Friday , February   28, 2020
Friday , February   28, 2020

ചഞ്ചലമായ ആറ് ഇതളുകൾ

ഹരിത സാവിത്രി

അത്യഗാധമായ
പ്രണയത്തിന്റെ
ലഹരിയാലും
തീക്ഷ്ണ ജീവിതത്തിന്റെ
ഉഷ്ണ രക്തത്താലും
ചുവന്നു മാത്രം
വിരിഞ്ഞു പോകുന്ന
ചില ടുളിപ് പൂക്കളുണ്ട്....

പ്രണയത്തിന്റെയും ചരിത്രത്തിന്റെയും ചൂടേറ്റു മണ്ണിനടിയിൽ കിടന്ന ഒരു കിഴങ്ങിൽനിന്ന് രക്തത്താലും വീഞ്ഞിനാലും കുതിർന്ന് വിടർന്നു നിൽക്കുന്ന ഒരു ടുളിപ് പുഷ്പമാണിത്. ആറിതളുകളിൽ ഒരു ദേശത്തിന്റെയും ജനതയുടെയും അതിനിഗൂഢമായ ചരിത്രവും പേറി വസന്തത്തിലേക്ക് മിഴി തുറന്ന ഒരു പൂവിന്റെ അസാധാരണമാം വിധത്തിലുള്ള ജീവചരിത്രം. മുകുന്ദന്റെ 'മയ്യഴിപ്പുഴയുടെ തീരങ്ങളിൽ' എന്ന കൃതിയിലാണ് ടുളിപ് പുഷ്പവും മനുഷ്യന്റെ മുറിവും രക്തവും ചേർന്നൊരു പ്രതിമാന കൽപന ആദ്യം വായിക്കുന്നത്. ദാസന് കറുമ്പി പറഞ്ഞു കൊടുക്കുന്നൊരു കഥയിൽ മാതൃരാജ്യത്തിന് വേണ്ടി വാളേന്തി പൊരുതാനിറങ്ങിയൊരു ഇടയ പെൺകുട്ടിയുണ്ട്. വിജയങ്ങളൊന്നായി എത്തിയെത്തിപ്പിടിച്ചവൾ പാരീസിലേക്ക് മാർച്ച് ചെയ്‌തെങ്കിലും കൊമ്പിയേഞ്ഞിൽ വെച്ച് മാരകമായി മുറിവേൽക്കുന്നു. അവൾ നിലംപതിച്ചു. ടുളിപ് പുഷ്പം പോലെ മൃദുവായ അവളുടെ ശരീരം രക്തത്തിൽ മുങ്ങി എന്നാണ് അതിൽ അടയാളപ്പെടുത്തുന്നത്. 
ഇസ്‌കന്ദർ പാലയുടെ ഇസ്താംബൂളിലെ ടുളിപ് മൊഴിമാറ്റി വായനക്കാരന്റെ കൈകളിലെത്തുന്നത് ഇസ്താംബൂളിലെ പ്രണയ പുഷ്പമേ എന്ന പേരിലാണ്. 
ഇതുവരെ വായിച്ചുല്ലസിച്ചു പരിചയപ്പെട്ടിരുന്ന വള്ളിക്കുടിലുകൾ പോലെയല്ല, വല്ലാത്തൊരു നിർമിതിയാണ് ഇസ്താംബൂളിലെ ടുളിപ്പിന്റേത്. ഇനിയേതൊരാൾക്കും പകർത്താനാകാത്ത വിധം കെട്ടു പിണഞ്ഞു കിടക്കുന്ന ഇടനാഴികളും ദുർഗ്രാഹ്യമായ പിരിയൻ ഗോവണികളും ഈ എഴുത്തു കോട്ടയ്ക്കുള്ളിൽ നമ്മെ ഭീതിയാലും ജിജ്ഞാസയാലും വട്ടം കറക്കുക തന്നെ ചെയ്യും. നോവൽ ഗണത്തിലാണ് കൃതി എങ്കിലും ഇത് തുർക്കിയുടെയും ഓട്ടോമൻ സാമ്രാജ്യത്തിന്റെയും ചരിത്രാഖ്യായികയായാണ് വായിച്ചു പോകുമ്പോൾ അനുഭവത്തിൽ പടരുന്നത്. തണുത്തു നുരയുന്ന ഒരു കോപ്പ വീഞ്ഞ് കുടിച്ച് ചിറി തുടച്ചെഴുന്നേറ്റു പോകുന്ന ലാഘവത്തോടെ ഇതു വായിച്ചു പോകാനാകില്ല. തുടക്കം മുതൽ ഒടുക്കം വരെയുള്ള വായന അക്ഷരാർഥത്തിൽ ഒഴുക്കിനെതിരെയുള്ള ഒരു നീന്തൽ തന്നെയാണ്. 
ഒരുപക്ഷേ, ഓമനത്വം നിറഞ്ഞു നിൽക്കുന്ന തുമ്പി ഭാഷയിലായിരുന്നു വിവർത്തനം എങ്കിൽ ഈ നോവലിന്റെ അന്തഃസത്തയാകെ ചോർന്നു തീർന്നു പോയേനേ. ഓരോ കഥാപാത്രത്തിന്റെയും അതാത് സന്ദർഭത്തിന്റെയും മുറിവുകളുടെ വേദനയും രക്തത്തിന്റെ ചൂടും അവർ മൊത്തിയ വീഞ്ഞിന്റെ ലഹരിയും തുർക്കിയിൽ നിന്നടർത്തിയെടുത്തു മലയാളത്തിലേക്ക് പകർത്തിയപ്പോൾ തനിമ ചോർന്നില്ല എന്നത് മാത്രമല്ല, ഈ നോവലിന്റെ ചരിത്ര വിവരണ രീതിയോട് അങ്ങേയറ്റം നീതി പുലർത്താനും പരിഭാഷയ്ക്ക് കഴിഞ്ഞിട്ടുണ്ട്. 


ചുവന്ന നിറത്തിൽ സങ്കീർണമായ അലങ്കാരപ്പണികളാൽ സുന്ദരമാക്കിയ ' ഒരു കൊലപാതകവും അറുപത്തിയാറ് ചോദ്യങ്ങളും' എന്ന തലക്കെട്ടിൽ നിന്നാണ് ഈ കൃതിയുടെ ഉടലാകെ ഒരുങ്ങിയിറങ്ങിയിരിക്കുന്നത്. അതിസുന്ദരിയായ ഒരു ഗണിക ഒരു അപരിഷ്‌കൃതന്റെ കൈയിൽ അകപ്പെട്ടാലെന്നത് പോലെയുള്ള ആശങ്കയാണ് ഈ സങ്കീർണതയെ സ്വന്തമാക്കാൻ ആഖ്യാതാവിനെ പ്രേരിപ്പിക്കുന്നത്. അങ്ങനെയാണ് സദാബാദിലെ ടുളിപ്പുകളും ഇസ്താംബൂൾ എന്ന സ്വർഗീയ നഗരത്തിന്റെ ചാരുതയും അക്ഷരങ്ങളിൽ അണിനിരക്കുന്നത്. 
ഫാൽക്കെയുടെ അലച്ചിൽ നക്‌സിഗ്യുൽ എന്ന തന്റെ പ്രണയ പുഷ്പത്തെ തലയറുത്തത് കൊലപാതകിയെ തിരഞ്ഞാണെങ്കിൽ യെയെ ആകട്ടെ ശെഹ്നാസ് എന്ന പ്രണയ രാഗത്തെ തേടി അലയുകയാണ്. കൂടിച്ചേർന്നും ഒരുവേള സമാന്തരമായും പിന്നെ രണ്ടായി പിരിഞ്ഞുമുള്ള അവരുടെ വ്രണിത ജീവിത പാതകളിലൂടെ അതിവേഗം നടന്നെത്താൻ ഒരിട വായനക്കാരനും കിതച്ചു പോകുന്നു. തീർച്ചയില്ലാത്തൊരു തെരുവിൽ വെച്ചൊരു മൂർച്ച രക്തം രുചിച്ചു മുറിവിനാഴം തീർക്കുമെന്ന ഭീതി ഇവരുടെ ഓരോ യാത്രകളിലും നമ്മെയും പിന്തുടരുന്നു. 
കുളിക്കടവിലായാലും കൊട്ടാരത്തിലായാലും തുർക്കിയുടെ സംസ്‌കാരവും ചരിത്രവും ഓരോ വരികളിലും അടയാളപ്പെടുത്തി പോകുന്ന ആഖ്യാന ശൈലിയാണ് നോവലിന്. അക്കാലത്തെ രാജഭരണത്തിലെ ഗൂഢരഹസ്യങ്ങളും ബദൽ വിപ്ലവ രാഷ്ട്രീയ നീക്കങ്ങളും ഒപ്പം വിവരിച്ചു പോകുന്നു. ഇസ്താംബൂൾ നഗരത്തിന്റെ വാസ്തു വിദ്യയുടെ അനിവാര്യ ഘടകമായി മാറിയിരുന്ന സ്‌നാനഘട്ടങ്ങളിലാണ് കഥയിലെ നിർണായക വഴിത്തിരിവുകൾ പലതും ഉടലെടുത്തിരുന്നത്. 
ടുളിപ് എന്ന പുഷ്പത്തിലേക്ക് വരാം. ഇത്രയേറെ സങ്കീർണമാണോ ഒരു കിഴങ്ങ് നട്ട് അതിൽ നിന്നൊരു പൂവ് വിരിയിച്ചെടുക്കുന്നതെന്ന അലസ ചോദ്യത്തെ പതിനാലാം അധ്യായം കുഴിച്ചുമൂടിക്കളയും, ഇനിയൊരിക്കലും ഉയിർപ്പില്ലാത്ത വിധം. ഹാഫിസ് സലൈബി തനിക്കിഷ്ടപ്പെട്ട നിറങ്ങളിൽ ടുളിപ് പുഷ്പങ്ങളെ വിരിയിച്ചെടുക്കാൻ അതിന്റെ കിഴങ്ങുകളിൽ നടത്തുന്ന പരീക്ഷണം നമ്മെ അമ്പരപ്പിന്റെ അറ്റമില്ലാത്ത ഇടനാഴിയിൽ കൊണ്ടുചെന്നു നിർത്തും. മുപ്പത് വർഷങ്ങളുടെ നിരന്തര പരീക്ഷണങ്ങളുടെ ഫലമായാണ് ഹാഫിസ്  സലൈബി തനിക്കാവശ്യമായ നിറങ്ങളിലുള്ള പൂക്കൾ വിരിയിച്ചെടുക്കാനുള്ള പ്രാവീണ്യം നേടുന്നത്. എന്നാൽ അതിനേക്കാളേറെ അമ്പരപ്പ് തോന്നുക അടുത്ത വസന്തകാലത്തിൽ വിരിയാനിരിക്കുന്ന പൂക്കളുടെ നിറങ്ങൾ കാലേക്കൂട്ടി പ്രവചിക്കുന്ന ഹാഫിസ് സലൈബിയുടെ മറ്റൊരു കഴിവാണ്. പ്രവചിക്കപ്പെട്ട ഒരു വസന്തത്തിന്റെ പുരാവൃത്തം എന്ന പോലെ. 
ഈ കൃതിയിലെ ഏറ്റവും ഹൃദ്യവും ലളിതവുമായൊരു വിവർത്തനം കാണുവാൻ കഴിഞ്ഞത് പതിനഞ്ചാം അധ്യായത്തിന്റെ തുടക്കത്തിലാണ്. 'മഞ്ഞനിറത്തിലുള്ള ഇലകൾ നിറഞ്ഞ മുന്തിരിവള്ളികൾ തണൽ വീശുന്ന കാപ്പിക്കടയിലെ വള്ളിക്കുടിലിൽ വിരിച്ചിട്ടിരുന്ന ഓടപ്പുല്ല് കൊണ്ടുണ്ടാക്കിയ പായയിൽ കാലു പിണച്ചിരുന്നു.' ഇതുൾപ്പെടെ വെയിലേറ്റ് പിച്ചള നിറമായ മനുഷ്യർ എന്ന പ്രയോഗത്തിന്റെ മൂലരൂപമായ തുർക്കിയോ ഇംഗ്ലീഷ് പരിഭാഷയോ എന്തെന്നറിയാനുള്ള കൗതുകമാണ് പെട്ടെന്നുണ്ടായത്. തുർക്കികളുടെ പൂർവികർ പൂക്കളെ കൈകാര്യം ചെയ്തിരുന്നത് പ്രകൃതിയോടുള്ള അവരുടെ സ്‌നേഹത്തിന്റെ മൂർത്തമായ ആവിഷ്‌കാരമായിരുന്നു. 


അവർ ഭാവി തലമുറയ്ക്ക് വേണ്ടി നിലമൊരുക്കിക്കൊണ്ടിരുന്നു. അവർ പൂക്കളെയും പൂന്തോട്ടത്തെയും തങ്ങളുടെ പൈതൃകത്തിന്റെ പ്രതീകമായി കണ്ടു എന്ന ഹാഫിസ് സലൈബിയുടെ വാക്കുകളിൽ പൂർവ സൂരികളുടെ കരുതൽ പൂക്കളിൽ മാത്രമായിരുന്നില്ലെന്നതും ഇപ്പോഴത് കളഞ്ഞു പോയിരിക്കുന്നുവെന്ന ആശങ്കയുമുണ്ട്. അതുകൊണ്ടു തന്നെയായിരിക്കണം ഇസ്താംബൂളിൽ ഭരണവും തുർക്കിയുടെ ചരിത്രവും ഇതിൽ ഒരു പൂവിന് ചുറ്റിനുമായി അടയാളപ്പെടുത്തിയിരിക്കുന്നതും. 
ആഭിജാതരായ തുർക്കികളും ടുളിപ്പുകളും സമാന്തര യാത്രകളിലായിരുന്നു എന്നാണ് മറ്റൊരു അധ്യായത്തിൽ പറയുന്നത്. ശരത്കാലത്ത് മണ്ണിനടിയിൽ ഉറക്കം നടിച്ചു കിടക്കുകയും വസന്തത്തിൽ പതുക്കെ തല ഉയർത്തി നോക്കുകയും ചെയ്യുന്ന ടുളിപ്പുകളെ അക്ഷീണ പരിശ്രമത്തിന്റെ നിശ്ചയ ദാർഢ്യത്തിന്റെയും ഉയർത്തെഴുന്നേൽപിന്റെയും പ്രതിരൂപമായാണ് അടയാളപ്പെടുത്തുന്നത്. തുർക്കിയുടെ രാഷ്ട്രീയ ചരിത്രവും ചെറുത്തു നിൽപുകളും അതിജീവനവും അടുത്തറിയാവുന്നവർക്ക് ടുളിപ്പുകളുമായുള്ള ഈ താരതമ്യം ഏറെ എളുപ്പത്തിൽ ദഹിക്കും. 
പാതിയും കടന്ന് അധ്യായം അമ്പതുകൾ പിന്നിടുമ്പോൾ ചരിത്രാഖ്യാനത്തിന്റെ സ്വഭാവം അതിവേഗം മാറുന്നു. പിന്നെ കാണുന്നത് ഒരു കുറ്റാന്വേഷണമോ ത്രില്ലറോ എന്നു തീർച്ചപ്പെടുത്താനാകാത്ത പിടിച്ചിരുത്തി വായിപ്പിക്കുന്ന രീതിയാണ്. എപ്പോൾ ഫലം കണ്ടേക്കാമെന്ന് ഒരു തീർച്ചയുമില്ലെങ്കിലും തന്റെ പ്രിയതമയുടെ കൊലപാതകിയെ തേടിയുള്ള ഫാൽക്കെയുടെ ഓരോ ചുവടിലും പ്രതീക്ഷകൾ പാകി നമ്മളും ഒപ്പം കൂടുന്നു. 
അധ്യായം അറുപതുകളിലേക്ക് കടക്കുമ്പോൾ വീണ്ടും സ്വഭാവം മാറുന്നു. യുദ്ധഭീതിയും ഭരണ മാറ്റവും തടവുകാരുടെ പലായനവും കടന്നു വരുന്നു. തടവുകാരെ തുറന്നു വിട്ട് ഒരു വിപ്ലവം നടത്തുന്നതിനുള്ള പോരാളികളെ തെരഞ്ഞെടുക്കുന്ന ഫാൽക്കെയെയും കാണാം. എന്നാൽ, ഒടുവിൽ ഫാൽക്കെ എത്തിച്ചേരുന്നത് മരണത്തേക്കാൾ ഭീകരമായ വിധിയിലേക്കാണ് നക്‌സിഗ്യൂൽ എത്തിയതെന്ന തിരിച്ചറിവിലേക്കാണ്. 
എന്താണ് നോവലിന്റെ ഒടുവിലെന്നതും സമാന്തര പാതകളിൽ യെയെയും ഫാൽക്കെയും ഒരുമിച്ചു ചേരുന്നുണ്ടോ എന്നതുമൊക്കെ വായനക്കാരൻ അനുഭവിച്ചു തന്നെ അറിയേണ്ട വസ്തുതകളാണ്. അതവർക്കു മാത്രമായി വിടുന്നുണ്ട്. അറിയാവുന്ന വാക്കുകളുടെ എണ്ണമോ സാഹിത്യ വാസനയോ എഴുത്തിനോടോ വായനയോടോ ഉള്ള അഭിനിവേശം മാത്രം പോരാതെ വരും ഇതു പോലൊരു കൃതിയെ മലയാളത്തിലേക്ക് മൊഴിമാറ്റിയെടുക്കാൻ. അതിസാഹിസകത എന്നു തന്നെ വിളിക്കേണ്ടി വരുമതിനെ. ഒരുവേള കാറ്റിനാൽ മാത്രം കരപറ്റാൻ വിധിക്കപ്പെട്ട ഒരു പായ്‌വഞ്ചി കടലിൽ ഒറ്റപ്പെട്ടു പോയി. ഒടുവിൽ ഒരു നാൾ പ്രതീക്ഷയുടെ കരയിലേക്ക് അവശനായുറങ്ങുന്ന യാത്രികനുമായി എത്തിച്ചേർന്ന് പറ്റിക്കിടക്കുന്നത് പോലെയുമായിരിക്കണം അത്. 
ഈ കുറിപ്പ് അവസാനിപ്പിക്കുമ്പോൾ നോവലിലെ അമ്പത്തി രണ്ടാം അധ്യായത്തിന്റെ തലക്കെട്ട് ആവർത്തിക്കാനാണ് തോന്നുന്നത്. 'കണ്ണുനീരും ദുഃഖവും കണ്ണുകളിൽ നിന്നാണോ അതോ ഹൃദയത്തിൽ നിന്നാണോ വരുന്നത്?' 

Latest News