Sorry, you need to enable JavaScript to visit this website.

കായിക ബഹുമതികളില്‍ മലയാളിത്തിളക്കം

ന്യൂദല്‍ഹി - മലയാളി അത്‌ലറ്റ് മുഹമ്മദ് അനസ് ഉള്‍പ്പെടെ 19 കായിക താരങ്ങള്‍ അര്‍ജുന അവാര്‍ഡിനായി തെരഞ്ഞെടുക്കപ്പെട്ടു. ഗുസ്തി താരം ബജ്‌റംഗ് പൂനിയക്കൊപ്പം പാരാലിംപ്യന്‍ ദീപാ മാലിക്കും രാജിവ്ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരത്തിന് അര്‍ഹയായി. ദീപാ മാലിക് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. അവരെ ഹരിയാനയില്‍ സ്ഥാനാര്‍ഥിയായി പരിഗണിക്കുകയും ചെയ്തിരുന്നു. ധ്യാന്‍ചന്ദ് ബഹുമതിക്ക് കണ്ണൂര്‍ക്കാരനായ ഹോക്കി ഒളിംപിക് മെഡലിസ്റ്റ് മാന്വേല്‍ ഫ്രെഡറിക്‌സ് അര്‍ഹനായി. മികച്ച പരിശീലകര്‍ക്കുള്ള ദ്രോണാചാര്യ ലഭിച്ചവരില്‍ മലയാളി ബാഡ്മിന്റണ്‍ കോച്ച് വിമല്‍കുമാറുമുണ്ട്. 
പാരാലിംപിക്‌സില്‍ മെഡല്‍ നേടുന്ന പ്രഥമ ഇന്ത്യന്‍ വനിതാ കായിക താരമാണ് ദീപ മാലിക്. നേരത്തെ പത്മശ്രീയും അര്‍ജുന അവാര്‍ഡും അവര്‍ക്ക് ലഭിച്ചിരുന്നു. മുപ്പത്താറാം വയസ്സില്‍ സ്‌പോര്‍ട്‌സ് കരിയര്‍ ആരംഭിച്ച അവര്‍ 2016 ലെ പാരാലിംപിക്‌സിന്റെ ഷോട്ട്പുട്ടില്‍ വെള്ളിയാണ് നേടിയത്. 
അര്‍ജുന അവാര്‍ഡ് ജേതാക്കളില്‍ ക്രിക്കറ്റര്‍ രവീന്ദ്ര ജദേജയുമുണ്ട്. ജസ്റ്റിസ് മുകുന്ദകം ശര്‍മയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് അവാര്‍ഡ് ജേതാക്കളെ നിശ്ചയിച്ചത്. തന്റെ കോച്ച് ഛോട്ടേലാല്‍ യാദവ് ദ്രോണാചാര്യ ബഹുമതിക്ക് പരിഗണിക്കപ്പെടുന്നതിനാല്‍ അവാര്‍ഡ് കമ്മിറ്റിയില്‍ നിന്ന് എം.സി മേരികോം പിന്മാറി. 
 

Latest News