ഇറാഖില്‍ കണ്ടെത്തിയ കൂട്ട ശവക്കുഴി കുവൈത്തികളുടേതെന്ന് സംശയം

കുവൈത്ത് സിറ്റി- ഇറാഖിലെ മുത്തന്നയില്‍ കണ്ടെത്തിയ ഭീമന്‍ ശവക്കുഴി 1990 ല്‍ ഇറാഖ് അധിനിവേശകാലത്ത് കാണാതായ കുവൈത്തികളുടേതാണെന്ന് നിഗമനം. അല്‍ മുത്തന്ന പ്രവിശ്യാ ഗവര്‍ണര്‍ അഹമ്മദ് മന്‍ഫിയാണ് മൃതദേഹ കൂമ്പാരം കണ്ടെത്തിയ കാര്യം വെളിപ്പെടുത്തിയത്. കുവൈത്ത് അധിനിവേശത്തെ തുടര്‍ന്ന് സദ്ദാമിന്റെ സേന പിടിച്ചു കൊണ്ടുപോയ കുവൈത്തികളുടേതാവാം മൃതദേഹങ്ങള്‍ എന്ന് സംശയിക്കുന്നു. ഇത് തിരിച്ചറിയുന്നതിന് ഡി.എന്‍.എ പരിശോധന അടക്കമുള്ള കാര്യങ്ങള്‍ ചെയ്യേണ്ടിവരും. സുരക്ഷാ സേന നടത്തിയ പരിശോധനയിലാണ് നിരവധി ശവക്കൂനകള്‍ അല്‍ മുത്തന്നയില്‍ കണ്ടെത്തിയതെന്ന് ഗവര്‍ണര്‍ മന്‍ഫി പറഞ്ഞു. 1990 ല്‍ ഇറാഖി സേനയുടെ അധിനിവേശത്തിനിടയില്‍ കുവൈത്തില്‍നിന്നു നൂറുകണക്കിനാളുകളെ  പിടിച്ചു കൊണ്ടു പോയിരുന്നു. ഇവരില്‍ കുവൈത്ത് സ്വദേശികളും അല്ലാത്തവരുമുണ്ട്. ഇവരെ കണ്ടെത്താന്‍ രാജ്യാന്തര തലത്തില്‍ കുവൈത്ത് തീവ്ര ശ്രമത്തിലായിരുന്നു.  ഇതിനിടയില്‍ ഇറാഖില്‍ കണ്ടെത്തിയ ശവശരീരങ്ങള്‍ ഡി.എന്‍.എ പരിശോധന നടത്തി കുവൈത്തികളുടേതാണെന്ന് തിരിച്ചറിഞ്ഞിരുന്നു.

 

Latest News