ഓളപ്പരപ്പില്‍ മനോഹരം ഈ യാത്ര

ദുബായ്- ദിവസങ്ങള്‍ക്ക് മുമ്പ് മാത്രം സര്‍വീസ് തുടങ്ങിയ ദുബായ്-ഷാര്‍ജ ഫെറി സര്‍വീസില്‍ വന്‍ തിരക്ക്. ട്രാഫിക് തിരക്കില്ലാത്ത ശാന്തമായ അര മണിക്കൂര്‍ യാത്രയില്‍ ദുബായില്‍നിന്ന് ഷാര്‍ജയിലെത്താം. ഷാര്‍ജക്കും ദുബായിക്കും ഇടയില്‍ ദുബായ് ആര്‍.ടി.എ. ആരംഭിച്ച ഫെറി സര്‍വീസ് ജനം ഹൃദയത്തിലേറ്റി. വിനോദ സഞ്ചാരികള്‍ക്ക് ചെറിയ ചെലവില്‍ ഒരു ജലയാത്രകൂടി.
ദുബായിയില്‍ ജോലി ചെയ്യുന്ന ഷാര്‍ജ നിവാസികളാണ് ഫെറി സര്‍വീസിനെ രാവിലെയും വൈകിട്ടും കൂടുതലായി ആശ്രയിക്കുന്നത്. പകല്‍ സമയങ്ങളിലാകട്ടെ വിനോദ സഞ്ചാരികള്‍ കാഴ്ചകള്‍ കാണാനും ഉല്ലാസ യാത്രക്കുമായി കയറുന്നു. ദുബായിലെ അല്‍ ഗുബൈബയില്‍നിന്ന് യാത്ര തുടങ്ങിയാല്‍ ഓളപ്പരപ്പിലൂടെ ഷാര്‍ജയിലെത്താം. വാട്ടര്‍ ഫ്രണ്ട് മാര്‍ക്കറ്റ്, അബ്രകള്‍, കോര്‍ണിഷ് എന്നിവയെല്ലാം മനോഹരം.
വിമാനത്തിലേത് പോലെയുള്ള സംവിധാനങ്ങളാണ് ഫെറിയില്‍. സൗജന്യ വൈഫൈ ഉപയോഗിച്ച് വേണമെങ്കില്‍ കംപ്യൂട്ടറിലോ സാമൂഹിക മാധ്യമങ്ങളിലോ മുഴുകുകയും ചെയ്യാം. അതിനെല്ലാം ഉതകുന്ന രീതിയിലാണ് ആധുനിക സീറ്റുകളുടെ സംവിധാനം. ശൗചാലയങ്ങളും ഫെറിയിലുണ്ട്. വിവിധയിടങ്ങളില്‍ സ്ഥാപിച്ച സ്‌ക്രീനില്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഓരോ സീറ്റിനടിയിലും ലൈഫ് ജാക്കറ്റ്. അപകടമുണ്ടായാല്‍ രക്ഷാ പ്രവര്‍ത്തനത്തിനായി മുങ്ങല്‍ വിദഗ്ധരായ ജീവനക്കാരെയും ബോട്ടില്‍ നിയോഗിച്ചിട്ടുണ്ട്.
ദുബായ് മെട്രോയിലെന്നപോലെ രണ്ട് തരത്തിലാണ് സീറ്റുകള്‍. 15 ദിര്‍ഹം മതി സില്‍വര്‍ ക്ലാസിലെ സീറ്റിന്. ഗോള്‍ഡ് ക്ലാസ്സില്‍ 25 ദിര്‍ഹമാണ് നിരക്ക്. സില്‍വര്‍ ക്ലാസ് വിഭാഗത്തില്‍ 84 പേര്‍ക്ക് ഇരുന്ന് യാത്രചെയ്യാം. ഗോള്‍ഡ് ക്ലാസില്‍ പതിനാലുപേര്‍ക്ക് യാത്ര ചെയ്യാം. ക്യാപ്റ്റന്റെ ക്യാബിനു തൊട്ട് പുറകിലായാണ് ഗോള്‍ഡ് ക്ലാസ്. ദുബായ് ആര്‍.ടി.എ.യുടെ നോല്‍ കാര്‍ഡ് ഉപയോഗിച്ചും യാത്ര ചെയ്യാം. അല്‍ ഗുബൈബ സ്‌റ്റേഷന് സമീപത്ത് തന്നെ നോള്‍ കാര്‍ഡ് ടോപ് അപ്പ് ചെയ്യാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഷാര്‍ജയില്‍ ഫെറി സര്‍വീസ് അവസാനിക്കുന്ന മറൈന്‍ അക്വേറിയം സ്‌റ്റേഷന്‍ പരിസരത്ത് ഫെറി യാത്രക്കാര്‍ക്ക് പാര്‍ക്കിംഗ് സൗജന്യമാണ്.
രാവിലെ ഷാര്‍ജയില്‍നിന്ന് ദുബായ് ഭാഗത്തേക്കും വൈകീട്ട് തിരിച്ചും റോഡില്‍ കനത്ത ഗതാഗതക്കുരുക്കാണ്. ഈ കുരുക്ക് ഒഴിവാക്കി സുഖകരമായ യാത്രയാണ് ഫെറി സര്‍വീസ് നല്‍കുന്നത്. ഗുബൈബയില്‍ എത്തിയാല്‍ ദുബായ് മെട്രോ തൊട്ടടുത്തുള്ളതിനാല്‍ ദുബായിലെ യാത്രകളും പെട്ടെന്ന് നടക്കും.
ദുബായ് ആര്‍.ടി.എയിലെ ഗുബൈബ പോര്‍ട്ട് ക്യാപ്റ്റന്‍ മലയാളിയായ സുജിത്ത് പലേരിയാണ്. തിരക്ക് കൂടിയാല്‍ ആര്‍.ടി.എ. കൂടുതല്‍ ബോട്ടുകള്‍ സജ്ജമാക്കുമെന്നു സുജിത് പലേരി പറഞ്ഞു. ഷാര്‍ജക്ക് പുറമെ അജ്മാന്‍ മേഖലയില്‍ താമസിക്കുന്നവരും ഇപ്പോള്‍ ഫെറിയില്‍ ദുബായിയിലേക്ക് വരുന്നുണ്ട്.

 

Latest News