Sorry, you need to enable JavaScript to visit this website.

ഉയരങ്ങളിലേക്ക് പറക്കുന്ന മൈന

സാഹിത്യ സാംസ്ാരിക മേഖലകളിൽ പാരമ്പര്യത്തിന്റെ പിൻബലമൊന്നും അവകാശപ്പെടാനില്ലാത്ത ഇടുക്കി ജില്ലയിലെ ദേവിയാർ കോളനിയിൽനിന്നാണ് മൈന ഉമൈബാന്റെ ജീവിതം തുടങ്ങുന്നത്. പാരമ്പര്യമായി സിദ്ധിച്ച വിഷചികിത്സയിലൂടെ തുടങ്ങി എഴുത്തിന്റെ ലോകത്ത് തന്റേതായ ഒരിടം കണ്ടെത്തിയ മൈന ബാങ്കുദ്യോഗസ്ഥയായും ഇപ്പോൾ കോളേജധ്യാപികയായുമെല്ലാം കർമ മണ്ഡലത്തിൽ സജീവമാണ്. ജീവിത പരീക്ഷയിൽ ഒട്ടേറെ വൈതരണികൾ നേരിടേണ്ടിവന്നെങ്കിലും അതെല്ലാം സധൈര്യം നേരിട്ട അവർ ഐക്യരാഷ്ട്ര സഭയിലും സാന്നിധ്യമറിയിച്ചിരിക്കുന്നു. ജനീവയിൽ നടന്ന ലോക പുനർനിർമാണ സമ്മേളനത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് മമ്പാട് എം.ഇ. എസ് കോളേജിലെ ഈ മലയാള വിഭാഗം മേധാവിയുമുണ്ടായിരുന്നു.
ഹരിത കേരള മിഷൻ വൈസ് ചെയർമാനും മുൻ എം.പിയുമായ ഡോ. ടി.എൻ.സീമയും പരിസ്ഥിതി പ്രവർത്തകയായ ഉമാ വാസുദേവനുമായിരുന്നു മൈനയോടൊപ്പം ക്ഷണിക്കപ്പെട്ട പ്രതിനിധികളായി ജനീവയിലെത്തിയത്. പ്രകൃതിയോട് എന്നും ഇഷ്ടം തോന്നിയിരുന്ന മൈന പരിസ്ഥിതി സംബന്ധമായി ഒട്ടേറെ ലേഖനങ്ങളും എഴുതിയിട്ടുണ്ട്. ഇത്തരം ലേഖനങ്ങളാണ് മൈനയ്ക്ക് അവസരം ഒരുക്കിയത്. ഐക്യരാഷ്ട്ര സഭ പരിസ്ഥിതി പരിപാടിയിൽ ദുരന്ത അപകട സാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവനായിരുന്ന ഡോ. മുരളി തുമ്മാരു കുടിയുടെയും മാധ്യമ പ്രവർത്തകനായ സുനിൽ പ്രഭാകറിന്റെയും നിർദേശവും കൂട്ടിനുണ്ടായിരുന്നു. പ്രളയവും ലിംഗനീതിയും എന്ന വിഷയത്തെക്കുറിച്ചായിരുന്നു മൈന യു.എന്നിൽ പ്രബന്ധം അവതരിപ്പിച്ചത്.
പ്രകൃതിയും മനുഷ്യനും തമ്മിൽ എങ്ങനെ സമരസപ്പെട്ടു പോകുന്നുവെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളെ എങ്ങനെ അതിജീവിക്കാനാവുമെന്നുമായിരുന്നു പ്രബന്ധത്തിന്റെ കാതൽ. പോയവർഷം കേരളത്തിലുണ്ടായ പ്രളയ ദുരന്തത്തിൽ കുടുംബശ്രീ പ്രവർത്തകർ വഹിച്ച പങ്കിനെക്കുറിച്ചും മൈന പ്രതിപാദിച്ചു. എങ്കിലും ഇന്നും സ്ത്രീകൾ വീടുകളിൽ ഒതുങ്ങിക്കഴിയുകയാണ്. സ്ത്രീകൾക്കായി കൂടുതൽ തൊഴിൽ സാധ്യതകളൊരുക്കാനും ഗാർഹിക പീഡനങ്ങൾ തടയുന്നതിനുള്ള നിയമങ്ങൾ കൊണ്ടുവരാനും പുരുഷന്മാരെപ്പോലെ സ്ത്രീക്കും തുല്യത നൽകുന്നതിനും നയപരമായ തീരുമാനങ്ങളെടുക്കുന്നതിന് സ്ത്രീകൾക്ക് അവസരമൊരുക്കാനുമെല്ലാമായിരുന്നു മൈന ഐക്യരാഷ്ട്ര സഭയിൽ സംസാരിച്ചത്. എട്ടു മിനിട്ട് നീണ്ട സംസാരത്തിനിടയിൽ പുനർനിർമാണ പ്രക്രിയയിൽ സ്ത്രീകളെ എങ്ങനെ  പങ്കാളികളാക്കാം  എന്നതിനെക്കുറിച്ചും സംസാരിച്ചു.
ഇടുക്കിയിലെ ഒരു കുഗ്രാമത്തിലാണ് ജനിച്ചത്.  മിശ്രവിവാഹിതരായിരുന്നു മാതാപിതാക്കൾ. കൃഷിയുടെയും ചികിത്സയുടെയും പാരമ്പര്യമുള്ള കുടുംബം. പഠിച്ചത് കൊമേഴ്‌സും സാമൂഹ്യ ശാസ്ത്രവും. പിന്നീട് പത്രപ്രവർത്തനം പഠിച്ചു. ഇതിനിടയിലാണ് ബാങ്കിൽ ജോലി കിട്ടിയത്. അവധിയെടുത്ത് പഠനം പൂർത്തിയാക്കി. പന്ത്രണ്ടു വർഷത്തെ ബാങ്കുദ്യോഗം. അതുകഴിഞ്ഞാണ് അധ്യാപക വൃത്തിയിലേയ്ക്കു തിരിഞ്ഞത്. അങ്ങനെയാണ് മമ്പാട് എം.ഇ.എസ് കോളേജിലെത്തിയത്. മൈനയുടെ ജീവിത രേഖയിങ്ങനെ.
കുട്ടിക്കാലം തൊട്ടേ എഴുത്തിന്റെ വഴിയിലൂടെയായിരുന്നു യാത്ര. കവിതയിലൂടെയായിരുന്നു തുടക്കം. പിന്നീടാണ് കഥയിലേയ്ക്കു കടക്കുന്നത്. ഡിഗ്രി പഠന കാലത്താണ് എഴുത്തിൽ സജീവമാകുന്നത്. കാഞ്ഞങ്ങാട് നെഹ്‌റു കോളേജിൽ നടന്ന ബഷീർ അനുസ്മരണ ചെറുകഥാ ശിൽപശാലയാണ് വഴിത്തിരിവായത്. അറുപതോളം എഴുത്തുകാർ പങ്കെടുത്ത മൂന്നു ദിവസത്തെ ക്യാമ്പ് പുതിയ അനുഭവമായിരുന്നു. പത്രപ്രവർത്തന പഠനകാലത്ത് ആനുകാലികങ്ങളിൽ കഥകൾ എഴുതിത്തുടങ്ങി. കഥയും ലേഖനവും അനുഭവവും പരിസ്ഥിതിയുമെല്ലാമായി തോന്നുന്നതെല്ലാം എഴുതി. അവയെല്ലാം അച്ചടിച്ചുവന്നു. പത്തു പുസ്തകങ്ങൾ ഇതിനകം പുറത്തിറങ്ങി. ചന്ദനഗ്രാമം, പെൺനോട്ടങ്ങൾ, ആത്മദംശനം, ഒരുത്തി, വിഷചികിത്സ, കേരള വിഷചികിത്സാ പാരമ്പര്യം, ചുവപ്പുപട്ടയം തേടി, മാവു വളർത്തിയ പെൺകുട്ടി, ഹൈറേഞ്ച് തീവണ്ടി, മൈനാകം തുടങ്ങിയവ അക്കൂട്ടത്തിലുണ്ട്. പുതിയൊരു നോവലിന്റെ പണിപ്പുരയിലാണിപ്പോൾ. കൂടാതെ ജനീവാ യാത്രയെക്കുറിച്ചും എഴുതണമെന്നുണ്ട്.
മുത്തച്ഛനും അച്ഛനുമെല്ലാം വിഷചികിത്സ നടത്തിയിരുന്നു. മൃഗചികിത്സ, വിഷചികിത്സ, ബാലചികിത്സ, മാനസിക വിഭ്രാന്തിക്കുള്ള ചികിത്സ എന്നിവയെല്ലാം അവർ നടത്തിപ്പോന്നു. താൽപര്യമുണ്ടായിരുന്നതുകൊണ്ട് പഠിച്ചു. അക്കാലത്ത് വിഷ ദംശനമേറ്റാൽ പുറത്തു കൊണ്ടുപോയി ചികിത്സിക്കാനൊന്നും സൗകര്യമുണ്ടായിരുന്നില്ല. എല്ലാവരും മുത്തച്ഛന്റെ അടുത്തെത്തും. പച്ചമരുന്ന് അരച്ചാണ് കൊടുക്കുക. വിഷം തീണ്ടിയവർ ഉറങ്ങരുതെന്നാണ് ചട്ടം. അവർക്കൊപ്പം ഉറക്കമിളച്ചിരിക്കുമ്പോൾ വായനയും എഴുത്തുമായിരുന്നു കൂട്ട്. അച്ഛന് സുഖമില്ലാതാവുമ്പോൾ ചികിത്സ സ്വയം ഏറ്റെടുക്കുകയായിരുന്നു.
സാഹിത്യമാണോ വൈദ്യമാണോ ഏറെയിഷ്ടം എന്നു ചോദിച്ചാൽ എഴുത്തിനേക്കാൾ ചികിത്സയാണ് ഇഷ്ടം എന്നു പറയും. രോഗികളുള്ള രാത്രികളിൽ ഉറങ്ങാതിരിക്കുമ്പോൾ എഴുതിത്തുടങ്ങിയതാണ്. അത്തരം രാത്രികളിൽ വെറുതെ കുത്തിക്കുറിച്ചു വെച്ചതാണ് പിന്നീട് ചന്ദന ഗ്രാമം എന്ന നോവലായി പരിണമിച്ചത്. ചികിത്സിച്ച് രോഗം ഭേദമാകുമ്പോൾ കിട്ടുന്ന സന്തോഷവും സംതൃപ്തിയും എഴുത്തിൽ കിട്ടിയിട്ടില്ല. എഴുത്തിൽ കൂടുതൽ നന്നാക്കാമെന്ന് പിന്നീട് തോന്നാമെങ്കിലും ചികിത്സയിൽ അത്തരമൊരു തോന്നലിന്റെ ആവശ്യമില്ല. വിഷചികിത്സയിലുള്ള ഒരാൾ പൂർണ ആരോഗ്യത്തോടെ ജീവിതത്തിലേയ്ക്കു മടങ്ങുമ്പോൾ ലഭിക്കുന്ന സന്തോഷം മറ്റെവിടെനിന്നാണ് ലഭിക്കുക.
സാമൂഹിക രംഗത്തും ഒട്ടേറെ ഇടപെടലുകൾ നടത്താനായി. ബ്‌ളോഗ് എഴുത്തിലൂടെയായിരുന്നു തുടക്കം. ജേണലിസം ക്ലാസിലെ അധ്യാപകനാണ് ബ്‌ളോഗെഴുത്തിനെക്കുറിച്ച് പറഞ്ഞുതന്നത്. ബ്‌ളോഗെഴുത്ത് ഒരു എഴുത്തു കളരിയായിരുന്നു. എഴുത്തിൽ ധൈര്യമുണ്ടാക്കാനും ഭാഷ നന്നാക്കാനും ആകാശത്തിലും ഭൂമിയിലുമെല്ലാമുള്ള എന്തിനെക്കുറിച്ചും എഴുതാനുമെല്ലാമുള്ള ശക്തി സമ്മാനിച്ചത് ബ്‌ളോഗെഴുത്തായിരുന്നു. ബ്‌ളോഗിലൂടെയാണ് ഓൺലൈൻ വഴി സാമൂഹ്യ സേവനം നടത്താമെന്ന് മനസ്സിലാക്കുന്നത്.
മലപ്പുറം ജില്ലയിലെ പുളിക്കലിൽ മരത്തിൽനിന്നും വീണ് നട്ടെല്ലിന് ക്ഷതംപറ്റി കിടപ്പിലായിരുന്നു മുസ്തഫ. ഒരിക്കൽ ചന്ദന ഗ്രാമം എന്ന നോവൽ വായിച്ച് ഒരു കത്തയച്ചു. സുഖമില്ലാത്തതുകൊണ്ട് പണം കൊടുത്ത് വാങ്ങാൻ നിവൃത്തിയില്ലെന്നും വേറെ പുസ്തകങ്ങൾ എഴുതിയിട്ടുണ്ടെങ്കിൽ അയച്ചുകൊടുക്കണമെന്നായിരുന്നു കത്തിലെ ഉള്ളടക്കം. കത്തിലെ നമ്പറിൽ ബന്ധപ്പെട്ടപ്പോഴാണ് അദ്ദേഹം പെയിൻ ആന്റ് പാലിയേറ്റീവിന്റെ സംരക്ഷണയിൽ കഴിയുകയാണെന്ന് അറിയുന്നത്. ഇക്കാര്യം മറ്റുള്ളവരുടെ അറിവിലേയ്ക്കായി ബ്‌ളോഗിലെഴുതി. ആരെങ്കിലും പുസ്തകങ്ങൾ അയച്ചുകൊടുക്കട്ടെ എന്നു കരുതി. നല്ല പ്രതികരണമായിരുന്നു ലഭിച്ചത്. പുസ്തകം മാത്രമല്ല, അഞ്ചര സെന്റ് ഭൂമി വാങ്ങാനും അതിൽ അദ്ദേഹത്തിന് ഒരു വീടു വെച്ചുകൊടുക്കാനും ഞങ്ങൾക്ക് കഴിഞ്ഞു.
ആദിവാസി മേഖലയിൽ സഹായങ്ങളെത്തിക്കാനും ദരിദ്രരായ കുട്ടികൾക്ക് യൂനിഫോമും പഠനോപകരണങ്ങളും നൽകാനുമെല്ലാം ബ്‌ളോഗർമാർ വഴി സാധിച്ചു. സോഷ്യൽ മീഡിയ വഴി സ്ത്രീ മുന്നേറ്റത്തിനും വഴിയൊരുക്കി. പുറത്തിറങ്ങാനോ അഭിപ്രായം പറയാനോ സാധിക്കാതിരുന്നവർക്ക് ധൈര്യമായി അഭിപ്രായം പറയാൻ അവസരം ഒരുക്കി. അവരുടെ സൃഷ്ടികൾക്കും ആവിഷ്‌കാരങ്ങൾക്കും ബ്‌ളോഗുകൾ സഹായകമായി.
മാത്രമല്ല, വിദേശത്തെ ജയിലുകളിൽ കുടുങ്ങിക്കിടന്നിരുന്ന ഒട്ടേറെ നിരപരാധികൾക്കു വേണ്ടി പ്രവർത്തിക്കുവാനും തിരിച്ചുകൊണ്ടുവരാനും കഴിഞ്ഞത് സോഷ്യൽ മീഡിയകളിലൂടെ ലഭിച്ച സൗഹൃദങ്ങളിലൂടെയാണ്. നാട്ടുപച്ച എന്ന ഓൺലൈൻ മാസികയിൽ എഴുതിയിരുന്ന ജയചന്ദ്രൻ മൊകേരിയെക്കുറിച്ച് വിവരമൊന്നുമില്ലായിരുന്നു. മാലി ദ്വീപിൽ അധ്യാപകനായിരുന്ന അദ്ദേഹം ജയിലിലാണെന്ന് അപ്പോഴാണറിയുന്നത്. ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം പല ശ്രമങ്ങൾ നടത്തിയെങ്കിലും ഒന്നും വിജയത്തിലെത്തിയില്ല.
ഒന്നു ശ്രമിച്ചുനോക്കാം എന്നു കരുതിയാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കളെയും സർക്കാരിൽ സ്വാധീനമുള്ളവരെയും ചേർത്ത് ഒരു ഫേസ് ബുക്ക് കൂട്ടായ്മയുണ്ടാക്കിയത്. മാധ്യമങ്ങളും എഴുത്തുകാരും സാമൂഹ്യ പ്രവർത്തകരുമെല്ലാം കേന്ദ്ര, സംസ്ഥാന സർക്കാരുകളിൽ ചെലുത്തിയ സമ്മർദം മൂലം പതിനെട്ടു ദിവസം കൊണ്ട് അദ്ദേഹത്തെ നാട്ടിലെത്തിക്കാൻ കഴിഞ്ഞു.
ജയചന്ദ്രൻ നാട്ടിലെത്തിയപ്പോഴാണ് അഞ്ചു വർഷമായി ജയിലിൽ കഴിയുന്ന വർക്കല സ്വദേശി റുബീനയെക്കുറിച്ചും കോട്ടയം സ്വദേശി രാജേഷിനെക്കുറിച്ചും പാരാലിസിസ് ബാധിച്ച് മാലി ദ്വീപിൽ കിടപ്പിലായ നബീസാ ബീവിയെ കുറിച്ചും സൗദിയിൽ കള്ളക്കേസിൽ കുടുങ്ങി ജയിലിൽ കഴിയുന്ന പ്രജിത്തിനെ കുറിച്ചും കോംഗോ റിപ്പബ്‌ളിക്കിൽ കുടുങ്ങിയ നഴ്‌സുമാരെക്കുറിച്ചുമെല്ലാം അറിയുന്നത്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സമയോചിതമായ ഇടപെടലിലൂടെ ഇവരെയെല്ലാം നാട്ടിലെത്തിക്കാൻ കഴിഞ്ഞു.
കുടുംബ ജീവിതത്തിന്റെയും ജോലിയുടെയും തിരക്കിൽ എഴുത്തിലും സാമൂഹ്യ ഇടപെടലുകളിലും സജീവമാകാൻ കഴിയുന്നില്ലെന്ന് മൈന സമ്മതിക്കുന്നു. എങ്കിലും വർഷങ്ങളായി എഴുതാനാഗ്രഹിക്കുന്ന ഒരു പുസ്തകത്തിന്റെ രചന പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ്. സോഷ്യൽ മീഡിയ പുനരുജ്ജീവിപ്പിക്കണം. വിദേശത്തെ ജയിലുകളിൽ ഇപ്പോഴും ഒട്ടേറെ നിരപരാധികൾ കഴിയുന്നുണ്ട്. അവർക്ക് ആശ്വാസം പകരണം. കൂടാതെ സൈബർ ആക്രമങ്ങൾക്ക് അറുതി വരുത്താനായി സംഘടന രൂപീകരിക്കാനും ആദിവാസികൾക്കിടയിലെ വിവേചനം അവസാനിപ്പിക്കാനും മുന്നിട്ടിറങ്ങണം. ഭാവി പദ്ധതികളെക്കുറിച്ച് മൈന വാചാലയാവുകയാണ്.
വിഷചികിത്സാ ഗ്രന്ഥങ്ങളുടെ വൈജ്ഞാനിക, സാംസ്‌കാരിക വിശകലനം എന്ന വിഷയത്തിൽ ഗവേഷണം നടത്തിയ മൈനയ്ക്ക് ജീവിത യാത്രയിൽ താങ്ങായുള്ളത് ഭർത്താവും മക്കളുമാണ്. കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിൽ സീനിയർ മാനേജരായ സുനിൽ കെ.ഫൈസലാണ് ജീവിത പങ്കാളി. മക്കളായ ഇതൾനദി ഒൻപതാം ക്ലാസ് വിദ്യാർത്ഥിയും ഇശൽമഴ മൂന്നുവയസ്സുകാരിയുമാണ്.


 

Latest News