കൊൽക്കത്ത കാത്തുവെച്ചത്

തളർന്നു പോയെങ്കിലും കൊൽക്കത്തയിൽ റഗ്ബി ഇന്നും അതിജീവിക്കുന്നു. ബ്രിട്ടീഷ് ഇന്ത്യയുടെ പഴയ തലസ്ഥാനമായ കൊൽക്കത്തക്ക് ഈ കളിയെ അത്ര പെട്ടെന്ന് കൈവിടാനാവില്ല. ഇന്ന് ഇന്ത്യയിൽ റഗ്്ബിയുടെ കേന്ദ്രമാണ് കൊൽക്കത്ത.

കൊളോണിയൽ യുഗത്തിന്റെ ശേഷിപ്പുകൾ പേറുന്ന നഗരമാണ് കൊൽക്കത്ത. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ എണ്ണമറ്റ അവശിഷ്ടങ്ങളിൽ കൊൽക്കത്ത കൈവിടാത്ത ഒരു പാരമ്പര്യമാണ് റഗ്്ബി പ്രേ മം. ഇംഗ്ലണ്ടും സ്‌കോട്‌ലന്റും വർഷത്തിലൊരിക്കൽ റഗ്ബിയിൽ ഏറ്റുമുട്ടുമ്പോൾ വിജയികൾക്ക് ലഭിക്കുന്നത് കൊൽക്കത്ത കപ്പാണ്. റഗ്ബിയുടെ ഇന്ത്യയിലെ വേരുകളുടെ ഓർമപ്പെടുത്തലാണ് അത്. ഇന്നും നഗരം റഗ്ബിയോടുള്ള പ്രണയം ദുർബലമായെങ്കിലും കാത്തുവെക്കുന്നു. 
1870 കളിൽ കൊൽക്കത്ത റഗ്ബി ഫുട്‌ബോൾ ക്ലബ് ലഹരി നുകരുന്നതിന് ഫീസ് ഏർപ്പെടുത്തിയതോടെയാണ് നഗരത്തിന്റെ റഗ്ബി പ്രേമത്തിന് ഇടിവ് തട്ടിയതെന്നാണ് ചരിത്രം. ബ്രിട്ടീഷുകാർ അതോടെ ക്ലബ്ബിനെ അവഗണിച്ചു തുടങ്ങി. 270 വെള്ളി നാണയങ്ങളുമായി ക്ലബ്ബിന് താഴിട്ടുവെന്നാണ് ചരിത്രം. 
ഈ വെള്ളി നാണയങ്ങൾ ഉരുക്കിയാണ് കൊൽക്കത്ത കപ്പിന് രൂപം നൽകിയത്. പാമ്പിനെപ്പോലുള്ള പിടികളും മുകളിൽ ആനയുടെ രൂപവുമുള്ള, കമനീയമായതെങ്കിലും വർഷങ്ങളുടെ ഉപയോഗം കാരണം തിളക്കം നഷ്ടപ്പെട്ട ഈ ട്രോഫിയാണ് ഇന്നും ഇംഗ്ലണ്ടും സ്‌കോട്‌ലന്റും തമ്മിലുള്ള വാർഷിക റഗ്ബി മത്സരത്തിലെ വിജയികൾക്ക് സമ്മാനിക്കുന്നത്. റഗ്ബിയിലെ ഏറ്റവും പ്രശസ്തമായ ട്രോഫികളിലൊന്നാണ് ഇത്. തളർന്നു പോയെങ്കിലും കൊൽക്കത്തയിൽ റഗ്ബി ഇന്നും അതിജീവിക്കുന്നു. ബ്രിട്ടീഷ് ഇന്ത്യയുടെ പഴയ തലസ്ഥാനമായ കൊൽക്കത്തക്ക് ഈ കളിയെ അത്ര പെട്ടെന്ന് കൈവിടാനാവില്ല. ഇന്ന് ഇന്ത്യയിൽ റഗ്്ബിയുടെ കേന്ദ്രമാണ് കൊൽക്കത്ത. അതിന് കാരണക്കാർ രണ്ട് ബ്രിട്ടീഷുകാർ കൂടിയാണ്, നാടും കരിയറും ഉപേക്ഷിച്ച് കൊൽക്കത്തയെ സ്വന്തം വീടായി സ്വീകരിച്ചവരാണ് അവർ.
കൊൽക്കത്തയുടെ സ്‌പോർടിംഗ് ചരിത്രത്തിൽ രജതരേഖകളിൽ കുറിക്കപ്പെടേണ്ട പേരാണ് കൊൽക്കത്ത ഫുട്‌ബോൾ ആന്റ് ക്രിക്കറ്റ് ക്ലബ് (സി.സി.എഫ്.സി). പഴയകാല ക്യാപ്റ്റന്മാരുടെ ചിത്രങ്ങൾ ക്ലബ്ബിന്റെ ചുമരുകളിൽ ഇന്നും തലയുയർത്തി നിൽക്കുന്നു. 1792 ൽ സ്ഥാപിതമായ സി.സി.എഫ്.സി ബ്രിട്ടനു പുറത്തുള്ള ഏറ്റവും പഴക്കമേറിയ ക്രിക്കറ്റ് ക്ലബ്ബാണ്. ക്രിക്കറ്റിന്റെ ജന്മഗേഹമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ലോഡ്‌സ് ഗ്രൗണ്ടിലെ മരിൽബോൺ ക്രിക്കറ്റ് ക്ലബ്ബിനെക്കാൾ അഞ്ച് വയസ്സിന്റെ ഇളപ്പമേയുള്ളൂ സി.സി.എഫ്.സിക്ക്. സി.സി.എഫ്.സി എന്നാൽ വെറും ക്രിക്കറ്റല്ല. സി.സി.എഫ്.സിയിലെ എഫ് സൂചിപ്പിക്കുന്നത് ഫു്ടബോളിനെയല്ല, റഗ്ബി ഫുട്‌ബോളിനെയാണെന്ന് ക്ലബ്ബിലെ ബാറിൽ ഡാർട് കളിച്ചുകൊണ്ടിരിക്കേ അംഗങ്ങളിലൊരാളായ സൗരവ് ചാറ്റർജി ചൂണ്ടിക്കാണിക്കുന്നു. അദ്ദേഹത്തിന്റെ പിന്നിലുള്ള അലമാരയിൽ കുത്തിനിറച്ച നിരവധി ട്രോഫികളിലൊന്ന് കൊൽക്കത്ത കപ്പാണ്. എന്നാൽ ഇംഗ്ലണ്ടിലെ ട്വിക്കൻഹാം റഗ്ബി മ്യൂസിയത്തിൽ സൂക്ഷിക്കുന്ന പ്രശസ്തമായ കൊൽക്കത്ത കപ്പല്ല ഇത്. ഇത് കൊൽക്കത്തയുടെ സ്വന്തം കൊൽക്കത്ത കപ്പാണ്. പ്രശസ്തമായ കൊൽക്കത്ത കപ്പിനേക്കാൾ ചെറുത്. കൊൽക്കത്തയിലെ എട്ട് ക്ലബ്ബുകൾ ഓരോ വർഷവും ഈ ട്രോഫിക്കായി വാശിയോടെ പൊരുതുന്നു. കൊൽക്കത്ത വേദിയൊരുക്കുന്ന നിരവധി പ്രാദേശിക, ദേശീയ ടൂർണമെന്റുകളിലൊന്നാണ് കൊൽക്കത്ത കപ്പ്. 1947 ൽ ഇന്ത്യ സ്വതന്ത്രമാവും മുമ്പ് പ്രശസ്തമായ ബ്രിട്ടീഷ് സൈനിക ടീമുകൾ ഈ ട്രോഫി ജയിച്ചിട്ടുണ്ട്, കിംഗ്‌സ് ഓൺ റജിമെന്റ്് ഉൾപ്പെടെ. പിന്നീട് സി.സി.എഫ്.സിയും പോലീസും ലാ മാർടിനിയർ ഓൾഡ് ബോയ്‌സും നഗരത്തിലെ ആർമീനിയൻ വംശക്കാരുമൊക്കെ ഈ ട്രോഫിയിൽ മുത്തമിട്ടു. കൊൽക്കത്തക്ക് റഗ്ബിയുടെ സമ്പന്നമായ പാരമ്പര്യമുണ്ടെന്ന് ആർമീനിയൻ വംശജനായ റയാൻ ഗൽസ്തൗൻ പറഞ്ഞു. കൊടുംചൂടിൽ നടക്കുന്ന ബോയ്‌സ്, ഗേൾസ് സെവൻസ് ടൂർണമെന്റുകളിൽ കളി നിയന്ത്രിക്കുകയാണ് മുപ്പത്തേഴുകാരൻ. 
പുതുതായി രൂപീകരിക്കപ്പെട്ട രണ്ടു ടീമുകളാണ് ഇപ്പോൾ സംസാര വിഷയം -ഫ്യൂചർ ഹോപ്പും ജംഗിൾ ക്രൗസും. രണ്ടും ബ്രിട്ടീഷുകാർ തുടങ്ങിയതാണ്. ഒരാൾ മുൻ ബാങ്ക് മാനേജർ, മറ്റൊരാൾ മുൻ നയതന്ത്രജ്ഞൻ. ഇരുവരും കൊൽക്കത്ത കപ്പ് പലതവണ നേടിയവരാണ്, തെരുവുകുട്ടികളുടെ ടീമിനൊപ്പം കളിച്ച്. പല ക്ലബ്ബുകളും റഗ്ബിക്കപ്പുറത്ത് സേവനങ്ങൾ ചെയ്യുന്നവയാണ്. കൊൽക്കത്തയിലെ ദരിദ്രമായ പ്രദേശങ്ങളിലെ കുട്ടികളെ പ്രതീക്ഷയുടെ പുതിയ വഴിയിലേക്ക് നയിക്കുകയാണ് ഈ ക്ലബ്ബുകളുടെ ദൗത്യം. 
അമ്പതുകാരനായ പോൾ വാൽഷ് 2014 ലാണ് ജംഗിൾ ക്രൗസ് ക്ലബ് തുടങ്ങുന്നത്. കൂടെയുണ്ടായിരുന്ന രണ്ടു പേർ പിന്നീട് മടങ്ങി. വടക്കൻ ഇംഗ്ലണ്ടിലെ ചെസ്റ്റർ സ്വദേശിയും രാജ്ഞിയുടെ എം.ബി.ഇ ബഹുമതിക്കുടമയുമായ വാൽഷ് ഇപ്പോഴും കൊൽക്കത്തയിൽ തുടരുന്നു. അദ്ദേഹത്തിന്റെ ഖേലോ റഗ്ബി പദ്ധതി ദരിദ്രമേഖലകളിൽ റഗ്ബിയിലൂടെ വെളിച്ചമെത്തിക്കുന്നു. അതുവഴി കുട്ടികളുടെ വിശ്വാസമാർജിക്കുകയും അവരെ ജീവിതത്തിന്റെ പല മേഖലകളിലും ഉയരാൻ സഹായിക്കുകയും ചെയ്യുന്നു. അവരുടെ വിദ്യാഭ്യാസത്തിനും പരിശീലനത്തിനും സഹായം നൽകുന്നു. ഒരു റഗ്ബി പന്ത് പുറത്തെടുക്കുമ്പോൾ ഓരോ കുട്ടിയുടെയും മുഖത്ത് ചിരി പടരുകയാണ്, അത് അവരിൽ ആവേശം വളർത്തുന്നു, ആ യാഥാർഥ്യത്തിൽ നിന്നാണ് ഞങ്ങൾ തുടങ്ങുന്നത് -വാൽഷ് പറയുന്നു. 
പത്തൊമ്പതുകാരനായ വിക്കി പത്താം വയസ്സിലാണ് റഗ്ബി കളിച്ചു തുടങ്ങിയത്. ദരിദ്ര കുടുംബത്തിൽ നിന്നുള്ള വിക്കി ഇന്ന് കോളേജ് വിദ്യാഭ്യാസം നേടുന്നത് ജംഗിൾ ക്രൗസിന്റെ സഹായത്തോടെയാണ്. വിക്കി ഇപ്പോൾ പരിശീലകൻ കൂടിയാണ്. കൊൽക്കത്ത തുറമുഖത്തിനു സമീപമുള്ള ചതുപ്പ് ഏറ്റവും ദരിദ്രമായ പ്രദേശങ്ങളിലൊന്നാണ്. ഇവിടുത്തെ ചെളിക്കുണ്ടിൽ റഗ്ബിയോട് സാമ്യതയുള്ള ബ്രിട്ടീഷ് ബുൾഡോഗ് കളിക്കുകയാണ് കുട്ടികൾ. 
ഫ്യൂചർ ഹോപ് സ്ഥാപകൻ ടിം ഗ്രൻഡേജ് 1987 ലാണ് കൊൽക്കത്തയിലെത്തിയത്. എച്ച്.എസ്.ബി.സി ബാങ്കിൽ ഓഫീസറായ അറുപതുകാരൻ കൊൽക്കത്ത തെരുവുകളിലെ കുട്ടികളുടെ എണ്ണം കണ്ട് അക്ഷരാർഥത്തിൽ ഞെട്ടി. അവരെ റഗ്ബിയിലേക്കാകർഷിക്കുകയും അച്ചടക്കവും ടീം വർക്കും പഠിപ്പിക്കുകയും ചെയ്തു ഗ്രൻഡേജ്. സ്‌കൂൾ അന്തരീക്ഷമൊരുക്കി കുട്ടികളെ അദ്ദേഹം പഠിപ്പിച്ചു. ക്ലാസ് മുറികളൊരുക്കി റഗ്ബി തിയറി പഠിപ്പിച്ചു ശീലിപ്പിച്ചാൽ ക്ലാസുകളിലേക്ക് പോകാൻ കുട്ടികൾ ഭയക്കില്ലെന്ന് മനസ്സിലാക്കി അദ്ദേഹം. ഇന്ന് അദ്ദേഹത്തിന്റെ സംഘടനക്ക് കൊൽക്കത്തയിൽ നൂറുകണക്കിന് വിദ്യാർഥികൾ പഠിക്കുന്ന സ്‌കൂൾ ഉണ്ട്. ഇവിടെ പഠിച്ച ഒരു കുട്ടിയാണ് ഇപ്പോൾ ഫ്രഞ്ച് സ്‌പോർട്‌സ് റീടെയിൽ സ്ഥാപനം ഡക്കാത്തലണിന്റെ ഇന്ത്യൻ മേധാവി. 


 

Latest News