യു.എ.ഇ-കൊച്ചി വിമാന സര്‍വീസുകള്‍ ഞായര്‍ ഉച്ചയോടെ തുടങ്ങും

ദുബായ്- യു.എ.ഇയില്‍നിന്ന് കൊച്ചിയിലേക്കുളള വിമാന സര്‍വീസുകള്‍ ഞായറാഴ്ച ഉച്ചയോടെ പുനസ്ഥാപിക്കുമെന്ന് അധികൃതര്‍. ബന്ധപ്പെട്ട എയര്‍ലൈനുകള്‍ സമയക്രമം ഉടന്‍ പുറത്തുവിടും. പ്രളയത്തെതുടര്‍ന്ന് അടച്ച കൊച്ചി വിമാനത്താവളം ഇന്ന് ഉച്ചയോടെ തുറക്കുമെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു.
വ്യാഴാഴ്ച രാവിലെ മുതല്‍ തന്നെ കൊച്ചി വിമാനത്താവളത്തില്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ പൂര്‍ണമായും അടക്കുകയും ചെയ്തു. ടാക്‌സി വേയില്‍നിറഞ്ഞ വെള്ളം അതിവേഗം പമ്പു ചെയ്ത് നീക്കിയിട്ടുണ്ട്. മഴയുടെ ശക്തി കുറയുകയും ചെയ്തു. ഇക്കാരണങ്ങളാല്‍ വിമാനത്താവളം പ്രഖ്യാപിച്ചതിലും നേരത്തെ തുറക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
ശനിയാഴ്ച ഉച്ചയോടെ തന്നെ ഏപ്രണില്‍നിന്ന് വെള്ളം താഴ്ന്നിരുന്നു. പിന്നീട് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. അത് ഞായറാഴ്ചയോടെ പൂര്‍ത്തിയാകും. ഇത്തിഹാദ്, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ ഞായറാഴ്ച വൈകുന്നേരം കൊച്ചിക്ക് പറക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഞായര്‍ വൈകിട്ട് അഞ്ചരക്ക് കൊച്ചിയില്‍നിന്ന് അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആയിരിക്കും ആദ്യ വിമാനം. ഉച്ചക്ക് 1.55 ന് കൊച്ചിയിലേക്ക് അബുദാബിയില്‍നിന്ന് ഇത്തിഹാദ് വിമാനവും പോകും.

 

Latest News