴികാട്ടിയായത് ബാലേട്ടനായിരുന്നു. പാട്ടെഴുതുകയും സംഗീതം നൽകുകയും ചെയ്തിരുന്ന ബാലേട്ടനെ കാണാൻ പല ഗായകരും വീട്ടിലെത്തിയിരുന്നു. ഒരിക്കൽ സി.എ. അബൂബക്കർ വീട്ടിൽ വന്നപ്പോൾ ഒരു പാട്ടു പാടാമോ എന്നു ചോദിച്ചു. അന്ന് പതിമൂന്ന് വയസ്സാണ് പ്രായം. പാടിയ പാട്ട് ഇഷ്ടമായ സി.എ പിറ്റേന്ന് ഒരു പാട്ടുപുസ്തകവുമായാണ് വന്നത്. നാടകാചാര്യൻ കെ.ടി.മുഹമ്മദിന്റെ സഹോദരൻ കെ.ടി.സെയ്ദിന്റെ ക്രൗൺ തിയേറ്ററിനടുത്തുള്ള ലിറിക്‌സ് കോർണറിൽനിന്നായിരുന്നു ആ പുസ്തകം വാങ്ങിയത്. അക്കാലത്ത് പുതിയ ഹിന്ദി, തമിഴ് പാട്ടുപുസ്തകം കോഴിക്കോട്ടുകാർക്ക് എത്തിച്ചുകൊടുത്തത് സെയ്ദ്ക്കയായിരുന്നു. ആ പാട്ടുപുസ്തകത്തിൽനിന്നും ലതാ മങ്കേഷ്‌കറുടെ ഒരു ഹിറ്റ് ഗാനം സി.എ പഠിപ്പിച്ചുതന്നു. സലിൽ ചൗധരി ഈണമിട്ട ''ഓ... സജ്‌നാ...'' എന്ന ഗാനം.
സി.എയുടെ പ്രോത്സാഹനത്തിലായിരുന്നു ആദ്യമായി വേദിയിൽ ഗാനമാലപിക്കുന്നത്. നഗര ശതാബ്ദിയോടനുബന്ധിച്ച് ടൗൺഹാളിൽ ഒരുക്കിയ സംഗീത സദസ്സിലായിരുന്നു അരങ്ങേറ്റം. ''ഓ... സജ്‌നാ...'' എന്ന ഗാനം പാടിക്കഴിഞ്ഞപ്പോഴുണ്ടായ നിലയ്ക്കാത്ത കരഘോഷം ഇന്നും കാതുകളിൽ മുഴങ്ങുന്നുണ്ട്. പിന്നീട് തുടർച്ചയായി പൊതുവേദികളിൽ പാടിത്തുടങ്ങി.
മാപ്പിളപ്പാട്ടിന്റെ ഉസ്താദായ എസ്.എം. കോയ സി.എയുടെ ഭാര്യാപിതാവായിരുന്നു. മലബാറിലെ പ്രശസ്തരായ എച്ച്.എം.വി ആർട്ടിസ്റ്റുകളിലൊരാളായ അദ്ദേഹമാണ് ചെന്നൈയിലെ എച്ച്.എം.വിയിൽ കൊണ്ടുപോയി പാടിച്ചത്. അക്കാലത്ത് എച്ച്.എം.വിയിൽ പാടുകയെന്നത് മഹാഭാഗ്യമായി കണ്ടിരുന്നു. ''കറമൂസ കറിവെച്ച് കരിമീനും പൊരിച്ചാക്കി ചുടുചോറ് ഒരുക്കി കാത്തിരുന്നു ഞാൻ...'' എന്ന സോളോയും ''പിഞ്ചായ നാൾതൊട്ട് പഞ്ചാരമാഞ്ചോട്ടിൽ കൊഞ്ചിക്കുഴഞ്ഞ് നമ്മൾ കാത്തിരുന്നല്ലോ...'', ''മതിയേനിൽ അബുരാജ...'' എന്നീ ഗാനങ്ങൾ സി.എയോടൊപ്പവുമാണ് പാടിയത്. റേഡിയോയിലും കല്യാണ വീടുകളിലുമെല്ലാം ഹിറ്റായി മാറിയ പാട്ടുകളായിരുന്നു ഇവ'' -പ്രേമ ഓർക്കുന്നു.
സംഗീത സപര്യ പിന്നെയും തുടർന്നുകൊണ്ടിരുന്നു. ''ഗിറ്റാറിസ്റ്റായ ആർച്ചി ഹട്ടൻ ഞങ്ങളുടെ അയൽക്കാരനായിരുന്നു. അദ്ദേഹം ഹട്ടൻസ് ഓർക്കസ്ട്ര തുടങ്ങിയപ്പോൾ ഗായികയായി എന്നെയും വിളിച്ചു. അക്കാലത്ത് ഹട്ടൻസ് ഓർക്കസ്ട്രയിലെ ഏക സ്ത്രീശബ്ദമായിരുന്നു എന്റേത്. എ.എം.രാജയുടെ ഭാര്യ ജിക്കി പാടിയ ''കുങ്കുമത്തിൻ പൊട്ടുകുത്തി ഞാനെന്റെ കൂന്തളത്തിൽ പൂചൂടി...'' എന്ന ഗാനം പാടിക്കൊണ്ടായിരുന്നു ഹട്ടൻസിൽ തുടങ്ങിയത്. ബാലചന്ദ്രനും കെ.ആർ.വേണുവും എ.എൽ.രഘുനാഥുമെല്ലാമായിരുന്നു കൂടെ പാടിയിരുന്നത്. പിന്നീട് ലളിതാ ഡേവിഡും കൂട്ടിനെത്തി. നൂറുകണക്കിന് വേദികളെ ഇളക്കിമറിച്ച പ്രേമഗായികയായി മാറുകയായിരുന്നു. മലയാളവും തമിഴും ഹിന്ദിയുമെല്ലാമായി പാടിത്തകർക്കുകയായിരുന്നു... ലതാ മങ്കേഷ്‌കർ പാടിയ ''ഓ സജ്‌നാ...'', ''സയനോരാ...'' എന്നീ ഗാനങ്ങൾ പലയിടത്തും ഒന്നിലേറെ തവണ പാടേണ്ടിവന്നു. ''പൂപോലെ പൂപോലെ പിറക്കും...'', ''തട്പ്പാവ്‌ഗെ തട്പാലോ...'', ''ദോസിത്താരോ കസമീ...'' തുടങ്ങിയ ഗാനങ്ങളും ആലപിച്ചിരുന്നു.  കല്യാണ വീടുകളിലും നാടകവേദികളിലും ആകാശവാണിയിലുമെല്ലാം പാടിനടന്നു.
കോറണേഷൻ ലോഡ്ജിന്റെ ഉടമയായ കൃഷ്ണദാസിന്റെ വീട്ടിൽ നടന്ന ഒരു പിറന്നാൾ പരിപാടിയാണ് പ്രേമയുടെ സംഗീത ജീവിതത്തിൽ വഴിത്തിരിവായത്. സദസ്സിൽ ബാബുരാജും കെ.പി. ഉമ്മറുമെല്ലാമുണ്ടായിരുന്നു. ബാബുരാജ് ഈണമിട്ട രണ്ടു പാട്ടുകളായിരുന്നു അവിടെ പാടിയത്. ''തളിരിട്ട കിനാക്കൾ...'', ''തേടുന്നതാരെ ഈ ശൂന്യതയിൽ...'' തുടങ്ങിയ പാട്ടുകൾ പാടിക്കഴിഞ്ഞപ്പോൾ ബാബുരാജ് ചോദിച്ചു. ''സിനിമയിൽ പാടാൻ ഇഷ്ടമാണോ?'' എന്ന്. കൂടെയുണ്ടായിരുന്നു കെ.പി. ഉമ്മർ തിരിച്ചടിച്ചു. ''അതെന്തു ചോദ്യമാണ്. പാടിച്ചാൽ പാടും അല്ലേ?'' എന്നെ നോക്കി കണ്ണിറുക്കി ഉമ്മുക്ക ചോദിച്ചു.
രണ്ടു മാസത്തെ കാത്തിരിപ്പിനൊടുവിൽ ബാബുക്കയുടെ ക്ഷണമെത്തി. അമ്മയോടൊപ്പമാണ് മദ്രാസിലെത്തിയത്. ചെറിയൊരു ജോലിയുമായി ജ്യേഷ്ഠനും അന്ന് മദ്രാസിലുണ്ടായിരുന്നു. എഗ്മൂറിൽ ഒരു കൊച്ചുവീട് വാടകയ്‌ക്കെടുത്ത് പതിനെട്ടു ദിവസത്തോളം റിഹേഴ്‌സലും റെേക്കാഡിംഗുമായി അവിടെ കൂടി. സ്വാമീസ് ലോഡ്ജിലായിരുന്നു ബാബുക്കയുടെ താമസം. ഹാർമോണിയം വായിച്ചാണ് പാട്ട് പറഞ്ഞുതന്നത്. രേവതി സ്റ്റുഡിയോയിൽ വെച്ചായിരുന്നു റെക്കോഡിംഗ്.

''പതിനാറു വയസ്സു കഴിഞ്ഞാൽ
പുളകങ്ങൾ പൂത്തുവിരിഞ്ഞാൽ
പതിവായി പെൺകൊടിമാരൊരു
മധുര സ്വപ്നം കാണും...''

എന്ന ഗാനം പാടാൻ യേശുദാസിനൊപ്പം മൈക്രോഫോണിനു മുൻപിൽ നിൽക്കുമ്പോൾ ചെറിയൊരു പരിഭ്രമമുണ്ടായിരുന്നു. എങ്കിലും ദൈവം കൂട്ടിനുണ്ടായിരുന്നതുകൊണ്ട് ഒറ്റ ടേക്കിൽ ഓക്കെയായി. വയലാർ, ബാബുരാജ് കൂട്ടുകെട്ടിൽ പിറന്ന ഈ മനോഹര ഗാനത്തോടെ മലയാള ചിലച്ചിത്ര ഗാനശാഖയിൽ പ്രേമ എന്ന പത്തൊൻപതുകാരി ഇടം നേടുകയായിരുന്നു.
ആദ്യ ഗാനം ശ്രോതാക്കൾ സ്വീകരിച്ചതോടെ നിരവധി അവസരങ്ങളാണ് എത്തിയത്. കുഞ്ഞാലിമരക്കാർ എന്ന ചിത്രത്തിനു വേണ്ടി ജയചന്ദ്രനോടൊപ്പം പാടിയതും മറക്കാനാവാത്ത ഓർമയാണ്. ഭാസ്‌കരൻ മാസ്റ്റർ രചിച്ച് ബി.എ. ചിദംബരനാഥ് സംഗീതം പകർന്ന ''ഒരു മുല്ലപ്പൂമാലയുമായി നീന്തി നീന്തിവന്ന...'' എന്ന ഗാനം. ജയചന്ദ്രന്റെ അന്നത്തെ മധുര ശബ്ദം ഇപ്പോഴും മറക്കാനാവില്ല. പുതിയൊരു ഗായകന്റെ പിറവിയായിരുന്നു അവിടെ നടന്നത്.
പൂച്ചക്കണ്ണി എന്ന ചിത്രത്തിൽ ഭാസ്‌കരൻ മാസ്റ്റർ രചിച്ച് ബാബുരാജ് ഈണമിട്ട ''മരമായ മരമാകെ തളിരിട്ടു, പൂവിട്ടു...'' എന്ന ഗാനത്തിന്റെ കോറസിൽ ലീഡ് ശബ്ദം എന്റേതായിരുന്നു. ജലകന്യകയിലെ വടക്കൻ പാട്ടിന്റെ ഹമ്മിംഗിൽ എൽ.ആർ. ഈശ്വരിയുടെ സഹോദരി അഞ്ജലിക്കൊപ്പവും പാടി. വിദ്യാർത്ഥി എന്ന ചിത്രത്തിൽ ചിദംബരനാഥ് സംഗീതം നൽകിയ കോറസ് ഗാനമായ ''ഹാർട്ട് വീക്ക് പൾസ് വീക്ക്, ബ്ലഡ് പ്രഷർ ലോ, ലോ...'' എന്ന ഗാനം പി. ലീലയ്ക്കും സംഘത്തിനുമൊപ്പം പാടി. കൂടാതെ തൊമ്മന്റെ മക്കൾ എന്ന ചിത്രത്തിലും കോറസ് പാടി. കണ്ണൂർ രാജൻ സംഗീതം പകർന്ന മിസ്റ്റർ സുന്ദരി എന്ന ചിത്രത്തിൽ ബ്രഹ്മാനന്ദന്റെ കൂടെ ''ഹണിമൂൺ, ഹണിമൂൺ'' എന്ന യുഗ്മഗാനത്തിനു പുറമെ പാലയാട് യശോദയോടൊപ്പം ''മാൻപേട ഞാനൊരു മാൻപേട...'' എന്ന ഗാനവും ആലപിച്ചു.
സിനിമാലോകത്തെ വർണപ്പകിട്ടിനു പിന്നിലുള്ള ചതിക്കുഴികൾ തിരിച്ചറിയാൻ കാലമേറെ വേണ്ടിവന്നില്ല. പാടിയ പാട്ട് മറ്റൊരു ഗായികയുടെ പേരിൽ അറിയപ്പെടുന്നതറിഞ്ഞപ്പോൾ വിഷമം തോന്നി. തന്നെക്കൊണ്ട് പാടിക്കാമെന്നേറ്റ ഗാനം മറ്റൊരു ഗായികയെക്കൊണ്ട് പാടിച്ചതും വിങ്ങുന്ന ഓർമകളാണ്. ഗ്രൂപ്പുകളിലും കോക്കസുകളിലുമൊന്നും പെടാത്തവർക്ക് ഈ രംഗത്ത് പിടിച്ചുനിൽക്കാനാവില്ല എന്നത് പുതിയ തിരിച്ചറിവായിരുന്നു.


അമ്മയുടെ ആകസ്മിക മരണമാണ് പ്രേമയുടെ സംഗീത ജീവിതത്തിന് അപശ്രുതിയായത്. ''അമ്മയായിരുന്നു എല്ലാം. അമ്മ മരിച്ചതോടെ റെക്കോഡിംഗിന് പോകാൻ പ്രയാസമായി. ചെന്നൈയിൽ ഒറ്റയ്ക്ക് തങ്ങാനാകില്ല എന്ന തിരിച്ചറിവിൽ നാട്ടിലേയ്ക്കു മടങ്ങി. മദ്രാസിൽനിന്നും മടങ്ങിയതോടെ പിന്നീട് സിനിമയിൽ അവസരം ലഭിച്ചതുമില്ല. കുറച്ചുകാലം കൂടി അവിടെ തങ്ങാമായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നു'' -വേദന ഉള്ളിലൊതുക്കി പ്രേമ പറയുന്നു.
കോഴിക്കോട്ടു നടന്ന ഗന്ധർവ സന്ധ്യയിൽ പ്രേമയെ ആദരിക്കാൻ യേശുദാസ് മറന്നില്ല. അന്ന് യേശുദാസ് പാടാൻ പറഞ്ഞപ്പോൾ ശബ്ദം ശരിയാവില്ല എന്നുപറഞ്ഞ് ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും അദ്ദേഹം വിട്ടില്ല. ഒടുവിൽ പി.സുശീലയുടെ ''കിനാവിന്റെ കുഴിമാടത്തിൽ...'' എന്ന ഗാനം ആലപിച്ചു. പാട്ടുകേട്ട് യേശുദാസ് അടക്കം എല്ലാവരും അത്ഭുതപ്പെട്ടു. 1972 നു ശേഷം ആലാപന രംഗത്തുനിന്ന് വഴിമാറി നടന്നെങ്കിലും ആ സ്വരസൗന്ദര്യത്തിന് ഇന്നും യാതൊരു കോട്ടവും സംഭവിച്ചില്ലെന്ന് തെളിയിക്കുകയായിരുന്നു. അവസരം കിട്ടിയാൽ ഇനിയും പാടാൻ തയാറാണെന്നും അവർ പറയുന്നു.
2014 ൽ ജയചന്ദ്രൻ കോഴിക്കോട്ട് ഒരു സംഗീത വിരുന്നിനെത്തിയപ്പോൾ പ്രേമയും കൂടെ പാടിയിരുന്നു. മറ്റൊരവസരത്തിൽ എസ്.ജാനകി കോഴിക്കോട്ടെത്തിയപ്പോഴും പ്രേമയുമായി സൗഹൃദം പുതുക്കാനെത്തി. ചേട്ടത്തി എന്ന ചിത്രത്തിൽ ജാനകി പാടിയ ''കണ്ണനാമുണ്ണി ഉറങ്ങൂ...'' എന്ന ഗാനം പ്രേമയോട് പാടിത്തരണമെന്ന് അവർ ആവശ്യപ്പെടുകയായിരുന്നു.
1978 ലായിരുന്നു പ്രേമയുടെ വിവാഹം. അച്ഛന്റെ മരണ ശേഷം ഭർത്താവ് എൻ.വി.ബാലകൃഷ്ണനായിരുന്നു തയ്യൽകട നടത്തിയിരുന്നത്. എന്നാൽ അദ്ദേഹത്തെയും മരണം നേരത്തെ വിളിച്ചു. മകൾ നമിത കുടുംബിനിയായി ബാംഗ്ലൂരിൽ കഴിയുന്നു. മകൻ നിതിൻ കളർ എഫക്ട്‌സ് എന്ന സ്ഥാപനം നടത്തിവരികയാണ്.
ഇന്നും പുതിയ പാട്ടുകൾ കേൾക്കുകയും ആസ്വദിക്കുകയും ചെയ്യുന്നുണ്ട് ഈ എഴുപത്തഞ്ചുകാരി. പ്രായത്തിന്റെ യാതൊരു കോട്ടവും ശബ്ദത്തിന് സംഭവിച്ചിട്ടില്ലെന്ന് ആ സ്വരമാധുരി കേൾക്കുന്ന ആരും സമ്മതിക്കും.

Latest News