Sorry, you need to enable JavaScript to visit this website.

നോവുണർത്തി തണൽപ്പെയ്ത്ത്‌


ഓരോ പുസ്തകവും വായിച്ചു തീരുമ്പോൾ നമ്മൾ കടന്നു പോകുന്ന വികാരം പലതായിരിക്കും. ഇപ്പോഴൊന്നും തീർന്നുപോകല്ലേ എന്നായിരിക്കും പലപ്പോഴും ആ വികാരം. സ്വാദിഷ്ഠമായ ഭക്ഷണം വിശപ്പടങ്ങും മുമ്പ്, ആസ്വദിച്ച് തീരും മുമ്പ് തീർന്നു പോകുമ്പോഴുണ്ടാവുന്ന അതേ വികാരമായിരിക്കും ഒഴുക്കോടെ നീങ്ങുന്ന പുസ്തകം പെട്ടെന്നു തീർന്നു പോകുമ്പോഴുണ്ടാകുന്നത്. ആ മുഴുവൻ വികാരത്തെയും കീഴ്‌മേൽ മറിച്ച ഒന്നായിരുന്നു സബീന എം. സാലിയുടെ തണൽപെയ്ത്ത് എന്ന നോവൽ സമ്മാനിച്ചത്. ഇതൊന്നു തീർന്നു കിട്ടണേ എന്നാഗ്രഹിച്ചുപോയി. ചുറ്റിലും ജീവനുള്ള കുറെ മനുഷ്യരുടെ സങ്കടം കണ്ടപ്പോഴാണ് അങ്ങനെ തോന്നിയത്. വാക്കുകളിൽ സങ്കടം പെയ്‌തൊലിപ്പിച്ചൊരു നോവൽ. 
കാൻസറെന്ന മഹാമാരിയോട് പൊരുതിയിട്ടും പൊരുതിയിട്ടും തളർന്നു പോകുന്നൊരു ജീവിതം. അപ്പോഴും തന്റെ ജീവനേക്കാൾ മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചു ജീവിച്ചു വഴിയരികിൽ തളർന്നുവീഴുന്ന സഫിയ അജിത്ത് എന്ന നന്മയുടെ മഹാജീവിതം വീണിടത്തു നിന്നും ഉയിർത്തെഴുന്നേറ്റ് വീണ്ടും വീണ്ടും വേച്ചു വേച്ചു നിൽക്കാൻ ശ്രമിക്കുമ്പോൾ അവരനുഭവിക്കുന്ന മാനസികാവസ്ഥ സങ്കൽപ്പിക്കാൻ കഴിയുന്നതിലുമപ്പുറമായിരുന്നു. കഠിനമായ വേദനകളിലൂടെ മരണത്തിന്റെ നീർച്ചുഴികളിലൂടെ എന്തിനിങ്ങനെ അവരെ പിന്നെയും പിന്നെയും വഴി നടത്തുന്നു എന്നൊരാലോചനയായിരുന്നു. വിശ്രമം അവർ ആഗ്രഹിക്കാത്തതാണെങ്കിൽ കൂടി വേദനകളുടെയും സങ്കടങ്ങളുടെയും ലോകത്തുനിന്ന് അവർക്ക് പെട്ടെന്നൊരു വിശ്രമം അനുവദിച്ചുകൂടേ എന്നൊരു ഉൾവിളിയായിരുന്നു. 
സഫിയ അജിത്ത് വിരിച്ച തണലുകളെ പത്രത്തിലൂടെയാണ് ആദ്യമറിയുന്നത്. നിരവധി ശസ്ത്രക്രിയകൾക്ക് വിധേയമായിട്ടും ഒട്ടും കൂസാതെ കർമപദത്തിലേക്കിറങ്ങുന്ന സഫിയയെ കുറിച്ചൊരു വാർത്ത. അവിടുന്നങ്ങോട്ട് സോഷ്യൽ മീഡിയകളിലൂടെയും സഫിയ അജിത്തിനെ തേടിവന്ന പല അവാർഡുകളിലൂടെയും അവരെ കൂടുതൽ കൂടുതൽ അറിഞ്ഞുകൊണ്ടിരുന്നു. ആരുമല്ലാതിരുന്നിട്ടും അവരുടെ മരണവാർത്ത കണ്ണുകളിലെവിടെയോ നനവുകൾ പടർത്തിയിരുന്നു. പക്ഷേ സഫിയ അജിത്തെന്ന ആ മഹാമരം പടർന്നു പന്തലിച്ചതിനിടയിൽ സിനിമയെ വെല്ലുന്ന സ്വന്തം ജീവിതവും അതിനേക്കാൾ അവിശ്വസനീയമായ പരശ്ശതം  ജീവിതങ്ങളും കടന്നുപോയിട്ടുണ്ടെന്നത് അറിയുന്നത് സബീന എം. സാലിയുടെ തണൽപെയ്ത്തിലൂടെയാണ്. സഫിയയെ നേരിട്ടറിഞ്ഞ ബിനോയ് വിശ്വം അവതാരികയിൽ  പറഞ്ഞ പോലെ ഫാക്ടും ഫിക്ഷനും ചേർന്ന ഫാക്ഷൻ തന്നെയാണ്  സഫിയയുടെ ജീവിതം മുഴുനീളം വരച്ചിട്ട തണൽപെയ്ത്ത്.
ഭക്തിയും യുക്തിവാദവുമൊക്കെ ഒരുപോലെ നിറഞ്ഞുനിന്നൊരു കർഷക കുടുംബത്തിലെ ശോഭയെന്ന എട്ടാം ക്ലാസുകാരിയിൽ തുടങ്ങി അന്യന്റെ വിഷമങ്ങളെ സ്‌നേഹത്തോടെ തലോടാനായി നഴ്‌സിംഗ് പഠിച്ച് പേയിംഗ് ഗസ്റ്റായി നിന്ന കുടുംബത്തിന്റെ പ്രിയപ്പെട്ട മരുമകളായി സഫിയയിലേക്ക് കൂടുമാറുകയും ജീവിത വഴികളിൽ ആദ്യ ഭർത്താവിനോട് വിവാഹ മോചനം തേടി തന്നെപ്പോലെ തന്നെ കുടുംബ ജീവിതത്തിൽ ഇടറിവീണ അജിത്തെന്ന അബ്ദുൽ സലാമിന്റെ പ്രിയപ്പെട്ടവളായി, ഇരുചിറകുകളിൽ നിന്നും  നന്മകൾ മാത്രം  കുടഞ്ഞെറിഞ്ഞ് താൻ നടന്ന വഴികളെ നന്മയുടെ തൂവലുകൾ കൊണ്ട് അടയാളപ്പെടുത്തിയ സഫിയ അജിത്.
മരുപ്പറമ്പിൽ ഞെട്ടറ്റു വീണ മനുഷ്യ ജന്മങ്ങളെ ഒന്നൊന്നായി സ്വന്തം ജീവിതവും ആരോഗ്യ സ്ഥിതിയും വരെ മാറ്റിവെച്ച് പുതിയ ജീവിതങ്ങളിലേക്ക് രാപ്പകൽ ഭേദമെന്യേ പറിച്ചുനട്ട സഫിയയുടെ ജീവിതം പഠിച്ചാലറിയാം ഒരു സ്ത്രീ എന്ന നിലയിൽ അവർ കയറിയിറങ്ങിയ ഓഫീസുകളിൽ അവർക്കു കിട്ടിയ പരിഗണനകൾ എത്രത്തോളമെന്ന്. 


സഫിയയുടെ ജീവിതത്തിലൂടെ കടന്നു പോകുമ്പോൾ അനുഭവിക്കുന്ന ഒരുപാട് ജീവിതങ്ങളുണ്ട്. നന്മയിടങ്ങളിലും മരണവേളയിലും വരെ രക്തബന്ധത്തേക്കാൾ വലിയ ബന്ധങ്ങളും ഉണ്ടെന്ന് ലോകത്തെ പഠിപ്പിച്ച ചിലർ. ഷീല, ഹസ്സനിക്ക, സതിയമ്മയെപ്പോലെ സഫിയക്ക് താങ്ങായവരും തണലായവരുമായി ഒത്തിരിയൊത്തിരി ആൾക്കാർ. അതിനേക്കാളപ്പുറം സഫിയ തണലായ ആളുകൾ, ജെസ്സിയും ശിവകാമിയും ക്രിസ്റ്റഫറും രാജപ്പനുമൊക്കെ അവരിൽ ചിലർ മാത്രം. അതിനപ്പുറം സഫിയയെ സഫിയയാക്കിയ നവയുഗമെന്ന കൂട്ടായ്മ എയർപോർട്ടിൽ നിന്ന് യാത്രയാക്കുമ്പോൾ ഭ്രാന്തനായി തെരുവിൽ നിന്ന് കണ്ടെടുക്കപ്പെട്ട ഒരു മനുഷ്യൻ  പറയുന്നത് ദൈവത്തെ ഞാനെന്റെ കണ്ണുകൊണ്ട് കണ്ടിട്ടുണ്ട് എന്നായിരുന്നത്രേ. അയാൾ  കണ്ട ദൈവം സഫിയയായിരിക്കണം. അയാൾക്ക്  മാത്രമല്ല ഒരുപാടൊരുപാട് പേർക്ക് സഫിയ കൺകണ്ട ദൈവം തന്നെയായിരുന്നു എന്ന് തണൽപെയ്ത്തിലൂടെ കടന്നു പോകുമ്പോൾ അനുഭവിക്കാനാവും. തനിക്ക് ആയുസ്സ് നീട്ടിക്കിട്ടിയാൽ കേരളത്തിലെ ആദിവാസികൾക്കിടയിൽ പ്രവർത്തിക്കുമെന്ന് ആഗ്രഹം പറഞ്ഞെങ്കിലും സഫിയയുടെ സ്‌നേഹവും കരുതലും അനുഭവിക്കാൻ അവർക്ക് ഭാഗ്യമുണ്ടായില്ല. താൻ നടന്ന വഴികളെ പട്ടുപോലെ മൃദുലമാക്കി മറ്റൊരാൾക്ക് അവിടെ ഒന്ന് നടന്നു നോക്കാൻ പോലും അർഹതയില്ലാത്തവണ്ണം സ്വന്തമാക്കിവെച്ച് ജീവിതം അടയാളപ്പെടുത്തി യാത്രയാവുന്നവർ വളരെ കുറച്ചുപേരേ ഈ ഭൂമിയിലുണ്ടാവൂ. അങ്ങനെരൊളുടെ തണലിനെയാണ് തണൽപെയ്ത്തിലൂടെ കടന്നുപോകുന്ന ഓരോ വായനക്കാരനും അനുഭവിക്കുന്നത്. സഫിയ അജിത് പൊഴിക്കുന്ന തണലിന് നന്ദിയെന്നോണം നിറബാഷ്പ മിഴികൾ വായനക്കാരന് ആ വഴിയിൽ അർപ്പിക്കാൻ അർഹതയുണ്ട്. അവരതിഷ്ടപ്പെടുന്നില്ലെങ്കിൽ കൂടി അത് സമർപ്പിച്ചേ തണൽപെയ്ത്ത് വായനക്കാരനെ വെയിലിലേക്കെത്തിക്കുന്നുള്ളൂ.
ലളിതവും ഒഴുക്കുള്ളതുമായ ഭാഷയിൽ തണൽപെയ്ത്തിനെ അണിയിച്ചൊരുക്കിയ സബീന എം. സാലിക്ക് ഭാവുകങ്ങൾ. 

Latest News