Wednesday , February   26, 2020
Wednesday , February   26, 2020

കുടുംബ ഹൃദയങ്ങളിലെ കഥാകാരൻ

ഫിറോസ് ഖാൻ
ഫിറോസ് ഖാൻ

തൂതപ്പുഴയുടെ ഓളവും കടലുണ്ടി പുഴയുടെ താരാട്ടുപാട്ടും കേട്ടുണരുന്ന വള്ളുവനാടൻ മനസ്സുകളിൽ മാതൃസ്‌നേഹത്തിന്റെ ഹൃദയ വികാരങ്ങൾക്കായി വരികൾ തീർക്കുകയാണ് ഫിറോസ് ഖാൻ പുത്തനങ്ങാടി. 


ആർക്കും എന്തും എപ്പോഴും എഴുതി നിറം പിടിപ്പിക്കാൻ കഴിയുന്ന ന്യൂജൻ കാലം. സോഷ്യൽ മീഡിയകൾ ശക്തിപ്പെടുന്നതിന് വർഷങ്ങൾക്ക് മുമ്പു തന്നെ ഗ്രാമീണ സാഹിത്യ ലോകത്ത് തന്റേതായ ഇരിപ്പിടം ഉറപ്പിച്ച വള്ളുവനാടൻ ഗ്രാമീണതയുടെ എഴുത്തുകാരനാണ് ഫിറോസ് ഖാൻ പുത്തനങ്ങാടി. സർഗ രചനയിൽ മുഴുകി സ്വന്തമായ ശൈലിയും ഇടവും കണ്ടെത്തിയ യുവ എഴുത്തുകാരൻ.
ശ്രദ്ധിക്കപ്പെടാൻ വെമ്പലുകളില്ലാതെ എന്നാൽ പ്രതിഭ കൊണ്ട് ശ്രദ്ധിക്കപ്പെട്ട് രചനയിൽ പിന്നെയും പിന്നെയും മുങ്ങിത്താണ് മുത്തുകൾ തീർക്കുന്ന അധ്യാപകൻ. കുറഞ്ഞ കാലം കൊണ്ട് സാഹിത്യ ലോകത്തേക്ക് ഒരുപാട് സംഭാവനകൾ സമർപ്പിച്ച വള്ളുവനാടിന്റെ പ്രിയപ്പെട്ട എഴുത്തുകാരനാണ് ഫിറോസ് ഖാൻ. സമൂഹത്തെ ഗ്രസിച്ച വിശിഷ്യാ കുടുംബകങ്ങളിലേക്ക് വലിഞ്ഞു കയറിയ അരുതായ്മകളെ കുറിച്ച് അവബോധമുണ്ടാക്കുന്നവയാണ് ഈ യുവ നോവലിസ്റ്റിന്റെ പണിപ്പുരയിൽ നിന്ന് പിറവിയെടുത്ത രചനകളിലധികവും. വളരെ ലളിതമായ ശൈലിയിൽ മനോഹരമായി അവതരിപ്പിക്കുന്നതിനാൽ കുട്ടികളുടെ ഇഷ്ടപ്പെട്ട എഴുത്തുകാരൻ കൂടിയാണ് ഫിറോസ് ഖാൻ.
പെരിന്തൽമണ്ണ താലൂക്കിൽ അങ്ങാടിപ്പുറം പഞ്ചായത്തിലെ പുത്തനങ്ങാടിയിൽ ഇടുപൊടിയൻ ഉമ്മർ - ഖദീജ ദമ്പതികളുടെ മകനാണ് ഫിറോസ് ഖാൻ. സ്‌കൂൾ പഠനത്തിനു ശേഷം എടവണ്ണപ്പാറ റശീദിയ്യ അറബിക് കോളേജിൽ ഉപരിപഠനം നടത്തിക്കൊണ്ടിരിക്കേയാണ് എഴുത്തിന്റെ വഴിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇവിടെ പഠിച്ചുകൊണ്ടിരിക്കേ ആദ്യ നോവൽ പിറന്നു. 'കണ്ണീർക്കടലിലെ സ്‌നേഹതീരം'. കോഴിക്കോട് ശിഫ ബുക്‌സ് ആണ് പ്രസിദ്ധീകരിച്ചത്. പ്രതീക്ഷിച്ചതിനേക്കാൾ വലിയ സ്വീകാര്യതയും പ്രതികരണവും ലഭിച്ചപ്പോൾ എഴുത്ത് ഫിറോസ്ഖാന് ആവേശമായി.


രണ്ടാമതെഴുതിയ പുസ്തകമാണ് 'എന്റെ ഉമ്മ.' ഫിറോസ് ഖാനെന്ന എഴുത്തുകാരൻ നിരവധി ഹൃദയങ്ങളിലേക്ക് ഓടിക്കയറിയത് ഈ നോവലിലൂടെയാണ്. ഉമ്മയെ വേദനിപ്പിക്കുന്ന മക്കളുടേയും മരുമക്കളുടേയും കഥ പറയുന്ന 'എന്റെ ഉമ്മ' വായനക്കാരെ കണ്ണീരണിയിച്ചു. പിന്നീട് ആ വിരൽതുമ്പിൽനിന്ന് ഉതിർന്നു വന്നത് രണ്ടര ഡസനോളം നോവലുകൾ. എല്ലാം ഹൃദ്യമായവ. കണ്ണീർക്കടലിലെ സ്‌നേഹതീരം, എന്റെ ഉമ്മ, സ്‌നേഹ തീരത്തേക്കൊരു മടക്കയാത്ര, എരിഞ്ഞമർന്ന ഇതളുകൾ, ചിറകൊടിഞ്ഞ സ്വപ്‌നങ്ങൾ, ഉരുകിത്തീരുന്ന ജന്മങ്ങൾ, നീല നിലാവ്, ഉണർവ്, കറ, കൂരിരുട്ട്, ഉറങ്ങാൻ വൈകിയ രാത്രി, മാഞ്ഞുപോയ നക്ഷത്രങ്ങൾ, സഫലമീ ജീവിതം, പറന്നുയരും മുമ്പേ, അറിഞ്ഞിരുന്നില്ല ഞാൻ, ഇനിയും ഒരുപാട്, ആർക്കു വേണ്ടി, യതീം, വാടാത്ത പുഷ്പങ്ങൾ, സ്‌നേഹപൂർവം ബാബു മാസ്റ്റർക്ക്, ഇത് കൊലാലയമാണ്, കെടാവിളക്ക്, നിനക്കായ്, മരുപ്പച്ച തേടി, ഓർമയിലെ കാമ്പസ്, ഒരിക്കൽ കൂടി, പക, വിധി, വിരൽപാടുകൾ, പ്രതീക്ഷകൾക്കപ്പുറം എന്നീ നോവലുകളും മതം സമാധാനമാണ് (ലേഖനം), മർഹൂം പി.ടി യൂസുഫ് മുസ്‌ലിയാർ (ജീവിത ചരിത്രം) എന്നീ കൃതികളുമാണ് ഫിറോസ് ഖാന്റെ തൂലികത്തുമ്പിൽ നിന്ന് ഒഴുകിയെത്തിയത്. ലളിതമായ ശൈലിയാണ് ഫിറോസ് ഖാന്റെ പ്രത്യേകത. കുട്ടികൾക്കു കൂടി എളുപ്പത്തിൽ വായിച്ചു മനസ്സിലാക്കാനാവുന്ന രചനാ രീതിയായതിനാൽ നിരവധി കുട്ടി ആരാധകർ കൂടിയുണ്ട് ഫിറോസ് ഖാന്. മറക്കാനാവാത്ത വാക്കുകൾ ചേർത്ത് കത്തെഴുതിയ വായനക്കാരേറെ. അതേ കഥയാണെന്റെ ജീവിതമെന്ന് തേങ്ങിയവർ, ഇനിയെന്റെ ഉമ്മയെ ഞാൻ അതിരറ്റ് സ്‌നേഹിക്കുമെന്ന് പ്രതിജ്ഞയെടുത്തവർ, ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കിയെന്ന് മനസ്സ് തുറന്നവർ. വായനക്കാരുടെ പ്രതികരണങ്ങൾ പല തരത്തിലാണ്. എല്ലാം കേൾക്കുമ്പോഴും കൂടുതൽ വിനയാന്വിതനാവുകയാണ് ഫിറോസ് ഖാൻ. എഴുത്തിന്റെ വഴിയിലെ ശ്രമങ്ങൾ ശക്തിയുക്തം തുടരണമെന്ന പ്രചോദനമാണ് ഓരോ പ്രതികരണത്തിൽ നിന്നും ലഭിക്കുന്നതെന്ന് ഫിറോസ് ഖാൻ പറയുന്നു.
'എന്റെ ഉമ്മ' എന്ന നോവൽ ഇതിനകം പത്ത് എഡിഷനുകളിറങ്ങി. കന്നട, ഇംഗ്ലീഷ് ഭാഷകളിലും നോവൽ പ്രസിദ്ധീകരിച്ചു. ഇതിന്റെ മലയാളത്തിലുള്ള ദൃശ്യാവിഷ്‌കാരം പുറത്തിറങ്ങി. ഈ നോവലാണ് കൂടുതൽ വായനക്കാരെ ഉണ്ടാക്കിയത്. ഇത് വായിച്ച് നിരവധി പ്രതികരണങ്ങൾ വന്നതായി ഫിറോസ് ഖാൻ സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ മാസം പുറത്തിറങ്ങിയ പ്രതീക്ഷകൾക്കപ്പുറം എന്ന നോവൽ വ്യത്യസ്തത പുലർത്തുന്ന ഒന്നാണ്. വിദ്യാഭ്യാസം കേവലം കച്ചവടച്ചരക്കായി മാറുന്ന കാലത്ത് ഒരധ്യാപകന് നടന്നകലേണ്ടി വന്ന ജീവിത വഴിയടയാളങ്ങളെയാണ് ഈ നോവലിൽ പ്രതിപാദിക്കുന്നത്.
അരീക്കോട് മൂർക്കനാടിൽ ചാലിയാർ പുഴയിൽ തോണി മറിഞ്ഞ് നിരവധി വിദ്യാർത്ഥികൾ മുങ്ങി മരിച്ചതിനെ അടിസ്ഥാനമാക്കി ഫിറോസ് ഖാൻ എഴുതിയ നോവൽ 'പറന്നുയരും മുമ്പേ...' ഏറെ ശ്രദ്ധ പിടിച്ചു പറ്റി. മരണപ്പെട്ട വിദ്യാർത്ഥികൾ പഠിച്ചിരുന്ന മൂർക്കനാട് ഹൈസ്‌കൂളിലാണ് ഈ നോവൽ പ്രകാശനം ചെയ്തത്. 
ഗോവിന്ദച്ചാമി ഇല്ലാതാക്കിയ സൗമ്യയെന്ന പെൺകുട്ടി കേരളത്തിന്റെ ഓർമത്താളുകളിലെ കണ്ണീർതുള്ളിയാണ്. സൗമ്യയുടെ കഥ പറയുന്ന നോവലാണ് 'ഉറങ്ങാൻ വൈകിയ രാത്രി.' നോവൽ വായിച്ചു തീരുമ്പോഴേക്ക് നയനങ്ങൾ നനയാതിരിക്കില്ലെന്ന് തീർച്ച. കാമ്പസ് ജീവിതത്തിനിടെ മരണമടഞ്ഞ മൂന്ന് സുഹൃത്തുക്കളുടെ സ്മരണയിൽ ആത്മകഥാരൂപത്തിൽ എഴുതിയ നോവലാണ് 'മാഞ്ഞു പോയ നക്ഷത്രങ്ങൾ'. കൂടെ പഠിച്ചവർ ജീവിതത്തിൽ നിന്ന് ഇറങ്ങിപ്പോയതിന്റെ വേദന കടിച്ചമർത്തി പേനയുന്തിയതിന്റെ അടയാളങ്ങൾ വരികൾക്കിടയിൽ നിന്ന് വായിച്ചെടുക്കാം.
പ്രസാധകരായ ഇസ ബുക്‌സ്, ശിഫ ബുക്‌സ്, നൂറുൽ ഉലമ ബുക്‌സ്, ചെമ്മാട് ദാറുൽ ഹുദായുടെ ബുക് പ്ലസ്, പിയാനോ പബ്ലിക്കേഷൻസ് കോഴിക്കോട്, സന പബ്ലിക്കേഷൻസ് മലപ്പുറം എന്നിവരാണ് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുളളത്.
സ്‌നേഹ തീരത്തേക്കൊരു മടക്കയാത്ര, വാടാത്ത പുഷ്പങ്ങൾ എന്നിവ അഞ്ച് എഡിഷനുകളും എരിഞ്ഞമർന്ന ഇതളുകൾ, നീലനിലാവ് എന്നിവ നാല് എഡിഷനുകളും ഉണർവ്, ചിറകൊടിഞ്ഞ സ്വപ്‌നങ്ങൾ എന്നിവ മൂന്നും കുഞ്ഞിവാവ, അറിഞ്ഞിരുന്നില്ല ഞാൻ, ഉരുകിത്തീരുന്ന ജന്മങ്ങൾ, കണ്ണീർകടലിലെ സ്‌നേഹതീരം എന്നിവ രണ്ട് എഡിഷനുകളും പുറത്തിറങ്ങി. നോവലുകൾ വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ഫിറോസ് ഖാന്റെ ഇതിവൃത്തങ്ങളധികവും കുടുംബ ബന്ധവുമായി ബന്ധപ്പെട്ടുള്ളതാണ്. സമൂഹത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന പച്ചയായ യാഥാർത്ഥ്യങ്ങൾക്ക് ഹൃദ്യമായ അവതരണ ശൈലി നൽകിയിരിക്കുകയാണ്. ഇടനെഞ്ചിൽനിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന സ്‌നേഹം, കരുണ, ദയ എന്നീ വികാരങ്ങൾ വിഷയീഭവിച്ചിട്ടുണ്ട്. സമൂഹത്തെ കാർന്നു തിന്നുന്ന പലിശ, സ്ത്രീധനം, പണത്തോടുള്ള ആർത്തി തുടങ്ങിയ വിപത്തുകളും നോവലുകളിൽ ചർച്ചയാവുന്നു. 
അധാർമികതയും അശ്ലീലതയും വ്യാപകമായ കാലത്ത്, ധാർമികതയുടെ പക്ഷത്ത് നിന്നുള്ള ശക്തമായ എഴുത്ത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. തിന്മയുടെ ഇരുൾ ഭൂതങ്ങൾ പരിസരത്തെ വിഴുങ്ങിക്കൊണ്ടിരിക്കുമ്പോൾ നന്മയുടെ രചനാശൈലികൾ തുടരുക തന്നെ വേണം. നേരും നെറിയും സംസ്‌കാരവും, വളരുന്ന തലമുറയിൽ ഊട്ടിയുറപ്പിക്കാനാവുന്ന കഥകളാണ് ഫിറോസ് ഖാന്റെ ഹൃദയത്തിൽ നിന്നിറങ്ങി വന്നതിൽ ഏറെയും. സംസ്‌കാരത്തേയും അശ്ലീലതയേയും കൊഞ്ഞനം കുത്തുന്ന സാരങ്ങൾ വരികൾക്കിടയിൽ ഒളിപ്പിച്ചു വെച്ച്, വായനക്കാരെ ഇക്കിളിപ്പെടുത്താൻ മറക്കാത്ത നോവലെഴുത്തുകാരിൽ നിന്നും മാറിനടക്കുന്ന ഫിറോസ് ഖാൻ, സ്വാർത്ഥ ലാഭങ്ങൾ സ്വപ്‌നം കണ്ട് അരുതായ്മകളോട് രാജിയാവുന്ന രചനാ സമീപനങ്ങൾ സ്വീകരിക്കാതെ, നന്മയുടെ പൂക്കൾ വിടരുന്ന എഴുത്തിന്റെ നേർവഴി തെരഞ്ഞെടുത്തത് ഏറെ ശ്ലാഘനീയം തന്നെ.
മണ്ണാർക്കാട് സബ്ജില്ലയിലെ തച്ചനാട്ടുകര ലെഗസി യു.പി സ്‌കൂളിലെ ഉർദു അധ്യാപകനാണ് ഫിറോസ് ഖാൻ. ഭാര്യ ഫാത്തിമത്ത് സഹ്‌ന പുത്തനങ്ങാടി പി.ടി.എം.യു.പി സ്‌കൂളിലെ അധ്യാപികയാണ്. മക്കൾ: ഖിദാഷ് ഖാൻ, ഷംല ഷെറിൻ.
ഞെരളത്ത് സാംസ്‌കാരിക വേദി അവാർഡ്, ഉദയം അവാർഡ്, മക്കരപ്പറമ്പ് സാംസ്‌കാരിക വേദിയുടെ യുവ സാഹിത്യ അവാർഡ്, വള്ളുവനാട് സാംസ്‌കാരിക വേദിയുടെ പ്രത്യേക ആദരവ് എന്നിവ ലഭിച്ചിട്ടുണ്ട്. എഴുത്തിന് പുറമെ പൊതുപ്രവർത്തനത്തിലും താൽപര്യമുള്ള ഫിറോസ് ഖാൻ നല്ലൊരു പ്രഭാഷകൻ കൂടിയാണ്. മികച്ച ട്രെയിനർക്കുള്ള മിലൻ അവാർഡും ഫിറോസ് ഖാൻ കരസ്ഥമാക്കിയിട്ടുണ്ട്.

Latest News