Sorry, you need to enable JavaScript to visit this website.

രണ്ടു വർഷം മുമ്പ് ബീഫ് തിന്നുന്നത് ഫേസ്ബുക്കിലിട്ട യുവതിക്കെതിരെ പോലീസ് കേസെടുത്തു

ദേശീയ പൗരത്വ രജിസ്‌ട്രേഷനു സഹായിച്ച ദേഷ്യമാണ് സംഭവത്തിനു പിന്നിലെന്ന് യുവതി ആരോപിച്ചു. 

      ഗുവാഹത്തി- രണ്ടു വർഷം മുമ്പ് ബീഫ് തിന്നുന്ന ചിത്രം ഫേസ്‌ബുക്കിൽ ഇട്ട സംഭവത്തിൽ യുവതിക്കെതിരെ കേസ്. ആസാം പൊലീസാണ് പോസ്‌റ്റ് ഇട്ടു മിനുട്ടുകൾക്കകം ഡിലീറ്റ് ചെയ്യുകയും ചെയ്‌ത ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ കേസെടുത്തത്. ഗുവാഹത്തി സർവ്വകലാശാലയിലെ ഗവേഷക വിദ്യാർഥിനി രഹ്‌ന സുൽത്താന എന്ന വനിതക്കെതിരെയാണ് പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്‌. രണ്ടു വർഷം യുവതി ഫേസ്‌ബുക്കിൽ പോസ്‌റ്റ് ചെയ്‌ത ചിത്രം പ്രാദേശിക മാധ്യമം ഇപ്പോൾ പ്രസിദ്ധീകരിച്ചതോടെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്‌. ഐ ടി ആക്റ്റ് പ്രകാരമാണ് കേസ്.
      എന്നാൽ,  സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഇപ്പോൾ എന്തിനാണ് യുവതിക്കെതിരെ കേസ് എടുത്തിരിക്കുന്നതെന്നു മനസിലാകുന്നില്ലെന്ന് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ പ്രതികരിച്ചു. യുവതി ബീഫ് കഴിച്ച ചിത്രം പ്രാദേശിക മാധ്യമം ഇപ്പോൾ പ്രസിദ്ധീകരിച്ചത് അവർക്ക് പറ്റിയ അബദ്ധമാണ്. അത് പഴയ ചിത്രമാണ്. സുൽത്താനക്കെതിരെ കേസെടുത്തെങ്കിലും അറസ്‌റ്റ് ചെയ്യാൻ സാധ്യതയില്ലെന്നും അന്വേഷണം നടന്നേക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള പഴയ സംഭവങ്ങളിൽ  കേസെടുക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2017 ജൂണിലാണ് രഹ്‌ന സുൽത്താന ബീഫ് കഴിക്കുന്നതിനോട് സമാനമായ ചിത്രം തന്റെ ഫേസ്‌ബുക്കിൽ ഇട്ടത്. 
      2017 ൽ ഇന്ത്യ-പാക് ക്രിക്കറ്റ് മാച്ചിനിടെയാണ് താൻ ചിത്രം പോസ്‌റ്റ് ചെയ്‌തതെന്നും കടുത്ത ക്രിക്ക്റ്റ് ആരാധികയായ താൻ വിരാട് കോഹ്‌ലി അന്നത്തെ കളിയിൽ റണ്ണുകൾ നേടാതെ പുറത്തായതിൽ കടുത്ത നിരാശയിലായിരുന്നുവെന്നും യുവതി പ്രതികരിച്ചു. ഇന്ത്യൻ ടീമിന്റെ മോശം പ്രകടനത്തിൽ തനിക്കുണ്ടായ നിരാശയിലാണ് പോസ്റ്റ് അപ്‌ലോഡ് ചെയ്‌തതെന്നും യുവതി കൂട്ടിച്ചേർത്തു. എന്നാൽ, ഇത്തരത്തിലൊരു ചിത്രം പോസ്‌റ്റ് ചെയ്യുന്നത് തെറ്റാണെന്നു മനസിലാക്കിയ താൻ മിനുട്ടുകൾക്കുള്ളിൽ  തന്നെ അത് ഡിലീറ്റ് ചെയ്‌തതായും വെളിപ്പെടുത്തി. ദേശീയ പൗരത്വ രജിസ്‌ട്രേഷനിൽ ന്യൂനപക്ഷ വിഭാഗങ്ങളെ താൻ സഹായിച്ചതോടെയാണ് ഇത് ഇപ്പോൾ പൊങ്ങിവന്നതെന്നും യുവതി പ്രതികരിച്ചു. ദേശീയ പൗരത്വ പ്രശ്‌നം ഉയർന്ന സമയത്ത് രജിസ്‌ട്രേഷന് വേണ്ടി യുവതി നിരവധി പേരെ സഹായിച്ചിരുന്നു. ഇതാണ് ഇപ്പോഴത്തെ കേസ് സംഭവങ്ങൾക്ക് പിന്നിലെന്നാണ് കരുതുന്നത്.  അതേസമയം, മറ്റൊരു സംഭവത്തിൽ നരേന്ദ്ര മോഡിയെയും അമിത് ഷായെയും ആക്ഷേപിച്ച് പോസ്‌റ്റിട്ടതിനു യുവാവിനെയും അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്‌. 

 

 

 

Latest News