Sorry, you need to enable JavaScript to visit this website.

ബഗാനും വീണു, കപ്പടിച്ച് ഗോകുലം

കൊല്‍ക്കത്ത - ഈസ്റ്റ് ബംഗാളിനു പിന്നാലെ മോഹന്‍ ബഗാനെയും വകവരുത്തി ഗോകുലം കേരള എഫ്.സി ചരിത്രത്തിലാദ്യമായി ഡ്യൂറന്റ് കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്മാരായി. പരുക്കനും ആവേശകരവുമായ ഫൈനലില്‍ 2-1 ന് ജയിച്ചാണ് 129 ാമത് ഡ്യൂറന്റ് കപ്പ് ഗോകുലം കേരളത്തിലേക്ക് കൊണ്ടുവരുന്നത്. എണ്‍പത്തേഴാം മിനിറ്റില്‍ ജസ്റ്റിന്‍ ജോര്‍ജ് ചുവപ്പ് കാര്‍ഡ് കണ്ട ശേഷം ആശങ്കാകുലമായ നിമിഷങ്ങള്‍ അതിജീവിച്ചാണ് ഗോകുലം വിജയം പൂര്‍ത്തിയാക്കിയത്. ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷം ബോക്‌സിലേക്ക് വന്ന ക്രോസ് തടുക്കാന്‍ ചാടിയ മുഹമ്മദ് ഇര്‍ഷാദിന്റെ കൈയില്‍ പന്ത് അബദ്ധത്തില്‍ തട്ടിയപ്പോള്‍ ബഗാന്‍ കളിക്കാര്‍ പെനാല്‍ട്ടിക്കായി റഫറിയെ വളഞ്ഞെങ്കിലും അനുവദിച്ചില്ല. പ്രതിഷേധിച്ച ബഗാന്‍ റിസര്‍വ് താരം ഫ്രാന്‍ മൊറാന്റെക്ക് ചുവപ്പ് കാര്‍ഡ് കിട്ടി. 
ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ പെനാല്‍ട്ടിയില്‍ നിന്നാണ് ഗോകുലം മുന്നിലെത്തിയത്. ഒരുകൂട്ടം ഡിഫന്റര്‍മാരെ വെട്ടിച്ച് മാര്‍ക്കസ് ജോസഫ് പാസ് നല്‍കുമ്പോള്‍ ഹെന്റി കിസേക്ക മാര്‍ക്ക് ചെയ്യപ്പെടാതെ നില്‍ക്കുകയായിരുന്നു. കിസേക്കയെ വീഴ്ത്തുകയല്ലാതെ ഗോളി ദേബ്ജിത് മജുംദാറിന് വഴിയില്ലായിരുന്നു. പെനാല്‍ട്ടി മാര്‍ക്കസ് ജോസഫ് ലക്ഷ്യത്തിലെത്തിച്ചു. ടൂര്‍ണമെന്റില്‍ ക്യാപ്റ്റന്റെ പത്താമത്തെ ഗോള്‍. 
ഇടവേളക്കു ശേഷം മാര്‍ക്കസ് പതിനൊന്നാമത്തെ ഗോളും കണ്ടെത്തി. രണ്ടാം പകുതിയുടെ ആറാം മിനിറ്റില്‍ നവോച സിംഗിന്റെ എണ്ണം പറഞ്ഞ ക്രോസ് ശാന്തമായി നിയന്ത്രിച്ച ശേഷം മജുംദാറിനെ വെട്ടിച്ച് വലയിലെത്തിക്കേണ്ട ചുമതലയേ മാര്‍ക്കസിനുണ്ടായുള്ളൂ. 
ഗോളി സി.കെ. ഉബൈദിന്റെ പിഴവില്‍ നിന്നാണ് അറുപത്തിനാലാം മിനിറ്റില്‍ ബഗാന്‍ ഗോള്‍ മടക്കിയത്. സല്‍വ ചമോറോയുടെ ഷോട്ട് നേരെ ഗോളിയുടെ കൈയിലേക്കായിരുന്നു. എന്നാല്‍ പന്ത് ഭദ്രമായി പിടിക്കാന്‍ ഉബൈദിനു സാധിച്ചില്ല. കൈയില്‍ നിന്ന് വഴുതിയ പന്ത് ഗോള്‍വര കടന്നു. അതോടെ ഗാലറി ഇളകിയെങ്കിലും ഒരു ഗോള്‍ കൂടി കണ്ടെത്തി കളി എക്‌സ്ട്രാ ടൈമിലേക്കു നീട്ടാന്‍ ബഗാന് സാധിച്ചില്ല.
 

Latest News