സെവാഗിന്റെ കല്യാണം ജെയ്റ്റ്‌ലിയുടെ വീട്ടില്‍

ന്യൂദല്‍ഹി - ബി.സി.സി.ഐയുടെയും ദല്‍ഹി ക്രിക്കറ്റ് അസോസിയേഷന്റെയും ഭാരവാഹിയായിരുന്ന, അന്തരിച്ച മുന്‍ മന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ നിര്യാണം കായികലോകത്തിനും വലിയ നഷ്ടം. വലിയ ക്രിക്കറ്റ് പ്രേമിയായിരുന്നു അദ്ദേഹം. ദല്‍ഹിയുടെ പല കളിക്കാരുമായും അദ്ദേഹത്തിന് അടുത്ത സൗഹൃദമുണ്ട്. 
മുന്‍ ഇന്ത്യന്‍ ഓപണര്‍ വീരേന്ദര്‍ സെവാഗും ആരതിയും തമ്മിലുള്ള വിവാഹം നടന്നത് ജയ്റ്റ്‌ലിയുടെ വീട്ടില്‍ വെച്ചായിരുന്നു. 2004 ല്‍ ദല്‍ഹി അശോകാ റോഡിലെ ജയ്റ്റ്‌ലിയുടെ ഔദ്യോഗിക വസതിയില്‍ വെച്ചായിരുന്നു കല്യാണം. ജയ്റ്റ്‌ലി ഔദ്യോഗിക വസതി ഉപയോഗിച്ചിരുന്നില്ല. അദ്ദേഹം തന്നെയാണ് വിവാഹം അവിടെ വെച്ചു നടത്താന്‍ സെവാഗിനോട് നിര്‍ദേശിച്ചത്. വിവാഹത്തിനായി ജയ്റ്റ്‌ലി വീട് മോടി പിടിപ്പിച്ചു.  
താനുള്‍പ്പെടെ നിരവധി കളിക്കാര്‍ ഇന്ത്യയെ പ്രതിനിധീകരിച്ചതിന് ജയ്റ്റ്‌ലി കാരണക്കാരനായിരുന്നുവെന്ന് സെവാഗ് അനുശോചിച്ചു. 
 

Latest News