Sorry, you need to enable JavaScript to visit this website.

വില്യംസുമാരുടെ വഴിയെ ബ്രെൻഡയും ലിൻഡയും

ടെന്നിസിലെ സൂപ്പർ സഹോദരിമാരായ വീനസ് വില്യംസിന്റെയും സെറീന വില്യംസിന്റെയും സ്ഥാനം കൈയടക്കാനൊരുങ്ങുകയാണ് ചെക് റിപ്പബ്ലിക്കിലെ രണ്ട് കൊച്ചു സഹോദരിമാർ. വില്യംസുമാർ കരിയറിന്റെ അവസാന ഘട്ടത്തിലാണ്. വീനസിന് 39 വയസ്സായി, സെറീനക്ക് മുപ്പത്തെട്ടും. ഇന്നും എതിരാളികൾക്കു വെല്ലുവിളിയാണെങ്കിലും പഴയ പ്രതാപം മങ്ങിത്തുടങ്ങി. ആ സ്ഥാനം  കൈയടക്കുകയാണ് ചെക് റിപ്പബ്ലിക്കിൽ നിന്നുള്ള ഫ്രുവിർടോവ സഹോദരിമാർ ബ്രെൻഡയും ലിൻഡയും. ലിൻഡക്ക് പതിനാല് വയസ്സേ ആയിട്ടുള്ളൂ, ബ്രെൻഡക്ക് പന്ത്രണ്ടും. ഇതിനകം അവർ ലോക ടെന്നിസിന്റെ ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു.

ടെന്നിസിലെ സൂപ്പർ സഹോദരിമാരാരെന്ന് ചോദിച്ചാൽ കളി അറിയാത്തവർ പോലും എളുപ്പം പറയും വീനസ് വില്യംസും സെറീന വില്യംസുമെന്ന്. രണ്ടു പതിറ്റാണ്ടോളമായി അവർ കോർട്ടുകളിൽ വീരഗാഥ രചിക്കുകയാണ്. ഇരുവരും കരിയറിന്റെ അവസാന ഘട്ടത്തിലാണ്. വീനസിന് 39 വയസ്സായി, സെറീനക്ക് മുപ്പത്തെട്ടും. ഇന്നും എതിരാളികൾക്കു വെല്ലുവിളിയാണെങ്കിലും പഴയ പ്രതാപം മങ്ങിത്തുടങ്ങി. ആ സ്ഥാനം കൈയടക്കുകയാണ് ചെക് റിപ്പബ്ലിക്കിൽ നിന്നുള്ള ഫ്രുവിർടോവ സഹോദരിമാർ ബ്രെൻഡയും ലിൻഡയും. ലിൻഡക്ക് പതിനാല് വയസ്സേ ആയിട്ടുള്ളൂ, ബ്രെൻഡക്ക് പന്ത്രണ്ടും. ഇതിനകം അവർ ലോക ടെന്നിസിന്റെ ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. ലിൻഡ ഈ സീസണിൽ തന്നേക്കാൾ പ്രായമുള്ള നിരവധി കളിക്കാരെ തോൽപിച്ചു. വിംബിൾഡൺ കളിക്കുന്ന പ്രായം കുറഞ്ഞ കളിക്കാരിയായി. ജൂനിയർ വിംബിൾഡൺ ചാമ്പ്യൻഷിപ്പിൽ രണ്ടാം റൗണ്ടിലെത്തി. പ്രശസ്തമായ ജെ.എ മിലാൻ ടൂർണമെന്റിൽ സെമി ഫൈനൽ കളിച്ചു. ഫ്രഞ്ച് ഓപണിൽ ജൂനിയർ തലത്തിൽ അരങ്ങേറി. ലോക ജൂനിയർ റാങ്കിംഗിൽ 22 ാം സ്ഥാനത്തേക്കുയർന്നു. 
പ്രാഗിൽ ജനിച്ച ലിൻഡ മൂന്നാം വയസ്സിലാണ് റാക്കറ്റെടുത്തത്. ഭാവിയെന്താണെന്നു ചോദിക്കുമ്പോൾ സംശയിച്ചു നിൽക്കാതെ ഈ പെൺകുട്ടി പറയും, ഒന്നാം റാങ്കും ഗ്രാന്റ്സ്ലാമുകളുമെന്ന്. റോജർ ഫെദരറും സെറീന വില്യംസുമാണ് ഇഷ്ട കളിക്കാരെന്നും എന്നാൽ അവരെ അനുകരിക്കാതെ സ്വന്തം കളിയാണ് താൻ കളിക്കുന്നതെന്നും നെഞ്ചുറപ്പോടെ ഈ പെൺകുട്ടി പറയും. 
കഴിഞ്ഞയാഴ്ച ലോക ജൂനിയർ ടെന്നിസിൽ ചെക് റിപ്പബ്ലിക് ഫൈനൽ ജയിച്ചപ്പോൾ മൈക്കിനു മുന്നിലെത്തിയത് ലിൻഡയാണ്. ട്രോഫി 16 വർഷത്തിനു ശേഷം എത്തേണ്ടിടത്ത് എത്തിയെന്ന് തലയുയർത്തി ഈ പെൺകുട്ടി പ്രഖ്യാപിച്ചു. ലിൻഡയുടെ നിശ്ചയദാർഢ്യം ഓരോ ചുവടിലും പ്രകടമാണ്. കഴിഞ്ഞ വർഷം റഷ്യക്കെതിരായ ഫൈനലിൽ അവസാന കളിയിൽ കിരീടം കൈവിട്ട ദുഃഖം തീർക്കാൻ ഇത്തവണ ചാമ്പ്യൻഷിപ്പ് നേടുമെന്ന ഉറച്ച വിശ്വാസത്തിലാണ് ലിൻഡയെന്ന് തുടക്കം മുതൽ ചെക് ഗേൾസ് ക്യാപ്റ്റൻ തോമസ് യോസഫസ് പറഞ്ഞിരുന്നു. പരിക്കേറ്റിട്ടും തളരാതെ കളിച്ചാണ് അമേരിക്കയുടെ നമ്പർ വൺ ക്ലർവി എൻഗോനോയെ ലിൻഡ തോൽപിച്ചത്. ചെക്കിന് അജയ്യ ലീഡ് സമ്മാനിച്ച ശേഷം ലിൻഡ ക്ലേകോർടിൽ വീണ് ആഹ്ലാദം പ്രകടിപ്പിച്ചു. 
എന്നാൽ ചെക് റിപ്പബ്ലിക്കിന്റെ ജയത്തിന് അനുജത്തി ബ്രെൻഡയോടാണ് നന്ദി പറയേണ്ടത്. ടൂർണമെന്റിലെ പത്തു മത്സരങ്ങളിൽ പത്തും ബ്രെൻഡ ജയിച്ചു. പത്തും പ്രായമേറിയ കളിക്കാർക്കെതിരെയായിരുന്നു. 14 വയസ്സ് വരെയുള്ളവരാണ് ജൂനിയർ തലത്തിൽ മത്സരിക്കുക. സ്റ്റോക്ക്‌ഹോമിൽ മറ്റൊരു ടൂർണമെന്റ് ജയിച്ചാണ് ബ്രെൻഡ ഈ ചാമ്പ്യൻഷിപ്പിന് വന്നത്. 
പിതാവ് ഹൈനകിൽ നിന്നാണ് ലിൻഡയും ബ്രെൻഡയും കളിയുടെ ബാലപാഠം അഭ്യസിച്ചത്. പരസ്പരം ആവേശത്തോടെ പൊരുതിയാണ് ഇരുവരും വളർന്നതെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ബ്രെൻഡക്ക് ചേച്ചിയെ തോൽപിക്കണമെന്ന വാശിയാണ്. ചേച്ചിക്കാവട്ടെ തോൽവി ഇഷ്ടമേയല്ല. എന്നാൽ കളിക്കളത്തിനു പുറത്ത് ഉറ്റ സുഹൃത്തുക്കളാണ് ഇരുവരും. പരസ്പരം പ്രചോദിപ്പിക്കുകയും പിന്തുണക്കുകയും ചെയ്യുന്നു -പിതാവ് പറഞ്ഞു. 
നാല് ഡബ്ൾസ് മത്സരങ്ങൾ ഇരുവരും ഒരുമിച്ചു കളിച്ചു. ജൂനിയർ ലോകകപ്പ് ഫൈനലിൽ നിർണായക വിജയം നേടി. സെമി ഫൈനലിൽ കാനഡയുടെ കയ്‌ല ക്രോസിനെയും വിക്ടോറിയ എംബോകോയെയും മറികടന്ന് ചെക് റിപ്പബ്ലിക്കിന് മേധാവിത്വം നൽകിയത് ഊഷ്മളമായ ആലിംഗനത്തോടെയാണ് അവർ ആഘോഷിച്ചത്. 
രണ്ടു പേരെയും ചെറുപ്പത്തിലേ അറിയാം ചെക് നായിക യോസഫസിന്. രണ്ടു ശൈലികളിൽ കളിക്കുന്ന വ്യത്യസ്ത വ്യക്തിത്വങ്ങളാണ് ഇരുവരുമെന്ന് യോസഫസ് പറയുന്നു. ലിൻഡക്ക് ബെയ്‌സ് ലൈനിൽ നിന്ന് കളിക്കാനാണ് താൽപര്യം. നല്ല പവറുണ്ട് ഷോട്ടുകൾക്ക്. ബ്രെൻഡ തിരിച്ചാണ്. ബെയ്‌സ് ലൈനിൽ നന്നായി കളിക്കുമെങ്കിലും ലിൻഡയുടെ കരുത്തില്ല. രണ്ടു വർഷം മുമ്പ് കോറി ഗഫിന്റെ മത്സരങ്ങൾ ലോക ജൂനിയർ ചാമ്പ്യൻഷിപ്പിൽ വീക്ഷിച്ചപ്പോൾ അവർ ഏറെ മുന്നേറുമെന്ന് കരുതിയിരുന്നു. അതേ വികാരമാണ് ലിൻഡയുടെയും ബ്രെൻഡയുടെയും കാര്യത്തിൽ -അവർ പറഞ്ഞു. കോറി ഗഫ് ഇത്തവണ വിംബിൾഡണിൽ അട്ടിമറികളുമായി മുന്നേറിയിരുന്നു.
ചെക് റിപ്പബ്ലിക്കിനോട് ഫൈനലിൽ തോറ്റ അമേരിക്കയുടെ നായിക മൗറിൻ ഡിയാസിനും ബ്രെൻഡയെയും ലിൻഡയെയും കുറിച്ച് സമാനമായ അഭിപ്രായമാണ്. 2007 ൽ പന്ത്രണ്ട് വയസ്സുള്ള ലിൻഡയെ ഞാൻ കണ്ടിരുന്നു. അപ്പോൾ തന്നെ ആ പ്രതിഭ പ്രകടമായിരുന്നു. ബ്രെൻഡയും ഒപ്പത്തിനൊപ്പം നിൽക്കുന്നു. ഒരുപാട് ടൂർണമെന്റുകളിൽ കളിച്ച അനുഭവ പരിചയം അവരുടെ കഴിവ് തേച്ചുമിനുക്കിയിട്ടുണ്ട്. എത്രത്തോളം ഉയരാമെന്നത് ഇനി അവരുടെ നിശ്ചയദാർഢ്യത്തിന്റെ മാത്രം പ്രശ്‌നമാണ് -ഡിയാസ് പറഞ്ഞു. 
മധ്യ യൂറോപ്പിലെ കൊച്ചു രാജ്യമായ ചെക് റിപ്പബ്ലിക് നിരവധി വനിതാ കളിക്കാരെ സൃഷ്ടിച്ചിട്ടുണ്ട്. മാർടിന നവരത്തിലോവ ജനിച്ചത് ചെക്കൊസ്ലൊവാക്യയിലായിരുന്നു. 
യാന നൊവോത്‌ന, പെട്ര കവിറ്റോവ തുടങ്ങിയ ഗ്രാന്റ്സ്ലാം ചാമ്പ്യന്മാർക്കും ഈ നാട് ജന്മം നൽകി. കഴിഞ്ഞ എട്ടു വർഷത്തിനിടെ ആറു തവണ ഫെഡറേഷൻ കപ്പ് ചാമ്പ്യന്മാരായിട്ടുണ്ട് ചെക് റിപ്പബ്ലിക്. മുൻ ലോക ഒന്നാം നമ്പർ കരൊലൈന പ്ലിസ്‌കോവ, വിംബിൾഡൺ സെമി ഫൈനലിസ്റ്റ് ബാർബോറ സ്ട്രികോവ, ഫ്രഞ്ച് ഓപൺ ഫൈനലിസ്റ്റ് മാർക്കെറ്റ വോൺഡ്രൂസോവ തുടങ്ങിയ വർത്തമാനകാല സൂപ്പർ താരങ്ങളും ചെക്കുകാരാണ്. വോൺഡ്രൂസോവയും കൗമാരം വിട്ടിട്ടില്ല. ഇരുപത്തിരണ്ടുകാരി കരൊലൈന മുചോവ ഈ വർഷം വിംബിൾഡണിൽ ക്വാർട്ടർ വരെ മുന്നേറി. കഴിഞ്ഞയാഴ്ച റോജേഴ്‌സ് കപ്പിൽ ഇരുപത്തൊന്നുകാരി മേരീ ബൂസ്‌കോവ കരുത്തു കാട്ടി. മികച്ച ടീമാണ് ചെക് റിപ്പബ്ലിക്കെന്ന് മാധ്യമ പ്രവർത്തകരോട് ലിൻഡ ഫ്രുവിർടോവ പറഞ്ഞു. 
ചെക് റിപ്പബ്ലിക്കിൽ ആൺകുട്ടികളുടെ ഇഷ്ട സ്‌പോർട്‌സ് ഐസ് ഹോക്കിയും ഫുട്‌ബോളുമാണ്. ഫുട്‌ബോളിൽ പാവെൽ നെദ്‌വദും ഐസ് ഹോക്കിയിൽ ജറോമിർ ജാഗറുമാണ് അവരുടെ ഇഷ്ട താരങ്ങൾ. തോമസ് ബെർദീഷിനെ പോലുള്ള ടെന്നിസ് താരങ്ങൾക്ക് അത്ര ജനപ്രീതിയില്ല. എന്നാൽ പെൺകുട്ടികളധികവും ചെറുപ്പത്തിലേ ടെന്നിസ് കോർട്ടിലെത്തുന്നു. ടെന്നിസിന് നല്ല അടിസ്ഥാന സൗകര്യങ്ങളുണ്ട് ഈ രാജ്യത്ത്. നിരവധി ഒന്നാം കിട ടൂർണമെന്റുകളും. 
തങ്ങൾ കളിക്കളത്തിലിറങ്ങുമ്പോൾ തങ്ങളേക്കാൾ പിരിമുറുക്കം അമ്മക്കാണെന്ന് ബ്രെൻഡ പറയുന്നു. സഹോദരി ടീമിലുള്ളത് വലിയ അനുഗ്രഹമാണെന്നും എന്തിനും അവളെ ആശ്രയിക്കാമെന്നും അനുജത്തി പറഞ്ഞു. അധികം സുഹൃത്തുക്കൾ ഇല്ലാത്ത വ്യക്തിഗത സ്‌പോർട്‌സിൽ അനുജത്തിയുടെ സാന്നിധ്യം സന്തോഷകരമാണെന്ന് ബ്രെൻഡയും സാക്ഷ്യപ്പെടുത്തുന്നു. 
പരസ്പരം കളിക്കേണ്ടി വരുന്നതിനെയാണ് ഏറ്റവും പേടിയെന്നും ഇരുവരും പറഞ്ഞു. ഗ്രാന്റ്സ്ലാം ഫൈനലിൽ സഹോദരിയെ നേരിടേണ്ടി വരുന്നതും തോൽപിക്കുന്നതും ആലോചിക്കാൻ പോലുമാവുന്നില്ലെന്ന് ലിൻഡ പറഞ്ഞു.
 

Latest News