Monday , December   16, 2019
Monday , December   16, 2019

മോഹം പൂവണിഞ്ഞു; ഒടുവിൽ കുഞ്ഞുഫിദ ഉപ്പയെ കണ്ടു

ഫാത്തിമ ഫിദ പിതാവ് അബ്ദുൽ കരീമിനെ കണ്ടെത്തിയപ്പോൾ.
ഫാത്തിമ ഫിദ നർഗീസ് ബീഗത്തിനൊപ്പം

വർണങ്ങളില്ലാത്ത, വെളിച്ചമില്ലാത്ത കട്ടപിടിച്ച തമസ്സിലേക്കാണ് തന്റെ നാളുകൾ പൊയ്‌ക്കൊണ്ടിരിക്കുന്നതെന്ന യാഥാർത്ഥ്യത്തെക്കുറിച്ചും തന്റെ അവസ്ഥയെക്കുറിച്ചുമെല്ലാം ഫിദമോൾ തികഞ്ഞ ബോധവതിയാണ്. അതുകൊണ്ട് തന്നെ മൂന്നാല് മാസമായി ഫിദമോൾ ഒരേ വാശിയിൽ നിലകൊള്ളുകയായിരുന്നു. തന്റെ കാഴ്ചശക്തി പൂർണമായും നഷ്ടപ്പെടുന്നതിന് മുമ്പ്  തനിക്ക് ജന്മം നൽകിയ, കേട്ടറിവ് മാത്രമുള്ള അവളുടെ ഉപ്പയെ ഒരു നോക്ക് കാണണമെന്ന്. 

'ആത്മകഥ' എന്ന ശ്രീനിവാസൻ സിനിമയിൽ ദിനേന കാഴ്ചശക്തി കുറഞ്ഞു വരുന്ന മകൾ അച്ഛനോട് പറയുന്ന ഒരു വാചകമുണ്ട്. 'അച്ഛാ എനിക്കിനി കണ്ണടയുടെ ആവശ്യമില്ല... കണ്ണിൽ ഇരുട്ട് വന്നു തുടങ്ങി എന്ന്'. വൈകാരികമായ ഈ രംഗം പ്രേക്ഷകരുടെ കണ്ണ് നിറച്ചിരുന്നു. ഇതൊക്കെ സിനിമയിലല്ലേ എന്ന് ചിന്തിച്ചവരുമുണ്ടാകാം. സിനിമകൾ പലപ്പോഴും ജീവിത യാഥാർത്ഥ്യങ്ങളുടെ നേർപകർപ്പുകളാണ്. അതിനൊരു ഉദാഹരണമാണ് കോഴിക്കോട്ടെ പന്ത്രണ്ട് വയസ്സുകാരിയായ ഫാത്തിമാ ഫിദ എന്ന ബാലിക. ഫിദ മോൾക്ക് കണ്ണട കൊണ്ട് കാര്യമില്ല. അതുകൊണ്ട് തന്നെ അങ്ങനെയൊരു പരിഹാരം ഡോക്ടർമാർ നിർദേശിച്ചിട്ടുമില്ല. അവളുടെ കാഴ്ചശക്തി കുറഞ്ഞുകൊണ്ടേയിരിക്കുകയാണ്. 'ഓർബിറ്ററി ഗ്ലയോമ' എന്ന മാരകരോഗത്തിനടിമയായി കാഴ്ചശക്തി അനുദിനം കുറഞ്ഞ് വരുന്ന ഫിദമോളുടെ ദൈന്യാവസ്ഥയ്ക്ക് ഒരു ചികിൽസാ പ്രതിവിധിയുമില്ലെന്നാണ് ആധുനിക വൈദ്യശാസ്ത്രം പറയുന്നതും. 

 

2017 ലാണ് ഫിദമോൾക്ക് രോഗ ലക്ഷണങ്ങൾ കണ്ട് തുടങ്ങിയത്. തലവേദനയായിരുന്നു തുടക്കം. ഡോക്ടർമാരെ കാണിച്ച്  രണ്ട് മൂന്ന് മാസം കുറെ മരുന്നുകൾ കഴിച്ചു. നേരിയ ശമനമുണ്ടായെങ്കിലും പിന്നീട് ശക്തമായി തലവേദന അനുഭവപ്പെടാൻ തുടങ്ങിയതോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ന്യൂറോ വിഭാഗത്തിൽ ദിവസങ്ങളോളം അഡ്മിറ്റായി. അവിടെ നിന്ന് തിരുവനന്തപുരം ശ്രീചിത്രാ ഇൻസ്റ്റിറ്റിയൂട്ടിലേക്ക് ഫിദമോളെ റഫർ ചെയ്തു. അവിടെ വെച്ചാണ് ഫിദമോളുടെ കണ്ണിന്റെ ഞരമ്പുകൾക്ക് കാൻസർ ബാധിച്ചതായി സ്ഥിരീകരിച്ചത്. സർജറി ഫലവത്താകില്ലെന്ന് മാത്രമല്ല അതിന് കൂടിയ അപകട സാധ്യതയാണുള്ളതെന്നും ഡോക്ടർമാർ വിധിയെഴുതി. നിത്യവൃത്തിക്ക് പോലും വകയില്ലാത്ത ഫിദമോളുടെ മാതാവ് ഇതോടെ തകർന്നു. ഇവരുടെ ദൈന്യാവസ്ഥയിൽ അലിവ് തോന്നിയ അഭ്യുദയ കാംക്ഷികളുടെ സഹായത്തോടെ കോഴിക്കോട് എം.വി.ആർ കാൻസർ റിസർച്ച് സെന്ററിൽ നിന്ന് റേഡിയേഷനും കീമോതെറാപ്പിയും പരീക്ഷിച്ചു. ഇതോടെ ഫിദമോൾ കുറച്ച് കാലം കിടപ്പിലാവുകയും വലത് വശത്തെ കൈകാലുകൾക്ക് ബലക്ഷയവുമുണ്ടായി. ഇതിനിടെ ഫിദ മോളുടെ കാഴ്ചശക്തിയും കുറഞ്ഞുവരികയായിരുന്നു. ഇനിയൊരു ചികിത്സ പ്രാപ്യമല്ലെന്നും പൂർണമായ അന്ധത ബാധിച്ചേക്കുമെന്നും ഡോക്ടർമാർ സൂചിപ്പിക്കുകയും ചെയ്തു. മരുന്നിന്റേയും ഫിസിയോ തൊറാപ്പിയുടേയും ഫലമായി ഇപ്പോൾ ഫിദയ്ക്ക് എണീറ്റ് നടക്കാനാകും.

ബാപ്പയെ കാണാൻ കൊതിക്കുന്ന കണ്ണുകൾ
വർണങ്ങളില്ലാത്ത, വെളിച്ചമില്ലാത്ത കട്ടപിടിച്ച തമസ്സിലേക്കാണ് തന്റെ നാളുകൾ പൊയ്‌ക്കോണ്ടിരിക്കുന്നതെന്ന യാഥാർത്ഥ്യത്തെക്കുറിച്ചും തന്റെ അവസ്ഥയെക്കുറിച്ചുമെല്ലാം ഫിദമോൾ തികഞ്ഞ ബോധവതിയാണ്. അതുകൊണ്ട് തന്നെ മൂന്നാല് മാസമായി ഫിദമോൾ ഒരേ വാശിയിൽ നിലകൊള്ളുകയായിരുന്നു. തന്റെ കാഴ്ചശക്തി പൂർണമായും നഷ്ടപ്പെടുന്നതിന് മുമ്പ്  തനിക്ക് ജന്മം നൽകിയ, കേട്ടറിവ് മാത്രമുള്ള അവളുടെ ഉപ്പയെ ഒരു നോക്ക് കാണണമെന്ന്. തനിക്കിത് വരെ അറിയാനും അനുഭവിക്കാനും കഴിയാത്ത പിതാവെന്ന ഗന്ധം തിരിച്ചറിയാനും ഒന്നനുഭവിക്കാനുമായി ഫിദമോൾ വാശി കാണിക്കുന്നത്. അതിനായി ദേഷ്യം പിടിച്ചും കരഞ്ഞും അവൾ വിലപിച്ചു. കോഴിക്കോട്ടുള്ള വാടക വീട്ടിൽ മാതാവ് റഹീനയോടും വല്യുമ്മ ഫാത്തിമയോടുമൊക്കെ ഈ ഒരാവശ്യമാണ് ഫിദമോൾ നിരന്തരം വാശിയോടെ ഉന്നയിച്ചുകൊണ്ടിരുന്നതും. 'ഉപ്പായെ കണ്ടേ മതിയാകൂ' എന്ന ഫിദമോളുടെ ആവശ്യം ന്യായമാണെന്ന് എല്ലാവർക്കുമറിയാം. അവളുടെ വിലാപത്തിന് മുന്നിൽ കണ്ണീർ പൊഴിക്കുകയല്ലാതെ മാതാവ് റഹീനയ്ക്കും, വല്യുമ്മ ഫാത്തിമ്മായ്ക്കും മുന്നിൽ മറ്റൊരു പോംവഴിയുമില്ല. 
ഫിദമോളെ ഗർഭത്തിലായിരിക്കുമ്പോൾ, ആരോടും മിണ്ടാതെ റസീനയെ ഉപേക്ഷിച്ച് മറ്റെവിടെയോ ചേക്കേറിയ ഭർത്താവ് അബ്ദുൽ കരീം വിശാലമായ ലോകത്ത് ഏത് കോണിലാണെന്ന് കണ്ടെത്താൻ കഴിയാത്ത നിസ്സഹായതയിലായിരുന്നു റഹീനയും അവരുടെ വൃദ്ധരായ മാതാപിതാക്കളും. ഫിദമോൾക്ക് നാലു വയസ്സുള്ളപ്പോൾ അന്നൊരു ദിവസം അവളുടെ ഉപ്പ അബ്ദുൽ കരീമിന്റെ ഫോട്ടോ പത്രത്തിൽ വന്നതായി ചിലരൊക്കെ മാതാവ് റഹീനയോട് പറഞ്ഞിരുന്നു. 'വിവാഹത്തട്ടിപ്പ് വീരൻ അറസ്റ്റിൽ' എന്ന വാർത്തയോടൊപ്പമായിരുന്നു അബ്ദുൽ കരീമിന്റെ ഫോട്ടോ പത്രത്തിൽ വന്നത്.
നടപ്പുകാലത്ത് അന്യന്റെ സങ്കടങ്ങൾക്കും രോദനങ്ങൾക്കും സ്ഥാനം കുറവാണെങ്കിലും ഫിദമോളുടെ ആവശ്യം അയൽക്കാരേയും കുടുംബ സുഹൃത്തുക്കളുടെ മനസ്സിനേയും വല്ലാതെ അലട്ടി. അവളുടെ പിതാവിനെ കണ്ടെത്താനുള്ള പോംവഴികളെക്കുറിച്ചാണ് എല്ലാവരും ആലോചിച്ചത്. ഒടുവിൽ യാദൃഛികമായി അതിന് വഴിയൊരുങ്ങുകയും ചെയ്തു. ഫിദയുടെ അയൽക്കാരനായ അഷ്‌റഫ് സാമൂഹ്യ പ്രവർത്തകയും കോയാസ് ആശുപത്രിയിലെ നഴ്‌സിംഗ് അസിസ്റ്റന്റുമായ നർഗീസ് ബീഗത്തെ ഇക്കാര്യങ്ങളെല്ലാം അറിയിച്ചു. തുടർന്ന് ഫിദമോളുടെ വിഷയത്തിൽ നർഗീസ് ചില നീക്കങ്ങൾ നടത്തി. സോഷ്യൽ മീഡിയ വഴി ഫിദമോളുടെ പിതാവ് അബ്ദുൽ കരീമിനെക്കുറിച്ചുള്ള വിവരങ്ങൾ ഇവർ പുറംലോകത്തെ അറിയിച്ചു. ഏതാനും ദിവസങ്ങൾക്ക് ശേഷം മധുരയിലുള്ള സൽമാൻ എന്ന മലയാളി, അബ്ദുൽ കരീം അവിടെയുള്ളതായി നർഗീസിനെ അറിയിച്ചു. തുടർന്ന് കുന്ദമംഗലം പോലീസിൽ വിവരമറിയിച്ചെങ്കിലും ഇക്കാര്യത്തിൽ പോലീസിന് ഇടപെടാൻ പരിമിതികളുണ്ടായിരുന്നു. പേരാമ്പ്ര സി.ഐ  തമിഴ്‌നാട് പോലീസിലെ ഏതാനും ഉദ്യോഗസ്ഥരുടെ നമ്പർ നർഗീസിന് നൽകി. കോഴിക്കോട്ടെ റിനു, ഷാജി എന്നീ യുവാക്കളുടെ സഹായത്തോടെ ഫിദമോളെയും മാതാവ് റഹീനയേയും കൂട്ടി അബ്ദുൽ കരീമിനെ തേടി നർഗീസ് മധുരയിലേക്ക് കാറിൽ യാത്ര തിരിച്ചു. എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടാവുകയാണെങ്കിൽ യഥാസമയം തങ്ങൾ ഇടപെടാമെന്ന് തമിഴ്‌നാട് പോലീസ് ഇവർക്ക് വാക്ക് നൽകിയിരുന്നു. യാത്രയിലുടനീളം തമിഴ്‌നാട് പോലീസ് കാര്യങ്ങൾ തിരക്കിക്കൊണ്ടിരുന്നു.

 

വികാര നിർഭരമായ കൂടിക്കാഴ്ച
 അബ്ദുൽ കരീമിനെക്കുറിച്ച് വിവരം നൽകിയ മലയാളികൾ നർഗീസിനേയും സംഘത്തേയും പ്രതീക്ഷിച്ച് മധുര പട്ടണത്തിൽ കാത്തിരിക്കുന്നുണ്ടായിരുന്നു. പട്ടണത്തിൽ നിന്ന് ആറേഴ് കിലോമീറ്റർ ഉള്ളിലേക്ക് മാറിയുള്ള തെരുവിലെ ഒറ്റ മുറിയിലായിരുന്നു അബ്ദുൽ കരീമിന്റെ വാസം. ഭക്ഷണം പാകം ചെയ്യലും കിടപ്പുമെല്ലാം അവിടെ തന്നെ. സൈക്കിളിൽ റെഡിമെയ്ഡ് ഉടുപ്പുകൾ വിൽപന നടത്തലാണ് അബ്ദുൽ കരീമിന്റെ ജോലി. ഫിദയുടെ മാതാവ് റഹീന ആദ്യ കാഴ്ചയിൽ തന്നെ അബ്ദുൽ കരീമിനെ തിരിച്ചറിഞ്ഞു. 'ഉപ്പാ..' എന്ന് വിളിച്ച് കൊണ്ട് അയാളുടെ അടുത്തേക്ക് ചെന്ന ഫിദയെ അയാൾ മിഴിച്ച് നോക്കുകയായിരുന്നു. പിന്നീടാണയാൾ റഹീനയെ കാണുന്നതും. ഇതോടെ അയാൾ സ്തംഭിച്ചു. ഫിദയാകട്ടെ സ്വന്തം പിതാവിന്റെ കൈകളിൽ സ്പർശിച്ച് മാന്ത്രിക വലയത്തിലകപ്പെട്ട പോലെ എന്തൊക്കെയോ വിലപിച്ച് വല്ലാത്ത ഒരവസ്ഥയിലുമായിരുന്നു. അവളുടെ സങ്കടവും, കരച്ചിലും, ആനന്ദാശ്രുവും അവിടെക്കൂടിയവർക്ക് തിരിച്ചറിയാനാകാത്ത വിധത്തിലായിരുന്നു. വല്ലാത്തൊരവസ്ഥ. കേരളത്തിൽ നിന്ന് സ്ത്രീകളുൾപ്പെടെയുള്ള സംഘം എത്തിയതറിഞ്ഞ് പരിസരവാസികളും അവിടെ തടിച്ചു കൂടി. ഇടി വെട്ടേറ്റവനെ പോലെ നില കൊള്ളുകയായിരുന്ന അബ്ദുൽ കരീമിനോട് എല്ലാ കാര്യങ്ങളും നർഗീസാണ് വിവരിച്ചത്. ഫിദയുടെ അസുഖത്തെക്കുറിച്ചും സ്വന്തം പിതാവിനെ തേടി എത്തിയ സാഹചര്യങ്ങളുമെല്ലാം നർഗീസ് പറയുമ്പോൾ അബ്ദുൽ കരീം തീർത്തും മൗനിയായി. റഹീന ഗർഭിണിയാണെന്നറിയാതെയാണ് താൻ നാട് വിട്ടതെന്നും തെറ്റുകളെല്ലാം തന്റേത് മാത്രമണെന്നും തുടങ്ങി അബ്ദുൽ കരീം എന്തൊക്കെയോ വിലപിക്കുകയായിരുന്നുവെന്ന് നർഗീസ് പറയുന്നു. പ്രഷറും പ്രമേഹവും മറ്റ് അസുഖങ്ങളുമായി അബ്ദുൽ കരീമും പരിക്ഷീണനായിരുന്നു. അയാൾക്ക് മറുത്തൊന്നും പറയാനുണ്ടായിരുന്നില്ല. ഇനിയെന്ത് എന്നതിനും അയാൾക്കുത്തരമുണ്ടായിരുന്നില്ല. അസുഖവും മറ്റുമായി അബ്ദുൽ കരീമിന്റെ ജീവിതം ക്ലേശകരമാണെന്നും തുഛമായ വരുമാനം കൊണ്ട് എങ്ങനെയെക്കെയോ ആണ് അയാൾ കഴിഞ്ഞു കൂടുന്നതെന്നുമാണ് പരിസരവാസികളും സാക്ഷ്യപ്പെടുത്തിയത്. ഏറെ നേരം അവിടെ ചെലവിട്ട ശേഷമാണ് നർഗീസും സംഘവും കേരളത്തിലേക്ക് മടങ്ങിയത്. 

വിവാഹത്തട്ടിപ്പിലെ ബലിയാടുകൾ
വിവാഹത്തട്ടിപ്പുകൾ പല രൂപത്തിലും, ഭാവത്തിലുമായി സാർവത്രികമാണെങ്കിലും താരതമ്യേന മലബാറിലെ മുസ്‌ലിം പെൺകുട്ടികളാണ് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ ഏറിയ പങ്കും ഇരയാകുന്നവർ. അറബിക്കല്യാണം, മൈസൂർ കല്യാണം തുടങ്ങി പല പേരുകളിലും രൂപത്തിലുമായി വിവാഹത്തട്ടിപ്പുകൾ ഇന്നും സജീവമാണ്. ഇതിനെതിരെ ബോധവൽക്കരണം ഉൾപ്പെടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഒരു വശത്ത് നടക്കുമ്പോഴും മറുവശത്ത് വിവാഹത്തട്ടിപ്പുകൾ അനുസ്യൂതം അരങ്ങേറുകയും ചെയ്യുന്നു. സൗന്ദര്യക്കുറവും ദാരിദ്ര്യവുമാണ് വിവാഹത്തട്ടിപ്പിനിരയാകുന്നതിലെ മുഖ്യ ഘടകം. ഇത്തരത്തിലുള്ള വിഷയങ്ങളിൽ ഫലപ്രദമായ പരിഹാരം കാണാൻ മറ്റുള്ളവർക്കോ ഭരണകൂടത്തിനോ കഴിയുകയുമില്ല. കെട്ടുപ്രായം കഴിഞ്ഞ് പുര നിറഞ്ഞു നിൽക്കുന്ന പെണ്ണ് സമൂഹത്തിൽ ചീത്തപ്പേരുണ്ടാക്കുമോ എന്ന് ഭയന്നാണ് നിർധനരായ പല രക്ഷിതാക്കളും അറിഞ്ഞും അറിയാതെയും വിവാഹത്തട്ടിപ്പിനിരയാകുന്നതും. ഇരന്നും ഇഴഞ്ഞും സ്വരുക്കൂട്ടി നൽകിയ സ്വർണാഭരണങ്ങൾ കൈക്കലാക്കി മുങ്ങുന്ന ഒരു വിഭാഗം മണവാളൻമാർ. ദിവസങ്ങളോ മാസങ്ങളോ പെണ്ണിനെ അനുഭവിച്ചാസ്വദിച്ച് പിന്നീട് അപ്രത്യക്ഷരമാകുന്ന മറ്റൊരു വിഭാഗം. പെണ്ണിനെ വിൽപന നടത്തി മുതലെടുപ്പ് നടത്തുന്ന വേറൊരു കൂട്ടം മണവാളൻമാർ. ഇങ്ങനെയൊക്കെ വിവാഹത്തട്ടിപ്പ് വീരൻമാരുടെ രീതികളിലും ശൈലികളിലും പല രീതീയിലുമുള്ള വ്യത്യസ്തകളുമുണ്ട്.


കോഴിക്കോട് മാത്തോട്ടത്താണ് റഹീനയുടെ വീട്. അലി-ഫാത്തിമ ദമ്പതികളുടെ മൂന്ന് പെൺമക്കളിൽ ഇളയത്. കൂലിവേലക്കാരനായ അലിക്ക് മറ്റൊരു മാർഗമില്ലാത്തതുകൊണ്ടാണ് മകൾ റഹീനയെ അബ്ദുൽ കരീമിന് വിവാഹം ചെയ്ത് കൊടുത്തത്. റഹീനയുടെ വീടിനടുത്ത് ഹോട്ടൽ ജീവനക്കാരനായിരുന്നു അലി. ഹൃദ്യമായ പെരുമാറ്റവും നല്ല സ്വഭാവക്കാരനുമായ അബ്ദുൽ കരീം നിലമ്പൂർ സ്വദേശിയാണെന്നും ഭാര്യയുമായി പൊരുത്തപ്പെടാനാകാത്തത് കൊണ്ട് വിവാഹ മോചനം നടത്തിയ ആളാണെന്നും അയാൾ റഹീനയുടെ വീട്ടുകാരെ ധരിപ്പിച്ചിരുന്നു. 2006 ൽ റഹീനയെ ഇയാൾ വിവാഹം ചെയ്ത ശേഷം റഹീനയുടെ വീട്ടിലായിരുന്നു ഇയാളും താമസിച്ചിരുന്നത്. അഞ്ച് മാസങ്ങൾക്ക് ശേഷം ഒരു ദിവസം കാലത്ത് ജോലിക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ അബ്ദുൽ കരീം അപ്രത്യക്ഷനായി. റഹീന അന്ന് മൂന്ന് മാസം ഗർഭിണിയുമായിരുന്നു. വർഷങ്ങൾക്ക് ശേഷം അബ്ദുൽ കരീമിനെക്കുറിച്ച് പത്രവാർത്തകളും അശുഭകരമായ വിവരങ്ങളുമൊക്കെ റഹീന കേട്ടിരുന്നു. അതിൽ പിന്നീട് ഇപ്പോഴാണ് റഹീന അബ്ദുൽ കരീമിനെ കാണുന്നതും. റഹീന 'വിധവയുമല്ല. വിവാഹ മോചിതയു'മല്ല. ഇതെല്ലാം തെളിയിക്കാൻ മതിയായ രേഖകളും വേണം. ഇക്കാരണം കൊണ്ട് തന്നെ സർക്കാർ ആനുകൂല്യം ഇവർക്ക് നിഷേധിക്കപ്പെടുകയുമാണ്. സ്വന്തം വിധിയെ പഴിച്ച്, കോഴിക്കോട്ടെ കറി പൗഡർ നിർമാണ കേന്ദ്രത്തിൽ 150 രൂപ വേതനത്തിൽ ജോലി ചെയ്യുകയാണ് റഹീനയിപ്പോൾ. പൂർണാന്ധതയാണ് മകളെ കാത്തിരിക്കുന്നതെന്ന വിഹ്വലമായ ആധിയും ആകുലതയും ഈ മാതൃഹൃദയത്തെ നിരന്തരം അലട്ടുന്നു. മകളിപ്പോൾ പിതാവിന്റെ നിത്യസാമീപ്യം വേണമെന്ന നിലപാടിലാണ്. അവളുടെ മനസ്സാകട്ടെ മറ്റു കാര്യങ്ങളൊന്നും ഉൾക്കൊള്ളാൻ പാകവുമല്ല. ഇതും റഹീനയുടെ വേവലാതിക്ക് ആക്കം കൂട്ടുന്നു. ഏഴാം ക്ലാസിലാണ് ഫിദ പഠിക്കുന്നത്. കാലിന്റെ ബലക്കുറവും വേദനയും കാഴ്ചയുടെ പ്രശ്‌നവുമെല്ലാം അവഗണിച്ചുകൊണ്ട്, വാടക വീടിന് സമീപമുള്ള മറ്റു കുട്ടികളോടൊപ്പം അവൾക്ക് സ്‌കൂളിൽ പോയേ മതിയാകൂ. അവളുടെ ആവശ്യം വിലക്കാനും അംഗീകരിക്കാനും കഴിയാത്ത അവസ്ഥയിലാണ് റഹീന.
രാമനാട്ടുകര കാരാട് സ്വദേശിനിയായ നർഗീസ് ഫറോക്കിലെ കോയാസ് ഹോസ്പിറ്റലിൽ നഴ്‌സിംഗ് അസിസ്റ്റൻറ് ആയാണ് ജോലി ചെയ്യുന്നത്. സാമൂഹ്യ സേവനത്തിന് നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. വയനാട് സുൽത്താൻ ബത്തേരി കേന്ദ്രമായി പ്രവർത്തിക്കുന്ന 'അഡോറ' (ഏജൻസി ഫോർ ഡെവലപ്‌മെന്റൽ ഓപറേഷൻ ഇൻ റൂറൽ ഏരിയാസ്) എന്ന ജീവകാരുണ്യ സംഘടനയുടെ ഡയറക്ടറാണിവർ. നിരാലംബരായ രോഗികൾക്ക് പണവും ഭക്ഷണവും മരുന്നും സ്വരൂപിച്ച് നൽകുന്ന ഇവർ ഒട്ടേറെ രോഗികൾക്ക് ആശ്വാസമായിട്ടുണ്ട്.


 

Latest News