ദുബായ്- ബലിപെരുന്നാളടുത്തതോടെ ബലിമൃഗങ്ങള്‍ക്കും ആടുകള്‍ക്കും ദുബായ് വിപണിയില്‍ തീ വില. മൃഗങ്ങളെ വിദേശത്തുനിന്ന് കൊണ്ടുവരാനുള്ള ചരക്കുകൂലി വന്‍തോതില്‍ വര്‍ധിച്ചതാണ് ഇതിന് പ്രധാന കാരണം. ആവശ്യത്തിന് സ്റ്റോക്ക് എത്താത്തതും വില കൂടാന്‍ കാരണമായി.
ഏറെ ഡിമാന്റുള്ളത് ഇന്ത്യയില്‍നിന്നുള്ള കാലികള്‍ക്കാണ്. ഇവയെ കപ്പലില്‍കൊണ്ടുവരുന്നതിന് പകരം വിമാനത്തില്‍ കൊണ്ടുവരുന്നത് കടത്തുനിരക്ക് വന്‍തോതില്‍ കൂടാന്‍ ഇടയായി. ആഭ്യന്തര വിപണിയില്‍ ലഭ്യത കുറഞ്ഞതിനാല്‍ ഇത്തവണ ഈദ് സീസണില്‍ പാക്കിസ്ഥാന്‍ കാലികളെ കയറ്റുമതി ചെയ്യാത്തതും വിനയായി. ഇറാനില്‍നിന്നും ഓസ്‌ട്രേലിയയില്‍നിന്നും കാലികള്‍ വരുന്നില്ല.
വില കുറവുള്ള സോമാലിയന്‍ കാലികളേയും പല ദുബായ് കാലിച്ചന്തയിലെ പല സ്റ്റാളുകളിലും കിട്ടാനില്ല. സാധാരണ 400-500 ദിര്‍ഹത്തിന് സോമാലി ആടുകളെ കിട്ടാറുള്ളതാണ്.
അത്യാവശ്യം വലിപ്പമുള്ള ആടിന് (35 കിലോഗ്രാമില്‍ കൂടുതല്‍) ബുധനാഴ്ച 2000 ദിര്‍ഹം വരെയാണ് ഈടാക്കിയത്. 15 കിലോ ഭാരമുള്ളതിന് 600 ദിര്‍ഹം വരെയും. 40 കിലോ ഭാരമുള്ളതിന് 2500 മുതല്‍ മൂവായിരം വരെയാണ് കച്ചവടക്കാര്‍ ചോദിക്കുന്നത്.






