Monday , December   16, 2019
Monday , December   16, 2019

സർവ്വ സംഹാരം

അവസാനത്തെ മരവും മുറിഞ്ഞ ശേഷമേ, അവസാനത്തെ പുഴയും  വിഷം തീണ്ടിയ ശേഷമേ, അവസാനത്തെ മത്സ്യവും  വലയിൽ വീണ ശേഷമേ, നമ്മളറിയൂ പണം തിന്നാനാവില്ലെന്ന്.

കേരളത്തിൽ 44 പുഴകളുണ്ട്. അതൊക്കെ വർഷകാലത്ത് കലിതുള്ളി ഒഴുകുകയാണ്. നോക്കിനിൽക്കെയത് കണ്ണീർ ചാലായി മാറും. പിന്നെ വരണ്ടുണങ്ങും. പിന്നെ കടുത്ത വരൾച്ചയാണ്. 2030 ഓടെ കടുത്ത ജലദൗർലഭ്യം അനുഭവിക്കുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറുമെന്ന് പ്രകൃതിശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. നമമുടെ ഭൂഗർഭ ജലവിതാനം വലിയ തോതിൽ വറ്റിക്കൊണ്ടിരിക്കുകയാണ്. പ്രളയവും വരൾച്ചയും രാത്രിയും പകലും പോലെ നമ്മെ പിടിച്ചുലയ്ക്കുകയാണ്. മനുഷ്യരുടെ കുറെ കാലമായുള്ള പ്രകൃതിവിരുദ്ധ വികസനത്തിന്റെ തിരിച്ചടിയാണിപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് ഓർമ െവയ്ക്കണം. പ്രകൃതിയെ മുറിവേൽപിച്ചാലത് തിരിച്ചടിക്കുമെന്ന് പുരാതന കാലത്തെ മനുഷ്യർ പോലും തിരിച്ചറിഞ്ഞിരുന്നു. ഒരു റെഡ് ഇന്ത്യൻ പഴഞ്ചൊല്ലിങ്ങനെ: 
അവസാനത്തെ മരവും മുറിഞ്ഞ ശേഷമേ,
അവസാനത്തെ പുഴയും വിഷം തീണ്ടിയ ശേഷമേ,
അവസാനത്തെ മത്സ്യവും വലയിൽ വീണ ശേഷമേ, 
നമ്മളറിയൂ പണം തിന്നാനാവില്ലെന്ന്.
എന്നാൽ ഈ തിരിച്ചറിവാണ് ഇപ്പോഴത്തെ ആധുനികരെന്നും വിദ്യാസമ്പരെന്നും സ്വയം അഭിമാനിച്ചുനടക്കുന്ന മനുഷ്യർക്കില്ലാതെ പോകുന്നത്. മഹാത്മാ ഗാന്ധി പണ്ടേ പറഞ്ഞതാണ് 'എല്ലാവരുടെയും ആവശ്യത്തിനുള്ളത് ഈ ഭൂമിയിലുണ്ട്. എന്നാൽ ഓരാളുടെ പോലും ആർത്തി നിറയ്ക്കാനുള്ളതിവിടെയില്ലെന്ന്.


എന്നാൽ ആർത്തി പൂണ്ട നമ്മൾ അതൊന്നും വകവെച്ചില്ല. ഗാന്ധിജിയുടെ നെഞ്ചിലേക്ക് വെടിയുതിർത്ത ഗോഡ്‌സെയാണ് നമുക്കിന്ന് മഹാത്മാവ്. ഗാന്ധിജിയെ വെടിവെയ്ക്കാൻ അക്കാലത്ത് ജനിക്കാൻ കഴിയാതെ പോയതിന്റെ പേരിൽ പ്രതീകാത്മകമായി അദ്ദേഹത്തിന്റെ നെഞ്ചിലേക്ക് കാഞ്ചിവലിച്ചുകൊന്ന പൂജാശകുൻപാണ്ടെയാണ് പലരുടെയും മാതൃക.
ഓർക്കുക യേശുവിനെ കുരിശിലേറ്റു. കുരിശിലേറ്റൂ. കള്ളന്മാരെ പുറത്തേക്ക് വിടൂവെന്ന് അലറിയ ഇസ്രായിൽ കോടതിമുറിയിലെ ആൾക്കൂട്ടത്തെയാണ് ഓർക്കുക. ഏതാണ്ട് ഇതിന് സമാനമായൊരുകാലത്തിലൂടെയാണ് ലോകം ഇപ്പോൾ കടന്നുപോകുന്നത്. ഇന്ത്യയും കേരളവും ഇതിൽനിന്ന് ഭിന്നമല്ല.
2018 ഓഗസ്റ്റ് എട്ടിനാണ് മഹാപ്രളയത്തിന്റെ തുടക്കം. 12,13 ദിവസങ്ങളിലത് മഹാദുരന്തമായി മാറി. കൊല്ലവർഷം 1021 ന് ശേഷമുണ്ടായ ഏറ്റവും വലിയ ദുരന്തമായിരുന്നു കഴിഞ്ഞ വർഷത്തെ വെള്ളപ്പൊക്കം. സമാനമായൊരു സ്ഥിതിവിശേഷമാണ് ഈ വർഷവും എന്നത് പരക്കെ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. മഴ മേഘവിസ്‌ഫോടനമായി മാറുന്നു. ഒരു മാസം കൊണ്ട് പെയ്യേണ്ട മഴ. ഒന്നോ രണ്ടോ ദിവസം കൊണ്ടു പെയ്യുന്നു. ഓഗസ്റ്റ് എട്ട്, ഒൻപത് ദിവസങ്ങളിൽ മാത്രം എൺപതിടത്ത് ഉരുൾപൊട്ടി. ഭൂമിക്കിത് താങ്ങാനാവാതെ വരുന്നു. ഉരുൾപൊട്ടലായും പുഴയുടെ കരകവിയലായും മണ്ണിടിച്ചിലായും ദുരന്തം പെയ്തിറങ്ങുന്നു. ഇതിനോടകം തന്നെ 50 ഓളം മൃതദേഹങ്ങൾ കണ്ടെടുത്തു. ലക്ഷത്തിലധികം പേരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി. മലപ്പുറം കവളപ്പാറയും വയനാട്ടിലെ മേപ്പാടിയും നടുക്കുന്ന ഓർമ്മമായായി നാറി. കവളപ്പാറയിൽ 19 കുടുംബങ്ങളിലെ എൺപതോളം പേർ മണ്ണിനടയിൽ കുടുങ്ങിയതായാണ് കരുതുന്നത്. മേപ്പാടി ഏതാണ്ട് ചെളിക്കുണ്ടായി മാറി. നിലമ്പൂർ വെള്ളത്തിലാണ്. ഇങ്ങനെ കേരളം ഏതാണ്ട് വെള്ളക്കെട്ടായി മാറിക്കൊണ്ടിരിക്കുന്നു. മനുഷ്യർക്കിവിടെ ജീവിക്കാനാകാത്ത സ്ഥിതിയിലേക്ക് മാറുന്നു.


കേരളത്തിൽ പ്രളയ ദുരന്തം തനിയാവർത്തനമാകുമ്പോൾ നോബൽ പ്രൈസ് നേടിയ അമേരിക്കൻ എഴുത്തുകാരി ടോണിമോറിസന്റെ പ്രവചനം പോലെയുള്ള വാക്കുകൾ അറിയാതെ ഓർത്തുപോകുകയാണ്. 
'നിങ്ങൾക്കറിയുമോ, അവർ മിസിസിപ്പി നദിയുടെ വളഞ്ഞ് ഒഴുകിക്കൊണ്ടിരുന്ന ചില ഭാഗങ്ങൾ വീടുവെക്കാനും ജീവിക്കാനുമുള്ള ആവശ്യങ്ങൾക്കായി നേർരേഖയിലാക്കിയത്?
ചില സമയങ്ങളിൽ നദി ഇവിടങ്ങളിൽ മാത്രമായി വെള്ളപ്പൊക്കമുണ്ടാക്കുന്നു..
എത്ര പിടിച്ചുകെട്ടിയാലും പുഴകൾ അതൊഴുകിയിരുന്ന വഴികൾ മറക്കുകയില്ലെന്ന്. ഇക്കഴിഞ്ഞ അഞ്ചിന് മോറിസൺ അന്തരിച്ചു. എന്നാൽ അവരുടെ വാക്കുകളുടെ ശക്തി ഇവിടെ നിലനിൽക്കുമെന്ന് പുഴകൾ നമ്മെ ഓർമിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
നമ്മുടെ ഭാരതപ്പുഴയും പെരിയാറും ഗായത്രിപ്പുഴയും ചാലിയാറും മീനച്ചിലാറുമൊക്കെ കരകവിഞ്ഞൊഴുകുകയാണ്. വെള്ളമൊഴുകുന്ന കരയൊക്കെ ഒരു കാലത്ത് പുഴയുടെ സ്വന്തമായിരുന്നു. എന്നാൽ മനുഷ്യർ അതൊക്കെ കയ്യേറി സ്വന്തമാക്കി. അവർ ഓർത്തിരുന്നില്ല. എന്നെങ്കിലും പുഴയത് തിരികെ പിടിക്കുമെന്ന്. പുഴ ഇപ്പോൾ അതിനവകാശപ്പെട്ട ഭൂമിയൊക്കെ തിരികെ പിടിക്കുകയാണ്. മനുഷ്യർ എത്ര നിസ്സാരരാണെന്ന് ഓരോ പുഴയും നമ്മെ ഓർമിപ്പിച്ചുകൊണ്ടിരിക്കുന്നു.
നമ്മുടെ പ്രകൃതിയുടെ സംരക്ഷണത്തിനായി തയറാക്കിയ ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് പിച്ചിക്കീറാം. അത് അട്ടിമറിക്കാൻ തെരുവിലിറങ്ങാം. ഗാഡ്ഗിലിനെ ആക്ഷേപിക്കാം. എന്നാൽ ഇതൊക്കെ നമുക്ക് മുകളിലിരുന്ന് പശ്ചിമഘട്ട മലനിരകൾ കണ്ടുകൊണ്ടിരിക്കുകയാണ്. മനുഷ്യർ ഈ ഭൂമുഖത്ത് പ്രത്യക്ഷപ്പെട്ടതിനും എത്രയോ നൂറ്റാണ്ടുകൾ മുമ്പേ അതവിടെയുണ്ട്. എത്രയെത്ര ജനതകൾ വന്നുപോയതും ഈ മലനിരകൾ കണ്ടതാണ്. കഴിഞ്ഞ ഒരു നൂറ്റാണ്ടു കാലമായി എന്തുമാത്രം നാശമാണെന്നോ ഈ മലനിരകൾക്ക് മേൽ മനുഷ്യർ നടത്തിയത്
ഖനനം മൂലവും കാടുനശിപ്പിച്ചും പാറ പൊട്ടിച്ചും കെട്ടിടം വച്ചും റോഡ് തെളിച്ചും അതിനെ മുറിപ്പെടുത്തിയത്. ആറു സംസ്ഥാനങ്ങളിലായി 1400 കിലോമീറ്റർ ദൂരത്ത് കിടക്കുന്ന മലനിരകളാണിത്. ഹിമാലയത്തിന്റെയും മുത്തച്ഛൻ മലനിരകളാണിത്. ഈ മലനിരകളില്ലായിരുന്നവെങ്കിൽ കേരളം ഇത്രകണ്ട് സസ്യശ്യാമള കോമളമാകുമായിരുന്നില്ല. നമ്മുടെ പോറ്റമ്മയാണ് പശ്ചിമഘട്ടമലനിരകൾ. പുഴകളെയൊക്കെ ചുരത്തുന്ന ഈ പോറ്റമ്മയെ പൂതനയാക്കി മാറ്റിയതാരാണ്. പുഴയൊക്കെ കാളകൂടമാക്കി മാറ്റിയില്ലേ. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ 75 ശതമാനവും ഇവിടെ കാടായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിലത് 50 ശതമാനമായി കുറഞ്ഞു. ഇപ്പോഴത് 25 ശതമാനത്തിനും താഴെ മാത്രം. കാലാവസ്ഥയെ ഇത് പ്രതികൂലമായി ബാധിക്കുന്നു.
ഓർക്കുക ഈ ഭൂമിയിൽ ഇതിനു മുമ്പ് അഞ്ച് കൂട്ടവംശനാശം സംഭവിച്ചുകഴിഞ്ഞതാണ്. ഇനി വരാനിരിക്കുന്നത് ആറാം കൂട്ടവംശനാശമാണ്. കലാവസ്ഥാ വ്യതിയാനം അതിന്റെ ഒരു വാതായനമാണ്. ആറാം കൂട്ടവംശ നാശത്തെ മനുഷ്യർ അവരുടെ പ്രവൃത്തികൾ കൊണ്ട് ആരവത്തോടെ വരവേൽക്കുകയാണ്. 
പ്രളയത്തിൽ മനുഷ്യരുടെ എല്ലാ നേട്ടങ്ങളും തകർന്നടിഞ്ഞില്ലേ. ആശയ വിനിമയ രംഗത്ത് നേടിയ മനുഷ്യരുടെ വൻനേട്ടം പോലും നോക്കുകുത്തിയായി. ഇപ്പോഴുണ്ടായിരിക്കുന്ന ദുരന്തത്തെ പ്രകൃതിദുരന്തമെന്ന് വിശേഷിപ്പിക്കാനാവില്ല. മനുഷ്യരുണ്ടാക്കിയ ദുരന്തമാണ്. യാതൊരു മര്യാദയുമില്ലാതെ മലയിടിച്ചും പാറ പൊട്ടിച്ചും പുഴ കയ്യേറിയും കുളങ്ങളും കായലുകളും ചതുപ്പുകളും നികത്തിയും കഴിഞ്ഞ കുറേക്കാലങ്ങളായി ഭൂമിക്ക് മേൽ നടത്തിയ ബലാൽക്കാരങ്ങളുടെ തിരിച്ചടിയാണിത്. ഇവിടെ കെട്ടിപ്പൊക്കിയ സൗധങ്ങളൊക്കെ എപ്പോഴാണ് പ്രകൃതി തിരികെയെടുക്കുമെന്നതു സംബന്ധിച്ച് ഒരറിവുമില്ല. എപ്പോൾ വേണമെങ്കിലും മാനം മുട്ടിനിൽക്കുന്ന കെട്ടിടങ്ങളൊക്കെ തുത്തുതുടച്ച് കളയാം. പ്രകൃതി അതിന്റെ നിയമവഴികളിലൂടെ തന്നെ നിർദാക്ഷിണ്യം സഞ്ചരിക്കും. സർവംസഹയെന്ന് മനുഷ്യരാണ് ഭൂമിയെ വിളിച്ചതെന്ന് ഓർക്കുക. പ്രകൃതിയത് അംഗീകരിക്കുമെന്ന് തോന്നുന്നില്ല. 

Latest News