ഇന്ത്യന്‍ ടീമിന് ഭീഷണി സന്ദേശം

മുംബൈ - വെസ്റ്റിന്‍ഡീസ് പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിന് ഭീഷണി ഇ-മെയില്‍ സന്ദേശം ലഭിച്ചതായി ബി.സി.സി.ഐ ആന്റിഗ്വയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനെ അറിയിച്ചു. ഇക്കാര്യം സുരക്ഷാ ഏജന്‍സികളുടെ ശ്രദ്ധയില്‍ പെടുത്തിയെന്നും ഇ-മെയില്‍ വ്യാജമാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായും ബി.സി.സി.ഐ വ്യക്തമാക്കി. ടെസ്റ്റ് പരമ്പരക്കു മുന്നോടിയായി ഇന്ത്യന്‍ ടീം ആന്റിഗ്വയിലെ കൂളിഡ്ജില്‍ വെസ്റ്റിന്‍ഡീസ് എ ടീമിനെതിരെ സന്നാഹ മത്സരം കളിക്കുകയാണ്. 
എങ്കിലും കളിക്കാരുടെ സുരക്ഷയില്‍ യാതൊരു വീഴ്ചയും സംഭവിക്കാതിരിക്കാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുന്നുണ്ടെന്ന് ബി.സി.സി.ഐ വ്യക്തമാക്കി. ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ പ്രാദേശിക ഗവണ്‍മെന്റിനെ വിവരം ധരിപ്പിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ സുരക്ഷ വര്‍ധിപ്പിക്കും. ഇപ്പോഴത്തെ സാഹചര്യത്തില്‍ നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ മതിയെന്നാണ് ധാരണ -ബി.സി.സി.ഐ വ്യക്തമാക്കി. 
 

Latest News