ജോഹന്നസ്ബര്‍ഗ് - ഇന്ത്യക്കെതിരായ ട്വന്റി20 പരമ്പരക്കുള്ള ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമില്‍ മൂന്നു പുതുമുഖങ്ങളെ ഉള്‍പെടുത്തി. ഓപണര്‍ ക്വിന്റന്‍ ഡികോക്കായിരിക്കും ട്വന്റി20 യില്‍ ടീമിനെ നയിക്കുക. ടെസ്റ്റ് കളിക്കാരായ തെംബ ബാവുമ, ആന്റീഷ് നോര്‍ട്യെ എന്നിവര്‍ ആദ്യമായി ട്വന്റി20 ടീമിലെത്തി. ഓള്‍റൗണ്ടര്‍ ബ്യോണ്‍ ഫോര്‍ച്യൂണ്‍ രാജ്യാന്തര അരങ്ങേറ്റം കുറിച്ചേക്കും.
മൂന്നു രൂപത്തിലുള്ള ക്രിക്കറ്റിലും ദക്ഷിണാഫ്രിക്കന്‍ നായകനായിരുന്ന ഫാഫ് ഡുപ്ലെസി ട്വന്റി20 ടീമിലില്ല. എന്നാല്‍ മൂന്നു മത്സര ടെസ്റ്റ് പരമ്പരയില്‍ ക്യാപ്റ്റന്‍ സ്ഥാനം നിലനിര്‍ത്തി. ബാവുമയാണ് വൈസ് ക്യാപ്റ്റന്‍. ടെസ്റ്റ് ടീമിലും മൂന്നു പുതുമുഖങ്ങളുണ്ട് -നോര്‍ട്യെ, വിക്കറ്റ്കീപ്പര്‍ റൂദി സെക്കന്റ്, സ്പിന്‍ ബൗളിംഗ് ഓള്‍റൗണ്ടര്‍ സെനുരാന് മുത്തുസ്വാമി എന്നിവര്‍. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഓഫ്സ്പിന്നര്‍ ഡെയ്ന്‍ പിയേറ്റ് ടെസ്റ്റ് ടീമില്‍ തിരിച്ചെത്തി. പാക്കിസ്ഥാനെതിരെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ബാറ്റ്സ്മാന് സുബൈര്‍ ഹംസയും ടീമിലുണ്ട്.